Image

സമസ്‌ത ഇന്ത്യ പ്രസവാനുകൂല്യ പദ്ധതിക്ക്‌ മന്ത്രിസഭാ അംഗീകാരം

Published on 18 May, 2017
സമസ്‌ത ഇന്ത്യ പ്രസവാനുകൂല്യ പദ്ധതിക്ക്‌ മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്താകമാനം പ്രസവാനുകൂല്യപദ്ധതി നടപ്പാക്കുന്നതിന്‌ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ്‌ അനുമതി നല്‍കിയത്‌. 2017 ജനുവരി ഒന്നുമുതലുള്ള മുന്‍കാല്യപ്രാബല്യത്തോടെ പദ്ധതി എല്ലാ ജില്ലകളിലേയ്‌ക്കും വ്യാപിപ്പിച്ചു. 2016 ഡിസംബര്‍ 31ന്‌ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ്‌ സമസ്‌ത ഇന്ത്യാ പ്രസവാനുകൂല്യ പദ്ധതിപ്രഖ്യാപിച്ചത്‌.

പ്രസവത്തിന്‌ മുമ്പും പിമ്പും ആവശ്യത്തിന്‌ വിശ്രമം എടുക്കുന്നതിനായി വനിതകള്‍ക്ക്‌ അവര്‍ക്കുണ്ടാകുന്ന വേതനനഷ്ടം പണമായി കേന്ദ്ര ഗവണ്‍മെന്റ്‌ നല്‍കുന്നതാണ്‌ പ്രസവാനുകൂല്യ പദ്ധതി. ഇതിലൂടെ സ്‌ത്രീകള്‍ക്ക്‌ പോഷകകുറവുണ്ടാകാതെ മുന്നോട്ടുപോകാനും കഴിയും.

ജീവനുള്ള ആദ്യ കുട്ടിയ്‌ക്ക്‌ ജന്മം നല്‍കുന്നതിന്‌ മുമ്പും പിമ്പും സ്‌ത്രീകള്‍ക്ക്‌ ആവശ്യത്തിന്‌ വേണ്ട വിശ്രമം എടുക്കുന്നതിനായി അവരുടെ വേതനത്തിലുണ്ടാകുന്ന നഷ്ടത്തിന്റെ വിഹിതം പണമായി നല്‍കും.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഓഹരിയുള്‍പ്പെടെ 2017 ജനുവരി ഒന്നുമുതല്‍ 2020 മാര്‍ച്ച്‌ 31 വരെ പദ്ധതിക്കുണ്ടാകുന്ന ചെലവ്‌ 12,661 കോടി രൂപയാണ്‌. 2017 ജനുവരി 1 മുതല്‍ 2020 മാര്‍ച്ച്‌ 31 വരെയുള്ള ഈ കാലയളവിലെ പദ്ധതിയുടെ കേന്ദ്രവിഹിതം 7931 കോടി രൂപയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക