Image

ബ്രിട്ടന്‍ വ്യാഴാഴ്ച ബൂത്തിലേയ്ക്ക്; പ്രതീക്ഷയോടെ ലക്‌സണ്‍ ഫ്രാന്‍സിസ്

Published on 07 June, 2017
ബ്രിട്ടന്‍ വ്യാഴാഴ്ച ബൂത്തിലേയ്ക്ക്; പ്രതീക്ഷയോടെ ലക്‌സണ്‍ ഫ്രാന്‍സിസ്


      ലണ്ടന്‍: ഭീകരാക്രമണ ഭീഷണി നിഴലില്‍ ബ്രിട്ടനില്‍ വ്യാഴാഴ്ച പുതിയ പാര്‍ലമെന്റിനെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞതില്‍ പിന്നെ രണ്ടുപ്രാവശ്യം ബ്രിട്ടനില്‍ ഭീകരാക്രമണമുണ്ടായി. എന്നാല്‍ ഏതു വെല്ലുവിളികളെയും നേരിടാന്‍ സുസജ്ജമാക്കിയാണ് പ്രധാനമന്ത്രി തെരേസാ മേ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ക്രമീകരണം ഒരുക്കിയിരിയ്ക്കുന്നത്. മാഞ്ചസ്റ്ററില്‍ 22 പേരും ലണ്ടനില്‍ ഏഴുപേരുമാണ് ഭീകരാക്രമണത്തില്‍ മരിച്ചതെങ്കിലും രാജ്യം ഇപ്പോഴും ഭീതിയിലും ജനങ്ങള്‍ ഭയപ്പാടിലുമാണ് കഴിയുന്നത്. തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ അവസാനിയ്ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ വോട്ടുകള്‍ ഉറപ്പിയ്ക്കാനുള്ള തത്രപ്പാടിലുമാണ്.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന്് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിയ്ക്കുന്ന ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണം അതേപടി പകര്‍ത്തിയാണ് ലക്‌സണ്‍ ഇവിടെയും വോട്ടുപിടിച്ചതെന്ന പ്രത്യേകത മാഞ്ചസ്റ്ററിലെ വോട്ടറന്മാരെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവം കൂടിയാണ്. ഇക്കാലമത്രയും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ത്ഥിയും കാണിക്കാത്ത പുതിയ തന്ത്രം ലക്‌സന്റെ വിജയത്തിന്റെ ശക്തിപകരുമെന്ന് സ്ഥാനാര്‍ത്ഥി ലക്‌സണ്‍ ലേഖകനോടു പറഞ്ഞു. അതുതന്നെയുമല്ല മണ്ഡലത്തിലെ 86,000 ത്തോളം വരുന്ന വോട്ടറന്മാരില്‍ ബഹുഭൂരിപക്ഷത്തെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിയ്ക്കാന്‍ കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് ലക്‌സണ്‍. കൂടാതെ സ്ഥാനാര്‍ത്ഥിയുടെ വിവിധ തരത്തിലുള്ള ലഘുലേഖകള്‍ മുഴുവന്‍ വോട്ടറന്മാരില്‍ എത്തിയ്ക്കുവാന്‍ കഴിഞ്ഞതും ലക്‌സന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്നു.

മാഞ്ചസ്റ്ററിലെ ഭീകരാക്രമണം കഴിഞ്ഞു നിര്‍ത്തിവെച്ച തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചപ്പോള്‍തന്നെ ഒരു സ്ഥാനാര്‍ത്ഥിയെന്ന അംഗീകാരം ജനങ്ങളില്‍ നിന്നും ലഭിച്ചതായും ലക്‌സണ്‍ പറഞ്ഞു. കാരണം മരിച്ചവരുടെ ആത്മാവിന് ആദരാഞ്ജ്ജലികള്‍ അര്‍പ്പിയ്ക്കാനും, കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനം നല്‍കുന്നതിനും ലക്‌സണ്‍ കാണിച്ച ആര്‍ജ്ജവം ഒരു പ്‌ളസ് പോയിന്റായി നിലകൊള്ളുന്നു. സമാധാനത്തിന്റെ സന്ദേശവുമായി മണ്ഡലത്തിലുടനീളം ഓടിനടന്ന ലക്‌സന് അനുകൂലമായി ഏതാണ്ട് 25,000 വരുന്ന വിദേശികളുടെ വോട്ടുകള്‍ ലഭിയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. 

സ്വതന്ത്രനായ ലക്‌സനെ കൂടാതെ ലേബറിന്റെ പ്രതിനിധിയായി ജയിച്ച നിലവിലെ എംപി മൈക്ക് കെയ്ന്‍, കണ്‍സര്‍വേറ്റീവിന്റെ ഫിയോണ ഗ്രീന്‍, യുകെഐപിയുടെ മൈക്ക് ബെയ്‌ലി, ഗ്രീന്‍ പാര്‍ട്ടിയുടെ ഡാന്‍ ജറോം, ലിബറല്‍ ഡമോക്രാറ്റിന്റെ വില്യം ജോണ്‍സ് എന്നിവരാണ് ഇത്തവണ വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്.

2001 ല്‍ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷന്‍ എന്നിവ മുഖ്യവിഷയമായി ബിടെക് എന്‍ജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ ലക്‌സണ്‍ കഐസ്ഇബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി നോക്കിയിട്ടുള്ള ലക്‌സണ്‍ 2002 ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2003ല്‍ യുകെയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മാസ്‌റര്‍ ബിരുദവും നേടി. ഫോണ്‍സ് ഫോര്‍ യു, ബ്രിട്ടീഷ് ടെലികോം, മാഞ്ചസ്‌റര്‍ എയര്‍പോര്‍ട്ട്, ടിസ്‌കാലി ബ്രോഡ്ബാന്റ് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ടീം മനേജരായി ജോലി ചെയ്തിട്ടുണ്ട്. 2007 മുതല്‍ യുകെയില്‍ ഐടി, ടെലികോം എന്നിവയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്‌സണ്‍ ബിസിനസ്സ് മാനേജ്‌മെന്റ് എന്റര്‍പ്രണര്‍ഷിപ്പില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ മാഞ്ചസ്റ്റര്‍ മെട്രൊപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാര്‍ത്ഥിയാണ് ലക്‌സണ്‍. 

ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കല്‍ പരേതനായ കെ.എഫ് അഗസ്റ്റിന്റെയും (പ്‌ളാന്േ!റഷന്‍ കോര്‍പ്പറേഷന്‍), ത്രേസ്യാമ്മ അഗസ്റ്റിന്റെയും(റിട്ട. ടീച്ചര്‍, സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, കാഞ്ഞിരത്താനം)ഏക മകനാണ് ലക്‌സണ്‍. ഭാര്യ ഡോ. മഞ്ജു ലക്‌സണ്‍ മാഞ്ചസ്‌റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ഡിവിഷണല്‍ റിസേര്‍ച്ച് മാനേജരായി ജോലി ചെയ്യുന്നു. മക്കള്‍ ലിവിയാ മോള്‍, എല്‍വിയാ മോള്‍, എല്ലിസ് എന്നിവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക