Image

തലശേരി അതിരൂപതയുടെ നീക്കം പ്രതിഷേധാര്‍ഹമെന്ന് സി.പി.എം. നേതാവ് പി ജയരാജന്‍

Published on 29 May, 2017
തലശേരി അതിരൂപതയുടെ നീക്കം പ്രതിഷേധാര്‍ഹമെന്ന് സി.പി.എം. നേതാവ്  പി ജയരാജന്‍
വൈദികന്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇടപെടാനുള്ള തലശേരി അതിരൂപതയുടെ നീക്കം പ്രതിഷേധാര്‍ഹമെന്ന് സി.പി.എം. നേതാവ്  പി ജയരാജന്‍. 

ഫേസ്‌ബുക്ക് പോസ്റ്റ് 

കൊട്ടിയൂരില്‍ വൈദികന്‍ പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഹീനകൃത്യത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇടപെടാനുള്ള തലശേരി അതിരൂപതയുടെ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.അത്യന്തം ഹീനമായ കൃത്യമാണ് പോലീസിന്റെ സമര്‍ത്ഥമായ കരുനീക്കത്തിലൂടെ പുറത്തു വന്നിട്ടുള്ളത്.വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല ,ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു വെളിക്ക് വന്നിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടിന് കടകവിരുദ്ധമാണ്.ഈ നിലപാടിനെ സിപിഐ(എം) ശക്തമായി അപലപിക്കുന്നു.
അന്വേഷണസംഘം കൃസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നു എന്ന പ്രസ്താവന അന്വേഷണത്തിലെ കൃത്യമായ ഇടപെടലാണ് എന്ന് മാത്രമല്ല 'കൃസ്തുരാജ ആശുപത്രിയില്‍ കുട്ടി പ്രായപൂര്‍ത്തിയായതായിട്ടാണ് രേഖപ്പെടുത്തിയതെന്നും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പ്രസവം അധികൃത കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെനിന്നുമുള്ള' പ്രസ്താവനയിലെ ഭാഗം അതീവ ഗൗരവം ഉള്ളതും കുറ്റവാളികളെ ന്യായീകരിക്കുന്നതുമാണ്.
ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ വയസ് 18 എന്നാണു രേഖപ്പെടുത്തിയത്.
പൂര്‍ണവളര്‍ച്ചയെത്തിയ കുട്ടിയെയാണ് പ്രസവിച്ചത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍ പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് ഈ പെണ്‍കുട്ടി ഗര്‍ഭിയാണെന്ന യാഥാര്‍ഥ്യം മനഃപൂര്‍വ്വം മറച്ചു വെക്കുകയാണുണ്ടായത്.
മാത്രവുമല്ല അവിവാഹിതയായ ഈ പെണ്‍കുട്ടിക്ക് പിറന്ന കുഞ്ഞിനെ ഒരു ദിവസം കൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനും കൂട്ട് നിന്നത് ആശുപത്രി അധികൃതരാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ പോക്‌സോ നിയമത്തിലെ 191 വകുപ്പിന്റെ ലംഘനമാണ് ആശുപത്രി അധികൃതര്‍ നടത്തിയത്.
ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പ്രസ്താവനയിലൂടെ അതിരൂപത ന്യായീകരിക്കുന്നത്.സഭാ അധികൃതരുടെ ഇത്തരം നിലപാടിനെതിരായി സമൂഹത്തില്‍ നിന്ന് പ്രതികരണം ഉയരണം.അല്ലെങ്കില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുക മാത്രമല്ല കുറ്റം സ്വന്തം പിതാവിന് മേല്‍ ചാര്‍ത്താനുള്ള ഹീനശ്രമങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ നാളെയും ആവര്‍ത്തിക്കും.
പേരാവൂര്‍ എം എല്‍ എ ഈ ഹീനകൃത്യ നടന്നതറിഞ്ഞിട്ടും തത്സമയം പ്രതികരിക്കാതിരുന്നത് ജനങ്ങളില്‍ സംശയം ഉളവാക്കിയിട്ടുണ്ട്.ബജറ്റ് സമ്മേളനത്തിനിടയില്‍ ഒട്ടേറെ സബ്മിഷനുകള്‍ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.സംഭവം അറിഞ്ഞതിനു ശേഷം എന്ത് കൊണ്ട് എം എല്‍ എ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചില്ല എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.കുറ്റവാളികളെ ന്യായീകരിക്കാനും അന്വേഷണത്തില്‍ ഇടപെടാനുള്ള രൂപതയുടെ പ്രസ്താവന സംബന്ധിച്ച് പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് പ്രതികരിക്കണമെന്നും ആവശ്യപെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക