Image

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 25 ന്

Published on 08 June, 2017
മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാള്‍ കൊടിയേറ്റം ജൂണ്‍ 25 ന്

മാഞ്ചസ്റ്റര്‍: ഭാരത അപ്പസ്‌തോലന്മാര്‍ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സായുടെയും സംയുക്ത തിരുനാള്‍ യുകെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്ററില്‍ ഈ വര്‍ഷവും ഭക്തിപുരസരം ആഘോഷിക്കുന്നു. ജൂണ്‍ 25 ന് കൊടിയേറുന്നതോടെ ഒരാഴ്ച നീണ്ട് നില്കുന്ന തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ആഘോഷ ലഹരിയിലേക്ക് പ്രവേശിക്കും. കൊടിയേറ്റത്തെ തുടര്‍ന്ന് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. 

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യകാര്‍മികനാകും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. മലയാളത്തിലെ പ്രശസ്ത സിനിമാ പിന്നണി ഗായകനായ ജി.വേണുഗോപാല്‍ നേതൃത്വം കൊടുക്കുന്ന ഗാനമേളയാണ് ഇത്തവണത്തെ തിരുനാളിന്റെ മുഖ്യ ആകര്‍ഷണം. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഡോ. വാണി ജയറാമും മറ്റ് ഗായകരും ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം ഗാനമേളയില്‍ അണിനിരക്കും.

ജൂണ്‍ 25 ന് ഞായറാഴ്ചയാണ് ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിന് കൊടിയേറുന്നത്. ഇടവക വികാരി റവ. ഡോ.ലോനപ്പന്‍ അറങ്ങാശേരിയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കൊടിയേറ്റുന്നത്. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, വി കുര്‍ബാനയും നടക്കും. കുര്‍ബാനയ്ക്ക് ശേഷം ഉത്പന്ന ലേലവും ഉണ്ടായിരിക്കും.

ജൂണ്‍ 26 തിങ്കളാഴ്ച തിരുക്കര്‍മങ്ങള്‍ക്ക് റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, 27 ചൊവ്വാഴ്ച റവ.ഫാ.നിക്കോളാസ് കേണ്‍, 28 ബുധനാഴ്ച മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുര, 29 വ്യാഴാഴ്ച റവ.ഫാ. ജിനോ അരീക്കാട്ട്, 30 വെള്ളിയാഴ്ച മോണ്‍സിഞ്ഞോര്‍ ഡോ.തോമസ് പാറയടിയില്‍ എന്നിവര്‍ കാര്‍മ്മിരാകും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10ന് മാഞ്ചസ്റ്റര്‍ തിരുനാളില്‍ ആദ്യമായി മുഖ്യകാര്‍മ്മികനായി പങ്കെടുക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ പിതാവിനേയും മറ്റ് വൈദിക ശ്രേഷ്ടരേയും പരന്പരാഗത രീതിയില്‍ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. 

ദിവ്യബലിയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പൊന്‍ വെള്ളി കുരിശുകളുടേയും, മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകന്പടിയോടെ മാര്‍ തോമാശ്ശീഹായുടെയും, വി.അല്‍ഫോന്‍സായുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ച് കൊണ്ട് നഗര വീഥിയിലൂടെ നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസ ചൈതന്യം നിറഞ്ഞ് നിലക്കുന്നതാണ്. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും, പാച്ചോര്‍ നേര്‍ച്ച വിതരവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഇടവക വികാരി ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍, ജനറല്‍ കണ്‍വീനര്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും വികാരി റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.


റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക