Image

എങ്ങും സംഗീതം (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 05 May, 2017
എങ്ങും സംഗീതം (മീട്ടു റഹ്മത്ത് കലാം)
'കാതുകളെ തലോടുന്ന ശബ്ദങ്ങള്‍, മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന വികാരങ്ങളെ തട്ടിയുണര്‍ത്തുന്നു എങ്കില്‍ തിരിച്ചറിയാം കേട്ടത് സംഗീതമാണെന്ന്.' ജര്‍മ്മന്‍ സംഗീതജ്ഞനായ ബീഥോവന്റെ ഈ വാക്കുകളില്‍ സംഗീതത്തിന്റെ ആര്‍ത്ഥതലം വ്യക്തമാകും.

അമ്മയുടെ ഉദരത്തില്‍ കിടക്കുന്നതു മുതല്‍ ഒരു കുഞ്ഞ്, സംഗീതത്തിന്റെ വശ്യതയില്‍ ഭ്രമിക്കുന്നുണ്ട്. താരാട്ടിലൂടെയും കളികളിലൂടെയും പ്രണയത്തിലൂടെയും പിണക്കങ്ങളിലൂടെയും പല വികാരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീതം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വയം അറിയാതെ തഴുകി കടന്നുപോകും.

ശബ്ദങ്ങള്‍ ഉപയോഗിച്ച് ഇരകളെ ആകര്‍ഷിക്കാനും ആശയവിനിമയം നടത്താനും ആദിമമനുഷ്യര്‍ക്ക് കഴിഞ്ഞിരുന്നു എന്നത് ഈ കലയ്ക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ടെന്ന് അടിവരയിടുന്നു. വിരസത അകറ്റാനും ഉന്മേഷം പകരനാനും കഴിയുന്നുതോടൊപ്പം  ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്ന തരത്തിലും വളര്‍ന്ന അപൂര്‍വ്വ കലയാണത്.

ജീവിതത്തെ കൂടുതല്‍ ഹൃദ്യമാക്കുന്ന താക്കോലാണ് സംഗീത. കളഞ്ഞുകിട്ടില്ലെന്ന തിരിച്ചറിവോടെ അതിനെ തേടിപ്പിടിക്കുന്നിടത്ത് യാത്ര മറ്റൊരു ദിശയിലേയ്ക്ക് തിരിയും. അത്തരത്തില്‍, പ്രപഞ്ചോല്‍പ്പത്തി മുതല്‍ ശബ്ദങ്ങളെ ശ്രദ്ധയോടെ ശ്രവിച്ചവരാണ് സംഗീതശാഖ ചിട്ടപ്പെടുത്തിയത്. വീശുന്ന കാറ്റിലും ഒഴുകുന്ന പുഴയിലും തിമിര്‍ത്തു പെയ്യുന്ന മഴയിലും ചിലയ്ക്കുന്ന പക്ഷികളില്‍പ്പോലും അവര്‍ സംഗീത കണ്ടെത്തി സ്വര്‍ഗ്ഗത്തെയും ഭൂമിയെയും ഏകോപിപ്പിക്കുന്ന മറ്റൊരു കലയില്ലെന്ന് നിസ്സംശയം പറയാം.

സംഗീതത്തിനു ഭാഷയും മതവുമില്ലെങ്കിലും മതങ്ങളുടെ സാഹിത്യത്തിന്റെയും നിലനില്‍പില്‍ അറിയാതെ എങ്കിലും സംഗീതത്തിന്റെ സ്വാധീനം വന്നുപോയിട്ടുണ്ടെന്നതാണ് സത്യം. ഈണത്തില്‍ ചൊല്ലി പഠിക്കുന്നത് ഹൃദയത്തില്‍ പതിയും എന്നതു കൊണ്ടാകാം ഗദ്യരൂപത്തിനു പകരം പ്രാര്‍ത്ഥനയില്‍ സംഗീതത്തിന്റെ തേന്‍ ചാലിച്ചത്. കേള്‍ക്കുന്ന ദൈവത്തിന് പ്രീതി തോന്നുന്ന മാസ്മരികതയും പ്രാര്‍ത്ഥനാഗീതങ്ങളിലുണ്ട്.

ഹിന്ദുമതപ്രകാരം ബ്രഹ്മാവ് സൃഷ്ടിച്ചതാണ് സംഗീതം. നാദബ്രഹ്മം അഥവാ ഓങ്കാരം ശബ്ദങ്ങളുടെ കേന്ദ്രബിന്ദുവായി കണക്കാക്കപ്പെടുന്നു. ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങവേ 'റസൂല്‍ പൂക്കുട്ടി' നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ നിന്നു വരുന്നു എന്നതിന് ഓങ്കാരത്തിന്റെ നാട്ടില്‍ നിന്ന് വരുന്നു എന്ന് പറഞ്ഞ അഭിമാനത്തില്‍ നിന്ന് ഭാരതീയന്റെ മതാതീത പൈതൃകം പ്രകടമാണ്.

ആദിയില്‍ വചനമുണ്ടായി, വചനം ദൈവമാണ്' എന്ന് ബൈബിള്‍ വാക്യവും ഇവിടെ ഓര്‍മ്മിക്കാം. സംഗീതത്തിലെ ദൈവീകത നിറയുന്ന മറ്റൊരു സന്ദര്‍ഭം കൂടിയുണ്ട്. സിനായ് പര്‍വ്വതനിരയില്‍ നിന്ന്  മോശ(Moses അഥവാ Musa)  കേട്ട ശബ്ദം ദൈവത്തിന്റംതാണെന്നും, ആ ദിവ്യശബ്ദത്തെ 'മ്യൂസ കേ' എന്ന് വിളിച്ചിരുന്നതില്‍ നിന്നാണ് 'മ്യൂസിക്' എന്ന നാമദേയം ഉണ്ടായതെന്നുമുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം സംഗീതത്തിന്റെ ദൈവികത ഊട്ടിയുറപ്പിക്കുന്നു. സംഗീതത്തോളം ആത്മാവിനെ തൊട്ടുണര്‍ത്താന്‍  കഴിയുന്നതൊന്നും പ്രപഞ്ചത്തിലില്ലെന്ന സൂഫിവര്യന്മാരുടെ അഭിപ്രായം ഇസ്ലാമിക ചികിത്സയായ യുനാനിയിലും ആയുര്‍വേദത്തിലും പ്രയോജനപ്പെടുത്തിയതോടൊപ്പം  ഇന്ന് വികസിച്ചുകൊണ്ടിരിക്കുന്ന  'Music Therapy' യും സമീപഭാവിയില്‍ അനന്തസാധ്യതകളുള്ളതായി വിദഗ്ദ്ധര്‍ പറയുന്നത് ഏറെ പ്രതീക്ഷ ഉളവാക്കുന്നു.
കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ചേര്‍ന്ന് സമ്പന്നമാണ് ഇന്ത്യന്‍ സംഗീതശാഖ ഇവ രണ്ടിന്റെയും അടിസ്ഥാനം രാഗവും താളവുമാണ്. കര്‍ണ്ണാടക സംഗീകത്തിന്റെ പിതാവ് പുരന്ദരദാസനാണെന്നും മൂവായിരം വര്‍ഷത്തെ പഴക്കമുള്ള ഈ ശാഖ വേദകാലം മുതല്‍ പ്രചാരത്തിലുണ്ട്. പതിമൂന്ന്-പതിന്നാലാം നൂറ്റാണ്ടുകളില്‍ വടക്കേ ഇന്ത്യയിലെ രാജസദസ്സുകളിലാണ് ഹിന്ദുസ്ഥാനി സംഗീതം പുഷ്ടിപ്പെട്ടത്.

അറബ് സംഗീതശാഖയായ 'മഖാം' ഇതിനോട് ചേര്‍ന്നൊഴുകുന്ന കൈവഴിയാണ്. ആഗോളവല്‍ക്കരണത്തിലൂടെയും പശ്ചാത്യ നാടുകളിലേയ്ക്കുള്ള പലായനത്തിലൂടെയും 'വെസ്റ്റേണ്‍ മ്യൂസിക്' നമ്മുടെ മണ്ണിലും വേരുറപ്പിച്ചു എഴുപതുകളിലെ ഡിസ്‌കോയില്‍ നിന്ന് റാപ്പും ജാസും റോക്കുമായി പരിണമിച്ച സംഗീതശാഖയെ ദേശി സംഗീതത്തെക്കാള്‍ സ്വീകാര്യമാക്കുന്നത് അത് അനുവദിക്കുന്ന സ്വാതന്ത്ര്യം കൊണ്ടാണെന്നാണ് ആസ്വാദകപക്ഷം. രാഗതാളങ്ങളുടെ ചട്ടക്കൂട്ടില്‍ നില്‍ക്കാതെ വികാരവിചാരങ്ങള്‍ക്ക് ഊന്നല്‍കൊടുക്കുന്നത് പുതുതലമുറയെ വെസ്റ്റേണ്‍ മ്യൂസിക്കിലേയ്ക്ക് ആകര്‍ഷിക്കുന്നു.

വടക്കന്‍പാട്ടിന്റെ ഈണങ്ങളും മാപ്പിളപ്പാട്ടിന്റെ ശീലുകളും കൈകൊട്ടിക്കളിയുടെ ഒഴുക്കും വിസ്മൃതിയില്‍ മറഞ്ഞതുപോലെ ദേശി സംഗീതം വരും തലമുറയ്ക്ക് അന്യമാകരുത്. എല്ലാത്തരം സംഗീതവും ആസ്വദിക്കുമ്പോഴും സ്വന്തം പൈതൃകം വേരറ്റുപോകാതെ കാക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്തരാണ്.

എങ്ങും സംഗീതം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
Ninan Mathulla 2017-05-07 08:42:04
Good article. The sound 'Ohm' of Hinduism and 'O' to praise the Lord in English must have derived from the same source as the ancient ancestors of both English speaking people and the Aryans that came to India from the Middle East are the same- Abraham of Bible.
വിദ്യാധരൻ 2017-05-08 08:17:40

ഓം എന്ന അക്ഷരം എങ്ങനെ, എന്ന്‌ ഉണ്ടായി എന്ന്‌ വ്യക്‌തമായി പറയുവാനാകില്ല. സകല വേദങ്ങളിലും ഓം എന്ന അക്ഷരം വരുന്നുണ്ടെന്നതിനാൽ ഇതിന്‌ വേദത്തോളം, അല്ലെങ്കിൽ അതിലും കൂടുതൽ പഴക്കമുണ്ടെന്നും ഇതിന് വേദങ്ങളോളം പ്രസക്തിയുണ്ടെന്നും കരുതപ്പെടുന്നു.
അതിഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. വേദം എന്ന വാക്കിനർത്ഥം അറിവ്‌ എന്നാകുന്നു. ഇപ്പറഞ്ഞ എല്ലാ അറിവും ഓം എന്ന അക്ഷരത്തിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഓം എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ്‌ വേദമുണ്ടായത്‌ എന്നു പറയുന്നതിലും തെറ്റില്ല. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങയിരുക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ടു. ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതി (നിഷ്കൃഷ്ടമായ ജ്ഞാനം) യേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സ്രുഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.

അക്ഷരം എന്ന വാക്കിനർത്ഥം നാശമില്ലാത്തത്‌ എന്നാണ്‌. ആദ്യ അക്ഷരമായ അ തൊണ്ടയിൽ നിന്നും ഉത്ഭവിക്കുന്നു. ഉ എന്ന അക്ഷരം വായുടെ മദ്ധ്യഭാഗത്തുനിന്നും വരുന്നു. മ എന്ന അക്ഷരമാകട്ടെ, വായയുടെ ഏറ്റവും പുറമെ അധരപുടത്തിൽ നിന്നും ഊർന്നുവീഴുന്നു. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം. ആദ്യവും മദ്ധ്യവും അന്ത്യവും പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളെ ചേർത്തെഴുതിയതിനാൽ മറ്റെല്ലാ അക്ഷരങ്ങളും സ്വഭാവികമായും ഇതിലടങ്ങുന്നു എന്നു താൽപര്യം. ആയതിനാൽ സർവ അക്ഷരങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഏകാക്ഷരവും ഓം ആകുന്നു.

ഓംകാരം എന്ന ഏകാക്ഷരദീർഘപ്രണവമന്ത്രത്തെ എട്ട് തരത്തിൽ തരംതിരിക്കുന്നു.’അ’കാര+‘ഉ’കാര+‘മ’കാര+നാദ+ശബ്ദം+ബിന്ദു+കാലം+കല എന്നിങ്ങനെ. പ്രണവം ഉച്ചരിക്കുന്നതിന് ഗുരുമുഖത്തു നിന്നും പഠിക്കേണ്ടതുണ്ട്. എണ്ണ ധാരയായി ഒഴിക്കുമ്പോൾ, ചിതറാത്തത് പോലെയും,ദീർഘമായ ഘണശബ്ദം പോലെയുമാണ് പ്രണവം ഉച്ചരിക്കേണ്ടത് എന്നു വേദവിശാരദന്മാർ പറയുന്നു. പ്രണവത്തെ ‘സർവ്വമന്ത്രാദി സേവ്യാ’ എന്നു വിശേഷിക്കുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക