Image

തീവ്രവാദികള്‍ എന്നെ കൊല്ലും; മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരം: ഹാദിയ മുഖ്യമന്ത്രിക്കെഴുതി

പ്രസീദ പത്മ (prasedapadma@gmail.com) Published on 29 May, 2017
തീവ്രവാദികള്‍ എന്നെ കൊല്ലും; മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരം: ഹാദിയ മുഖ്യമന്ത്രിക്കെഴുതി
By പ്രസീദ പത്മ (prasedapadma@gmail.com) (കടപ്പാട്: ആഴ്ചവട്ടം) 

കോടതിയുടെ തടവിലായിരിക്കെ ഹാദിയ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ നിന്ന്

'അച്ചനെ ഉപയോഗിച്ച് ഹിന്ദു തീവ്രവാദികള്‍ എന്നെ കൊല്ലും. എന്നെ ജീവിക്കാന്‍ അനുവദിക്കണം' മതം മാറിയതിനു ശേഷം നടന്ന വിവാഹം കോടതി വിധിയിലൂടെ അസാധുവായ വൈക്കം സ്വദേശി ഹാദിയ തടവിലായിരിക്കെ മുഖ്യമന്ത്രിക്കെഴുതിയ കത്തിലെ വാക്കുകളാണിവ. ഭരണഘടന അനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യം തനിക്കു നിഷേധിക്കരുതെന്നും നിര്‍ബന്ധിച്ചു മതംമാറ്റാന്‍ ശ്രമിക്കുന്ന അച്ഛനില്‍ നിന്നും തനിക്കു സംരക്ഷണം വേണമെന്നും ഹാദിയ കത്തില്‍ ആവശ്യപ്പെടുന്നു.

 പൊലീസിന്റെ പക്ഷപാതപരമായ ഇടപെടലിനെ താന്‍ ഭയപ്പെടുന്നു. പൊലീസിന്റെ പീഡനത്തില്‍ നിന്നും അപമാനിക്കലില്‍ നിന്നും തനിക്കു സുരക്ഷ വേണമെന്നും ഹാദിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതോടൊപ്പം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഹാദിയ കത്തു നല്‍കിയിരുന്നു. കത്തിന്റെ പകര്‍പ്പ് ഡിജിപിക്കും, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും കൈമാറിയിരുന്നു. എന്നാല്‍ ഇതും ഇതോടൊപ്പം ഹാജരാക്കിയ മറ്റു രേഖകളും ഹാദിയയുടെ വാദങ്ങളുമെല്ലാം ഹൈക്കോടതി അവഗണിക്കുകയായിരുന്നു. ഭരണഘടന വകവച്ചുനല്‍കുന്ന അവകാശങ്ങളുടെ പച്ചയായ ലംഘനമാണ് തങ്ങള്‍ക്കെതിരെയുള്ള കോടതി വിധിയെന്ന് ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും ആരോപിക്കുന്നു.

ഹാദിയയുടെ കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ കോട്ടയം വൈക്കം ടി.വിപുരം ദേവീകൃപയില്‍ അശോകന്‍ മകള്‍ അഖിലയെന്ന ഹാദിയ ബോധിപ്പിക്കുന്നത്.

സര്‍,
ഞാന്‍ 24 വയസ്സ് പൂര്‍ത്തിയായ സ്വതന്ത്രയായ വ്യക്തിയാണ്. തമിഴ്‌നാട്ടിലെ സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ നിന്ന് ബിഎച്ച്എംഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഞാന്‍ ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കല്‍ സ്വകാര്യ ക്ലിനിക്കില്‍ ട്രെയ്‌നിയായി നില്‍ക്കുകയാണ്.
പഠനകാലത്ത് വായനിലൂടെയും അന്വേഷണത്തിലൂടെയും ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാം മതാശയങ്ങള്‍ എന്നെ ഏറെ ആകര്‍ഷിക്കുകയുണ്ടായി. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ അധികമായി ഞാന്‍ ഇസ്ലാംമത വിശ്വാസിയാണ്. പരപ്രേരണയോ സമ്മര്‍ദ്ദമോ ഇല്ലാതെ ഞാന്‍ സ്വയം കണ്ടെത്തിയതാണ് ഇസ്ലാമിക വിശ്വാസം.
എന്റെ വിശ്വാസമാറ്റത്തിനു എന്റെ പിതാവും കുടുംബവും എതിരായിരുന്നു. അവര്‍ തിരിച്ചു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ എന്റെ മേല്‍ വല്ലാതെ സമ്മര്‍ദ്ദം ചെലുത്തിയ സന്ദര്‍ഭത്തില്‍ ഞാന്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

എന്റെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് പരാതിയുടെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി മുമ്പാകെ ഹാജരാവുകയും 2016 ജനുവരി 25ന് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തതാണ്. പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റിന്‍കീഴിലുള്ള മര്‍ക്കസുല്‍ ഹിദായയില്‍ ഇസ്ലാമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം കോട്ടക്കല്‍ സ്വദേശി എ എസ് സൈനബ എന്നവരുടെ കൂടെ സമാധാനമായി ജീവിച്ചുവരികയാണ്. ഞാന്‍ അച്ഛനും അമ്മയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ട്. ഞാന്‍ നല്ല നിലയില്‍ കഴിയുന്നതായി അവര്‍ക്കും ബോധ്യമാണ്.
2016 ജനുവരി 25ന് ഹൈക്കോടതി നല്‍കിയ ഉത്തരവ് മറച്ചുവച്ച് എന്റെ പിതാവ് വീണ്ടും ഹേബിയസ് കോര്‍പസ് നല്‍കിയിരിക്കുകയാണ്. എന്റെ പിതാവിന്റെ സ്വന്തം തീരുമാനമല്ല ഇതിനു പിന്നിലുള്ളത് ബാഹ്യശക്തികളുടെ നിരന്തര പ്രേരണ ഇതിനു പിന്നിലുണ്ട്.

എന്നെ തട്ടിക്കൊണ്ടുപോയി വകവരുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എനിക്കു ഭയമുണ്ട്. പൊലീസും അവര്‍ക്കൊപ്പമുണ്ട്. ഇസ്ലാം മതം സ്വീകരിച്ച പലരേയും കോടതി മുഖേനയും മറ്റും തട്ടിയെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച അനുഭവങ്ങള്‍ ഉള്ളതായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
ഞാന്‍ ഈ നാട്ടില്‍ തന്നെ സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ വിശ്വാസം സംരക്ഷിച്ച് ഇന്ത്യയില്‍ ജീവിച്ച് മരിക്കുകയല്ലാതെ ഈ നാട്ടില്‍നിന്നും മേറ്റ്വിടേക്കും ഞാന്‍ പോവാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പാസ്‌പോര്‍ട്ട് പോലുമില്ല എന്നിരിക്കെ എനിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും എനിക്ക് സംരക്ഷണം നല്‍കണം.

1. ഭരണഘടന അനുവദിച്ച് മതവിശ്വാസ സ്വാതന്ത്ര്യം എനിക്ക് നിഷേധിക്കരുത്.
2. നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന എന്റെ അച്ഛനില്‍ നിന്നെനിക്ക് സംരക്ഷണം വേണം.
3. അച്ഛനെ ഉപയോഗപ്പെടുത്തി ഹിന്ദു തീവ്രവാദികള്‍ എന്നെ കൊന്നുകളയും. എന്നെ ജീവിക്കാന്‍ അനുവദിക്കണം.
4. പൊലീസിന്റെ പക്ഷപാതപരമായ ഇടപെടലിനെ ഞാന്‍ ഭയപ്പെടുന്നു. പൊലീസിന്റെ പീഡനത്തില്‍ നിന്നും അപമാനിക്കലില്‍ നിന്നും എനിക്ക് സുരക്ഷ വേണം.
മേല്‍കാര്യങ്ങളില്‍ അങ്ങയുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് വിനയത്തോടെ,

*
156 ദിവസമാണ് ഹാദിയ കോടതിയുടെ തടവില്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചത്. അതിലെ ആദ്യത്തെ 60ഓളം ദിവസങ്ങളില്‍ നമസ്‌കരിക്കാനോ പ്രാര്‍ത്ഥിക്കാനോ പോലുമുള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. ടോയ്‌ലെറ്റില്‍ പോവുമ്പോള്‍ പോലും നിര്‍ബന്ധപൂര്‍വ്വം അകത്തുകയറി നഗ്നയാക്കി പരിശോധന ഉള്‍പ്പെടെയുള്ള നിരന്തര പീഡനങ്ങള്‍. പല ദിവസങ്ങളിലും ഭക്ഷണം ഉള്‍പ്പെടെയുള്ളവ നിരസിച്ചു ദുരിതത്തിലാക്കി. അവളൊരു ഐഎസ് തീവ്രവാദിയാണ്, അവളുമായി ആരും സംസാരിക്കാന്‍ പാടില്ല എന്നു പറഞ്ഞായിരുന്നു ഒറ്റയ്ക്ക് ഒരു മുറിയില്‍ തടവിലാക്കിയത്. അതിനുശേഷം 36 ദിവസം കൂടി ഹാദിയ തടവില്‍ കഴിഞ്ഞിരുന്നു.
വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഹാദിയയും ഭര്‍ത്താവും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നീതി കിട്ടനായി നിയമത്തിന്റെ ഏതറ്റം വരെയും പോവാന്‍ തയ്യാറാണെന്നു ഷെഫിന്‍ ജഹാന്‍വ്യക്തമാക്കിയിരുന്നു.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും ഭരണഘടന അനുശാസിക്കുന്ന ഇന്ത്യയിലാണ്മുസ്ലിമായൊരു പെണ്‍കുട്ടിയുടെ നിയമപരമായി നടന്ന വിവാഹം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതി തടഞ്ഞത്. കോട്ടയം വൈക്കം സ്വദേശി ഹാദിയ എന്ന 25കാരിയായ ഹോമിയോ ഡോക്ടറുടെ വിവാഹമാണ് ചടങ്ങ് മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നില്ല ആരോപണം ഉന്നയിച്ച് കോടതി റദ്ദാക്കിയത്. ദാമ്പത്യജീവിതം കേവലം രണ്ടുദിവസം പോലും തികയുംമുമ്പേ ചില ബാഹ്യശക്തികളുടെ പ്രേരണയാലും സമ്മര്‍ദ്ദത്താലും ഹാദിയയുടെ വീട്ടുകാര്‍ നടത്തിയ ഇടപെടലുകളാണ് കോടതിവിധിയിലേക്കു നയിച്ചത്. 

ഇവിടെ ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും വിവാഹം കഴിക്കാനുമുള്ള ഒരു പൗരയുടെ അവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടന വകവച്ചുനല്‍കുന്ന അവകാശങ്ങള്‍ കോടതി വിധിയാല്‍ തന്നെ ലംഘിക്കപ്പെടുമ്പോള്‍ ഹൃദയം തകര്‍ന്ന ഹാദിയയും ഭര്‍ത്താവ് കൊല്ലം സ്വദേശി ഷെഫിന്‍ ഷാജഹാനും നമ്മുടെ മുന്നില്‍ നിരവധി ചോദ്യങ്ങളാണ് നിരത്തുന്നത്.
 
തീവ്രവാദികള്‍ എന്നെ കൊല്ലും; മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരം: ഹാദിയ മുഖ്യമന്ത്രിക്കെഴുതിതീവ്രവാദികള്‍ എന്നെ കൊല്ലും; മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരം: ഹാദിയ മുഖ്യമന്ത്രിക്കെഴുതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക