Image

വഴി തെറ്റുന്ന ശാസ്ത്രം, വഴി മുട്ടുന്ന ലോകം! (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 09 May, 2017
വഴി തെറ്റുന്ന ശാസ്ത്രം, വഴി മുട്ടുന്ന ലോകം! (ലേഖനം: ജയന്‍ വര്‍ഗീസ്)
എങ്ങോ എവിടെയോ ഒരു പാലാഴി. പാലാഴിയില്‍ അനന്തമായി ശയിക്കുന്ന അനന്തന്‍.അനന്തന്റെ അതി വിസ്തൃതമായ ഫണത്തിന്റെ തണലില്‍ , അനന്തനൊരുക്കിയ ചുരുള്‍ മെത്തയില്‍ മഹാവിഷ്ണു അലസമായി ശയിക്കുന്നു. മഹാവിഷ്ണുവിന്റെ പാദ പദ്മങ്ങള്‍ തടവി ഐശ്വര്യ ദേവതയായ മഹാ ലക്ഷ്മി ഇരിക്കുന്നു.വിഷ്ണുവിന്റെ പൊക്കിള്‍ ചുഴിയില്‍ മുളച്ചു നില്‍ക്കുന്ന ഒരു താമരത്തണ്ട്. തണ്ടില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരപ്പൂവ്. ഈ താമരപ്പൂവില്‍ ബ്രഹ്മാവ് ഇരിക്കുന്നു.ഇതിയാന്റെ ഒരു ദിവസത്തിന്റെ നീളം 432കോടി കൊല്ലങ്ങളാകുന്നു.സമസ്ത ലോകവും സൃഷ്ടിച്ചുണ്ടാക്കിയത് ഇദ്ദേഹമാകുന്നു എന്ന് പുരാണം. ഇതാണ് ഭൂമിയുടെ പ്രായം.

പാല്‍ക്കടല്‍ (milky way) അഥവാ ആകാശഗംഗ എന്ന നക്ഷത്ര വ്യൂഹത്തില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന സൗരയൂഥത്തിലെ നക്ഷത്രമായ സൂര്യന്റെ ആശ്രിതനാണ് ഭൂമി എന്ന് വാനശാസ്ത്രം പറയുന്നു. ഭൂമിയുടെ പ്രായം 450 കോടി കൊല്ലങ്ങളാണെന്നു ശാസ്ത്രം കണക്കു കൂട്ടിഎടുത്തിരിക്കുന്നു. കാരണം, അന്നാണ് ഓറിയോണ്‍ എന്ന നക്ഷത്ര പടലത്തിന്റെ മൂന്നാം ശിഖരത്തില്‍ ഒരു സൂപ്പര്‍നോവാ സ്‌പോടനമുണ്ടാവുന്നതും,ആ സ്‌പോടനത്തിന്റെ ആദ്ധ്യാഘാതത്തിന്റെ ഫലമായി വാതക രൂപത്തിലായിരുന്ന ഹൈഡ്രജനും, ഹീലിയവും, മറ്റും, മറ്റും ഉരുകിച്ചേര്‍ന്ന് ഘന ലോഹങ്ങളായ ഇരിമ്പും ,സ്വര്‍ണ്ണവും ,വജ്രവുമെല്ലാമുള്‍ക്കൊള്ളുന്ന ഭൂമി ഉണ്ടായതും.?

കുറെ വര്ഷങ്ങള്ക്കു മുന്‍പ് ഇതായിരുന്നില്ല നിഗമനം. സൂര്യന്റെ സമീപത്തു കൂടി അതിവേഗം പാഞ്ഞുപോയ ഏതോ ഭീമന്‍ നക്ഷത്രം, സൂര്യനില്‍ സൃഷ്ട്ടിച്ച വന്പന്‍ പ്രകന്പനത്തിന്റെ ഫലമായി സൂര്യന്റെ ആയിരത്തിലൊന്നു വരുന്ന ഒരു ഭാഗം അടര്‍ന്നു പോയിയെന്നും, ആ ഭാഗം വീണ്ടും പലതായി ചിതറി തണുത്തുറഞ്ഞാണ് നാം ഇന്നറിയുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, ഉല്‍ക്കകളുമൊക്കെ രൂപം പ്രാപിച്ചത് എന്നുമായിരുന്നു ആ നിഗമനം.

ബിസി അയ്യായിരത്തിനും , പതിനായിരത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ട ഒരു സിദ്ധാന്തത്തിലെ കാല നിര്‍ണ്ണയവും, എ ഡി യിലെ ുഇങ്ങേയറ്റത്തു എഴുതപ്പെട്ട ശാസ്ത്രീയമായ കാലനിര്‍ണ്ണയവും സമാനത കൈവരിച്ചിരിക്കുന്നു. പാലാഴി എന്നും, ാശഹസ്യ ംമ്യ അഥവാ പാല്‍ക്കടല്‍ എന്നും, രണ്ടു സിദ്ധാന്തങ്ങളിലെയും സാഹചര്യപൊരുത്തങ്ങളും അത്ഭുതകരമായി സമന്വയിച്ചിരിക്കുന്നു.!

ഒന്ന് നിരന്തരമായ പരീക്ഷണങ്ങളുടെയും, നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞു വന്ന സിദ്ധാന്തമാണെങ്കില്‍, മറ്റേതു,അതി നിഷ്ഠമായ തപസ്സിന്റെ അനന്തര ഫലമായി രൂപം കൊള്ളുന്ന ധ്യാന നിര്‍വ്വാണത്തിന്റെ അനന്ത സീമകളില്‍ നിന്ന് ഉരുത്തിരിയുന്ന ആത്മീയ ദര്ശനങ്ങളാണ്. ഈ ദര്‍ശനങ്ങളെ പഴഞ്ചനായും അബദ്ധ ജടിലങ്ങളായും ചിത്രീകരിച്ചു കൊണ്ട്, തങ്ങളുടേതാണ് ശരി എന്ന പിടിവാശിയുമായി ശാസ്ത്രജ്ഞന്മാരുടെ സംഘങ്ങള്‍ സമൂഹത്തില്‍ തേരോട്ടം നടത്തുന്നു!

ആധുനിക ശാസ്ത്രം മനുഷ്യാവസ്ഥക്കു സമ്മാനിച്ച മഹത്തായ സംഭാവനകളെ അര്‍ഹിക്കുന്ന ആദരവുകളോടെ ഉള്‍ക്കൊള്ളുന്ന ഒരാളാണ് ഞാന്‍. എങ്കിലും, എല്ലാ ശാസ്ത്രീയ നിഗമനങ്ങള്‍ക്കും, സാങ്കേതിക സിദ്ധാന്തങ്ങള്‍ക്കും അപ്പുറത്ത്, അഗമ്യവും, അനിഷേദ്ധ്യവുമായ ഒരു ശക്തി സ്രോതസ്സിന്റെ പ്രസരണ വിന്യാസങ്ങളിലാണ് ഈ പ്രപഞ്ചം ചലിക്കുന്നതെന്ന് വിനീതമായി വിശ്വസിക്കുവാനാണ് എനിക്ക് കൂടുതലിഷ്ടം.

ഉപരിപ്ലവമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കും, കണ്ടെത്തലുകള്‍ക്കും അപ്പുറത്ത്, ശാസ്ത്ര സംസ്ക്കാരത്തിന്റെ സാങ്കേതിക സംജ്ഞകള്‍ക്ക് നിര്‍വചിക്കാനോ, വ്യവച്ഛേദിക്കാനോ ആവാത്ത സനാതന സത്യം അജയ്യമായി , അനിഷേദ്ധ്യമായി നില്‍ക്കുന്നതറിയുമ്പോള്‍ ഏതാണ് ശരി?, ഏതാണുതെറ്റ്? എന്ന എന്ന വിഭ്രമത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനുഷ്യന്‍ വഴി മുട്ടുകയാണ്.

.പുരോഗതിയുടെ പാതയോരങ്ങളില്‍ നാഴികക്കല്ലുകള്‍ നാട്ടുവാനാണ് എന്നും ശാസ്ത്രം ശ്രമിച്ചിട്ടുള്ളത്. ഇവകളുടെ എണ്ണത്തിന്റെ പെരുപ്പത്തില്‍ ശാസ്ത്രലോകം അഹങ്കരിച്ചു പുളക്കുന്നു. നിരാവലംബതയുടെ പൊരിവെയിലില്‍ പുളയുന്ന മനുഷ്യന് ഈ നാഴികക്കല്ലുകള്‍ ഒരാശ്വാസവും നല്‍കുന്നില്ല. പകരം അവന്റെ ആത്മ വേദനകളുടെ കൊടുംചൂടില്‍ തണല്‍ മരങ്ങളായി പടര്‍ന്നു നില്‍ക്കാന്‍ ശാസ്ത്രത്തിന് സാധിക്കുന്നുമില്ല.

ഇത് കേള്‍ക്കുന്‌പോള്‍ ശാസ്ത്ര സാങ്കേതിക ലാവണങ്ങളുടെ തലപ്പത്തിരുന്ന് ശമ്പളവും, പിന്നെ കിമ്പളവും കൈപ്പറ്റുന്നവര്‍ ഇടഞ്ഞേക്കാം. വൈദ്യശാസ്ത്രവും, വാനശാസ്ത്രവും എന്നല്ലാ, മൊട്ടുസൂചി മുതല്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ വരെ അവര്‍ ഉദാഹരണമായി നിര ത്തിയേക്കാം ?

എല്ലാ ശാസ്ത്രീയ നേട്ടങ്ങളുടെയും ഉപരിപ്ലവമായ ഗുണഫലങ്ങളില്‍ നാം ആകൃഷ്ടരാണ്. വിശന്നു പൊരിയുന്ന കാളയുടെ മുന്നില്‍ ഒരു തുണ്ടു ചക്കമടല്‍ പോലെയാണ് ഈ നേട്ടങ്ങള്‍. ആ ചക്ക മടലിന്റെ പ്രലോഭന വലയത്തില്‍ ആകര്‍ഷിക്കപ്പെടുന്ന കാളകള്‍ അവസാനം എത്തിപ്പെടുന്നത് അപകടങ്ങളിലാണ്. അറവുശാലകളുടെ അരികില്‍ വരെ!

ഇത : പര്യന്തമുള്ള ശാസ്ത്രീയ നേട്ടങ്ങളുടെ ഗുണ ഫലങ്ങളില്‍ നിന്നുള്ള ഒരു തിരിച്ചുപോക്ക് ആധുനിക മനുഷ്യന് അസാധ്യമാണ് എന്ന് സമ്മതിക്കാം.അതിനുള്ള ഏതൊരു ശ്രമത്തെയും അടിപൊളി സമൂഹം ' പഴഞ്ചന്‍ ' എന്ന് വിളിച്ചു ആക്ഷേപിച്ചേക്കാം. എങ്കില്‍ത്തന്നെയും ഒഴിവാക്കാനാവുന്ന ചിലതെങ്കിലും ഒഴിവാക്കിയാല്‍, ആരോഗ്യ കരവും, സമാധാന പൂര്‍ണ്ണവുമായ ഒരു ജീവിതത്തിന് അത് നമ്മെ സഹായിച്ചേക്കും .

പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്ന് സിഗരറ്റ് പാക്കറ്റുകളില്‍ അച്ചടിച്ച് വിടുന്ന ഭരണ കൂടങ്ങള്‍ക്ക് എന്തുകൊണ്ട് പുകയിലക്കൃഷി നിരോധിച്ചു കൊണ്ട് സമൂഹത്തെ രക്ഷിച്ചുകൂടാ? പുകയില ലോബികളില്‍ നിന്ന് സെസ് പിരിച്ചു കീശ വീര്‍പ്പിക്കുന്നവരുടെ നട്ടെല്ല് അവരുടെ മുന്പില്‍ വാഴവള്ളി പോലെ വളഞ്ഞു പോകുന്നുവെന്നതാണ് സത്യം.

ജീവന്‍രക്ഷാ മരുന്നുകള്‍ എന്നറിയപ്പെടുന്ന മിക്ക മരുന്നുകളുടെയും പുറംചട്ടയില്‍ ' വിഷം. ഡോക്ടര്‍ പറയാതെ കഴിക്കരുത്.' എന്ന മുന്നറിയിപ്പ് കാണാം.മനുഷ്യനെ പന്പര വിഡ്ഢികളാക്കുന്ന ഈ പ്രസ്താവന പിന്‍വലിക്കുകയോ, അല്ലെങ്കില്‍ അത്തരം മരുന്നുകള്‍ മാര്‍ക്കറ്റിലിറക്കാതിരിക്കുകയോ വേണം. ഡോക്ടര്‍ പറയുന്നതിന് മുന്‍പ് വിഷമായിരുന്ന ഈ രാസ വസ്തുക്കള്‍, അയാള്‍ പറഞ്ഞുകഴിഞ്ഞാല്‍ വിഷമല്ലാതായി തീരുമോ? മനുഷ്യ ശരീരത്തില്‍ വിഷം കടത്തി വിടുന്നതിന് അധികാരം ലഭിച്ച യമകണ്ടനാണ് ഡോക്ടറെങ്കില്‍ , ഈ അധികാരം അയാള്‍ക്കെവിടെ നിന്ന് ലഭിച്ചു?

അറിയുക! യാതൊരു അന്യ രാസ വസ്തുക്കളും മനുഷ്യ ശരീരത്തിന് സ്വീകരിച്ചു സൂക്ഷിക്കുവാനാകില്ല. ചെറിയ മാത്രകളോട് അത് പെട്ടന്ന് പ്രതികരിക്കുന്നില്ലന്നേയുള്ളു. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇത്തരം രാസ വിഷങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങളാണ് രോഗങ്ങള്‍.അലോപ്പതി ഇതിനെ സൈഡ് എഫക്ട് എന്ന് നിസ്സാരവല്‍ക്കരിക്കുന്നു.

ചുരുക്കി പറഞ്ഞാല്‍ കേവലമൊരു ജലദോഷത്തിനായി നിങ്ങള്‍ വിഴുങ്ങുന്ന രാസ ഗുളികകളുടെ ദീര്‍ഘകാല പരിണാമ ഫലങ്ങളിലാണ്, ഒരുപക്ഷെ കാന്‍സറും, എയിഡ്‌സും ബാധിച്ചു ഹോസ്പിറ്റല്‍ മാഫിയയുടെ സ്ഥിരം കസ്റ്റമറും, ഇരയുമായി നിങ്ങള്‍ നിങ്ങളുടെ സന്പാദ്യവും ജീവിതവും തുലച്ചു കളയുന്നത്. ഈ സത്യങ്ങള്‍ മൂടി വയ്ക്കുന്നതിനുള്ള മുടന്തന്‍ ന്യായങ്ങള്‍ ഗവേഷണ ഫലങ്ങള്‍ എന്ന പേരില്‍ ശാസ്ത്രജ്ഞരുടെ സംഘങ്ങള്‍ കാലാ കാലങ്ങളില്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നു!

രണ്ടോ മൂന്നോ ലോകത്തെ ചുട്ടു തിന്നുന്നതിനുള്ള ആറ്റം ബോംബുകള്‍ സംഭരിച്ചു വച്ച് കൊണ്ടാണ് ലോക രാഷ്ട്രങ്ങള്‍ സമാധാനപ്പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ ശക്തമായ ബോംബുകള്‍ക്കു വേണ്ടിയുള്ള അന്വേഷണവുമായി അവരുടെ ലബോറട്ടറികള്‍ സദാ ജാഗരൂകരാണ്.ഇനിയെങ്കിലും ഈ ലബോറട്ടറികള്‍ അടച്ചു പൂട്ടിക്കൂടെ? അല്ലങ്കില്‍ അണു വിസ്‌പോടനത്തിലെ ശാക്തിക സംവിധാനത്തെ നിര്‍വീര്യമാക്കുന്നതിനുള്ള പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്കായി ഈ ഗവേഷണങ്ങള്‍ ദിശ മാറ്റിക്കൂടെ? അണു വിസ്‌പോടനം സാധ്യമാണെന്ന് തെളിയിച്ചെടുത്ത ശാസ്ത്രലോകത്തിന് , അതിനെ നിര്‍വീര്യമാക്കുന്നതിനും സാധ്യമാണെന്ന് തെളിയിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള ധാര്‍മ്മിക ബാധ്യതയില്ലേ?

ശൂന്യാകാശ ഗവേഷണങ്ങള്‍ ഇന്ന് മറ്റൊരു വന്‍ ബിസിനസ്സാണ്. നാലഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്പ് കുറെ പാറക്കല്ലുകളുമായി വന്ന് ഇത് ചന്ദ്രനിലേതാണെന്ന് അവര്‍ നമ്മോടു പറഞ്ഞു. മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെ ചിന്തയുടെ വാരിയുടക്കപ്പെട്ട നമ്മള്‍ അത് വിശ്വസിച്ചു.ഇന്നും വിശ്വസിക്കുന്നു. എങ്കിലും, സാങ്കേതിക രംഗത്തെ മറ്റു ശാഖകളിലുണ്ടായ വന്‍ മുന്നേറ്റം എന്തുകൊണ്ട് ഈ രംഗത്തുണ്ടായില്ല? അറ്റ് ലാന്റിക്കിന്റെ ആഴങ്ങളില്‍ അമര്‍ന്നു കിടക്കുന്ന ടൈറ്റാനിക്കിലേക്കു വരെ പിക്‌നിക്കുകള്‍ സംഘടിപ്പിക്കുന്ന അടിപൊളിക്കാര്‍ക്ക് എന്തുകൊണ്ട് ചാന്ദ്ര പിക്‌നിക്കുകള്‍ സാധ്യമായില്ല? അതിനുള്ള വാഹനങ്ങളും, സംവിധാനങ്ങളും എന്തുകൊണ്ട് നിലവില്‍ വന്നില്ല? ഇവിടെ തലപൊക്കുന്ന ഒരു സാരമായ സംശയം ആ പാറകള്‍ ചന്ദ്രനിലേതു തന്നെ ആയിരുന്നുവോ എന്നതാണ്.?

ചാന്ദ്ര ഗവേഷണങ്ങളുടെ പേരില്‍ വികസിപ്പിച്ചെടുത്ത വന്‍ റോക്കറ്റുകള്‍ ഇന്ന് സൈനിക യുദ്ധ രംഗങ്ങളിലെ അമൂല്യ നേട്ടങ്ങളായി പരിണമിച്ചത് നമ്മളറിഞ്ഞില്ല.ഭൂലോകത്തിന്‍റെ യാതൊരു ഭാഗത്തുമുള്ള ഏതൊരാളുടെയും നെഞ്ചിന്‍കൂട് തകര്‍ക്കാന്‍ മാത്രം ഉന്നം തെറ്റാത്ത മിസൈലുകള്‍ രൂപം കൊണ്ടത് ഈ ചാന്ദ്ര ഗവേഷണങ്ങളുടെ സൈഡ് എഫക്ട് ആയിരുന്നുവെന്നത് ഇന്നും രഹസ്യം!

ആധുനിക ലോകത്തിന്റെ പേടിസ്വപ്നമായ രാസ ജൈവായുധങ്ങള്‍ വികസിപ്പിച്ചെടുത്ത ലബോറട്ടറികള്‍ക്ക് അവക്കുള്ള മറുമരുന്ന് എന്താണെന്ന് ഇന്നുമറിയില്ല. കൂടുതല്‍ മാരകമായത് കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളില്‍ അവ ഉറക്കമിളച്ചു കൊണ്ടിരിക്കുകയാണ്.

ഏതൊരു തൊഴിലും ഇന്ന് ധന സമ്പാദനത്തിനുള്ള ഉപാധി മാത്രമാണ്. ഇതിനപ്പുറം, ഏതൊരുവന്റെ ഏതൊരു പ്രവര്‍ത്തിയും അയാളൊഴികെയുള്ള ലോകത്തെ പ്രത്യക്ഷമായോ, പരോക്ഷമായോ ബാധിക്കുന്നുണ്ട് എന്നതിനാല്‍, തന്റെ പ്രവര്‍ത്തികള്‍ മറ്റൊരുവനെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ലന്നു ഓരോരുത്തരും പരമാവധി ഉറപ്പു വരുത്തേണ്ടതുണ്ട്. ഫലേശ്ചയില്ലാതെ കര്‍മ്മം ചെയ്യണമെന്ന് ഉപദേശിക്കുന്ന ഗീതയും, നിന്നെപ്പോലെത്തന്നെ അപരനെ കരുതണമെന്ന് പഠിപ്പിക്കുന്ന ബൈബിളും, സ്വയം നഷ്ട്ടപ്പെട്ടു കൊണ്ടും ലോകത്തെ കരുതുന്ന മനുഷ്യനെയാണ് വരച്ചു കാട്ടുന്നത്.

ധന സന്പാദനത്തിനുള്ള ഓട്ടപ്പന്തയത്തില്‍ വിറളി പിടിച്ചോടുന്ന ലോകം ഇതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. ധാര്‍മ്മികമായ ഒരടിത്തറയില്‍ പണിതുയര്‍ത്തപ്പെടേണ്ട മഹത്തായ ഒരു സൗധമാണ് മനുഷ്യവര്‍ഗ്ഗം എന്ന് ഇന്നാരും ചിന്തിക്കുന്നില്ല. തങ്ങള്‍ക്കാവും വിധം തങ്ങള്‍ക്കു വേണ്ടി മാത്രമായി പണിയുന്ന ഇന്നത്തെ സൗധങ്ങള്‍ കാലാന്തരത്തില്‍ കല്ല് കല്ലിന്മേല്‍ ശേഷിക്കാതെ തകര്‍ന്നു വീഴാനിടയുണ്ട്.അന്ന് ദുഃഖിക്കാതിരിക്കണമെങ്കില്‍ ഇപ്പഴേ ശ്രദ്ധിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന് വലിയ പങ്കുണ്ട്.കാരണം, ശാസ്ത്രത്തിന്റെ കാഴ്ച്ചക്കണ്ണിലൂടെയാവും നാളത്തെ ലോകം വളര്‍ന്ന് വികാസം പ്രാപിക്കുവാന്‍ പോകുന്നത്. ഏതൊരു നേട്ടങ്ങളുടെയും, കണ്ടുപിടുത്തങ്ങളുടെയും ഭോക്താവ് നെഞ്ചിന്‍ കൂടിലെ കുഞ്ഞു കിളിയുമായി നടക്കുന്ന ഈ പാവം മനുഷ്യനാണെന്ന് ഓര്‍മ്മ വേണം. അതിനെ കശക്കിയെറിയുന്ന യാതൊന്നും ഏതൊരു വാദഗതിയുടെ പേരിലായാലും പരിഗണന അര്‍ഹിക്കുന്നേയില്ല.

ലോഗോ ബില്‍ഡിങ് ബ്ലോക്കുകള്‍ കൊണ്ട് കളിക്കാന്‍ അനുവദിക്കപ്പെട്ട ഒരു കുട്ടിയുടെ സൃഷ്ടികള്‍ പോലെയാണ് ശാസ്ത്ര നേട്ടങ്ങള്‍.ഈ ബ്ലോക്കുകള്‍ സ്ഥാനത്തും, അസ്ഥാനത്തും അടുക്കി പല രൂപങ്ങളും കുട്ടി ഉണ്ടാക്കുന്നു. വസ്തുക്കള്‍ ഘടിച്ചും, വിഘടിച്ചും നിലനില്‍ക്കുന്ന അവസ്ഥയാണ് പ്രപഞ്ചം. ബുദ്ധി വികാസം പ്രാപിച്ച മനുഷ്യന്‍ ഈ വസ്തുക്കളെ വീണ്ടും ഘടിപ്പിക്കുകയും, വിഘടിപ്പിക്കുകയും ചെയ്യുന്‌പോള്‍ ഉണ്ടാവുന്ന ഫലങ്ങളാണ് ശാസ്ത്ര നേട്ടങ്ങളും, കോട്ടങ്ങളും. സോഡിയം നൈട്രേറ്റ് അതിന്റെ മൂല രൂപത്തില്‍ നിരുപദ്രവിയാണ്.വെടിക്കെട്ടുകാരന്‍ കരിയുമായി കൂട്ടിച്ചേര്‍ത്തു പരുവപ്പെടുത്തുന്‌പോള്‍ അത് പാറകള്‍ പിളര്‍ക്കുന്നതിനുള്ള വെടി മരുന്നായും, മാനത്തു പൂത്തിരി വിടര്‍ത്തുന്ന അമിട്ടുകളായും രൂപം മാറുന്നു!

മനുഷ്യനന്മ്മക്ക് ഉതകുന്നതെന്തും കാലത്തെ അതിജീവിച്ചു നിലനില്‍ക്കുന്ന ക്ലാസ്സിക്കുകളാവുന്നു. കപട വേഷക്കാരും കള്ളപ്രവാചകന്മാരും കാലാന്തരത്തിന്‍ വീണടിയുന്നു. എങ്കില്‍പ്പോലും തങ്ങളുടെ വികല ചിന്തകള്‍ കൊണ്ടും, വികട സൃഷ്ടികള്‍ കൊണ്ടും താനൊഴികെയുള്ള മുഴുവന്‍ ലോകത്തെയും ദുഃഖിപ്പിക്കുവാന്‍ ചിലര്‍ക്കെങ്കിലും സാധിക്കുന്നു.

ശാസ്ത്രത്തിന്റെ സാദ്ധ്യതകള്‍ വലുതാണ്. അത് മനുഷ്യ നന്മയില്‍ അധിഷ്ഠിതമായ നിര്‍മ്മാണ സ്രോതസ്സാവണം. തന്റെ നേട്ടങ്ങള്‍ക്കു വേണ്ടി താനൊഴുകിയുള്ള ലോകത്തെ തച്ചുടക്കുന്ന ഏതൊരു വ്യക്തിയും, ബാമൂഹവും, ഭരണകൂടവും സാത്താന്റെ സന്തതികളാകുന്നു!

അജ്ഞേയങ്ങളും, അനിഷേദ്ധ്യങ്ങളുമായ ആയിരമായിരം സാദ്ധ്യതകളിലൂടെ അത്യത്ഭുതകരമായി നില നില്‍ക്കുന്ന ഈ ഹരിത ഭൂമിയില്‍ , കേവലമായ മനുഷ്യായുസിന്റെ അര നാഴിക നേരം ആടിത്തീര്‍ക്കാനെത്തിയ നമ്മള്‍, സഹ ജീവികളുടെ സാന്ത്വനത്തിനുള്ള സമര്‍പ്പണമായി സ്വയം ആയിത്തീരുന്നില്ലങ്കില്‍, വിശേഷബുദ്ധിയുടെ വിലപ്പെട്ട വിളക്ക് നമ്മില്‍ കൊളുത്തി വച്ച് പോയതിന്റെ പേരില്‍ ദൈവത്തിനു പോലും നാളെ ദുഃഖിക്കേണ്ടതായി വരും? ശരിയല്ലേ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക