Image

പതിനേഴാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 23, 24 തീയതികളില്‍

Published on 09 June, 2017
പതിനേഴാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 23, 24 തീയതികളില്‍

 
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്‌സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 17ാമത് എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 23, 24 തിയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ രാവിലെ 11ന് ആരംഭിച്ച് രാത്രി 10ന് അവസാനിക്കും.

ജീവിത ഗുണനിലവാരത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ലോകത്തിലെ ഒന്നാം നന്പര്‍ സ്ഥാനം നിലനിറുത്തുന്ന വിയന്ന നഗരത്തിന്റെ പൊതുനിരത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഈ മേള സ്വദേശിയരും വിദേശിയരുമായി ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുവരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം മുന്നൂറിലധികം കലാകാരന്മാരും, എണ്ണായിരത്തോളം സന്ദര്‍ശകരും പങ്കെടുക്കുന്ന രാജ്യാന്തര ഫെസ്റ്റിവലില്‍ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നും വിവിധ എംബസികളില്‍ നിന്നുള്ള സ്ഥാനപതികളും പങ്കെടുക്കും.

വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ചുള്ള പരന്പരാഗതനൃത്തവും, ലൈവ് മ്യൂസിക്കും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണമാണ്. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വൈകിട്ട് അഞ്ചിന് പ്രധാന സമ്മേളനം നടക്കും. കലാരംഗത്ത് മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. കേരളത്തില്‍ നിന്നുള്ള പതിനഞ്ചോളം മലയാളി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരന്പരാഗത സംഗീതവും, മോസ സിസിക് ജിപ്‌സി മാജിക് ബാന്‍ഡിന്റെ ലൈവ് പരിപാടിയും ഈ വര്‍ഷത്തെ ഫെസ്റ്റിവലിനെ വേറിട്ടതാക്കും.

വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവരുടെ ഒത്തുചേരലിനും, ഉദ്ഗ്രഥനത്തിനും, മതമൈത്രിയ്ക്കും ഊന്നല്‍ നല്‍കി സംഘടിപ്പിക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിശിഷ്ട വ്യക്തികള്‍ അതിഥികളാകും. വിവിധ മത സമുദായങ്ങളെ പ്രതിനിധീകരിച്ച് മതനേതാക്കന്മാര്‍ സന്ദേശങ്ങള്‍ നല്‍കും. ഇന്ത്യ, ആഫ്രിക്ക, ഓസ്ട്രിയ, ചൈന, പോളണ്ട്, നേപ്പാള്‍, പെറു, യു.കെ, മെക്‌സികോ, വെനിന്‍സ്വല, കൊളംബിയ, തായ്‌ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സ്‌റ്റേജ് ഷോ ഓരോ 15 മിനിറ്റ് ഇടവിട്ട് ഉണ്ടായിരിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഏവരെയും ഫെസ്റ്റിവലിലേയ്ക്ക് ക്ഷണിക്കുന്നതായും പ്രോസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക