Image

ആതുരസേവനരംഗത്ത് വേറിട്ടൊരാള്‍ (മീനു എലിസബത്ത്)

മീനു എലിസബത്ത് Published on 12 May, 2017
ആതുരസേവനരംഗത്ത് വേറിട്ടൊരാള്‍ (മീനു എലിസബത്ത്)
അന്താരാഷ്ട്ര നേഴ്‌സസ് ഡേ ആചരിക്കപ്പെടുന്ന ഈ വാരത്തില്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ പരിചയപ്പെട്ടിരിക്കേണ്ട ഒരു അപൂര്‍വ്വ വ്യക്തിത്വമാണ് ഹരിദാസ് തങ്കപ്പന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്‍ഡ്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ഇദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. അമേരിക്കയിലെ ഇന്ത്യന്‍ നേഴ്‌സസിന്റെ ഉന്നമനത്തിനും അവരെ ഒരു കുടക്കീഴില്‍ അണിനിരത്തുവാനുമായി 1955ലാണ് ഐനാന്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈസംഘടന രൂപം കൊള്ളുന്നത്. അന്നുമുതല്‍ ഇന്നുവരെ ഇന്ത്യന്‍ നേഴ്‌സുമാരുടെ ഉന്നതവിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായി നിലകൊള്ളുന്ന ഐനാന്റു ഇതിനകം അമേരിക്ക മുഴുവന്‍ അറിയപ്പെടുന്ന സംഘടനയായി വളര്‍ന്നതില്‍ ഹരിദാസിന്റെ സേവനം ഒഴിച്ചു കൂടാത്തതാണ്.

1990ല്‍ തിരുവനന്തപുരത്തെ കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ നിന്നും, ബിരുദമെടുത്ത ഹരിദാസ് ബോംബെയിലും കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്‍ത്തിലും ജോലി ചെയ്തതിനുശേഷം 1995ലാണ് അമേരിക്കയിലേക്കു വരുന്നത്. പത്തു വര്‍ഷത്തോളം ന്യൂയോര്‍ക്കില്‍ ജോലി ചെയ്ത ഇദ്ദേഹം കഴിഞ്ഞ പതിനൊന്നുവര്‍ഷമായി ഡാളസിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നെഫ്രോളജി വിഭാഗത്തില്‍ ക്വാളിറ്റി ആന്‍ഡ് കംപ്ലയ്ന്‍സ് സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു വരുന്നു.

അമേരിക്കയില്‍ വന്നതിനുശേഷം തന്റെ ഉന്നത വിദ്യാഭ്യാസത്തിനു ഊന്നല്‍ കൊടുത്തു ടെക്‌സാസ് വുമെന്‍സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം. ബി. എ. ബിരുദവും നെഫ്രോളജി നേഴ്‌സിങ്ങിലും ഹെല്‍ത്ത്‌കെയര്‍ ക്വാലിറ്റിയിലും സ്‌പെഷ്യല്‍ സര്‍ട്ടിഫിക്കേഷങ്കള്‍ നേടിയെടുത്ത ഇദ്ദേഹം ഇപ്പോള്‍ ഡോക്ടറേറ്റ് ഇന്‍ നേഴ്‌സിംഗ് പ്രാക്റ്റിഷണര്‍ (ഡി. എന്‍. പി.) വിദ്യാര്‍ത്ഥിയാകാനൊരുങ്ങുന്നു.

കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ നഴ്‌സിംഗ് ബഹുമതി ഡെയ്‌സി അവാര്‍ഡ് നേടുകയുണ്ടായി.

ഇതൊക്കെ ഹരിദാസ് തങ്കപ്പന്റെ നേഴ്‌സിങ്ങ് വിശേഷണങ്ങള്‍. പക്ഷേ ഈ വിശേഷണങ്ങളില്‍ ഒന്നും ഒതുക്കി നിര്‍ത്താന്‍ പറ്റുന്ന ഒരു വ്യക്തിത്വമല്ല ഹരിയുടേത്. അമേരിക്കയിലെ മലയാളി സമൂഹത്തില്‍ പലര്‍ക്കും പലതാണ് ഹരിദാസ്. പക്ഷേ അദ്ദേഹം ഒരു അതുല്യ കലാകാരനാണെന്നും കലയെയും സാഹിത്യത്തെയും സംഗീതത്തെയും പിറന്ന നാടിനെയും മലയാളത്തെയും നെഞ്ചോടു ചേര്‍ത്തുവെച്ച് നടക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ മലയാളിയാണെന്നും അതിലുമുപരി ഒരു മനുഷ്യസ്‌നേഹിയാണെന്നും അവരെല്ലാം ഒറ്റക്കെട്ടായി സമ്മതിക്കും.
അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ കേരളാ അസോസിയേഷന്‍ ഓഫ്ഡാലസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിയുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ സാന്നിധ്യം ഉണ്ടാവും. കേരള അസോസിയേഷന്റെ സെക്രട്ടറിയായും സ്‌പോര്‍ട്‌സ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററിന്റെ ബോര്‍ഡ് മെമ്പര്‍, കേരള ലിറ്ററി സൊസൈറ്റി, ശ്രീ രാഗ മ്യൂസിക്, ഡാളസ് മെലഡീസ് മ്യൂസിക് ഗ്രൂപ്പ്, കുട്ടികളുടെ നേതൃത്വപാടവത്തിനായി നടത്തുന്ന 'ലെറ്റ് അസ് ഡ്രീംസ് അമേരിക്ക'' വര്‍ക്ക് ഷോപ്പ് ഇവയിലെല്ലാം ഹരിയുടെ സജീവസാന്നിധ്യം ഉണ്ടാവും. ഇതിനെല്ലാം ഉപരിയായി ഡാളസ് ഫോര്‍ട്ടു വേര്‍ത്തു ഭാഗത്തുള്ള പല ചാരിറ്റി പ്രവര്‍ത്തനങ്ങളും കലാപരിപാടികളും പൊതുപ്രവര്‍ത്തനങ്ങളുമെല്ലാം ഹരിയുടെ കൈകളില്‍ ഭദ്രമാണ്.

ഡാലസിലെ അറിയപ്പെടുന്ന ഒരു കാര്‍ട്ടൂനിസ്റ്റും കാരിക്കേച്ചറിസ്റ്റും കൂടിയായ ഹരിദാസ് കൈ വയ്ക്കാത്ത മേഖലകള്‍ ചുരുക്കം. രംഗോലി, ഓയില്‍ പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ് ഇവയില്‍ അസാമാന്യ പാടവമുള്ള ഇദ്ദേഹം, സംഗീതജ്ഞന്‍, നാടകനടന്‍, ലിറിസിസ്റ്റ് എന്നീ നിലകളിലും ശോഭിക്കുന്നു. സംഗീത സംവിധായകനായ ശ്രീ. ജെ. എം. രാജുവിന്റെ മേല്‍നോട്ടത്തില്‍ സ്വന്തമായി ഒരു സിഡിയും ഇറക്കിയിട്ടുണ്ട്.

എല്ലാറ്റിനും പിന്തുണയായി ഭാര്യ സുനിതയും മക്കള്‍ ഹര്‍ഷയും ഉമയും കൂടെയുള്ളതാണ് തന്റെ ശക്തിയെന്നു ഹരി വിനയപുരസ്സരം സമ്മതിക്കുന്നു.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ ഇദ്ദേഹം നടുവീട്ടില്‍ ശ്രീ കെ. സി. തങ്കപ്പന്റെയും ശ്രീമതി മീനാമ്മാളിന്റെയും പുത്രനാണ്. ഇദ്ദേഹത്തിന് രണ്ട് സഹോദരരും സഹോദരിയും കൂടിയുണ്ട്.

നേഴ്‌സിങ്ങ് എന്ന പ്രൊഫഷനിലേക്ക് ആണ്‍കുട്ടികള്‍ കടന്നുവരുവാന്‍ മടിച്ചു നിന്നിരുന്ന എണ്‍പതുകളുടെ നടുവില്‍ താനും വീട്ടുകാരും കൂടിയെടുത്ത തീരുമാനം ഒരിക്കലും തെറ്റിയെന്ന് തോന്നിയിട്ടില്ല. കൂടുതല്‍ പുരുഷന്മാര്‍ ധൈര്യപൂര്‍വ്വം കടന്നു വരേണ്ട മേഖലതന്നെയാണ് നേഴ്‌സിങ്ങ്.

'സ്‌കൈ ഈസ് ദി ലിമിറ്റ്. ഒരിക്കലും നമുക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. വെറുതെയിരിക്കേണ്ടിയും വരില്ല. അവസരങ്ങള്‍ ധാരാളം' അദ്ദേഹം പറഞ്ഞു.
ഫ്‌ളോറസ് നൈയിറ്റിംഗെലിനെക്കുറിച്ച് ഓര്‍മ്മിക്കുന്ന ഈ നേഴ്‌സസ് വാരത്തില്‍ ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ക്കു, പ്രത്യേകിച്ചും മലയാളി പുരുഷന്മാര്‍ക്ക് അഭിമാനപൂര്‍വ്വം പറയുവാന്‍ കഠിനാദ്ധ്വാനവും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും കൈമുതലായുള്ള ഒരു കോട്ടയംകാരന്‍ മലയാളി നേഴ്‌സിന്റെ വിജയഗാഥ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക