Image

എന്റെ ഹാദിയ തീവ്രവാദിയാണോ ? ഷെഫിന്‍ ഷാജഹാന് പറയാനുള്ളത്

പ്രസീദ പത്മ (prasedapadma@gmail.com) Published on 29 May, 2017
എന്റെ ഹാദിയ തീവ്രവാദിയാണോ ? ഷെഫിന്‍ ഷാജഹാന് പറയാനുള്ളത്
By പ്രസീദ പത്മ (prasedapadma@gmail.com) (കടപ്പാട്: ആഴ്ചവട്ടം) 

'ഞാന്‍ രണ്ടുവര്‍ഷമായി മസ്‌ക്കറ്റില്‍ ഒരു സ്വകാര്യകമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി നോക്കുകയാണ്. എന്റെ കുടുംബം പത്തുവര്‍ഷമായി ഇവിടെ താമസിക്കുകയാണ്. ഇതിനിടെ വെ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ ഹാദിയയുടെ വിവാഹ പരസ്യം കണ്ടാണ് അതൊന്ന് ആലോചിക്കാമെന്നു തീരുമാനിച്ചത്. അങ്ങനെ നവംബര്‍ 30നു ഞങ്ങള്‍ നാട്ടില്‍ വരികയും ഹാദിയ താമസിച്ചിരുന്ന കോട്ടക്കലിലെ പുത്തൂരിലെ വീട്ടില്‍ ചെന്നു അവളെ കാണുകയും ഞങ്ങള്‍ പരസ്പരവും എന്റെ വീട്ടുകാര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ നിക്കാഹ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. 

തുടര്‍ന്ന് എന്റെ മഹല്ലായ ചാത്തിനാംകുളം ജുമാ മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെടുകയും വിവാഹത്തിനുള്ള അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ ഹാദിയ താമസിക്കുന്നയിടത്തെ മഹല്ലായ കോട്ടയ്ക്കല്‍ പുത്തൂര്‍ ജുമാമസ്ജിദ് ഉള്‍പ്പെടുന്ന പള്ളികളുടെ ഖാസിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഇമാം ഖാസി2016 ഡിസംബര്‍ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടില്‍ വച്ച് നിക്കാഹ് നടക്കുകയും ചെയ്തു. സ്‌പെഷല്‍ മാര്യേജ് ആക്ട്2008 പ്രകാരമായിരുന്നു വിവാഹം. 

തുടര്‍ന്ന് രണ്ടേ രണ്ടു ദിവസമാണ് ഞങ്ങള്‍ ഒരുമിച്ചു താമസിച്ചത് (അന്നും പിറ്റേ ദിവസവും). 20ന് കോട്ടയ്ക്കല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്ത് ഓഫീസില്‍ വിവാഹ രജിസ്‌ട്രേഷനു പോയി, നടപടികള്‍ പൂര്‍ത്തിയാക്കി രസീത് കൈപ്പറ്റാന്‍ നില്‍ക്കുമ്പോഴാണ് ഹാദിയയുടെ അഡ്വക്കേറ്റ് വിളിക്കുന്നത്. 21ന് ഹൈക്കോടതിയില്‍ ഹാജരാവണമെമന്നായിരുന്നു നിര്‍ദേശം. അങ്ങനെ ഞങ്ങള്‍ ഹാജരായി.
ഞങ്ങളുടെ വിവാഹത്തില്‍ കോടതിക്ക് എന്തോ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു കോടതിയുടെ വാദം. ഒരു തീവ്രവാദ സംഘടനയിലേക്ക് ഹാദിയയെ റിക്രൂട്ട് നടത്താനൊരുങ്ങുന്നു എന്ന പരാതിയാണ് ലഭിച്ചിരിക്കുന്നതെന്നും അതിനാല്‍ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു.

 അതുപ്രകാരം ഹാദിയയെ കോടതി തടവിലാക്കി. അങ്ങനെ നീണ്ട 156 ദിവസം അവള്‍ കോടതിയുടെ തടവിലായിരുന്നു. എറണാകുളം ചിറ്റൂര്‍ റോഡിലുള്ള എസ്എന്‍വി സദനത്തിലായിരുന്നു താമസം. ഈ കാലയളവില്‍ ആദ്യത്തെ 60ഓളം ദിവസം അവള്‍ക്കു നമസ്‌കരിക്കാനോ പ്രാര്‍ത്ഥിക്കാനോ ഉള്ള അവസരം പോലും നല്‍കിയില്ല. ടോയ്‌ലെറ്റില്‍ പോവുമ്പോള്‍ പോലും നിര്‍ബന്ധപൂര്‍വ്വം അകത്തുകയറി നഗ്നയാക്കി പരിശോധന ഉള്‍പ്പെടെയുള്ള നിരന്തര പീഡനങ്ങള്‍. പല ദിവസങ്ങളിലും ഭക്ഷണം ഉ?പ്പെടെയുള്ളവ നിരസിച്ചു ദുരിതത്തിലാക്കി. അവളൊരു ഐഎസ് തീവ്രവാദിയാണ്, അവളുമായി ആരും സംസാരിക്കാന്‍ പാടില്ല എന്നു പറഞ്ഞായിരുന്നു ഒറ്റയ്ക്ക് ഒരു മുറിയില്‍ തടവിലാക്കിയത്.'' 

ഇക്കാലയളവില്‍ സീനിയറായ അവളുടെ അഡ്വക്കേറ്റിനോ ഭര്‍ത്താവായ എനിക്കോ അവളെ കാണാനോ കേസിന്റെ വിശദാംശങ്ങള്‍ സംസാരിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഹാദിയയുടെ അച്ഛനു മാത്രമായിരുന്നു കാണാന്‍ അനുവാദമുണ്ടായിരുന്നത്. ഈ ദുരിത ജീവിതകാലയളവില്‍ പലവട്ടം കോടതിയില്‍ അവള്‍ തന്റെ ഭാഗം വിശദമാക്കിയിരുന്നു. താന്‍ സ്വയം മുസ്ലിമായതാണ്, തന്നെ ആരും അതിനു നിര്‍ബന്ധിച്ചിരുന്നില്ല, ഞാന്‍ സ്വയം വിവാഹപരസ്യം നല്‍കി അതിലൂടെ കണ്ട് ഇഷ്ടപ്പെട്ടു നടന്ന വിവാഹമാണ് എന്നൊക്കെ. എന്നാല്‍ ഇതൊന്നും കോടതി ചെവികൊണ്ടില്ല. ഇതിനിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തും ഹാദിയ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ അതൊന്നും പരിഗണിച്ചില്ല. ഇതെല്ലാം ഭരണഘനട വകവച്ചു നല്‍കുന്ന ഇഷ്ടപ്പെട്ട മതവും ഇഷ്ടമുള്ള വരനെയും തെരഞ്ഞെടുക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ പച്ചയായ ലംഘനമാണ്.

ഞാന്‍ വിദ്യാഭ്യാസമുള്ളവനാണ്. ഹാദിയയും അതുപോലെ അഭ്യസ്ഥവിദ്യയാണ്. ഹോമിയോ ഡോക്ടര്‍ ആണ്. ഹൗസ് സര്‍ജന്‍സിക്കു വേണ്ടി വെയ്റ്റ് ചെയ്യുന്ന ആളാണ്. അങ്ങനെയുള്ള രണ്ടുപേരാണ് പരസ്പര സമ്മതപ്രകാരം നിയമപരമായി വിവാഹം കഴിച്ചത്. ഇടയ്ക്ക് തനിക്കു പറയാനുള്ളത് ജഡ്ജിയോട് വ്യക്തമാക്കാന്‍ തുനിയവെ, പൊലീസിനെ ഉപയോഗിച്ചു അവളെ തടഞ്ഞു. അങ്ങനെ പലതവണ ഇത്തരം അനുഭവങ്ങളുണ്ടായി. പിന്നീടൊരു ദിവസം കോടതിയില്‍ താന്‍ നേരിടുന്ന പീഡനങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഇതുകേട്ട മറ്റു വക്കീലന്മാര്‍ ഇടപെടുകയും പറയാനുള്ളതു കേള്‍ക്കന്‍ അവസരം നല്‍കാമെന്നു കോടതി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകയായ സീമന്തിനി ഇടപെട്ട് നമസ്‌ക്കരിക്കാന്‍ ഒരു മുസല്ലയും ഖുര്‍ ആനും ഏര്‍പ്പാടാക്കി കൊടുക്കുകയുമായിരുന്നു. എന്നാല്‍ അവളെ തടവില്‍ പാര്‍പ്പിച്ചിരുന്ന എസ്എന്‍വി സദനത്തില്‍ നിന്നും മാറ്റാന്‍ കൂട്ടാക്കിയില്ല.
2013നാണ് ഹാദിയ മുസ്ലിമാവുന്നത്. 

സേലത്തെ ശിവരാജാ ഹോമിയോ കോളേജില്‍ ബിഎച്ച്എംഎസ് പഠിക്കുമ്പോഴായിരുന്നു ഇത്. ഹോസ്റ്റലിലെ രണ്ടു പെണ്‍കുട്ടികളില്‍ നിന്നായിരുന്നു ഹാദിയ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കുന്നത്. അങ്ങനെ കൂടുതല്‍ പഠനത്തിനും അന്വേഷണത്തിനും ശേഷം മുസ്ലിമാവുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലേക്കു പോയെങ്കിലും അവള്‍ വിശ്വസിച്ച മതമനുസരിച്ചു ജീവിക്കാന്‍ മാതാപിതാക്കള്‍ അനുവദിക്കാതിരുന്നതോടെ 2016ല്‍ വീടുവിട്ടിറങ്ങി. 

അതോടെ, കോടതിയില്‍ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് പ്രകാരം ഹാദിയ ഹാജരാവുകയും അവളുടെ വാദം കേട്ട കോടതി അത് അംഗീകരിക്കുകയും, ഡിവൈഎസ്പിയുടെ അന്വേഷണത്തിനു ശേഷം ഇസ്ലാമുമായി ബന്ധപ്പെട്ട വിശദമായ പഠനത്തിനായി രണ്ടുമാസത്തേക്കു മഞ്ചേരി സത്യസരണിക്കു കീഴിലുള്ള മര്‍ക്കസുല്‍ ഹിദായയിലേക്കു അയക്കുകയും ചെയ്തു. അതിനു ശേഷം വാദം കേട്ട കോടതി അവള്‍ക്കിഷ്ടമുള്ള ആളുടെ കൂടെ പോവാന്‍ അനുമതി നല്‍കുകയും അതനുസരിച്ച് കോട്ടയ്ക്കല്‍ പുത്തൂര്‍ സ്വദേശിനി സൈനബയ്‌ക്കൊപ്പം പോവുകയും അവിടെ താമസിച്ചുവരികയും ചെയ്തു.

ഇക്കാലയളവില്‍ ഹാദിയ അവളുടെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നിട്ടും, കോടതിവിധി നിലനില്‍ക്കെ തന്നെയും 2016 ആഗസ്റ്റില്‍ അച്ഛന്‍ വീണ്ടും ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. മകള്‍ മൂന്നുദിവസത്തിനകം സിറിയയിലേക്കു കടക്കുമെന്നാരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഹാദിയ കോടതിയില്‍ ഹാജരായി. 

തനിക്കു പാസ്‌പോര്‍ട്ടില്ലെന്നും പിന്നെങ്ങനെ താന്‍ ഇന്ത്യ വിട്ടുപോവുമെന്നും അവള്‍ കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല, ഭരണഘടന അനുസരിച്ച് ഇവിടെ തന്നെ താമസിച്ച്, കേരളത്തില്‍ തന്നെ ആതുരസേവന രംഗത്ത് പ്രവൃത്തിക്കാനാണ് തനിക്കു താത്പര്യമെന്നറിയിക്കുകയും ചെയ്തു.

 ഈ പറയുന്ന തീവ്രവാദ സംഘടനകളൊന്നും ഇസ്ലാം അല്ലെന്നും അതിനെയൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അവള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന കോടതി അവളെ 36 ദിവസം തടവിലാക്കി. 37ാം ദിവസം കോടതിയിലേക്കു വരുന്ന ദിവസം ഹൈക്കോടതി ജഡ്ജിനും ഹാദിയ കത്തെഴുതി. താനൊരു ഇന്ത്യന്‍ പൗരയാണെന്നും, സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിച്ചു അതുപ്രകാരം ജീവിച്ചുപോരുന്ന തന്നെ തടവില്‍ വയ്ക്കരുതെന്നും കത്തില്‍ അപേക്ഷിച്ചിരുന്നു. കത്ത് സ്വീകരിച്ച ജഡ്ജി പി.എന്‍ രവീന്ദ്രന്‍ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. താന്‍ ആരെയും തടവില്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുപറഞ്ഞായിരുന്നു ഉത്തരവ്. 

ഹാദിയക്കു പാസ്‌പോര്‍ട്ട് ഇല്ലെന്നും അവള്‍ ഒരു കാരണവശാലും സിറിയക്കു പോവാന്‍ സാധ്യതയില്ലെന്നും മാതാപിതാക്കളുടെ കൂടെ പോവാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വ്യക്തമാക്കുന്ന ഉത്തരവായിരുന്നു ഇത്. ഇതൊക്കെയുണ്ടായിട്ടാണ് കഴിഞ്ഞ വ്യാഴാഴ്ച കോടതിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു ഉത്തരവുണ്ടായത്.
പലവുരു തനിക്കു പറയാനുള്ളതെല്ലാം ഹാദിയ കോടതിയില്‍ പറയാന്‍ തുനിഞ്ഞപ്പോഴെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു. 

 എന്നാല്‍, ഹാദിയ തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ 156 ദിവസത്തെ തടവിനിടെ ഒരു ദിവസം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതിയില്‍ ഹാജരാവേണ്ട എന്ന ഉത്തരവുണ്ടായി. ഈ സാഹചര്യത്തിലാണ് അവള്‍ക്കു കോടതിയില്‍വിധി കേള്‍ക്കാന്‍ എത്താനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. വിധി കേള്‍ക്കാനുള്ള അവകാശം പോലും കോടതി അവള്‍ക്കു നിരസരിച്ചു. അവളെന്താ വല്ല രാജ്യദ്രോഹിയോ തീവ്രവാദിയോ ആണോ? ഭരണഘടന വിഭാവനം ചെയ്യുന്നതുപ്രകാരം ഇഷ്ടമുള്ള മതത്തില്‍ വിശ്വസിച്ച്, അതുപ്രകാരം ജീവിച്ച്, വിവാഹം കഴിച്ചതാണോ അവള്‍ ചെയ്ത കുറ്റം. ഹേബിയസ് കോര്‍പസ് എന്നു പറഞ്ഞാല്‍ വ്യക്തിയെ ഹാജരാക്കുക എന്നാണല്ലോ. എപ്പോഴെല്ലാം അത് ഫയല്‍ ചെയ്‌തോ അപ്പോഴെല്ലാം അവള്‍ ഹാജരായിരുന്നു. നിര്‍ദ്ദിഷ്ട വ്യക്തി ഹാജരായാല്‍ ഹേബിയസ് കോര്‍പസ് ഹരജി പ്രകാരമുള്ള വാദം അവിടെ അവസാനിപ്പിക്കേണ്ടതല്ലേ. 

എന്നാല്‍ വീണ്ടും വീണ്ടും അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയാണുണ്ടായത്.
മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് വിവാഹം നടന്നതെന്നാണല്ലോ കോടതിയും വിമര്‍ശകരും പറയുന്നത്. വിശ്വാസത്തിനും വിവാഹത്തിനും തടസ്സം നില്‍ക്കുന്ന മാതാപിതാക്കളെ എങ്ങനെയാണ് ഇവിടെ കൊണ്ടുവരാനാവുക? അതെന്തൊരു വൈരുധ്യമാണ്. അങ്ങനെയാണെങ്കില്‍ മാതാപിതാക്കളുടെ സാന്നിധ്യവും ഇഷ്ടവും താത്പര്യവുമില്ലാതെ നടന്നിട്ടുള്ള വിവാഹങ്ങളിലെല്ലാം അന്വഷണം നടത്താ?ന്‍ കോടതി തയ്യാറാവുമോ? അത്തരത്തിലുള്ള പലേരേയും തനിക്കറിയാം. മാതാപിതാക്കളില്ലാത്ത, അവര്‍ മരിച്ചുപോയ എത്രയോ മക്കളുടെ വിവാഹം നടക്കുന്നു. അതൊക്കെ അസാധുവാകുമോ? എന്തൊരു വിരോധാഭാസമാണിത്. പച്ചയായ ഭരണഘടനാ ലംഘനമാണിത്. 

ഭരണഘടന അനുശാസിക്കുന്ന അവകാശം പിടിച്ചുവാങ്ങാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോവാനും ഏതന്വേഷണം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. നീതി കിട്ടാനായി സുപ്രീംകോടതിയില്‍ പോവാനാണ് തീരുമാനം. ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് കൈയില്‍ കിട്ടിയാലുടന്‍ അതിനുള്ള നടപടികളുമായി മുന്നോട്ടുപോവും'.

എന്റെ ഹാദിയ തീവ്രവാദിയാണോ ? ഷെഫിന്‍ ഷാജഹാന് പറയാനുള്ളത്എന്റെ ഹാദിയ തീവ്രവാദിയാണോ ? ഷെഫിന്‍ ഷാജഹാന് പറയാനുള്ളത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക