Image

ഒടുവില്‍, താജ് മഹല്‍ വിറ്റു !! (പകല്‍ക്കിനാവ്-53: ജോര്‍ജ് തുമ്പയില്‍)

Published on 21 May, 2017
ഒടുവില്‍, താജ് മഹല്‍  വിറ്റു !! (പകല്‍ക്കിനാവ്-53: ജോര്‍ജ് തുമ്പയില്‍)
പേരിലൊരു ഇന്ത്യന്‍ ടച്ചുള്ള ഒരു കാസിനോയുടെ വില്‍പ്പനയായിരുന്നു ഈ വാരത്തില്‍ അമേരിക്കയിലെങ്ങും ചര്‍ച്ചാവിഷയമായ സംഭവം. സംഗതി അല്‍പ്പം റോയലാണ്. ട്രംപ് താജ് മഹല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക്ക് സിറ്റിയിലെ കാസിനോയാണ് ഇപ്പോള്‍ വന്‍ വിലക്കുറവില്‍ വിറ്റൊഴിഞ്ഞത്. അത്‌ലാന്റിക്ക് സിറ്റിയിലെ ബോര്‍ഡ് വാക്കിലുള്ള ഈ കെട്ടിടം ഏറെക്കാലമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇക്കാന്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന കെട്ടിടം ഇപ്പോള്‍ വാങ്ങിയിരിക്കുന്നത് ഹാര്‍ഡ് റോക്ക് ഇന്റര്‍നാഷണലും മറ്റു ചില നിക്ഷേപകരും കൂടി ചേര്‍ന്നാണ്. വാങ്ങിയിരിക്കുന്നതോ വെറും തുച്ഛമായ വിലയ്ക്കും. 

അതായത്, കണക്കുകള്‍ വെച്ചു നോക്കിയാല്‍ വെറും നാലു സെന്റിന്റെ മൂല്യത്തില്‍. 50 മില്യണ്‍ ഡോളറിനാണ് ഈ കെട്ടിടം ഇപ്പോള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. രണ്ടായിരത്തിലേറെ മുറികളും പതിനഞ്ചിലേറെ ആഡംബര റെസ്റ്റോറന്റുകളുമുണ്ടായിരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കാസിനോയ്ക്കാണ് ഈ ഗതി വന്നിരിക്കുന്നത്. ഏറ്റവും കുറഞ്ഞത ആയിരത്തിയഞ്ഞൂറു മില്യണ്‍ ഡോളറിനെങ്കിലും വില്‍ക്കാമായിരുന്ന കെട്ടിടം ഈ കുറഞ്ഞ വിലയ്ക്ക് വിറ്റു പോയതിനു പിന്നില്‍ എന്തോ ദുരൂഹത മണക്കുകയും ചെയ്യുന്നു. അതിനു കാരണം മറ്റൊന്നുമല്ല, ഒരു കാലത്ത് മിസ്റ്റര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേതായിരുന്നു ഈ ആഡംബര കാസിനോ. അതു തന്നെ കാര്യം.

1990-ല്‍ ഡോണള്‍ഡ് ട്രംപാണ് ഈ ആഡംബര കെട്ടിടം ഉദ്ഘാടനം ചെയ്തത്. അന്ന് 1.2 ബില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവായ കെട്ടിടമായിരുന്നു ഇത്. രാജ്യത്തെ ആദ്യത്തെ സ്ട്രിപ്പ് ക്ലബ്ബ് ഉള്‍പ്പെട്ട കാസിനോ ക്ലബ്ബിന് പക്ഷേ അധികം രാശിയില്ലായിരുന്നു. ഹാര്‍ഡ് റോക്ക് കഫേ, റോബര്‍ട്‌സ് സ്റ്റീക്ക് ഹൗസ്, മൂണ്‍ അറ്റ് ഡയനാസ്റ്റി, മുളിനോ ന്യൂയോര്‍ക്ക് എന്നിങ്ങനെ വിവിധ ഫ്രാഞ്ചൈസികള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും വന്‍ കടമായിരുന്നു താജ് മഹലിനെ കാത്തിരുന്നത്.

ഇന്ത്യന്‍ പ്രണയത്തിന്റെ രാജകീയമുഖം ചാര്‍ത്തിയിരുന്ന താജ്മഹല്‍ എന്ന പേരുമായി അമേരിക്കന്‍ കാസിനോ ബിസിനസ്സില്‍ പുതു ചരിത്രമെഴുതാനെത്തിയ സാക്ഷാല്‍ ട്രംപിന് പിഴച്ചത്, വന്‍ ചെലവുകളായിരുന്നു. 2014-ല്‍ ബാങ്ക് കടങ്ങള്‍ താങ്ങാനാവാതെ വന്നതിനെത്തുടര്‍ന്ന് അടച്ചു പൂട്ടിയ കാസിനോ പക്ഷേ മാതൃകമ്പനിയായ ഇക്കാന്‍ എന്റര്‍പ്രൈസസിന്റെ ബുദ്ധിപരമായ നീക്കത്തെത്തുടര്‍ന്ന് പിന്നെയും തുറന്നു. പക്ഷേ, അതു മറ്റൊരു ബിസിനസ്സ് വാതായനം മുന്നില്‍ കണ്ടായിരുന്നുവെന്നു മാത്രം. താജ് മഹല്‍ ഹൗസ് എന്ന ഈ ആഡംബര കാസിനോ എന്നെന്നേക്കുമായി പൂട്ടുന്നുവെന്ന് 2016 ഒക്ടോബര്‍ 10-നാണ് പ്രഖ്യാപനം. അപ്പോഴേയ്ക്കും ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഗോദയില്‍ നിറഞ്ഞൊഴുകുകയായിരുന്നു.

റിസോര്‍ട്‌സ് കാസിനോ ഹോട്ടലിന്റെ ഉടമസ്ഥരായിരുന്ന റിസോര്‍ട്‌സ് ഇന്റര്‍നാഷണല്‍ ആണ് 1983-ല്‍ താജ് മഹലിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. അന്ന് അതിന്റെ എസ്റ്റിമേറ്റ് ബജറ്റ് എന്നത് 250 മില്യണ്‍ ഡോളറായിരുന്നു. സിറ്റിയിലെ ആദ്യത്തെ പ്രമുഖ ഹോട്ടലായതു കൊണ്ട് തന്നെ റിസോര്‍ട്ടിന്റെ ഉടമസ്ഥനായിരുന്ന ജയിംസ് ക്രോസ്ബി ഇതിന് യുണൈറ്റഡ് സ്‌റ്റേറ്റസ് ഹോട്ടല്‍ എന്ന പേരു നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പണി തുടങ്ങി മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം മരിച്ചു. 

അതോടെ, കെട്ടിടത്തിന്റെ പണി നിലച്ചു, കടം വര്‍ദ്ധിച്ചു. വലിയ നിര്‍മ്മാണങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നതില്‍ കഴിവില്ലാതിരുന്ന അഭാവം മുന്നോട്ടുള്ള പോക്കിനെ ബാധിച്ചതോടെ റിസോര്‍ട്‌സ് കാസിനോ ഹോട്ടലിന് ഈ പണി തീരാത്ത കെട്ടിടം വില്‍ക്കാതെ നിവൃത്തിയില്ലെന്നായി. അത്‌ലാന്റിക്ക് സിറ്റിയില്‍ മറ്റു രണ്ടു കാസിനോ ഹോട്ടലുകള്‍ നടത്തിയിരുന്ന ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തുന്നത് അങ്ങനെയാണ്. ജൂലൈ 1987-ല്‍ കെട്ടിടം വാങ്ങാന്‍ വന്ന പല പ്രമുഖരെയും പിന്തള്ളി ട്രംപ് ഇതു വാങ്ങി. 79 മില്യണ്‍ യു.എസ് ഡോളറിനായിരുന്നു കെട്ടിടം. റിസോര്‍ട്‌സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായി അതോടെ ട്രംപ് അവരോധിക്കപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ താജ് മഹല്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനത്തോടെ രാജകീയമായി തന്നെയായിരുന്നു ട്രംപിന്റെ മുന്നോട്ടുള്ള പോക്ക്.

എന്നാല്‍ ന്യൂജേഴ്‌സിയിലെ നിയമം ട്രംപിന് വിലങ്ങുതടിയായി. രണ്ടു കാസിനോകളില്‍ കൂടുതല്‍ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ന്യൂജേഴ്‌സി സംസ്ഥാനത്ത് അനുവാദം നല്‍കിയിരുന്നില്ല. അതോടെ, ട്രംപ് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു കാസിനോ നിര്‍ത്തുകയും അത് താജ്മഹലിന്റെ ഹോട്ടല്‍ അനക്‌സായി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ മുന്നോട്ടു പോയില്ല. ഒരു വര്‍ഷം പിന്നിട്ടതോടെ, താജ്മഹല്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ 930 മില്യണ്‍ ഡോളര്‍ വേണമെന്ന ആവശ്യം കേട്ട ട്രംപിന്റെ കണ്ണു തള്ളി. 

 റിസോര്‍ട്‌സ് ഇന്റര്‍നാഷണല്‍ 550 മില്യണ്‍ ഡോളര്‍ വല്ലവിധേനയും സ്വരൂപിക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ അപ്പോഴേയ്ക്കും ബാങ്കുകളില്‍ വന്‍ കടം റിസോര്‍ട്‌സ് വരുത്തി വച്ചിരുന്നു. വിചാരിച്ച വിധത്തില്‍ പണം വരാതായതോടെ താജ് മഹല്‍ നിര്‍മ്മാണം പിന്നെയും പാതി വഴിയിലായി. 1988-ല്‍ റിസോര്‍ട്‌സിന്റെ 22 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്താനായി ശ്രമം. എന്നാല്‍ ലാഭം ഉണ്ടാക്കാതിരുന്ന കമ്പനിയില്‍ മുതല്‍ മുടക്കാന്‍ ആരും എത്തിയില്ല. അതോടെ, സ്വന്തം നിലയ്ക്ക് ട്രംപ് തന്നെ അതു വാങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു നിബന്ധനയുണ്ടായിരുന്നു, കമ്പനി മുഴുവന്‍ ട്രംപിന്റെ അധീനതയിലേക്ക് എഴുതി നല്‍കണമായിരുന്നു. 

റിസോര്‍ട്‌സ് ഇന്റര്‍നാഷണലിന് മറ്റു ഗത്യന്തരമില്ലെന്നായി. മുങ്ങിക്കൊണ്ടിരിക്കുന്ന ആ കപ്പലിലേക്ക് പക്ഷേ പൊടുന്നനെയാണ് ടിവി പ്രൊഡ്യൂസറുമായ മെര്‍വ് ഗ്രിഫിന്‍ വന്നത്. കമ്പനി മുഴുവനോടെ സ്വന്തമാക്കാമെന്ന ട്രംപിന്റെ സ്വപ്‌നം അതോടെ പാളി. ഓഹരിയൊന്നിന് 35 ഡോളര്‍ വിലയ്‌ക്കെടുക്കാന്‍ ഗ്രിഫിന്‍ കമ്പനിയിലെ മറ്റു ഡയറക്ടര്‍മാരുമായി ധാരണയുണ്ടാക്കി. അതോടെ, ട്രംപ് കേസിനു പോയി. അങ്ങനെ 1988 നവംബറില്‍ ട്രംപും ഗ്രിഫിനും പുതിയ ധാരണയുണ്ടാക്കി. റിസോര്‍ട്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഗ്രിഫിന്‍ വിലയ്ക്കു വാങ്ങുന്നു. 

 കമ്പനിയുടെ ഉടമസ്ഥതയിലുള്ള താജ് മഹല്‍ 273 മില്യണ്‍ ഡോളറിനു ട്രംപ് വിലയ്‌ക്കെടുക്കുന്നു. പിന്നീട്, എങ്ങനെയും താജ് മഹല്‍ കാസിനോ പൂര്‍ത്തീകരിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. ഇതിനു വേണ്ടി ജങ്ക് ബോണ്ട്‌സിലൂടെ 14 ശതമാനം പലിശ നിരക്കില്‍ ട്രംപ് 675 മില്യണ്‍ ഡോളര്‍ കടമെടുത്തു. രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഏപ്രില്‍ രണ്ട്, 1990-ല്‍ താജ്മഹല്‍ കാസിനോ തുറന്നു. 120,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള കാസിനോ ലോകത്തിലെ ഏറ്റവും വലുതെന്ന ഖ്യാതിയാണ് സൃഷ്ടിച്ചെടുത്തത്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഗ്രാന്‍ഡ് ഓപ്പണിങ് ആഘോഷങ്ങള്‍ക്കിടെ ട്രംപ് പ്രഖ്യാപിച്ചു, ഇതാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതം.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതോടെ, ഭീമമായ കടത്തിന്മേല്‍ പിടിച്ചു നില്‍ക്കാന്‍ ട്രംപിന് കഴിഞ്ഞില്ല. താജ്മഹലിന്റെ 50 ശതമാനം ഓഹരികള്‍ വിറ്റ് കടക്കാരെ പിടിച്ചു നിര്‍ത്താനായി ട്രംപിന്റെ ശ്രമം. എന്നാല്‍ അതൊന്നും ശാശ്വതമായിരുന്നില്ല. ബാങ്കുകള്‍ മുറവിളി കൂട്ടിയതോടെ, ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഹോട്ടല്‍സ് ആന്‍ഡ് കാസിനോ റിസോര്‍ട്‌സ് എന്ന കമ്പനി 890 മില്യണ്‍ ഡോളറിന് താജ്മഹല്‍ വിലയ്ക്കു വാങ്ങി. 1996-ലാണിത്. 2003-ല്‍ ദി ബൊര്‍ഗാട്ടോ (എംജിഎം റിസോര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള ഇവിടുത്തെ തന്നെ മറ്റൊരു കാസിനോ) എന്ന കാസിനോ വരുന്നതു വരെ താജ്മഹലായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കാസിനോ. രണ്ടായിരം മുറികളുമായി ചെയര്‍മാന്‍ ടവര്‍ എന്ന പേരില്‍ 2008-ല്‍ മോട്ടല്‍ തുറന്നു കൊണ്ട് താജ് മഹല്‍ പിന്നെയും പേരെടുത്തു. 2013-ലാണ് രാജ്യത്തെ ആദ്യത്തെ കാസിനോ സ്ട്രിപ്പ് ക്ലബ്ബായി താജമഹല്‍ മാറിയത്. 

എന്നാല്‍ 2014-ല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ആ വര്‍ഷം തന്നെ കാസിനോ പൂട്ടാനുള്ള നീക്കമുണ്ടായി. ട്രംപ് പ്ലാസാ എന്ന സഹോദര സ്ഥാപനം താഴിട്ടതോടെ താജ് മഹല്‍ കാസിനോയും ട്രംപ് കൈവിടുന്ന സൂചനകളുയര്‍ന്നു. 2015-ല്‍ യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറീസ് ഫിനാന്‍ഷ്യല്‍ ക്രൈസിസ് എന്‍ഫോഴ്‌സ്‌മെന്റ് നെറ്റ് വര്‍ക്ക് ട്രംപിന്റെ താജ് മഹലിന് 10 മില്യണ്‍ ഡോളര്‍ പിഴയിട്ടു. മതിയായ നികുതികളടയ്ക്കാതെ, തൊഴിലാളി പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ താജ് മഹലിനു താഴിടുകയാണെന്നു ബോധ്യപ്പെട്ടതോടെ ബാങ്കുകള്‍ കേസിന്റെ വഴിക്കായി.

2016-ല്‍ ഇക്കാന്‍ എന്റര്‍പ്രൈസിന്റെ ഭാഗമായി ഈ കെട്ടിടം മാറിയെങ്കിലും അറിയപ്പെട്ടിരുന്നത് ട്രംപ് താജ് മഹല്‍ എന്ന പേരിലായിരുന്നു. ട്രംപിന് യാതൊരു ഉടമസ്ഥാവകാശം ഇല്ലാതിരുന്നിട്ടും വര്‍ഷങ്ങളോളം ആ പേരില്‍ അറിയപ്പെട്ടിരുന്ന കെട്ടിടത്തിന്റെ പേര് മാറ്റാന്‍ പുതിയ ഉടമസ്ഥരും തയ്യാറായിരുന്നില്ല. പിന്നീട് ഇക്കാന്റെ തന്നെ മറ്റൊരു കമ്പനിയായ ട്രോപ്പിക്കാനാ എന്റര്‍ടെയ്ന്‍മെന്റ് പ്രോപ്പര്‍ട്ടിയുടെ അവകാശം കൈക്കലാക്കിയെങ്കിലും കാസിനോ നടത്താന്‍ കഴിഞ്ഞിരുന്നില്ല. കാസിനോ നിയമം പൊളിച്ചെഴുതാന്‍ ന്യൂജേഴ്‌സി സംസ്ഥാനം തയ്യാറാണെങ്കില്‍ 100 മില്യണ്‍ ഡോളര്‍ കൂടി മുടക്കാന്‍ ഇക്കാന്‍ എന്റര്‍പ്രൈസ്സസ് തയ്യാറാണെന്ന് അറിയിച്ചിരുന്നുവെങ്കിലും അധികൃതര്‍ മനസ്സു മാറ്റിയില്ല. 

ഇതോടെയാണ് ഹാര്‍ഡ് റോക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്ക് താജ്മഹല്‍ കാസിനോ വിറ്റ് ബാധ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ഇക്കാന്‍ തയ്യാറായത്. ഇനി 2018 സമ്മറില്‍ ട്രംപ് താജ്മഹലിന്റെ പേര് ഹാര്‍ഡ് റോക്ക് ഹോട്ടല്‍ ആന്‍ഡ് കാസിനോ അത്‌ലാന്റിക്ക് സിറ്റി എന്ന പേരില്‍ തുറക്കുമെന്ന് പുതിയ ഉടമസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 300 മില്യണ്‍ ഡോളറിനായിരുന്നു ഇവരുടെ ഇടപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക