Image

കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ 'തൂവലി’ന് പുരസ്‌കാരം

Published on 12 June, 2017
കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ 'തൂവലി’ന് പുരസ്‌കാരം

      സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന കേളി അന്താരാഷ്ട്ര കലോത്സവത്തില്‍ തിളക്കമാര്‍ന്ന പുരസ്‌കാരവുമായി ഹൃസ്വ ചിത്രം 'തൂവല്‍’ ഓസ്ട്രിയന്‍ മലയാളികള്‍ക്ക് അഭിമാനമായി മാറി. അവസാന റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ട നാല് ചിത്രങ്ങളില്‍ നിന്നാണ് മൂന്ന് ചിത്രങ്ങളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മൂന്നാം സ്ഥാനം നേടിയ തൂവലിന് കാഷ് അവാര്‍ഡിനൊപ്പം പ്രശസ്തിപത്രവും ട്രോഫിയും ലഭിച്ചു. തൂവലിന് കിട്ടിയ അംഗീകാരം വിയന്ന മലയാളികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകരായ മോനിച്ചന്‍ കളപ്പുരക്കല്‍, പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

വളരെ പക്വതയാര്‍ന്ന തിരക്കഥയും സംഭാഷണവും ഒരു കുളിര്‍മഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം. വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ. മികച്ച വിഷ്വല്‍സ്. എല്ലാത്തിനുമുപരി മികവുറ്റ സംവിധാനം വിയന്നയിലെ കഴിവുറ്റ ഒരുപറ്റം കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ “തൂവല്‍” എന്ന ഹൃസ്വചിത്രത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്റെ തിരക്കിട്ട ജീവതത്തിലൂടെയാണ് തൂവല്‍” ആരംഭിക്കുന്നത്. ആ തിരക്കുകള്‍ക്കിടയിലും അവന്‍ അനുഭവിക്കുന്ന ഏകാന്തത.. അതിനോടൊപ്പം ആരാലും ശ്രദ്ധിക്കപ്പെടാതെ ഇന്നും നിലനില്‍ക്കുന്ന അവന്റെയുള്ളിലെ ഒരു പിടി സ്‌നേഹവും ദൈന്യതയും ഇവയൊക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെ ഹൃദ്യവും ഉജ്ജ്വലവുമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.

പൂര്‍ണമായും വിയന്നയില്‍ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം വിയന്നയുടെ മനോഹാരിത അതേപടി ഒപ്പിയെടുത്തിട്ടുണ്ട്. ഒപ്പം മികച്ച എഡിറ്റിംഗ്, സംഗീതം എന്നിവയും ഷാജി ചേലപ്പുറത്തിന്റെ അഭിനയ ചാതുര്യവും ഹന്ന ഇയ്യാത്തുകളത്തില്‍ എന്ന കൊച്ചുമിടുക്കിയുടെ പാടവവും കൂടിയായപ്പോള്‍, പുണ്യം ഹൃദയതലങ്ങളിലേക്ക് പെയ്തിറങ്ങുന്നൊരു ചിത്രമായി തൂവല്‍ മാറി.

കഥ, തിരക്കഥ, ഗാനം ഇവയൊക്കെ നിര്‍വഹിച്ചിരിക്കുന്നത് മോനിച്ചന്‍ കളപ്പുരയ്ക്കലാണ്. അനുഗ്രഹീത കലാകാരനും എഴുത്തുകാരനുമായ ജി. ബിജുവാണ് സംവിധാനവും മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നത്. മോനിച്ചന്‍, ബിനു മാര്‍ക്കോസ് എന്നിവരാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രിന്‍സ് പള്ളിക്കുന്നേലാണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക