Image

നവാബ് രാജേന്ദ്രന്റെ പിന്‍ഗാമി പി.ഡി. ജോസഫ് .....ഒറ്റയാള്‍ പോരാട്ടം ....(ഫ്രാന്‍സിസ് തടത്തില്‍)

Published on 28 May, 2017
നവാബ്   രാജേന്ദ്രന്റെ  പിന്‍ഗാമി പി.ഡി. ജോസഫ് .....ഒറ്റയാള്‍ പോരാട്ടം ....(ഫ്രാന്‍സിസ് തടത്തില്‍)

സര്‍ , ഞാന്‍ വായിച്ചു ..ഒന്നല്ല ,,,മൂന്നു വട്ടം . സര്‍ , ഞാന്‍ ജോസഫ് . ..സാറെഴുതിയ ഫീച്ചറിലെ പി.ഡി. ജോസഫ് ....
കഴിഞ്ഞയാഴ്ച ഇ മലയാളിയില്‍ പ്രസിദ്ധീകരിച്ച നൈനാ സാഹ്നി കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പി.ഡി. ജോസഫ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ കുറിച്ച് ഞാനെഴുതിയത് ഫോട്ടോഗ്രാഫര്‍ ജോണ്‍സണ്‍ ചിറയത്തില്‍ നിന്നറിഞ്ഞ പടി അതു വായിച്ച ആവേശത്തോടെ എന്നെ വിളിച്ചതായിരുന്നു ജോസഫ് .
ഏതാണ്ട് 20 വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത് . സ്റ്റോറി എഴുതും മുമ്പ് ജോസഫിനെ വിളിക്കാന്‍ തോന്നിയില്ല . എന്തോ....ഞാനുമായി ബന്ധപ്പെട്ട് സ്റ്റോറി ചെയ്തവരെ കുറിച്ച് അന്വേഷിച്ചപ്പോഴൊക്കെ പലരും അകാലത്തില്‍ പൊലിഞ്ഞു പോയതായാണ് അറിയാന്‍ കഴിഞ്ഞത് . ഇരുപതു വര്‍ഷം മുമ്പ് ഞാന്‍ പരിചയപ്പെടുമ്പോള്‍ ജോസഫിനു പ്രായം 42 .ഇപ്പോള്‍ വയസ് 62 . നീണ്ട 20 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് കഴിഞ്ഞ ദിവസം ജോസഫിനോടു ടെലിഫോണിലെങ്കിലും ഒന്നു സംസാരിക്കുന്നത് . ഈ നീണ്ട കാലയളവിനുള്ളില്‍ ജോസഫേറെ വളര്‍ന്നിരിക്കുന്നു ....സാമ്പത്തികമായല്ല ...നിയമ പോരാട്ടത്തില്‍ . സാമ്പത്തികമായി ജോസഫ് അന്ന് എങ്ങനെയായിരുന്നോ അതു പോലെ തന്നെയാണ് ഇന്നും. തന്റെ ചെറിയ വരുമാനത്തിനിടെ അദ്ദേഹം ചെയ്ത ചെറുതെങ്കിലും വലുതായ ആ സംഭാവന അത്ര എളുപ്പം മറക്കാവുന്നതല്ല . ദീര്‍ഘകാലത്തിനു ശേഷം ജോസഫുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ഏറെ വാചാലനായി . അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങളുടെ ചുരുളഴിച്ചപ്പോള്‍ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി . ജോസഫിന്റെ നിയമപോരാട്ടങ്ങള്‍ക്കു മുമ്പില്‍ ഈ ഞാനാരാണെന്ന തോന്നലാണ് ഈ അധ്യായം അദ്ദേഹത്തിന്റെ നിയമപോരാട്ടത്തിന്റെ നാള്‍വഴികളിലേക്ക് മാറ്റി വയ്ക്കാന്‍ കാരണം .
നാം ഈ അടുത്ത കാലത്ത് കണ്ട പല നിയമ പോരാട്ടങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് പി.ഡി. ജോസഫെന്ന ഈ കൊച്ചു മനുഷ്യനായിരുന്നു എന്നറിഞ്ഞപ്പോള്‍ ഞാനമ്പരന്നു പോയി .ആ നിയമയുദ്ധങ്ങളുടെ പോരാട്ട വഴികളാകട്ടെ ഇന്ന് .
കേരളത്തില്‍ ഈ അടുത്ത കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സര്‍ക്കാര്‍ തീരുമാനമായിരുന്നു കൊടുംകുറ്റവാളികളടക്കമുള്ള 2000ത്തോളം തടവു പുള്ളികളെ വിട്ടയയ്ക്കുന്നു എന്ന വാര്‍ത്ത .ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ മുഖ്യപ്രതി കൊടി സുനി , സെക്യൂരിറ്റി ജീവനക്കാരനെ വണ്ടി ഇടിപ്പിച്ചു കൊന്ന കേസിലെ പ്രതി നിസാം തുടങ്ങി നിരവധി കൊടും കുറ്റവാളികളെ വിട്ടയയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരുന്നു . ഇതിനെതിരെ സമരങ്ങളും നിയമസഭയില്‍ കോലാഹലങ്ങളും നടന്നിട്ടും തീരുമാനത്തില്‍ നിന്നു വ്യതിചലിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല . എന്നാല്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പി.ഡി. ജോസഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി. ജയില്‍ പുള്ളികളെ വിട്ടയയ്ക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിക്ക് തന്റെ തീരുമാനത്തില്‍ നിന്നു പിന്മാറേണ്ടി വന്നത് . സംഭവം വന്‍ വാര്‍ത്ത ആയിരുന്നെങ്കിലും ഇക്കാര്യത്തില്‍ ജോസഫിന്റെ പങ്കു മാത്രം ആരുമറിയാതെ പോയി . രാജീവ് ഗാന്ധി വധക്കേസില്‍ പതിനാലു വര്‍ഷം വരെ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടിയാണ് ജോസഫിന്റെ വാദം ഹൈക്കോടതി ശരി വച്ചത് . ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കൂടൂതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തല്‍ക്കാലം തടിയൂരുകയായിരുന്നു .
ഇപ്പോഴത്തെ അഡീഷനല്‍ ഡിജിപി ടോമിന്‍ തച്ചങ്കരി ഒരു വിദേശ പര്യടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വന്‍ തോതില്‍ സംഗീതോപകരണങ്ങള്‍ , പ്ലാസ് മ ടി വി തുടങ്ങിയവ നികുതി വെട്ടിച്ചു കടത്തിക്കൊണ്ടു വന്നതായും അദ്ദേഹത്തിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചും അന്വേഷണമാവശ്യപ്പെട്ട് മൂവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ ഇപ്പോള്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ് . ടോമിന്‍ തച്ചങ്കരിക്ക് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നു . തച്ചങ്കരിക്ക് പ്രമോഷന്‍ വരെ തടയപ്പെട്ടിരുന്നു .
കളമശേരി ബസ് കത്തിച്ച കേസില്‍ യഥാര്‍ഥ പ്രതികള്‍ക്കു പകരം വ്യാജപ്രതികളെ ജയിലിലടച്ച സംഭവം വന്‍ വിവാദമായിരുന്നു . കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ , രണ്ടാം പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനി എന്നിവര്‍ക്കു വേണ്ടി പ്രോക്‌സി പ്രതികളായി രണ്ടു നിരപരാധികളെ വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിച്ചതിനെതിരെ പി.ഡി. ജോസഫ് ആലുവ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് യഥാര്‍ഥ പ്രതികളെ പിടികൂടി ശിക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു . പ്രതികളെന്നു പറഞ്ഞ് ജയിലില്‍ ശിക്ഷ അനുഭവിച്ചു വന്നവരെ നിരപരാധികളെന്നു കണ്ട് വെറുതെ വിട്ടു . ഇതില്‍ ഒന്നാം പ്രതി തടിയന്റ വിട നസീര്‍ ലഷ്‌കര്‍ ഇ തോയിബയുടെ കേരളത്തിലെ കമാന്‍ഡര്‍ ആയിരുന്നു . ഇയാളെ ബാംഗ്ലൂര്‍ പോലീസ് ബംഗ്ലാദേശില്‍ നിന്നാണ് അറസ്റ്റ് ചെയ്തത് .സൂഫിയ മദനിയെയും പിന്നീട് അറസ്റ്റു ചെയ്തിരുന്നു .
ദുരന്ത ഭൂമിയായി മാറിയിരുന്ന തൃശൂരിലെ ലാലൂരിലുള്ള മാലിന്യ കേന്ദ്രത്തിനു ചുറ്റുമുള്ള ജനങ്ങള്‍ക്ക് മോചനം ലഭിച്ചതും ജോസഫിന്റെ നിയമഇടപെടല്‍ മൂലമാണ് . ഏതാണ്ട് അര നൂറ്റാണ്ടിലേറെ ലാലൂര്‍ നിവാസികളുടെ ശാപമായി മാറിയ ലാലൂരിലെ മാലിന്യക്കൂമ്പാരം അക്ഷരാര്‍ത്ഥത്തില്‍ ഒരു വിഷപ്പറമ്പായി മാറിയിരുന്നു .ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സമീപത്തെ കിണര്‍ വൃത്തിയാക്കുകയായിരുന്ന രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു . മാലിന്യക്കൂമ്പാരം സൃഷ്ടിച്ച വിപത്തു മൂലം നിരവധി പേര്‍ക്ക് മാരകമായ അസുഖങ്ങള്‍ ബാധിച്ചു . പലരും നിത്യ രോഗികളായി . വര്‍ഷങ്ങളായി നടന്ന സമരമുറകള്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് പി.ഡി. ജോസഫ് ഹൈക്കോടതിയില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജി നല്‍കി . മാലിന്യ ശേഖരം പൂര്‍ണമായും മാറ്റി ജനജീവിതത്തിനു പ്രാപ്യമായ സാഹചര്യമുണ്ടാക്കണമെന്നാവാശ്യപ്പെട്ട് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് , ജസ്റ്റിസ് ബന്നൂര്‍ മഡ് എന്നിവരടങ്ങിയ ബഞ്ച് അന്നത്തെ തൃശൂര്‍ ജില്ലാ ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാല്‍ പാഷയെ കമ്മീഷനായി നിയമിച്ചു .
രണ്ടു തവണ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പു നടത്തിയ ജസ്റ്റിസ് കമാല്‍ പാഷ ലാലൂര്‍ മാലിന്യ പറമ്പിനെ ശവപ്പറമ്പിനെക്കാള്‍ ദുരിതമയമെന്നു വിശേഷിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത് . സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ലാലൂരില്‍ സമ്പൂര്‍ണ ശുചീകരണം നടത്തണമെന്ന് ഉത്തരവിട്ടു . ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ലാലൂരിലെ മാലിന്യക്കൂമ്പാരം പൂര്‍ണമായും നീക്കം ചെയ്തു . എന്നു മാത്രമല്ല , ഈ മാലിന്യപ്പറമ്പ് ശുചീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ മൈതാനമാക്കി മാറ്റാനും തീരുമാനമായി . പ്രമുഖ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരവും തൃശൂര്‍ സ്വദേശിയുമായ ഐഎം വിജയന്റെ പേരില്‍ നിര്‍മിക്കുന്ന ഈ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഗ്രൌണ്ടിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . ലാലൂര്‍ നിവാസികളുടെ ദുരിതത്തിനറുതി വരുത്താന്‍ കാരണക്കാരനായ പിഡി ജോസഫിനെ മാത്രം ആരും അംഗീകരിച്ചുമില്ല , അനുസ്മരിച്ചുമില്ല . ജോസഫിനാകട്ടെ ഇക്കാര്യത്തില്‍ യാതൊരു പരിഭവവുമില്ലതാനും .
ഞാന്‍ നിമിത്തമായെങ്കിലും ഒരു ജനതയുടെ ദീര്‍ഘ കാലത്തെ ദുരിതത്തിന് അറുതി വന്നല്ലോ ....
ഇതായിരുന്നു ജോസഫിന്റെ പ്രതികരണം .
കേരളത്തില്‍ എല്ലാ ഒന്നാം തിയതികളിലും ഡ്രൈഡേ ആണല്ലോ . ഒരു വര്‍ഷം ഓണം ഒന്നാം തിയതി വന്നു . ഓണത്തിനാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്നത് . എന്നാല്‍ അത്തവണ ഓണം ഒന്നാം തിയതി വന്നതിനാലും
അന്നു ഡ്രൈ ഡേ ആയതിനാലും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ബിവറേജസ് കോര്‍പറേഷന് വന്‍ നഷ്ട സംഭവിക്കുമെന്ന് കരുതി ഒന്നാം തിയതിയിലെ ഡ്രൈഡേ എടുത്തു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു . ഇതിനെതിരെ ജോസഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു . എന്നാല്‍ സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിനു പോയി . കേസില്‍ സുപ്രീം കോടതി വാദം കേട്ടു കൊണ്ടിരിക്കുകയാണ് . അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനം നടത്താന്‍ നിരവധി സന്നദ്ധ സംഘടനകളും എന്‍ജിഒ കളുമുണ്ട് . സര്‍ക്കാര്‍ ഫണ്ട് മാത്രം വിതരണം ചെയ്താല്‍ ഓരോ ആദിവാസിയും ഇപ്പോള്‍ ലക്ഷാധിപതികളായിരിക്കണം . കാരണം പലവിധത്തിലായി പ്രതി വര്‍ഷം 4000 കോടി രൂപ ആദിവാസികളുടെ ഉന്നമനത്തിനായി ചെലവഴിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് . എന്നാല്‍ ആദിവാസി ഊരുകളില്‍ ഇന്നും മുഴുപ്പട്ടിണിയും മാറാരോഗവും ദുരിതവും മാത്രം .
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അട്ടപ്പാടിയില്‍ നൂറ്റമ്പതിലേറെ കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . പട്ടിണി മൂലമാണ് കൂടുതല്‍ പേരും മരിച്ചത് . ആശുപത്രികളില്‍ വേണ്ടത്ര സൌകര്യമില്ല. മരുന്നോ , ഡോക്റ്റര്‍മാരോ മറ്റു സേവനങ്ങളോ ആവശ്യത്തിനു ലഭ്യമല്ല . ശുചിത്വം , ആരോഗ്യ പരിപാലനം എന്നിവയ്ക്കും വേണ്ടത്ര ബോധവല്‍ക്കരണ പരിപാടികളുമില്ല . ഇതിനെതിരെ ജോസഫ് ഒരു പൊതു താല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു . ഇതേ തുടര്‍ന്ന് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് ഉബൈദിനെ കമ്മീഷന്‍ ആയി ഹൈക്കോടതി നിയമിച്ചു . അട്ടപ്പാടിയിലെ ഊരുകളിലും കോട്ടത്തറയിലുള്ള ട്രൈബല്‍ ആശുപത്രിയിലും സന്ദര്‍ശനംനടത്തിയ മജിസ്‌ട്രേറ്റ് ഇവിടുത്തെ ശോചനീയാവസ്ഥയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . സര്‍ക്കാര്‍ അനാസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതിഎത്രയുംവേഗം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു . ഇതേത്തുടര്‍ന്ന് കോട്ടപ്പടി ആശുപത്രിയില്‍ വേണ്ടത്ര ഡോക്റ്റര്‍മാരെ നിയമിക്കുകയും ആവശ്യത്തിനുവേണ്ട കിടക്കകള്‍ , മരുന്ന് എന്നിവ ലഭ്യമാക്കുകയും ചെയ്തു . ഇന്ന് ഈ ആശുപത്രി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു .
സോളാര്‍ കേസിലും കൊടുത്തു ജോസഫ് ഒരു എട്ടിന്റെ പണി . അത് മറ്റാര്‍ക്കുമല്ല , അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെയായിരുന്നു . നിയമപോരാട്ടത്തിനിടെ ജോസഫ് ആളുകളുടെ വലിപ്പവ്യത്യാസമൊന്നും നോക്കാറില്ല .
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും സരിതയില്‍ നിന്ന് ഒരു കോടിി വാങ്ങിയതിനു തെളിവുണ്ടെന്നു പറഞ്ഞ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു . എന്നാല്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ ഇരുവരും ഹൈക്കോടതിയില്‍ അപ്പീലിനു പോയി .ഈ കേസിന്റെ പ്രത്യാഘാതമെന്തെന്നറിയേണ്ടേ ...
ഒരു ദിവസം രാത്രിയില്‍ ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസഫിന്റെ വീടിനു നേരെ കല്ലെറിഞ്ഞു . ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ജോസഫിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ....കല്ലേറിനെ പേടിക്കാന്‍
കല്ലേറിനെ പേടിക്കാന്‍ ഞാന്‍ ചില്ലു മേടയിലൊന്നുമല്ലല്ലോ കഴിയുന്നത് . എന്റെ കുടിലിനു നേരെ കല്ലെറിഞ്ഞാല്‍ എന്താവാന്‍ .....എറിഞ്ഞവരുടെ സമയം മെനക്കേടായി .....അത്ര തന്നെ ....
അതേ , ഇതാണു ജോസഫ് . നവാബിന്റെ പിന്‍ഗാമി ....
നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ ഒരു ജീവനക്കാരി അതിക്രൂരമായി കൊലചെയ്യപ്പെട്ടത് ഓര്‍ക്കുന്നില്ലേ ....രാധ എന്ന ജീവനക്കാരിയെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലീസിനു കഴിഞ്ഞില്ല . ഇതിനെതിരെ ഒരു പൊതു താല്‍പര്യ ഹര്‍ജി ജോസഫ് നിലമ്പൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു . ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനു നിര്‍ദേശം നല്‍കി . കോടതി ഉത്തരവിനെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പടെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കോടതിയെ ആദ്യം സമീപിച്ചത് ജോസഫായിരുന്നു . മാധ്യമ പ്രവര്‍ത്തകര്‍ക്കായി മാറ്റി വച്ചിരുന്ന മീഡിയ റൂമില്‍ അവര്‍ക്കു പ്രവേശനമനുവദിക്കണമെന്നും കോടതി വിധികളും നടപടിക്രമങ്ങളും അറിയാനുള്ള ജനങ്ങളുടെ അവകാശം തടയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ജോസഫിന്റെ ഹര്‍ജി .ഇക്കാര്യത്തില്‍ ജോസഫ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ് .
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ 15 വര്‍ഷത്തിനുള്ളില്‍ 24 പേര്‍ മരിച്ചു . ഇവരില്‍ ചിലരെ തല്ലിക്കൊന്നതാണന്നും മറ്റു ചിലര്‍ തീപിടിച്ചു മരിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു .
കാര്‍ഷിക സര്‍വകലാശാലയില്‍ സംരക്ഷിച്ചു വന്നിരുന്ന നൂറോളം അപൂര്‍വ ഇനത്തില്‍ പെട്ട വെച്ചൂര്‍ പശുക്കള്‍ 20 വര്‍ഷം മുമ്പ് കൂട്ടത്തോടെ ചുട്ടെരിക്കപ്പെട്ടു .കേരളത്തിന്റെ സ്വന്തമായ പേറ്റന്റ് ലഭിച്ച നൂറോളം പശുക്കളാണ് സര്‍വകലാശാലയിലെ രാഷ്ട്രീയക്കോമരങ്ങള്‍ കത്തിവേഷം കെട്ടിയാടിയപ്പോള്‍ ബലിദാനമായത് . ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേകാന്വേഷണ കമ്മീഷനെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു .
പാലക്കാടു നിന്നും ഐഎസ് തീവ്രവാദികളാണെന്നു പറഞ്ഞ് അന്യമതസ്ഥരായവരെ മുസ്ലിങ്ങളാക്കിയ കേസില്‍ മുസ്ലിം പീസ് ഫൌണ്ടേഷന്‍ സ്ഥാപകനും മതപ്രഭാഷകനുമായ സക്കീര്‍ നായിക്കിനെതിരെ പാലക്കാട് കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ സക്കീര്‍ നായിക്കിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു .
രാജാക്കാട് പോലീസ് ലോക്കപ്പില്‍ മൂന്നാംമുറപ്രയോഗത്തില്‍ പ്രതി കൊല്ലപ്പെട്ട സംഭവത്തില്‍ രാജാക്കാട് എസ്.ഐക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടത്തിയ വിധി ഏറെ പ്രധാനപ്പെട്ടതായിരുന്നു . ലോക്കപ്പില്‍ മൂന്നാം മുറ കര്‍ശനമായി നിരോധിക്കണമെന്നു നിര്‍ദേശിച്ച കോടതി പോലീസ് സ്റ്റേഷനില്‍ എത്തുന്ന മറ്റു കുറ്റവാളികളോടു പോലും മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചു . സംഭവത്തെ കുറിച്ചു നടത്തിയ സമഗ്ര അന്വേഷണത്തെ തുടര്‍ന്ന് രാജാക്കാടെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു .
മുന്‍ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ടി. ശിവദാസമേനോന്‍ എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ എറണാകുളത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പ്രസംഗിച്ച മന്ത്രി യേശുക്രിസ്തു മദ്യപാനിയായിരുന്നു എന്നു പറഞ്ഞതായി മലയാള മനോരമയില്‍ വന്ന വാര്‍ത്ത വന്‍ വിവാദമായി . ആ സംഭവത്തിനെതിരെ മന്ത്രി ടി. ശിവദാസമേനോനെപ്രതി ചേര്‍ത്തും മനോരമയെ കക്ഷി ചേര്‍ത്തും ജോസഫ് നടത്തിയ ഹര്‍ജി പിന്നീട് കത്തോലിക്കാ സഭയിലെ ഒരു മെത്രാന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. സത്യത്തില്‍ മന്ത്രിയുടെ പ്രസംഗം ലേഖകന്‍ വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചതാണ് എല്ലാ വിവാദങ്ങള്‍ക്കും കാരണമായത് .
മന്ത്രിയുടെ വിഷയം മദ്യ നിരോധനമായിരുന്നു .
വീഞ്ഞ് മദ്യമാണെങ്കില്‍ യേശുക്രിസ്തു വാഴ്ത്തി ശിഷ്യന്മാര്‍ക്കു നല്‍കിയത് വീഞ്ഞല്ലേ ...എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത് . സംഭവം നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാതെ ചടങ്ങില്‍ സംബന്ധിച്ച ആരില്‍ നിന്നോ വിവരം ശേഖരിച്ച് അമിതാവേശം കാട്ടിയ ലേഖകന്റെ കൈപ്പിഴയായിരുന്നു എല്ലാ വിവാദങ്ങള്‍ക്കും കാരണം . സംഭവം നടക്കുമ്പോള്‍ ഞാന്‍ ദീപിക എറണാകുളം ബ്യൂറോയിലുണ്ട് .
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്തുകയും ചെയ്ത കൊടും കുറ്റവാളി നിസാമിനെ രക്ഷപ്പെടുത്താന്‍ അയാളെ നേരില്‍ കണ്ടു സന്ധി സംഭാഷണം നടത്തിയ തൃശൂര്‍ പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോസഫ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമ്മീഷണര്‍ക്കെതിരെ അനേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.സര്‍ക്കാര്‍ തലത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്ന് പിന്നീട് കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കുട്ടികളുടെ ജയിലും (ജുവന്നേല്‍ ഹോമും ഒരിടത്തു പ്രവര്‍ത്തിച്ചാല്‍ എന്താകും സ്ഥിതി? തൃശ്ശൂരിലെ ജുവെന്നേല്‍ ഹോമും ഒരു കോടതിയും ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്, ഇതിനെതിരെ ജോസഫ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് എവിടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ ചര്‍മം ജസ്റ്റിസ് പരീത് പിള്ള നിരീക്ഷിച്ചു.കോടതിയിലേക്ക് കൊണ്ടുവരുന്ന കുറ്റവാളികളെ കണ്ടാണ് ജുവെന്നേല്‍ ഹോമില്‍ കഴിയുന്ന കുട്ടികള്‍ വളരുന്നത്. ഇതു ഇവരെ കൂടുതല്‍ വഴി തെറ്റിക്കാനിടയാകുമെന്നു നിറഷിച്ച കമ്മീഷന്‍ ആ കോടതി മറ്റൊരു സ്ഥലത്തേക്ക് മാറ്റിച്ചു.
പി.ഡി. ജോസെഫിനെപ്പോലെ അപൂര്‍വം ചില മനുഷ്യ സ്‌നേഹികളെ എന്ന് ഭൂമി മലയാളത്തില്‍ കാണാറുള്ളു. ഭാര്യയും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ ദരിദ്ര കുടുംബം. കൊച്ചു കൊച്ചു കാറ്ററിങ് വര്‍ക്കുകള്‍ ഏറ്റെടുത്തു നടത്തുകയാണ് പതിവ്, കുംബച്ചെലവ് കഴിഞ്ഞു മിച്ചം കിട്ടുന്ന തുച്ചമായ തുക കൊണ്ട് ചെറുതെങ്കിലും വലിയ വലിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ സംതൃപ്തി കടുത്തുന്ന ആളാണ് ജോസഫ്.അല്‍പ്പം പ്രശസ്തി അതില്‍ കവിഞ്ഞൊന്നും ജോസഫ് ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല,
നിയമപോരാട്ടത്തിനു ആരില്‍ നിന്നും യാതൊരു സഹായവും ലഭിക്കാറില്ല, ആരോടും ചോദിക്കാറില്ല എന്ന് തന്നെ പറയാം.എല്ലാ കാര്യങ്ങളും സ്വയം നടത്തും.കേസുകള്‍ ഫയല്‍ ചെയ്യാന്‍ വക്കില്‍ ഓഫീസികളുടെ സഹായം തേടും.വാദം സ്വയം. പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ഇല്ലെന്നു ഓര്‍ക്കണം! ഒരു കേസു ഫയല്‍ ചെയ്യാന്‍ 150 രൂപ.സ്റ്റാഫിന് 100 രൂപ. ഫോട്ടോസ്റ്റാറ്റ് 100 രൂപ. പിന്നെ ഹൈക്കോടതിയില്‍ പോകാന്‍ ബസ് കൂലി... എല്ലാം കൂടി ഒരു 500 രൂപ വരും ഒരു കസിന് . ഇത്രയും തുകക്കായി മറ്റാരെയും സമീപിക്കേണ്ട കാര്യമില്ല. ജോസഫ് പറയുന്നു.
ഇതിനിടെ തന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നു ഒരു വിഹിതം മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ജോസഫ് മാറ്റിവെക്കാറുണ്ട്, ഇതില്‍ തൃശ്ശൂരിലെ ധര്‍മ്മക്കാര്‍ക്കായി ആരംഭിച്ച അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഏറെ ശ്രദ്ധേയം. ആദ്യ പടിയായി 5 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന് വേണ്ടി മാസം 25 രൂപ വീതം ഒരാള്‍ക്കായി തുടങ്ങി. ഇവര്‍ക്ക് അപകടം പറ്റിയാല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയായിരുന്നു. സംഭവം നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ തൃശൂര്‍ രൂപതയിലെ ഒരു വൈദികന്‍ ജോസഫിനെ സമീപിച്ചു ഈ പദ്ധതി ഏറ്റെടുത്തു നടത്താമെന്നു പറഞ്ഞു സമ്മര്‍ദ്ദം ചെലുത്തി. അദ്ദേഹം അതിനായി ധനശേഖരണം വരെ നടത്തി പക്ഷെ പദ്ധതി പാതി വഴിയില്‍ നിന്ന് പോയി. ഭിക്ഷാടകര്‍ ഇപ്പോഴും ഭിക്ഷാടകര്‍ തന്നെ.

ചാലക്കുടിഅതിരപ്പിള്ളി ഭാഗത്തുള്ള ആമൂക്ക് നക്കയം ആദിവാസി കോളനിയില്‍ ഒരു കുഞ്ഞു ജനിച്ചപ്പോള്‍ ആ കുഞ്ഞിന്റെ മൂക്ക് ആനതുമ്പികൈ പോലെ ആയിരുന്നു. മൂക്കിന്റെ ഇ അവസ്ഥ മൂലം ഈകുഞ്ഞിനു ശരിയായി ശ്വസിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഈ കുഞ്ഞിന്റെ ദുര്യാവസ്ഥ സംസ്ഥാന ട്രൈബല്‍ ബോര്‍ഡ് പോലും കണ്ടില്ലെന്നു നടിച്ചു. ആദിവാസി ക്ഷേമത്തിനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്ന ബോര്‍ഡ് ഈ തുകയത്രയും എവിടെ ചെലവഴിച്ചുവെന്നു മാത്രം ചോദിക്കരുത്. ചില ഉദ്യോഗസ്ഥരുടെ പല വീര്‍ത്തതല്ലാതെ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൊണ്ട് ആദിവാസികള്‍ക്ക് പ്രത്യേക ഗുണമൊന്നും ലഭിച്ചില്ല.
ഏതായാലും ജോസഫ് മുന്‌കൈ എടുത്തു ഈ കുഞ്ഞിനെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സിച്ചു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. സര്ജറിക്ക്‌നേതൃത്വം നല്‍കിയ ഡോ. എഡ്വിന്‍വാല ഒരു നയാ പൈസ പോലും പ്രതിഫലം വാങ്ങിയില്ലെന്നു മാത്രമല്ല ആശുപത്രി അധികൃതര്‍ ചികിത്സ തികച്ചും സൗജന്യമായി നല്‍കി.


ഇതൊന്നുമല്ല ഇനിയുമേറെയുണ്ട് ജോസഫിന്റെ നിയമപോരാട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും . ഇവിടെ കുറിച്ചത് ജോസഫ് ചെയ്ത ഏതാനും കാര്യങ്ങള്‍ മാത്രം, കേരളത്തില്‍ ഒരു നവാബ് രാജേന്ദ്രന്‍ മരിച്ചപ്പോള്‍ മറ്റൊരു നവാബ് ജോസെഫിലൂടെ പുനര്‍ജനിക്കുകയാണ്.ജോസെഫിനെപ്പോലുള്ളവര്‍ ഇനിയും കേരളത്തില്‍ ഉണ്ടാകട്ടെ,,, ഇ ചെറിയ എളിയ മനുഷ്യന്‍ ചെയ്യുന്ന വലിയ വലിയ കാര്യങ്ങള്‍ മറ്റുള്ളവരുടെ കണ്ണ് തുറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....
ഇനിയെന്താണ് ജോസഫിന്റെ ആവനാഴിയിലെ അടുത്ത ആയുധമെന്ന് വരും ദിനങ്ങളിലറിയാം. ഏതായാലും ഇതു പോലുള്ള മനുഷ്യസ്‌നേഹികള്‍ ഇനിയുമുണ്ടാകട്ടെ.
നിര്‍ഭയ പത്രപ്രവര്‍ത്തനത്തിനിടെ നിരവധി പ്രതിസന്ധികളെയും നേരിടേണ്ടി വന്നിട്ടുണ്ടെനിക്ക് . അതേക്കുറിച്ച് അടുത്ത അധ്യായത്തില്‍
con:Ph 9737928785 (Home)
9735183447(Cell)
fethadathil@gmail.com,fethadathil@yahoo.com

നവാബ്   രാജേന്ദ്രന്റെ  പിന്‍ഗാമി പി.ഡി. ജോസഫ് .....ഒറ്റയാള്‍ പോരാട്ടം ....(ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
A.C.George 2017-05-29 10:12:19
Yes, Sir, You are right. We need more and more P.D.Joseph in Kerala, in India, innfact in all world.
Francis Thadathil: Great. Thought provoking information and article.
Freedom For All (FFA) 2017-05-30 09:42:45

Mr. A. C, George - You address everyone Sir. Are you still living under British rule, in Akmerica, or in Kerala? where are you ? Speak with full freedom  under the freedom of speech.  No more  sir,  highness , etc - ok

If you want to join the group FFA, the membership fee is only $100.00


CEO & COO

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക