Image

കഥാവശേഷം (നര്‍മ്മ കഥ:റോബിന്‍ കൈതപ്പറമ്പ്)

Published on 12 June, 2017
കഥാവശേഷം (നര്‍മ്മ കഥ:റോബിന്‍  കൈതപ്പറമ്പ്)
പ്രിയതമ കെട്ടിതന്നുവിട്ട പൊതിച്ചോറും കഴിച്ച് കസേരയിലേയ്ക്ക് ചാഞ്ഞു.കടയില്‍ പൊതുവെ ആള്‍ക്കാര്‍ കുറവാണ്. ഒന്ന്, രണ്ട് ആള്‍ക്കാര്‍ പുറത്തെ കടുത്ത ചൂടില്‍ നിന്നും ശമനം കിട്ടാനായി ബിയര്‍ ബോട്ടില്‍ വാങ്ങി കവറിലൊളിപ്പിച്ച് പോകുന്നു. ഒരു അമ്മയും കുഞ്ഞും ആഹാരത്തിന്റെ സെക്ഷനില്‍ എന്തൊക്കെയോ തപ്പുന്നു. ' പൊതുവെ ഒരു മടുപ്പാണല്ലോ' എന്ന് മനസ്സില്‍ ഓര്‍ത്തു. കടയില്‍ എടുത്ത് കൊടുക്കാനും മറ്റുമായി ഒരു പയ്യന്‍ ഉള്ളതാണ്. അവനെ ഇതുവരെ കാണാനും ഇല്ല. അവനൊന്ന് വന്നിരുന്നെങ്കില്‍ വീട്ടില്‍ പോയി കുറച്ച് സമയം മയങ്ങിയിട്ട് വരാമായിരുന്നു.
അമ്മയും കുഞ്ഞും വന്ന് ബില്ല് അടച്ച് പുറത്തേയ്ക്ക് ഇറങ്ങി. കടയില്‍ ആരും ഇല്ല നല്ലതുപോലെ ഉറക്കവും വരുന്നു.ഉറങ്ങാതെ എങ്ങനെ സമയം കൊല്ലാം എന്നാലോചിച്ച് മൊബെല്‍ ഫോണില്‍ മുഖപുസ്തകം തുറന്നു. ഒരു പരിചയവും ഇല്ലാത്ത കുറെ ആള്‍ക്കാര്‍ കൂട്ടുകൂടാന്‍ വരിവരിയായി കാത്ത് നില്‍ക്കുന്നു. അവരെ കാര്യമായി ഗൗനിക്കാതെ ലിസ്റ്റില്‍ ഉള്ള കൂട്ടുകാര്‍ ആരെങ്കിലും ലൈനില്‍ ഉണ്ടോ എന്ന് നോക്കി. അവിടെയും ആരെയും കാണാതെ നിരാശനായി വെറുതെ മുഖപുസ്തകം മുകളിലോട്ടും താഴോട്ടും ഉന്തികൊണ്ടിരിക്കെ; മുഖപുസ്തകത്തിന്റെ സന്ദേശവാഹകനായ മെസഞ്ചറില്‍ നിന്നും ഒരു കിളിനാഥം. അതുവരെ ഉറക്കവും തൂങ്ങി, അലസചിത്തനായി ഇരുന്ന എന്നിലേയ്ക്ക് എവിടെ നിന്നെന്നറിയാത്ത ഒരു ഉണര്‍വും ഉന്‍മേഷവും ചിറകടിച്ചെത്തി.
ഈ സമയം സ്വന്തം ഭവനത്തില്‍ പ്രിയതമ വീട്ടുജോലികള്‍ തീര്‍ത്ത് ക്ഷീണിതയായി തന്റെ ഐ പാഡും എടുത്ത് കട്ടിലിലേയ്ക്ക് ചാഞ്ഞു.പതിവു പോല അവളും മുഖപുസ്തകം തുറന്നു. എന്റെ ഫോണിലും ഐ പാഡിലും മുഖ പുസ്തകം ഒരേപോലെ പ്രവര്‍ത്തിക്കും എന്ന കാര്യം ഞാന്‍ ഓര്‍ത്തതേ ഇല്ല.പ്രിയതമ ഐ പാഡും ആയി മുഖപുസ്തകവും തുറന്ന് വിശ്രമിക്കാനായ് കട്ടിലിലേയ്ക്ക് കയറിയത് അറിയാതെ മെസഞ്ചറില്‍ വന്ന കിളിയുമായി ഞാന്‍ കൊഞ്ചലില്‍ മുഴുകി.
നാട്ടില്‍ ഏതോ ഒരു പട്ടണത്തില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ നിദ്രാ ദേവിയുടെ കടാക്ഷം ലഭിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന പേടമാനാണ് മെസഞ്ചറില്‍ എത്തിയിരിക്കുന്നത്. ഒട്ടും സമയം കളഞ്ഞില്ല. എന്റെ ഉള്ളിലെ കലാകാരനും കാമുകനും ഒരുമിച്ച് ഉണര്‍ന്നു. ഭവനത്തില്‍ പണികളെല്ലാം തീര്‍ത്ത് ക്ഷീണിതയായി ഇരിക്കുന്ന ഭാര്യയേയും, തന്റെ ഊര്‍ജ്ജത്തില്‍ നിന്ന് ഉരുവായ മക്കളെയും മറന്ന് മെസഞ്ചറില്‍ വന്ന പേടമാനുമായി സരസ സംഭാഷണത്തില്‍ മുഴുകി.കലയുടെയും, സാഹിത്യത്തിന്റെയും മേഘലകളിലൂടെ സഞ്ചരിച്ച സംഭാഷണം സ്വകാര്യ ജീവിതത്തിലേയ്ക്കും കടന്നു. കൂടെ കൂടെ തന്റെ സാഹിത്യ നൈപുണ്യത്താല്‍ അവളെ കോള്‍മയിര്‍ കൊള്ളിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.കടയിലേയ്ക്ക് ഓരോരോ സാധനങ്ങള്‍ വാങ്ങാനായി കയറി വരുന്നവര്‍ എന്റെ ശത്രുക്കളായി മാറി. വന്നവര്‍ വന്നവര്‍ എത്രയും പെട്ടെന്ന് ഇറങ്ങിപ്പോയാല്‍ മതി എന്നായി. ഒന്നും വാങ്ങിയില്ലെങ്കിലും ശല്ല്യപ്പെടുത്താതിരുന്നാല്‍ മതി. തന്റെ സാഹിത്യ അഭിരുചികള്‍ മനസ്സിലാക്കാനും അവ കേള്‍ക്കാനുമായി ഒരു കോമളാംഗി ഇതാ മെസഞ്ചറില്‍ കാത്തു നില്‍ക്കുന്നു. കിട്ടിയ സമയം തുലോം കളയാതെ
അവളെ പുകഴ്ത്തി നാല് വരി കവിതയും ചൊല്ലി കേള്‍പ്പിച്ചപ്പോള്‍ ആള് ഫ്‌ലാറ്റ്. അടുത്ത നിമിഷം മെസഞ്ചര്‍ തുരന്ന് അതിലൂടെ ഇങ്ങ് ഇറങ്ങിപ്പോരുമോ എന്ന് തോന്നി. ഒന്ന് രണ്ട് മണിക്കുര്‍ നീണ്ടു നിന്ന സംഭാഷണം മതിയാക്കി അവള്‍ വിട ചൊല്ലി. നിദ്രാദേവി അവളെ കടാക്ഷിച്ചു എന്ന് തോന്നി. തനിക്കിനി വരാന്‍ പോകുന്നത് നിദ്രാവിഹീനങ്ങളായ രാത്രികള്‍ ആണ് എന്നതറിയാതെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി ഞാന്‍ ഇരുന്നു.
കടയുടെ പാര്‍ട്ടണറും ,സ്വന്തം സഹോദരനെപ്പോലെ തന്നെ ബഹുമാനിക്കുകയും ,വീട്ടിലെ കാര്യങ്ങള്‍ക്കെല്ലാം ഏറ്റം മുന്‍പില്‍ നിന്ന് തന്നെ സഹായിക്കുകയും ചെയ്യുന്ന സുഹൃത്ത് എത്തി. എന്റെ ഇരിപ്പും മൂളിപ്പാട്ടും ഒക്കെ കണ്ടപ്പോള്‍ ചോദിച്ചു ' എന്താണ് ഒരു ഇളക്കം ,കിളികള്‍ വല്ലതും വലയില്‍ കുടുങ്ങിയോ ' 'പോടാ,പോടാ നിന്നെപ്പോലെ തണ്ടും, തടിയും ,സൗന്ദര്യവും മാത്രം ഉണ്ടായാല്‍ പോരാ. ഈ വിഷയത്തില്‍ അതിന്റെതായ ചില കാര്യങ്ങളും ഉണ്ട്. നിനക്ക് അതില്ല. അതു കൊണ്ട് വെറുതെ അസൂയപ്പെടാതെ എന്നെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കൂ ' ' അതേ അതേ പ്രോത്സാഹനം ഞാന്‍ ചെയ്യാം; വീട്ടില്‍ ചെന്ന് ചേച്ചി എടുത്തിട്ട് ചവിട്ടുംബോഴും ഇതു തന്നെ പറയണം' അതു വരെ ഉണ്ടായിരുന്ന സകല മൂഡും അവന്റെ ആ ഒറ്റ വാക്കില്‍ തീര്‍ന്നു ' ജീവിക്കാന്‍ അനുവദിക്കരുതെടാ' എന്നും പറഞ്ഞ് കടയുടെ കാര്യങ്ങളും ഏല്‍പ്പിച്ച് വീട്ടിലേയ്ക്ക് തിരിച്ചു.
ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി വീട്ടിലേയ്ക്ക് കയറിചെന്ന എന്നെ സ്വീകരിച്ചത് ; കടന്നല്‍ കുത്തി വീര്‍ത്ത മാതിരി മുഖവും കനപ്പിച്ച് നില്‍ക്കുന്ന പ്രിയതമയാണ്. കാര്യം എന്താണെന്ന് ആദ്യം മനസ്സിലായില്ല. പിള്ളേര് എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ച് കാണും എന്നാണ് ആദ്യം കരുതിയത്. കുട്ടികളെ ആരെയും ചുറ്റുവട്ടത്ത് കാണുന്നില്ല.ചിലപ്പോള്‍ എന്റെ വീട്ടില്‍ നിന്നും ആരെങ്കിലും വല്ല സഹായവും ചോദിച്ച് വിളിച്ചു കാണും. എന്റെ വീട്ടുകാരോട് ഇള്‍ക്ക് നല്ല സ്‌നേഹം ആണല്ലോ! ആ എന്തെങ്കിലും ആകട്ട് എന്നോര്‍ത്ത് ഭാര്യയെ അധികം ശ്രദ്ധിക്കാതെ കിടപ്പ് മുറിയിലേയ്ക്ക് കയറി.

കട്ടിലിന്റെ അരികിലായി ഐ പാഡില്‍ മുഖ പുസ്തകം തുറന്ന നിലയില്‍ കണ്ടപ്പോള്‍ പണ്ട് പ്രവാചകന്‍ കന്യക മറിയത്തിനോട് പറഞ്ഞതു പോലെ എന്റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ കടന്ന് പോയി. ജീവിതം ഇതാ ഇവിടെ തീരുന്നു. വിശദീകരണങ്ങള്‍ക്കോ ഇവിടെ പ്രശക്തി ഇല്ല. കഴിഞ്ഞ ഒന്ന് രണ്ട് മണിക്കൂറുകള്‍ കൂവളമിഴിയാളുമായി താന്‍ സംസാരിച്ചുകൊണ്ടിരുന്നത് മുഴുവനും ഇതാ ഇവളുടെ സാനിധ്യത്തില്‍. ഭൂമി പിളര്‍ന്ന് താഴേയ്ക്ക് ഇറങ്ങിപ്പോയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ച്‌പോയി. കുനിഞ്ഞ ശിരസ്സുമായി തിരിഞ്ഞ് നോക്കുംബോള്‍, നിറഞ്ഞ മിഴികളില്‍ എരിയുന്ന അഗ്‌നിയുമായി ഭാര്യ തൊട്ടു മുന്‍പില്‍. ' എന്നോട് അല്പ സമയം സംസാരിക്കാന്‍ നിങ്ങള്‍ക്ക് സമയം ഇല്ല, ഒടുക്കത്തെ ഒരു കടയും തിരക്കും; കണ്ട അലവലാതി പെണ്ണുങ്ങളോടൊക്കെ മണിക്കൂറുകള്‍ സംസാരിക്കുംബോള്‍ നിങ്ങള്‍ക്ക് കടയും ഇല്ല തിരക്കും ഇല്ല അല്ലേ?' ഉറഞ്ഞ് തുള്ളി എന്തിനും റെഡിയായി നില്‍ക്കുന്ന അവളോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കാന്‍. എങ്കിലും തന്നാല്‍ കഴിയുന്നതു പോലൊക്കെ പറഞ്ഞു നിന്നു. തന്റെ വാക്കുകള്‍ക്കൊന്നും അവളോട് എതിര്‍ത്ത് നില്‍ക്കാനുള്ള ശക്തി ഇല്ലായിരുന്നു. ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു. സഹായത്തിന് നില്‍ക്കുന്ന ചെറുക്കനെ കട ഏല്‍പ്പിച്ച് അവന്‍ പറന്ന് വന്നു. എനിക്ക് വേണ്ടി ഭാര്യയോട് അവര്‍ മധ്യസ്ഥത വഹിച്ചു. ഏറെ നേരത്തെ കഠിന പ്രയത്‌നത്തിനൊടുവില്‍ പ്രീയ സുഹൃത്തിന്റെ സന്തര്‍ഭോചിതമായ ഇടപെടല്‍ മൂലം ഒരു കുടുംബം തല്ലി പിരിയാതെ സമാധാനത്തിന്റെ പാതയിലേയ്ക്ക് ഇറങ്ങി വന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ പര്യവസാനിച്ചതില്‍ ദൈവത്തിനോടും, പ്രീയ സുഹൃത്തിനോടും നന്ദി പറഞ്ഞു.
ഏതായാലും ആ സംഭവത്തോടെ ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. ഇനി മുഖ പുസ്തകം ഉണ്ടെങ്കിലും അതിലെ സന്തേശ വാഹകനായ മെസഞ്ചര്‍ വേണ്ട; വെറുതെ എന്തിനാ സ്വന്തം കഞ്ഞിയില്‍ പാറ്റായെ പിടിച്ച് ഇടുന്നത്.ഇപ്പോള്‍ ജീവിതം സുഖം, സുഖകരം.അല്ലറ ചില്ലറ ഉരസലുകളും തര്‍ക്കങ്ങളും ഒഴിച്ചാല്‍ മറ്റ് പറയത്തക്ക കുഴപ്പങ്ങള്‍ ഒന്നും ഇല്ല. എങ്കിലും മുഖ പുസ്തകത്തില്‍ പല കൂവള മിഴികളെയും കാണുംബോള്‍ അറിയാതെ മനസ്സ് ഉടക്കുമെങ്കിലും കഴിഞ്ഞ കാല സംഭവം മനസ്സിലേയ്ക്ക് ഓടിയെത്തുകയും, ഇനി ഒരു അപകടം സംഭവിച്ചാല്‍ ഭാവി കോഞ്ഞാട്ട ആകും എന്ന് ഉറപ്പുള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെ കണ്ണും കരളും അവരില്‍ നിന്നും മാറ്റും. ദൈവീക വചനങ്ങള്‍ കേട്ടും, സുവിശേഷ ഗീതികള്‍ ശ്രവിച്ചും ശിഷ്ട ജീവിതം തള്ളി നീക്കുന്നു. സ്വസ്തം ,സമാധാനം.......

NB : ഈ കഥ 100 % എന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. എന്നാലും ഇത് എന്നെ ഉദ്ദേശിച്ചാണ് ,എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ ഞാന്‍ നിസഹായനാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക