Image

ജര്‍മന്‍ യുവാക്കള്‍ പണം വാങ്ങി അഭയാര്‍ഥി കുട്ടികള്‍ക്ക് അച്ഛനാകുന്നു

Published on 07 June, 2017
ജര്‍മന്‍ യുവാക്കള്‍ പണം വാങ്ങി അഭയാര്‍ഥി കുട്ടികള്‍ക്ക് അച്ഛനാകുന്നു
   ബര്‍ലിന്‍: അഭയാര്‍ഥികളായ സ്ത്രീകളുടെ കുട്ടികള്‍ക്ക് അച്ഛന്റെ സ്ഥാനത്തെഴുതാന്‍ പേരു കൊടുക്കുന്നത് ചില ജര്‍മന്‍ യുവാക്കള്‍ വരുമാന മാര്‍ഗമാക്കിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍. ജര്‍മന്‍കാരനില്‍ കുട്ടി ജനിച്ചു എന്നു രേഖയുണ്ടാക്കിയാല്‍ ജര്‍മനിയില്‍ തങ്ങാന്‍ അനുമതി ലഭിക്കുമെന്നതാണ് അഭയാര്‍ഥി സ്ത്രീകളെ ഇങ്ങനെയൊരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. പണം നല്‍കാമെന്നു പറയുന്‌പോള്‍ പല ജര്‍മന്‍കാരും ഇതിനു കൂട്ടുനില്‍ക്കാന്‍ തയാറാകുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജൈവശാസ്ത്രപരമായി അച്ഛനായില്ലെങ്കില്‍ പോലും കുട്ടിയുടെ അച്ഛന്റെ സ്ഥാനം നിയമപരമായി ഏറ്റെടുക്കാന്‍ ജര്‍മനിയില്‍ നിയമം അനുവദിക്കുന്നു. ഈ പഴുതാണ് ഇപ്പോള്‍ അഭയാര്‍ഥികള്‍ ദുരുപയോഗം ചെയ്തു വരുന്നത്. 

ഗര്‍ഭിണിയായിരിക്കുന്‌പോള്‍ തന്നെ ഏതെങ്കിലും ജര്‍മന്‍കാരനെ പണം കൊടുത്ത് സ്വാധീനിക്കുകയാണ് പലരും ചെയ്യുന്നത്. ഇങ്ങെയാവുന്‌പോള്‍ കുട്ടി ജനിക്കുന്‌പോള്‍ തന്നെ ജര്‍മന്‍ പൗരത്വം ലഭിക്കും. ഈ വഴി സ്ത്രീക്ക് രാജ്യത്ത് തങ്ങാന്‍ അനുമതിയും ലഭിക്കും.

ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഇപ്പോള്‍ ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പത്തു കുട്ടികളുടെ വരെ അച്ഛന്റെ സ്ഥാനത്ത് പേരെഴുതി ചേര്‍ത്ത ജര്‍മന്‍ പുരുഷന്‍മാരുള്ളതായും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക