Image

എന്റെ അമ്മ (സിനി പണിക്കര്‍)

Published on 13 May, 2017
എന്റെ അമ്മ (സിനി പണിക്കര്‍)
അമ്മയെക്കുറിച്ചു എഴുതാനിരിക്കുമ്പോള്‍ അമ്മയുടെ ഓര്‍മകളോടൊപ്പം അമ്മമാരെക്കുറിച്ചുള്ള എത്രയോ പാട്ടുകളും ലേഖനങ്ങളുംചിത്രങ്ങളും മനസ്സിലേക്ക്ഒഴുകി എത്തുന്നു. 'അമ്മേ..അമ്മേ... അവിടുത്തെ മുന്‍പില്‍ ..ഞാനാര്? ദൈവമാര്?' എന്ന് വയലാര്‍എഴുതി. 'അമ്മാ എന്ടറഴക്കാതെ ഉയിരില്ലയെ' എന്ന് യേശുദാസിന്റെ മധുരശബ്ദം. അമ്മമാരെക്കുറിച്ചുള്ള എത്രയോ പ്രസിദ്ധ രേഖാചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍. റെംബ്രാന്ഡിന്റെയും സാല്‍വദോര്‍ ദാലിയുടേതും ഉള്‍പ്പെടെ. എഡ്ഗാര്‍ അലന്‍ പോയും കിപ്ലിങ്ങും മുതല്‍ ഒഎന്‍വിയും സുഗതകുമാരിയും അടക്കം എത്രയോ കവികള്‍ എത്രയോ ഭാഷകളില്‍ അമ്മമാരേകുറിച്ച് വരികള്‍ രചിച്ചിരിക്കുന്നു.

അമ്മയില്‍നിന്നും തുടങ്ങുന്ന നമ്മുടെ ലോകം അമ്മ ഇല്ലാതെ ആവുമ്പോള്‍ എത്രയോ ചുരുങ്ങി ശുഷ്‌കമായി ശൂന്യമായി തീരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അമ്മയെ നഷ്ടപ്പെട്ട ഞാന്‍ റോഡ് മുറിച്ചു കടക്കാന്‍ ആ കൈകളിലെ സുരക്ഷിതത്വം തേടുന്ന നാലു വയസ്സുകാരിയെപ്പോലെ അന്തിച്ചു നില്‍ക്കുകയാണ്. അച്ഛനമ്മമാര്‍ക്ക് വയസ്സായി വരുന്നതും, ജീവിതത്തിലെ ഉറപ്പുള്ള വസ്തുത മരണം മാത്രമാണെന്ന തിരിച്ചറിവും പണ്ടേ ഉണ്ടായിരുന്നുവെങ്കിലും, അമ്മയുടെ വേര്‍പാട് മനസ്സിലാക്കാന്‍ ആവാത്ത ഏതോ ഒരു സമസ്യ പോലെയോ വിഷാദം പോലെയോ ഉള്ളില്‍ തുടരുന്നു. അമ്മ പോകുന്നതു വരെ എന്നില്‍ ഇപ്പോഴും ഇങ്ങനെ ഒരു നാലു വയസ്സുകാരി ബാക്കിയുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കാരണം, കൈപിടിക്കാന്‍ ഒരിക്കലും മടിച്ചു നില്‍ക്കാതെ, അമ്മ ദൂരെയാണെങ്കിലും അരികത്തു തന്നെ കൂട്ടു നിന്നിരുന്നു

ഞാനൊന്നു കൈ നീട്ടുകയേ വേണ്ടൂ. പ്രമേഹവും പ്രായവും ജീവിതവും തളര്‍ത്തിയതാണു ആ മെല്ലി ച്ചകൈകള്‍ എങ്കിലും.. അവ എന്നെ എന്നും ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചു പോന്നിരുന്നു.

അമ്മയുടെ മരണം കഴിഞ്ഞു വാഷിങ്ങ്ടണില്‍ തിരിച്ചെത്തിയപ്പോഴാണ ്ഗൃഹാതുരത്വം എന്ന വാക്കില്‍ മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ദുരന്തം എനിക്ക് മനസ്സിലാകുന്നത്. ചവിട്ടി നില്‍ക്കുന്ന മണ്ണും, മുകളിലേ പരിചിതമായ ആകാശവും ഒറ്റയടിക്ക് നഷ്ടപ്പെടുന്ന അവസ്ഥ. അമ്മയുടെയും, മനോഹരമായിരുന്ന പാടത്തിന്റെ കരയില്‍ തെങ്ങിന്‍ തോപ്പിന്റെ കുളിര്‍മയില്‍ മറഞ്ഞിരുന്ന ഞങ്ങളുടെ പഴയ വീടിന്റെയും ഓര്‍മകളില്‍ കുരുങ്ങി ഞാന്‍ ഇന്റര്‍നെറ്റിന്റെ പാടശേഖരങ്ങളും പഴയ വീടുകളും തിരഞ്ഞു നടന്നു, പിന്നീടുള്ള കുറെ ദിവസങ്ങളില്‍ .പിന്നെ 'കാണാമറയത്തും', 'പഞ്ചാഗ്‌നി'യും 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യുമടക്കം എണ്‍പതുകളിലെ സിനിമകള്‍ വീണ്ടും വീണ്ടും കണ്ടു. മഹാരാജാസില്‍ പഠിക്കുമ്പോള്‍ സിനിമക്ക് പോകാന്‍ വിളിക്കുന്ന കൂട്ടുകാരോട് ഞാന്‍പറയും, ഹേ ഞാനില്ല. കഌസ് കട്ട്‌ചെയ്യാനുള്ള മടി അല്ല.

പക്ഷെ എന്റെ കറക്കവും സിനിമ കാണലും ഒക്കെ അമ്മയുടെ കൂടെ ആയിരുന്നു. എറണാകുളം കവിതയിലെ മാറ്റിനി. ഇന്ത്യന്‍ കോഫി ഹൗസിലെ കോഫിയും കട്ട്‌ലറ്റും . ഡിസി ബുക്‌സില്‍ ഒരെത്തി നോട്ടം. അമ്മയുടെ കൂടെ അന്ന് കറങ്ങി നടന്നതിന്റെ സന്തോഷം ഇന്നും ഓര്‍ക്കുമ്പോള്‍ ഒരുപുഞ്ചിരി ആയി എന്റെ മുഖത്ത് പടരുന്നു, സങ്കടത്തിന്റെ മറനീക്കി.

എണ്‍പതുകളിലെ കേരളത്തില്‍ വളരാന്‍ പറ്റിയത് ഒരു ഭാഗ്യമായി കാണുന്ന ആളാണ് ഞാന്‍. അന്നത്തെ എല്ലാ നല്ല പുസ്തകങ്ങളുടെയും സിനിമകളുടെയും പാട്ടുകളുടെയും ഓര്‍മകളില്‍ നിറയെ അമ്മയും ഉണ്ട്. എത്ര ഭാഗ്യം. എത്ര പുണ്യം. ഞാന്‍ മൂന്നാം കഌസില്‍ പഠിക്കുമ്പോള്‍ കുമാരന്‍ ആശാന്റെ കാവ്യങ്ങള്‍ വാങ്ങി തന്നു കൊണ്ടാണ് അമ്മ എന്നെ വായനയുടെ ലോകത്തിലേക്ക ്‌മെല്ലെ ഇറക്കുന്നത്.

അന്നൊക്കെ ബസ്സുകളില്‍ കൊണ്ടു വന്നു, പിന്നെ തലച്ചുമടായി കൊണ്ടു നടന്നു പുസ്തകങ്ങള്‍ വില്‍ക്കുന്ന ആള്‍ക്കാരുണ്ടായിരുന്നു. എട്ടുവയസ്സുള്ള എനിക്ക ്അങ്ങനെയുള്ള ഒരു പുസ്തക ഭാണ്ഡക്കെട്ടില്‍ നിന്നും വീണപൂവും കരുണയും ചണ്ഡാലഭിക്ഷുകിയും നളിനിയും ലീലയും ദുരവസ്ഥയും അമ്മ വാങ്ങിത്തന്നു. അമ്മ പഠിപ്പിച്ചിരുന്ന ഗവണ്മെന്റ് സ്‌കൂളിലെ മരബെഞ്ചില്‍ ആ പുസ്തകങ്ങള്‍ നിധിപോലെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന എന്നെ എനിക്ക ്ഇപ്പോഴും കാണാം. അതിനപ്പുറം എന്നെ നോക്കി മന്ദഹസിക്കുന്ന അമ്മയെയും.

കവിതകളോടും പുസ്തകങ്ങളോടും ഉള്ള എന്റെ തീരാത്ത ഭ്രമങ്ങളില്‍, നല്ലൊരു പാട്ടു കേള്‍ക്കുമ്പോള്‍ കണ്ണടച്ചിരുന്നു ആസ്വദിക്കുന്ന എന്റെ മനോവ്യാപാരങ്ങളില്‍, ആയിരം പേരുള്ള ഒരു സദസ്സില്‍ പ്രസംഗിക്കുമ്പോഴോ, അല്ലെങ്കില്‍, വാഷിംഗ്ടണിലെ ഉന്നത ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവുകളുടെയും ഏജന്‍സി തലവന്മാരുടെയും മുന്നില്‍ ഒരു പരിഭ്രമവും കൂടാതെ നിന്നു സംസാരിക്കുമ്പോഴോ, ഞാന്‍ എന്റെ അമ്മയെ കാണുന്നുണ്ട്. അമ്മയുടെ എന്നിലെ പരിശ്രമങ്ങള്‍ അറിയുന്നുണ്ട്. ഞാന്‍ ആരെന്നും എന്തെന്നും ഉള്ള അന്വേഷണങ്ങളില്‍ ഉറപ്പായ ഒരു ഉത്തരമേ ഉള്ളൂ. എന്റെ അമ്മ.

എനിക്കറിയാം. ഇത് വായിക്കുന്ന നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമുണ്ട് ഈ അമ്മമാര്‍. അല്ലെങ്കില്‍ അച്ഛന്മാര്‍. നിങ്ങള്‍ ഇപ്പോള്‍ അറിയാതെ നിങ്ങളുടെ അമ്മയിലേക്കു ഒഴുകിപ്പോവുകയാണ്. അതാണെനിക്ക് വേണ്ടതും. ഒരമ്മയെക്കുറിച്ചു ഞാന്‍ എഴുതുന്നതു് ഈ ഭൂമിയിലെ എല്ലാ നല്ല അമ്മമാരെക്കുറിച്ചും കൂടിയാണ്. അമ്മയെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെങ്കില്‍ അമ്മയുടെ ഓര്‍മകളിലേക്കു ഒരു മടക്കയാത്ര ആവാം ഇപ്പോള്‍.

അതല്ല, ഒരുഫോണ്‍വിളിയുടെ ദൂരമേഉള്ളുവെങ്കില്‍ ഒന്ന് വിളിച്ചോളൂ. അമ്മയുടെ സ്‌നേഹംനിറഞ്ഞശബ്ദം ഫോണിന്റെ അങ്ങേത്തലക്കല്‍നിന്നും ഒഴുകി വരട്ടെ. അമ്മ അടുത്തുണ്ടെങ്കില്‍ ആ കൈകള്‍ നിവര്‍ത്തി അതിനുള്ളിലേക്ക് നിങ്ങളുടെ കൈകള്‍ ഒന്ന് ചേര്‍ത്ത് വയ്ക്കൂ. ഒരിക്കലും ചോര്‍ന്നു പോകാത്ത സ്‌നേഹത്തിന്റെ മധുര സ്പര്‍ശം ആണത്. മറ്റൊന്നും അതിനു പകരം വയ്ക്കാനില്ല.

ഒരു ശാസ്ത്രജ്ഞ എന്നനിലയില്‍ മരണത്തെ ഒരു പരിപൂര്‍ണമായ അവസാനമായിട്ടാണ് ഞാന്‍ കാണേണ്ടത്. കാരണം വെറും നക്ഷത്രപ്പൊടികള്‍ ആണ് നമ്മള്‍ ജീവജാലങ്ങള്‍. നക്ഷത്ര മൂലകങ്ങളില്‍ പിറന്നു, മരണത്തോട് കൂടി വീണ്ടും അവ തന്നെയായി മാറുന്നവര്‍. അമേരിക്കന്‍ ഗവണ്‍മെന്റിലെ DEA-ക്കു വേണ്ടി ലഹരി മരുന്നായ ഹെറോയിന്റെ  ഉത്ഭവം തേടുന്ന എന്റെ സയന്റിഫിക് പ്രോഗ്രാമില്‍ വീഞ്ഞിന്റെതടക്കമുള്ള പദാര്‍ത്ഥങ്ങളുടെ authenticity ഉറപ്പാക്കുന്ന IRMS ടെക്‌നോളജിയും, നസ്രേത്തിലെ യേശുവിന്റെ കുടുംബത്തിന്റെ കല്ലറയാണോ എന്ന പരീക്ഷണത്തിന് വരെ ഉപയോഗിച്ച ICPMS ഉം ഉള്‍പ്പടെയുള്ള ശാസ്ത്രത്തിന്റെ ഉത്തരങ്ങള്‍ ഞാന്‍ ദൈനം ദിനം ഉപയോഗിക്കുമ്പോള്‍, നമ്മുടെ ഭൂമി നൂറു ബില്യണ്‍ ഗ്രഹങ്ങളില്‍ ഒന്ന് മാത്രം ആണെന്നും, നമ്മുടെ ആകശ ഗംഗയില്‍ മാത്രം വര്‍ഷം തോറും അഞ്ചും പത്തുംപുതിയ സൂര്യന്മാര്‍ ഉണ്ടാകുന്നുണ്ടെന്നും ഓര്‍ക്കാതെ വയ്യ. അതുകൊണ്ട് തന്നെ നമ്മുടെയെല്ലാം മരണം എന്നത് ഈപ്രപഞ്ചത്തിലെ അപ്രധാനമായ അവസാനങ്ങള്‍ മാത്രം ആണെന്നും ചിന്തിച്ചുറപ്പാക്കുന്നു.

പക്ഷെ ആചിന്തകള്‍ കൂടുമ്പോള്‍, അവ സങ്കല്പങ്ങള്‍ക്കും അപ്പുറംനില്‍ക്കുന്ന ബ്രഹ്മാണ്ഡത്തെകുറിച്ചാവുമ്പോള്‍, എങ്ങിനെയോ അവ ഹിന്ദുപുരാണങ്ങളിലെ മായയും മായക്കണ്ണനും സഞ്ചിത പ്രാരാബ്ധകര്‍മങ്ങളും പുനര്‍ജനികളും ഒക്കെയായി രൂപാന്തരപ്പെടുന്നു. കാരണം multiverse Dwquarks Dwneturrino Dwspacetime continuam ഉം നമുക്ക് അപരിതവും അപരിമേയവും ആയ ലോകമാണ്.

നമ്മുടെ ചെറിയ തലച്ചോറുകളുടെ തലങ്ങള്‍ക്കപ്പുറം നില്‍ക്കുന്നവ. അങ്ങിനെ വരുമ്പോള്‍, എംടി, തനിക്ക് അറിയുന്ന നിളയെ കുറിച്ച് എഴുതാന്‍ ആണ് എളുപ്പം എന്ന് പണ്ട ്പറഞ്ഞത്‌പോലെ, നമുക്ക് അറിയുന്നതിനെയും പരിചയമുള്ളതിനേയും കുറിച്ച് ആലോചിക്കാനും എഴുതാനുമാണ് എളുപ്പം എന്ന തിരിച്ചറിവുണ്ടാകുന്നു.

ഹിന്ദു പുരാണങ്ങളില്‍ മരണം പലപ്പോഴും മറ്റൊരു തുടക്കം ആണ്. മറ്റെന്തിന്റെയൊക്കെയോ തുടക്കം. തൊണ്ണൂറു ശതമാനവും വെള്ളക്കാര്‍ ഉള്ള എന്റെ ഉദ്യോഗ സൗഹൃദങ്ങളില്‍ ഹിന്ദുപുരാണങ്ങളിലെ ജനിമൃതികളെകുറിച്ച് വല്ലപ്പോഴും സംസാരിക്കുമ്പോള്‍ (Avatar എന്നപദം പ്രസിദ്ധമായതോടു കൂടി ഇത് കൂടുതല്‍ എളുപ്പമായി) ഞാന്‍ അടുത്ത ജന്മത്തില്‍ ഒരു തത്തയോ ബ്ലൂജെയോ വിര്‍ജീനിയയുടെ സുന്ദരന്‍ കാര്‍ഡിനല്‍ പക്ഷിയായോ പിറക്കും എന്ന് തമാശ പറയാറുണ്ട്.
ചിറകു വീശി പറക്കാനുള്ള കൊതികൊണ്ട്, ആകാശം എന്നും ഒരു താല്പര്യം ആയിരുന്നതു കൊണ്ട്. ഇപ്പോള്‍ ആ വിചാരം തമാശക്കപ്പുറം ഒരു പ്രാര്‍ത്ഥനയാവുന്നു.

കാരണം അപ്പോള്‍ അമ്മ വീണ്ടും അമ്മക്കിളി ആയി കൂടൊരുക്കി കൂടെ ഉണ്ടാവും എന്നൊരു തോന്നല്‍. അങ്ങനെ ഒരുപ്രാര്‍ത്ഥന. കാക്കത്തൊള്ളായിരം മറ്റു ഗ്രഹങ്ങള്‍ ഉണ്ടായിക്കോട്ടെ; ആര്‍ക്കു കാര്യം? ഒരു മയില്‍പീലിത്തുണ്ടു പുസ്തകത്തില്‍ ഒളിപ്പിച്ചു, മാനം കാണിക്കാതെ മോഹിച്ചുകൊണ്ട്, വയലാര്‍ വീണ്ടും പിറക്കാന്‍ ആഗ്രഹിച്ച, ചന്ദ്രകളഭംചാര്‍ത്തിയുറങ്ങുന്ന ഈ മനോഹര തീരത്ത്, ഞാന്‍ എന്റെ അമ്മയെ കാത്തു നില്‍ക്കുന്നു. ഇനി എനിക്ക് അതു മാത്രമല്ലേ ചെയ്യാനാവൂ. 


-Sini Panicker, May, 2017
എന്റെ അമ്മ (സിനി പണിക്കര്‍)
Join WhatsApp News
Unnikrishna Menon 2017-05-14 06:37:42
Beautifully written piece. Never stop writing.
God Bless you..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക