Image

പണ്ട് എന്റെ മാത്രം അമ്മ .....ഇന്ന് –നിന്റെ കൂടി അമ്മ ....(അധ്യായം 16 മദേഴ്‌സ് ഡേ സ്‌പെഷ്യല്‍: ഫ്രാന്‍സിസ് തടത്തില്‍)

Published on 13 May, 2017
പണ്ട് എന്റെ മാത്രം അമ്മ .....ഇന്ന് –നിന്റെ കൂടി അമ്മ ....(അധ്യായം 16 മദേഴ്‌സ് ഡേ സ്‌പെഷ്യല്‍: ഫ്രാന്‍സിസ് തടത്തില്‍)
തൃശൂര്‍ ജില്ലയില്‍ മുമ്പ് ജീവിച്ചിട്ടുള്ളവര്‍ക്ക് ഈ അമ്മയെയും മകനെയും മറക്കാന്‍ കഴിയില്ല . മനോരോഗിയും വിദ്യാസമ്പന്നനുമായ മകന്റെ കൈയ്ക്കു പിടിച്ച് , അല്ലെങ്കില്‍ അവനു പിന്നാലെ ഏന്തി വലിഞ്ഞു നടക്കുന്ന ഒരമ്മ . നെറ്റിയില്‍ ചുളിവുകള്‍ വീണ് ശരീരമാകെ ചുക്കിച്ചുളിഞ്ഞ് അല്‍പം നടുവ് വളഞ്ഞ് ഏന്തിയേന്തി നടക്കുന്ന നല്ല ഐശ്വര്യമുള്ള ഒരമ്മ . മകന്റെ പിന്നാലെ ഈയമ്മ നടപ്പു തുടങ്ങിയിട്ട് കാലം കുറേയായി .

മകന്റെ മനോനില തെറ്റിതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിടപ്പെട്ട ഈയമ്മ ആരോരുമില്ലാത്ത തന്റെ മകനോടുള്ള സ്‌നേഹവാത്സ്യല്യം മൂലം അവന്റെ പിന്നാലെ കൂടിയതാണ് . ഇടയ്ക്കിടയ്ക്ക് ആ മകന്‍ ദേഷ്യം വരുമ്പോള്‍ അമ്മയെ വിരട്ടിയോടിക്കും . എത്ര വിരട്ടിയാലും സ്‌നേഹമുള്ള ഒരു നായ്ക്കുട്ടിയെപ്പോലെ ആ അമ്മ മകനു പിന്നാലെ നടക്കും . അമ്മയ്ക്ക് അത്ര സ്‌നേഹമാണ് ആ മകനോട് . താനല്ലാതെ മനോരോഗിയായ മകനു തുണയായി ആരുമുണ്ടാകില്ലെന്ന് ആ അമ്മയ്ക്ക് നന്നായറിയാം . ഒന്നുകില്‍ താന്‍ മരിക്കുവോളം ....അല്ലെങ്കില്‍ അവന്‍ മരിക്കുവോളം.....ഇതില്‍ രണ്ടാമത്തേത് നടക്കണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം . കാരണം താന്‍ മരിച്ചാല്‍ ആരാണ് അവനുണ്ടാകുക....എന്തായാലും ആ അമ്മ ആശിച്ചതു പോലെ നടന്നു . ഏതാനും വര്‍ഷം മുമ്പ് അവരുടെ മകന്‍ മരിച്ചു . അതേ തുടര്‍ന്ന് അവരെ ഒരു വൃദ്ധസദനക്കാരേറ്റെടുത്തു. മകന്റെ മരണശേഷം മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ അമ്മയും മരിച്ചു .

ഒരു വിധം നല്ല സാമ്പത്തികമുള്ള കുടുംബത്തില്‍ പിറന്ന കുലീനയായൊരു സ്ത്രീയാണവര്‍.രാജു എന്നാണ് മകന്റെ പേര് . രാജുവിന്റെ കയ്യില്‍ ഒരു ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍ എപ്പോഴും ചുരുട്ടിപ്പിടിച്ചിട്ടുണ്ടാകും . അതു കൊണ്ടു തന്നെ അയാള്‍ വിദ്യാസമ്പന്നനാണെന്നു തോന്നിയിരുന്നു . പിജി വരെ പഠിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് .പഠിച്ചു പഠിച്ചു ഭ്രാന്തായതാണത്രെ . രാജുവിനു ദേഷ്യം വന്നാല്‍ പിന്നെ ഇംഗ്ലീഷിലാണ് സംസാരമെല്ലാം .. വഴക്ക് അമ്മയോടു മാത്രം . നാട്ടുകാരുടെ മുഖത്തു പോലും നോക്കാറില്ല രാജു.

വെള്ളകയറിയ മുടി പറ്റെ വെട്ടിയിരിക്കുന്നതിനാല്‍ പ്രായം കൃത്യമായി പറയാനാകില്ല . 22 വര്‍ഷം മുമ്പ് ഞാന്‍ കാണുമ്പോള്‍ 40 നു മുകളില്‍ മാത്രമായിരുന്നു പ്രായം . കുറേക്കാലം ചികിത്സിച്ചു . ഉള്ളതെല്ലാം തീര്‍ന്നപ്പോള്‍ അമ്മയും സഹോദരനും ഒരു ബാധ്യതയാണെന്ന് മറ്റു മക്കള്‍ക്കു തോന്നി . മകനെ ഭ്രാന്താശുപത്രിയിലാക്കാന്‍ അമ്മയ്ക്കു കഴിയുമായിരുന്നില്ല . അത്ര വാത്സ്യല്യമായിരുന്നു ആ അമ്മയ്ക്ക് ഈ മകനോട് . മറ്റു മക്കള്‍ക്ക് അവനൊരു ബാധ്യതയായി എന്നു തോന്നിയതോടെ ഒരു നാള്‍ അവന്റെ കൈപിടിച്ചിറങ്ങി ഈ അമ്മ . എവിടെയാണെന്നറിയാതെ ....ലക്ഷ്യബോധമില്ലാതെ ഒരലച്ചില്‍ . തുടങ്ങി വച്ചത് അമ്മയാണെങ്കിലും പിന്നീടാ അലച്ചില്‍ പതിവാക്കിയത് രാജു . അവന്റെ പിന്നാലെ ഏന്തിയേന്തി ഈ അമ്മ . തൃശൂര്‍ സ്വരാജ് റൌണ്ടിനു ചുറ്റും അലഞ്ഞു നടക്കുന്ന കാഴ്ച കണ്ടാല്‍ ഹൃദയമുള്ളവര്‍ ആരായാലും ഒരു നിമിഷം തിരിഞ്ഞു നോക്കിപ്പോകും . ഇടയ്ക്കിടയ്ക്ക് അവന്‍ അമ്മയോടു വഴക്കിടും. അമ്മയെ ഉന്തിത്തള്ളി മാറ്റും . അപ്പോള്‍ അമ്മ തിരിഞ്ഞു നടക്കും. കൊച്ചു കുഞ്ഞുങ്ങളെപ്പോലെ അല്‍പനേരം പിണങ്ങി നിന്നശേഷം അവന്‍ അമ്മയ്ക്കു പിന്നാലെ അനുസരണമുള്ള കുഞ്ഞിനെപ്പോലെ നടക്കും . ആരുടെയും മുന്നില്‍ ഈയമ്മ കൈ നീട്ടുന്നത് ഞാന്‍ കണ്ടിട്ടില്ല . പലപ്പോഴും തൃശൂര്‍ ഭാരത് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം . ഇത്തരത്തില്‍ പലര്‍ക്കും സൌജന്യമായി ഭക്ഷണം നല്‍കുന്ന ഹോട്ടലുടമ കൊച്ചനുജന്‍ ചേട്ടന്‍ പറഞ്ഞത് ഇവര്‍ പാലക്കാട് ജില്ലയിലെ അഗ്രഹാരത്തെരുവില്‍ നിന്നുള്ള ബ്രാഹ്മണ കുടുംബാംഗങ്ങളാണെന്നാണ് . മിക്കവാറും അന്തിയുറക്കം അമ്പലപ്പറമ്പുകളിലാണ് . കുളിഅമ്പലക്കുളങ്ങളിലും .എപ്പോഴും വൃത്തിയായ വസ്ത്രം ധരിച്ചാണവരെ കാണാറുള്ളത് .

പലപ്പോഴും ആ അമ്മയെ കാണുമ്പോള്‍ എനിക്കെന്റെ അമ്മയെ ഓര്‍മ വരും . കുഞ്ഞുന്നാളില്‍ എന്റെ അനുജത്തി ഉണ്ടാകുന്നതു വരെ ഞാന്‍ എന്റെ അമ്മയുടെ വാലില്‍ തൂങ്ങിനടക്കുന്നതും ഒക്കത്തിരിക്കുന്നതുമൊക്കെ ഒരു സിനിമാസ്‌ക്രീനിലെന്ന വണ്ണം എന്റെ ഓര്‍മയില്‍ തിളങ്ങി നില്‍ക്കുന്നു . ഞാന്‍ ജനിച്ച് ആറു വര്‍ഷത്തിനു ശേഷമാണ് എന്റെ ഇളയസഹോദരി ജനിക്കുന്നത് . 11 മക്കളില്‍ പത്താമനാണ് ഞാന്‍ . അനുജത്തി ജനിക്കുന്നതു വരെ ആറു വര്‍ഷക്കാലം വീട്ടിലെ ബേബിയായി ഞാന്‍ വാണു .
ചാച്ചനും അമ്മച്ചിക്കും ഒപ്പം ആറു വര്‍ഷം അവര്‍ക്കിടയില്‍ കിടന്നുറങ്ങിയ ഞാന്‍ ഒരു ദിവസം സഹോദരന്മാരുടെ മുറിയിലേക്ക് പറിച്ചു നടപ്പെട്ടു . അന്നെനിക്കുണ്ടായ ആന്തരിക മുറിവ് ഇന്നുമുള്ളില്‍ ഉണങ്ങാതെ കിടപ്പുണ്ട് . അനുജത്തി ജനിച്ചതോടെ എന്നെ മാതാപിതാക്കള്‍ പെട്ടെന്ന് അവഗണിക്കാന്‍ തുടങ്ങിയെന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു . എന്നെ കൊഞ്ചിക്കാറുള്ള എന്റെ സഹോദരങ്ങള്‍ക്ക് പുതിയ കളിപ്പാട്ടം കിട്ടിയപ്പോള്‍ ഞാന്‍ തട്ടുമ്പുറത്തായി . അനുജത്തിയോട് കടുത്ത അമര്‍ഷം തോന്നിയിരുന്നുവെങ്കിലും ഭയങ്കര വാത്സ്യല്യമായിരുന്നു അവളോടെനിക്ക് . ഒരിക്കല്‍പോലും വഴക്കു കൂടിയിട്ടില്ല , പിണങ്ങിയിട്ടുമില്ല .

പിതാവിന്റെയും സഹോദരന്മാരുടെയുമൊക്കെ നിലപാടു മാറ്റത്തിനിടെ ഞാനൊരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു . എന്റെ അമ്മയ്ക്കു മാത്രം എന്നോടെന്തോ ഒരു പ്രത്യേകസ്‌നേഹം . പേറ്റു നോവറിഞ്ഞ വയറിനു മാത്രമേ കുഞ്ഞിന്റെ മനസറിയാനാകൂ. എനിക്കെപ്പോഴും എല്ലാ കാര്യങ്ങള്‍ക്കും ഒരു പ്രത്യേക പരിഗണന അമ്മ നല്‍കിയിരുന്നു . എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എനിക്കു മാത്രം ചിലപ്പോള്‍ സ്‌പെഷ്യല്‍ ഭക്ഷണം തരും .മറ്റു സഹോദരങ്ങളാരെങ്കിലും വറുത്ത മീനോ ചിക്കനോ മറ്റോ കൂടുതല്‍ ചോദിച്ചാല്‍ അതു വന്നു വീഴുന്നത് എന്റെ പാത്രത്തിലായിരിക്കും . ജ്യേഷ്ഠന്മാര്‍ അതിനെ പക്ഷപാതമെന്നു പേരു ചൊല്ലി വിളിച്ചു . ഞാന്‍ മുതിര്‍ന്നപ്പോള്‍ വരെ അങ്ങനെ ചെയ്യുമായിരുന്നു . എന്തിന് ....ഇപ്പോഴും , അടുത്തിടെ അമേരിക്കയില്‍ എന്റെ കൂടെ ആറുമാസമുണ്ടായിരുന്നു അമ്മച്ചി . അമ്മച്ചിയുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ എനിക്കു ഭയങ്കര ഇഷ്ടമാണ് . അതു ചിലപ്പോള്‍ എന്റെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ പോലും കൊടുക്കില്ല . അത് ഉണ്ണിക്കിഷ്ടമാ . അതു നീയെടുക്കേണ്ട ... ..അമ്മച്ചി പറയുന്നതു കേട്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് . വയസ് 88 ആയി . ഇപ്പോഴും ആ സ്‌നേഹത്തിന് ഒരു കുറവുമില്ല . എന്റെ സഹോദരങ്ങള്‍ ചിലപ്പോള്‍ കളിയാക്കി പറയും ഉണ്ണി അമ്മച്ചിയുടെ സ്വന്തം പുത്രന്‍ . ബാക്കിയുള്ളവര്‍ ദത്തുപുത്രന്മാര്‍ ... ഇതൊക്കെ കേട്ടാലും ആ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല .

അമ്മച്ചിക്ക് വിസിറ്റിംഗ് വിസയാണ് . ആറു മാസം കഴിഞ്ഞ് തിരിച്ചു പോയേ പറ്റൂ. അതു കൊണ്ടു പറഞ്ഞു വിട്ടതാണ് . അല്ലെങ്കിലിവിടെയീ വീടിന്റെ സ്‌നേഹദീപമായുണ്ടാകുമായിരുന്നു . മനസില്ലാ മനസോടെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പാവം വീടിന്റെ പടിയിറങ്ങിയത് .
2013 നവംബര്‍ മാസത്തിലാണ് എനിക്ക് രക്താര്‍ബുദമാണെന്ന് കണ്ടു പിടിച്ചത് . അന്നു മുതല്‍ നാട്ടിലുള്ള എന്റെ അമ്മയെ അറിയിക്കരുതെന്നായിരുന്നു എന്റെ ആഗ്രഹം . എന്റെ സഹോദരന്മാര്‍ ഇതു മറച്ചു വച്ചിരുന്നു . എങ്കിലും ടെലിഫോണ്‍ സംഭാഷണത്തിനിടയിലും മറ്റുമാകാം കീമോ തെറാപ്പി , റേഡിയേഷന്‍ എന്നീ വാക്കുകള്‍ കേട്ടു .എങ്കിലും അമ്മ അറിഞ്ഞ ഭാവം നടിച്ചില്ല . ഉള്ളിലുരുകിയ വേദനകള്‍ ഹൃദയത്തിലടക്കി പിടിച്ച് അമ്മ ചോദിക്കും ....നിനക്ക് വേദനയുണ്ടോ ...ഭക്ഷണം കഴിക്കാന്‍ പറ്റുമോ......നടക്കാന്‍ ബുദ്ധിമുട്ടുണ്ടോ ....എല്ലാ അമ്മമാരെയും പോലെ മക്കളുടെ വേദനയം ആഹാരകാര്യങ്ങളിലുള്ള പ്രശ്‌നങ്ങളും മാത്രമായിരുന്നു എന്റെ അമ്മയുടെയും ആശങ്ക .

കാലങ്ങള്‍ കടന്നു പോയി .എന്റെ ആരോഗ്യ നില പ്രതിദിനം വഷളായിക്കൊണ്ടിരുന്നു . ആറു തവണ മരണത്തിന്റെ വക്കോളമെത്തിയപ്പോള്‍ സര്‍വശക്തനായ ദൈവം ഉള്ളം കയ്യില്‍ കോരിയെടുത്ത് കരയ്ക്കടുപ്പിച്ചു . എന്റെ അമ്മയുടെ പ്രാര്‍ഥനകളെന്നുമുണ്ടായിരുന്നു . ഒപ്പം എന്റെ കുടുംബത്തിന്റെയും നല്ലവരായ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രാര്‍ഥന . നാലര വര്‍ഷമായിരുന്നു അമ്മയെ കണ്ടിട്ട് . ഒടുവില്‍ ആ മാതൃഹൃദയം താങ്ങാനാവാത്ത വിധം സങ്കടത്തിലായി . 88 വയസായി .ഇനി എനിക്കവനെ കാണാന്‍ പറ്റുമോ ...ആ സ്‌നേഹം വാര്‍ധക്യ സഹജമായ ശാരീരികാസ്വാസ്ഥ്യങ്ങളെ തോല്‍പിച്ച് കടലുകള്‍ താണ്ടി ഇവിടെയെത്തി . ആറുമാസം എന്നെ പരിചരിക്കാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്തിയുമായി മടങ്ങി .

അമ്മച്ചി മടങ്ങിപ്പോയപ്പോഴാണ് എന്റെ വീടിന്റെ ഏറ്റവും വലിയ അലങ്കാരം നഷ്ടപ്പെട്ടതു ഞാനറിഞ്ഞത് . പലര്‍ക്കും വയസായ മാതാപിതാക്കള്‍ ഒരു ബാധ്യതയാണ് . എന്നാല്‍ അവര്‍ വീടിന്റെ അലങ്കാരമാണ് ....സ്‌നേഹ ദീപമാണ് ....അനുഭവങ്ങളുടെ കെടാവിളക്കാണ് .....അവര്‍ പോയാല്‍ വീട്ടില്‍ ഒരു തരം അന്ധകാരമായിരിക്കും....ശൂന്യതയായിരിക്കും..... ഇത് എന്റെ അമ്മയെന്ന ജീവിത ചിത്രം .

പ്രിയപ്പെട്ട വായനക്കാരേ , മേയ് 14 , മദേഴ്‌സ് ഡേ . പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായ , പെറ്റമ്മമാരെ വര്‍ഷത്തിലൊരിക്കലെങ്കിലും മറക്കാതിരിക്കാനായി , അവര്‍ക്കായി നീക്കി വച്ച ദിവസം .നഴ്‌സസ് ഹോമുകളിലും വൃദ്ധ സദനങ്ങളിലും ശിഷ്ട കാലം തള്ളിവിടാന്‍ വിധിക്കപ്പെട്ട ഒരു പിടി അമ്മമാര്‍ക്ക് തങ്ങള്‍ നൊന്തു പെറ്റു വളര്‍ത്തി വലുതാക്കിയ മക്കളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ കടന്നു വരുന്ന ഒരേയൊരു ദിനം . ഓരോ ദിവസത്തെയും മദേഴ്‌സ് ഡേയ്ക്ക് മക്കള്‍ വന്നു പോകുമ്പോള്‍ ആ മാതൃഹൃദയത്തില്‍ ഇനി എന്റെ മക്കളെ കാണാന്‍ അടുത്ത മദേഴ്‌സ് ഡേ വരെ ഞാനുണ്ടാകുമോ അല്ലെങ്കില്‍ അവര്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ എന്ന വേവലാതിയായിരിക്കും .

അങ്ങനെയുളള ആളുകള്‍ക്കായാണ് കുമാരനാശാന്‍ പണ്ടു കുറിച്ചത് ....ഇന്നു ഞാന്‍ .....നാളെ നീ ......അത് ശവപ്പെട്ടിക്കുള്ളിലേക്കുള്ള സൂചന മാത്രമല്ല , മറിച്ച് , മക്കളാല്‍ അവഗണിക്കപ്പെട്ട് വൃദ്ധ സദനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നതിന്റെ കൂടി സൂചനയാണ് .

സ്വത്തുക്കളെല്ലാം പിടിച്ചു വാങ്ങി മാതാപിതാക്കളെ പെരുവഴിയിലാക്കിയ എത്രയോ മക്കളെക്കുറിച്ചു നാം പത്രങ്ങളില്‍ വായിച്ചറിയുന്നു .സ്വത്തു തീറെഴുതി വാങ്ങിയെന്നു കരുതി മാതാപിതാക്കളെ പുറത്താക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവരില്‍ നിന്ന് എഴുതിക്കിട്ടിയ സ്വത്തു മുഴുവന്‍ തിരിച്ചു പിടിക്കാന്‍ നിയമവ്യവസ്ഥയുണ്ടെന്ന് ഈ അടുത്തകാലത്ത് കോഴിക്കോട് ജില്ലയില്‍ ഒരു സുപ്രധാന വിധിപ്രസ്താവന നടന്നിട്ടുണ്ട് .

പാലായില്‍ ഒരു വൃദ്ധയായ അമ്മച്ചി തന്റെ 75ാം വയസിലും ബുദ്ധിസ്ഥിരതയില്ലാത്ത പ്രായപൂര്‍ത്തിയായ നാലു മക്കളെ യാതൊരു പരിഭവവുമില്ലാതെ സംരക്ഷിച്ചു വരുന്നത് ഒരമ്മയുടെ ഹൃദയം എത്ര വിശാലമാണെന്നതിനു തെളിവാണ് .
അവരെന്റെ പൊന്നു മക്കളല്ലേ ...അതുങ്ങക്കു ബുദ്ധി വളര്‍ന്നിട്ടില്ല . അവരെ സംരക്ഷിക്കുക എന്റെ ചുമതലയാണ് . ഞാന്‍ മരിക്കും വരെ അവരെ സംരക്ഷിക്കും . പിന്നെല്ലാം തമ്പുരാന്‍ നോക്കിക്കൊള്ളും .
ജീവിതം മനോനില തെറ്റിയ മക്കള്‍ക്കായി നീക്കി വച്ച ഈ അമ്മച്ചിയുടെ വാക്കുകള്‍ എത്ര ഹൃദയസ്പര്‍ശിയാണ് ....

ഇന്നു ലോകം ഒരു ഗ്ലോബല്‍ വില്ലേജ് ആണ് . മിശ്ര സംസ്‌കാരങ്ങളുടെ നീരാളിപ്പിടുത്തത്താല്‍ സ്വന്തം സംസ്‌കാരത്തെ തന്നെ തിരിച്ചറിയാന്‍ പറ്റാത്തവിധം ഭാരതത്തിലെ , പ്രത്യേകിച്ച് കേരളത്തിലെ സംസ്‌കാരം മാറിപ്പോയി . വൃദ്ധ സദനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം കൂണു പോലെ മുളച്ചു പൊന്തി . പണമുണ്ടെങ്കില്‍ ഏതു തലം വരെയുമുള്ള ആഡംബരങ്ങളോടു കൂടിയ വൃദ്ധ സദനങ്ങള്‍ . പക്ഷേ , ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ....ബന്ധനം ബന്ധനം തന്നെ പാരില്‍....എന്നല്ലേ കവിവാക്യം.....എത്ര ആഡംബരമായാലും സ്വന്തം മക്കളെയും അവരുടെ പൊന്നോമനകളെയും ലാളിക്കാനാവാതെ പിരിഞ്ഞു കഴിയുമ്പോള്‍ എന്തു മനസ്സുഖമാണീ അമ്മമാര്‍ക്കുണ്ടാകുക ..ഓര്‍ക്കുക , ബാബിലോണിന്റെ വിലാപം ....ബാബിലോണിന്റെ അഞ്ചു വിലാപങ്ങളില്‍ ഒന്നാമത്തെ വിലാപമിതായിരുന്നു .
മാതാപിതാക്കളുടെ കണ്ണുനീര്‍ ഭൂമിയില്‍ പതിച്ചാല്‍ അതുണങ്ങും മുമ്പു തന്നെ ഞാന്‍ നിന്നെ ശിക്ഷിക്കും ....ദൈവം പറഞ്ഞു . ശരിയാണ് നാം നിത്യേന കണ്ടു വരുന്ന ശിക്ഷകള്‍ക്കു പിന്നില്‍ ഇങ്ങനെ ഒട്ടേറെ പേരുടെ കണ്ണീരിന്റെ ഉപ്പുതുള്ളികള്‍ വീണിട്ടുണ്ട് . അമ്മമാരെ കണ്ണീരു കുടിപ്പിച്ച എത്രയെത്ര കഥകളാണ് ദിവസേന മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത് . സ്വത്തു മുഴുവന്‍ കൈക്കലാക്കിയ ശേഷം അമ്മയെ തെരുവിലുപേക്ഷിക്കുക , അല്ലെങ്കില്‍ വൃദ്ധ സദനത്തില്‍ കൊണ്ടു വിടുക, അമ്മയ്ക്കു വൃത്തിയില്ല , കാറിത്തുപ്പുന്നു , കിടന്നു മുള്ളുന്നു ....എല്ലാം വാര്‍ധക്യ സഹജമായ വൈകല്യങ്ങളാണ് .

നാം ചെറുതായിരുന്നപ്പോള്‍ നമ്മുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ യാതൊരറപ്പുമില്ലാതെ കോരി വൃത്തിയാക്കിയ അമ്മയെങ്ങാനും അറിയാതെ മുള്ളിപ്പോയാല്‍ വൃത്തികേടായി . അമ്മയെ പുറത്തു കാണിച്ചാല്‍ നാണക്കേടാണ് . പട്ടിയെയും പൂച്ചയെയും എഴുന്നള്ളിച്ചു നടത്തിയാല്‍ അന്തസ് ...അവര് സെറ്റിയിലോ ബെഡിലോ എന്തിനേറെ ഡൈനിങ് ടേബിളിലോ മലമൂത്ര വിസര്‍ജനം നടത്തിയാല്‍ ഷീറ്റു വൃത്തിയാക്കാന്‍ ഗ്ലൌസു പോലും വേണ്ട . കാരണം അവറ്റയ്ക്കു വയറിളക്കമല്ലേ ....എന്തൊരു ധാര്‍മികത ...എന്തൊരു മാനുഷിക മൂല്യം ...പുച്ഛം തോന്നുന്നു ഈ സംസ്‌കാരങ്ങളോട് .. ...

ഉദരത്തില്‍ കുഞ്ഞ് രൂപം കൊള്ളുമ്പോള്‍ മുതല്‍ അമ്മമാര്‍ സ്വന്തം കുഞ്ഞിനെ സ്‌നേഹിച്ചു തുടങ്ങും . സ്വന്തം രക്തത്തിലൂടെയാണ് അമ്മമാര്‍ കുഞ്ഞിനു വേണ്ട ശ്വസന വായുവും പോഷകാഹാരങ്ങളും നല്‍കുന്നത് . അവന്‍ ഉദരത്തില്‍ വളരും തോറും അമ്മമാര്‍ക്ക് വേദന കൂടുന്നു . കുഞ്ഞിനോടുള്ള അമിതമായ സ്‌നേഹം മൂലം വയര്‍ വലുതാകുന്നതു മൂലമുണ്ടാകുന്ന വിമ്മിഷ്ടങ്ങളും അവന്റെ പിടച്ചിലുകളും കുഞ്ഞു കുഞ്ഞു ചവിട്ടലുകളും നല്‍കുന്ന വേദനകള്‍ സുഖമുള്ള വേദനയായി അവര്‍ അനുഭവിച്ചറിയുന്നു . എന്റെ കുഞ്ഞിനു യാതൊരു കേടും വരുത്താതെ തരണമേ എന്നാണ് എല്ലാ അമ്മമാരുടെയും പ്രാര്‍ത്ഥന . അങ്ങനെ പത്തു മാസം ഉദരത്തില്‍ ചുമന്ന് നൊന്ത് പ്രസവിച്ചാലുടന്‍ ആ സ്‌നേഹബന്ധം തീരുന്നില്ല . കുഞ്ഞും അമ്മയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കുന്നതിലൂടെയാണ് കുഞ്ഞ് ആദ്യമായി ലോകത്തോടു സംസാരിക്കുന്നത് . അവന്റെ ഉച്ചാരണം തന്നെ അമ്മേ എന്നാണ് . ഒരു കുഞ്ഞാദ്യമായി അമ്മയെ സ്‌നേഹിക്കുന്നത് ആ നിമിഷമാണ് .അമ്മിഞ്ഞപ്പാലിനായി മോണകാട്ടി കരയുമ്പോള്‍ മാതൃഹൃദയം തുടിക്കുന്നത് അവനെ പാലൂട്ടാന്‍ വേണ്ടി മാത്രം . ആ നിമിഷം അമ്മ ലോകത്തെ മുഴുവന്‍ മറന്ന് അവന്റെ ലോകത്തേയ്ക്കു മാത്രമായി ഒതുങ്ങും .പിന്നീടങ്ങോട്ട് അവന്റെ ഓരോ വളര്‍ച്ചയിലും വീഴ്ചയിലും അതീവ ശ്രദ്ധാലുവാണമ്മ .

അവന്‍ വിശന്നു കരഞ്ഞാല്‍ അമ്മയുടെ ഉള്ളം പിടയ്ക്കും . അവന്‍ വീണു പോയാല്‍ അമ്മയുടെ ഹൃദയം നുറുങ്ങും . അവന്‍ ചിരിച്ചാല്‍ അമ്മയുടെ ഹൃദയം തുടിക്കും . അവന്‍ ഉറങ്ങാന്‍ അമ്മയുടെ താരാട്ടു വേണം . അവനുണരാന്‍ അമ്മയുടെ തലോടല്‍ വേണം . അവന്‍ മാമുണ്ണാന്‍ അമ്മയുടെ സ്‌നേഹത്തില്‍ ചാലിച്ച ചെറുരുളകള്‍ വേണം . അവനെ എണ്ണ തേപ്പിക്കാന്‍ , നല്ല കുപ്പായമണിയിക്കാന്‍ , മുടി ചീകി പൌഡറിട്ട് സുന്ദരനോ സുന്ദരിയോ ആക്കാന്‍ , അവനെ അക്ഷരം പഠിപ്പിക്കാന്‍ , ഹോംവര്‍ക്ക് ചെയ്യിക്കാന്‍ ....അമ്മ വേണം . പഠിച്ചു വലിയ ആളാകാന്‍ അമ്മ കഠിന പ്രയത്‌നം ചെയ്യണം . അവര്‍ക്കു വേണ്ടി പള്ളിയിലോ അമ്പലത്തിലോ നേര്‍ച്ച നേരാന്‍ അമ്മ വേണം . അവര്‍ക്ക് തുണയെ കണ്ടെത്തി കൊടുക്കാനും അമ്മ വേണം . അങ്ങനെ അവനു മക്കളായി , കുടുംബമായി......അപ്പോഴും അമ്മയ്ക്കു മകന്‍ പൊന്നോമന തന്നെ . അവന്റെ ജോലിത്തിരക്കുകള്‍ക്കിടയില്‍ , ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കിടയില്‍ അമ്മ ഒരു ബാധ്യതയായി മാറുന്നു . അവന്‍ വന്ന വഴി മറക്കുന്നു . പൊക്കിള്‍ക്കൊടി ബന്ധം മറന്ന് അവന്‍ അമ്മയെ ഭര്‍ത്സിക്കുന്നു.

അച്ഛനില്ലാതെ മക്കളെ ഒറ്റയ്ക്കു കഷ്ടപ്പെട്ടു വളര്‍ത്തിയ എത്രയോ അമ്മമാരുണ്ട് നമ്മുടെ കേരളത്തില്‍ ...ചെറുപ്പത്തിലേ ഭര്‍ത്താവു മരിച്ചു പോയവര്‍ .....അല്ലെങ്കില്‍ ഭര്‍ത്താവിന്റെ സ്വഭാവ ദൂഷ്യം മൂലം പൊരുത്തപ്പെടാന്‍ കഴിയാതെ വിവാഹ ബന്ധം വിച്ഛേദിച്ചവര്‍ , ഭര്‍ത്താവ് പുതിയ മേച്ചില്‍പ്പുറം തേടി പോയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയവര്‍ ...അങ്ങനെയങ്ങനെ നൂറു കണക്കിനു കാരണങ്ങളാല്‍ യൌവനം മുഴുവന്‍ മക്കള്‍ക്കായി ഹോമിച്ച എത്രയോ അമ്മമാരെ നമുക്കറിയാം . അവരില്‍ പലരും അമ്മമാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുമായി സ്‌നേഹിച്ചു വീര്‍പ്പു മുട്ടിക്കാറുണ്ട് . എന്നാല്‍ ചിലര്‍ അവരെ കറിവേപ്പില പോലെ നിഷ്‌കരുണം വലിച്ചെറിയുന്നു . തന്റെ യൌവനം മുഴുവന്‍ ഈ മക്കള്‍ക്കായി ജീവിച്ചു തീരുന്ന ഇവര്‍ ഒരു പുനര്‍വിവാഹത്തിനു പോലും തുനിയാതിരുന്നത് ഈ മക്കളുടെ ഭാവിയെ ഓര്‍ത്തു മാത്രം .മക്കളേ .....ഈ അമ്മമാര്‍ രക്തസാക്ഷികളാണ് .....ജീവിക്കുന്ന രക്ത സാക്ഷികള്‍ ......
ഒരു മോട്ടോര്‍സൈക്കിളോ ലാപ് ടോപ്പോ ഐഫോണോ മറ്റേതെങ്കിലും ആഡംബര വസ്തുക്കളോ വാങ്ങിക്കൊടുത്താല്‍ അതു വരെ തിരിഞ്ഞു നോക്കാതിരുന്ന അപ്പന്‍ പിന്നെ മക്കളുടെ ആരാധനാപാത്രമായി മാറുന്നു . പിന്നെല്ലാം അമ്മയുടെ കുറ്റമാണ് . അമ്മയുടെ കയ്യിലിരുപ്പ് , അമ്മയുടെ ദുര്‍ന്നടപ്പ്...അങ്ങനെ തുടങ്ങുന്നു ആദ്യത്തെ നടപടികള്‍ . ആണ്‍തരികളാണെങ്കില്‍ പിന്നീട് അവകാശ വാദങ്ങളും കുടുംബഭരണവും ഏറ്റെടുക്കാന്‍ ശ്രമിക്കും .ഭരണം അമ്മയെ ചോദ്യം ചെയ്യുന്നതിലൊതുങ്ങും . അമ്മ ജോലിക്കു പോയി വന്നാല്‍ ചോദ്യം ചെയ്യലുകള്‍ . അമ്മ എന്തിനു വൈകി ..എവിടെ പോയി ...എന്തിനു പോയി ...അതു വരെ മാലാഖയായിരുന്ന അവന്റെ ഉള്ളില്‍ സംശയത്തിന്റെ നിഴലാണു പിന്നെ ...സുഹൃത്തുക്കളും പണിയില്ലാത്ത അയല്‍വാസികളും ഓതിക്കൊടുക്കുന്ന പരദൂഷണങ്ങളാണ് ഇതിനെല്ലാം ഹേതു . പാവം അമ്മ .....ഒരു മണിക്കൂര്‍ ഓവര്‍ടൈം ചെയ്താല്‍ അത്രയെങ്കിലും മക്കള്‍ക്കായി മിച്ചം പിടിക്കാമല്ലോ എന്നു കരുതും .

മക്കള്‍ക്കു ജോലിയായി , സമ്പാദ്യമായി , ഭാര്യയായി , ഭര്‍ത്താവായി , കുഞ്ഞുങ്ങളായി , കുടുംബമായി .അമ്മയ്ക്കു വരുമാനം നിലച്ചു . വാതമായി , രോഗിയായി , മരുന്ന് , എണ്ണ , കഷായം , തുച്ഛമായ തുകയെങ്കിലും തങ്ങളുടെ മക്കളുടെ ഭാവിക്കായി ചെലവാക്കി കഴിഞ്ഞ നല്‍കാനൊന്നുമില്ല . അമ്മയെ ഒന്നിനും കൊള്ളാതാകുമ്പോള്‍ അമ്മ എന്ന വാക്കു പോലും പലരും പരിഷ്‌കരിച്ചു തള്ള എന്നാക്കി. ചിലര്‍ അതൊന്നു കൂടി പരിഷ്‌കരിച്ചു തള്ളച്ചിമോളേ ...എന്നുമാക്കിയിട്ടുണ്ട് . എറണാകുളം നഗരത്തിലെ ചില യുവജനങ്ങള്‍ സ്വന്തം അമ്മമാരെ അഭിസംബോധന ചെയ്യുന്നത് എടീ തള്ളച്ചിമോളേ ....എന്നാണ് . അവര്‍ പറയുന്നു പുതിയ ട്രെന്‍ഡാണെന്ന് 

ഒരു ജന്മം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച് പിന്നീട് അവരാല്‍ അവഗണിക്കപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്ന അമ്മമാര്‍ ഇങ്ങനെ ആത്മഗതം ചെയ്യുന്നുണ്ടാകാം ....

ആകാശമേ കേള്‍ക്ക ......
ഭൂമിയേ ചെവി തരിക....
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തീ
അവരെന്നോടു മത്സരിക്കുന്നൂ

ബൈബിളിലെ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് . മക്കളെ നൊന്തു പെറ്റു പോറ്റി വളര്‍ത്തി വലുതാക്കി ജീവിതം ഹോമിച്ചു പറയുന്നതാണ് കൂടുതല്‍ ശരി .
ചെറുപ്പത്തില്‍ അമ്മ ചോറുരുട്ടി ഊട്ടുമ്പോഴും പുത്തനുടുപ്പ് അണിയിക്കുമ്പോഴും താരാട്ടു പാടി ഉറക്കുമ്പോഴും എല്ലാവര്‍ക്കും അമ്മ എന്റെ അമ്മ....സ്വാര്‍ത്ഥതയാണ് . എന്റെ അമ്മ എന്റെ മാത്രം . വലുതാകുമ്പോഴാകട്ടെ ശൈലി മാറുന്നു . എന്റെ അമ്മ നിന്റെയും അമ്മ . അമ്മ എന്ന ബാധ്യത പങ്കു വയ്ക്കാന്‍ സഹോദരനായ നിനക്കു കൂടി ബാധ്യതയുണ്ടെന്നു സാരം .

അമ്മയെന്ന വലിയ സ്‌നേഹത്തിന്റെ ആഴവും പരപ്പും മനസിലാകണമെങ്കില്‍ അമ്മ ഇല്ലാതാകണം. ആ ദിവസം മുതല്‍ ഹൃദയത്തിലും ഭവനത്തിലും ശൂന്യതയും അന്ധകാരവും നിറയും. സ്‌നേഹപൂര്‍വമുള്ള മോനേ....അല്ലെങ്കില്‍ മോളേ എന്ന വിളി സ്വന്തം ഭാര്യയ്‌ക്കോ കാമുകീകാമുകന്മാര്‍ക്കോ വിളിക്കാനാകില്ല തന്നെ . അത് അമ്മയ്ക്കു മാത്രം കഴിയുന്നതാണ് . നമ്മുടെ സ്വന്തം അമ്മയ്ക്കു മാത്രം . നീ എന്നെ മറന്നാലും നീ എന്റെ പൊന്നോമനയല്ലേ ...നിന്നെ എനിക്കു വെറുക്കാനാകുമോ .... ഇല്ല , ഒരിക്കലുമില്ല . ഈ മദേഴ്‌സ് ഡേ ഒരു പൂച്ചെണ്ടു സമര്‍പ്പണത്തില്‍ മാത്രമൊതുങ്ങരുത് . അമ്മയ്ക്കായി എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ ഉള്ളില്‍ കരുതി വച്ചിരിക്കുന്ന സ്‌നേഹം മാത്രം മതി വൃദ്ധ സദനത്തില്‍ തള്ളിയിരിക്കുന്ന അമ്മയെ കൊണ്ടു വന്ന് ഒപ്പം താമസിപ്പിക്കാന്‍ . എല്ലാ അമ്മമാര്‍ക്കും മദേഴ്‌സ് ഡേ ആശംസകള്‍ ....
Con: Ph 9737928785 (Home)
9735183447(Cell)
fethadathil@gmail.com,fethadathil@yahoo.com
പണ്ട് എന്റെ മാത്രം അമ്മ .....ഇന്ന് –നിന്റെ കൂടി അമ്മ ....(അധ്യായം 16 മദേഴ്‌സ് ഡേ സ്‌പെഷ്യല്‍: ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Joseph Padannamakkel 2017-05-14 18:13:54

പ്രിയ ഫ്രാൻസിസ്, താങ്കളുടെ ഈ ലേഖനം ആരെയും ചിന്തിപ്പിക്കുന്നതും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതുമാണ്. സ്വാർത്ഥതയും അസൂയയുമില്ലാത്ത ഒരാളുണ്ടെങ്കിൽ സ്വന്തം 'അമ്മ മാത്രമായിരിക്കുമെന്നു നമ്മുടെ ജീവിതം തന്നെ പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും. അമ്മയെന്നാൽ കാന്തംപോലെ സൃഷ്ടിയുടെ ഒരു മാജിക്കാണ്.

ഒരു 'അമ്മ ആരെന്ന് താങ്കൾ സ്വന്തം അമ്മയെ മുമ്പിൽ നിർത്തി മനോഹരമായി എഴുതിയിട്ടുണ്ട്. സുന്ദരമായ ഒരു ബാല്യവും താങ്കൾക്കുണ്ടായിരുന്നുവെന്നു മനസിലാക്കുന്നു. ലേഖനം വായിച്ചപ്പോൾ അറിയാതെ എന്റെ കണ്ണ് നിറയുകയാണുണ്ടായത്. ഇത്രയധികം പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും പുഞ്ചിരിച്ചുകൊണ്ട് തന്നെയാണ് ഓരോ ലേഖനവും തയ്യാറാക്കുന്നത്. എങ്കിലും എവിടെയോ താങ്കളുടെ മനസ്സിൽ ശോകം കലർന്നിട്ടുണ്ടോയെന്നും തോന്നിപ്പോയിട്ടുണ്ട്. അവതരിപ്പിച്ച പല ലേഖനങ്ങളും സ്വന്തം ദുഃഖത്തേക്കാളും മറ്റുള്ളവരുടെ ദുഃഖങ്ങളെ ചൂണ്ടി കാണിച്ച് വായനക്കാരുടെ മനസുകളെ ഇളക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായിരുന്നു. ഒപ്പം സ്വാന്തന തത്ത്വങ്ങളും കാണാമായിരുന്നു.
പച്ചയായ ജീവിത സത്യങ്ങളെ തുറന്നു കാണിക്കാനുള്ള കഴിവും താങ്കളുടെ തൂലികയ്ക്കുണ്ട്. നമ്മെക്കാളും ദുഃഖങ്ങളും പേറി നടക്കുന്ന മറ്റുള്ളവരുടെ കഥകളറിയുമ്പോൾ നാം എത്രയോ ഭാഗ്യവാന്മാരെന്നും തോന്നിപ്പോയിട്ടുണ്ട്.  

രോഗം ഏതു വിധത്തിലും ആർക്കും വരാം. അതിനെ തരണം ചെയ്യാനുള്ള നമ്മുടെ മനസാണ് ഏറ്റവും വലുത്. അത് താങ്കൾക്കുണ്ട്. അതുകൊണ്ടാണ് ഒരു തത്ത്വജ്ഞാനിയെപ്പോലെ 'അമ്മ'യെന്ന രണ്ടക്ഷരത്തെ ഇത്ര മനോഹരമായി എഴുതാൻ സാധിക്കുന്നത്.  

ഡോക്ടർമാർ വിധിച്ച ഭേദമാകാത്ത ഒരു രോഗത്തിൽനിന്നും ഞാനും മുക്തമായതാണ്. രോഗം വരുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ എന്റെ രോഗത്തെപ്പറ്റിയും ഒരു വർഷം മുമ്പ് ഇമലയാളിയിൽ ഒരു ലേഖനം എഴുതിയിരുന്നു. അത്തരം അനുഭവങ്ങൾ നാം കുറിച്ചാൽ വായനക്കാർക്കു പ്രയോജനപ്രദമാകുമെന്നും അന്നു ചിന്തിച്ചു. സഹതാപത്തിനുവേണ്ടിയായിരുന്നില്ല മറിച്ച്! മറ്റുള്ളവർക്ക് സ്വന്തം അനുഭവപാഠങ്ങളിൽക്കൂടി അറിവ് പകർന്നുകൊടുക്കണമെന്നതായിരുന്നു ലക്ഷ്യം. 

ഒരു 'അമ്മ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം അവർ മരിക്കുന്നുവെന്നാണ്. താങ്കളുടെ ലേഖനം വായിച്ചപ്പോൾ ഒരു വ്യാഴവട്ടക്കാലം മുമ്പ് മരിച്ച എന്റെ അമ്മയെയും മുമ്പിൽ കണ്ടു. അവരെപ്പറ്റി നൂറു നൂറു കഥകൾ എനിക്കും പറയാനുണ്ട്. ലോകത്തിലെ എല്ലാ അമ്മമാർക്കും എന്റെ അഭിവാദനങ്ങൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക