Image

പരാജിതന്‍ (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 25 May, 2017
പരാജിതന്‍ (കവിത: രാജന്‍ കിണറ്റിങ്കര)
കാലം ഗതിമാറി

ഒഴുകുകയാണ്,

മുങ്ങിക്കയറും മുന്നേ

ഇന്നലെകളുടെ

കല്‍പ്പടവുകളില്‍

പായല്‍ പിടിച്ചിരിക്കുന്നു..

 

എഴുതിയും മായ്ച്ചും

പുറം ചട്ട ഇളകിയ

സ്‌ളേറ്റ് കഷണത്തിലെ

അക്ഷര തെറ്റുകളില്‍

ഒരു മഷിത്തണ്ടിന്റെ

മായാത്ത നനവുകള്‍ പോലെ …

 

വാര്‍ദ്ധക്യം ഇരുള്‍മൂടിയ

അഗതി മന്ദിരത്തിലെ

ഏകാന്ത രാവുകളില്‍

നിരര്‍ത്ഥകമായ

കാത്തിരിപ്പിന്റെ

വിതുമ്പുന്ന തേങ്ങല്‍ പോലെ…

 

കൃഷ്ണമണികള്‍ പോലും

ചൂഴ്‌ന്നെടുത്ത

അധിനിവേശത്തില്‍

കണ്ണീരുണങ്ങിയ

പുഴയുടെ ആരും

കേള്‍ക്കാത്തൊരു

ആര്‍ത്തനാദം പോലെ…

 

വേനല്‍ ചുരങ്ങളില്‍

ആര്‍ത്തു പെയ്യുന്ന

ആദ്യ മഴയില്‍

നനഞ്ഞു പൊഴിയുന്ന

ആലിപ്പഴങ്ങളുടെ

അലിഞ്ഞു പോകുന്ന

മോഹഭംഗം പോലെ..

 

കീറിയ ചേമ്പിലക്കീഴില്‍ 

തോളോട് തോള്‍ ചേര്‍ന്ന്

നടന്നു പോയൊരു 

സ്‌കൂള്‍ കാലത്തിന്റെ

മങ്ങാത്ത ഓര്‍മ്മകളില്‍

വീര്‍പ്പു മുട്ടുന്ന

ഏകാന്തപഥികരെ പോലെ…

 

ഗതിമാറിയ കാലത്തിനൊപ്പം

മാറാന്‍ കഴിയാത്ത

മനസ്സുമായി ഒരു പരാജിതന്‍…

പരാജിതന്‍ (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക