Image

പ്രാചീന കേരളത്തിലെ ആട്ടവും കൂത്തും കഥകളിയും, ചരിത്രം (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 04 May, 2017
പ്രാചീന കേരളത്തിലെ ആട്ടവും കൂത്തും കഥകളിയും, ചരിത്രം (ജോസഫ് പടന്നമാക്കല്‍)
പൗരാണിക കലാമൂല്യങ്ങളും സാംസ്‌ക്കാരിക ചരിത്ര വസ്തുതകളും സൂക്ഷിക്കുന്ന കാര്യത്തില്‍ പണ്ടു കാലത്തു ജീവിച്ചിരുന്ന കേരളീയര്‍ ഒരിക്കലും ശ്രദ്ധപതിപ്പിച്ചിരുന്നില്ല. കേരളത്തിലെ നാട്യകലകളുടെ ഉത്ഭവത്തെപ്പറ്റി വ്യക്തമായ ഒരു കാഴ്ചപ്പാട് ചരിത്ര ഗവേഷകര്‍ക്കുമില്ല. ഇവിടെ കലയുടെയും സാംസ്‌ക്കാരികതയുടെയും ചരിത്രം കൂടുതലായും രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായ രേഖകളില്ലാതെ വെറും ഉഹോപാഹങ്ങളുടെ അടിസ്ഥാനത്തിലാണ്. പരിശുരാമന്‍ കേരളം സൃഷ്ടിച്ചെന്നും മഹാബലി കേരളം ഭരിച്ചെന്നും തോമ്മാശ്ലീഹാ കേരളത്തില്‍ ക്രിസ്തുമതം സ്ഥാപിച്ചെന്നുമുള്ള വസ്തുതകളെല്ലാം വെറും ഐതിഹാസിക കഥകളാണ്. ചിലര്‍ അതെല്ലാം ചരിത്രങ്ങളായും കൊട്ടിഘോഷിക്കുന്നു.

ചാക്യാര്‍ കൂത്ത്, നങ്ങിയാര്‍ കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍, ഭരതനാട്യം മുതലായവകള്‍ ക്ലാസ്സിക്കല്‍ കേരളത്തിന്റെ നാടകീയ കലകളാണ്. രാജാക്കന്മാര്‍ ഭരിച്ചിരുന്ന പ്രദേശങ്ങളായിരുന്നെങ്കിലും ഇത്തരം നാട്യകലകളും കഥകളും നമ്പൂതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു. പുരാണത്തിലെയും ഇതിഹാസങ്ങളിലെയും പ്രതീകാത്മകമായ കഥകള്‍ സംഗീത രൂപത്തില്‍ ബ്രാഹ്മണര്‍ അല്ലെങ്കില്‍ നമ്പൂതിരിമാര്‍ ഹൃദ്യസ്ഥമാക്കിയിരുന്നു. പിന്നീട് യാതൊരു മാറ്റങ്ങളുമില്ലാതെ അടുത്ത തലമുറകളെയും അതേ ശ്ലോകങ്ങള്‍ ഉരുവിട്ടുകൊണ്ടു പഠിപ്പിച്ചുകൊണ്ടിരുന്നു. ബ്രാഹ്മണര്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി എവിടെയെല്ലാം ഊരുചുറ്റുന്നുവോ അവിടെയെല്ലാം പുരാണ കഥകളും  കവിതകളും കുടുംബ സ്വത്തുപോലെ കൂടെ കൊണ്ടുപോവുമായിരുന്നു. മറ്റുള്ളവരെ കലകള്‍ അഭ്യസിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. 

ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തിലെ ഒരു ഋഷിവര്യനായ 'ഭരത മുനി' നാട്യ ശാസ്ത്രം എഴുതിയെന്നു വിശ്വസിക്കുന്നു. പുരാണ ഗ്രന്ഥങ്ങളില്‍ ഒന്നായ നാട്യ ശാസ്ത്രത്തില്‍ അഭിനയ കലയുടെ ശാസ്ത്രീയ വശങ്ങള്‍ സവിസ്തരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൃത്തവും സംഗീതവുമടങ്ങിയ പരമ്പരാഗത കലകളെപ്പറ്റിയും അഭിനയ കല, വേഷ ഭൂഷാദികള്‍ ഇത്യാദി വിഷയങ്ങളെപറ്റിയും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്. ഭാരതത്തിന്റെ പ്രാചീന കോവിലുകളിലും കോട്ടകളിലും കൊത്തളങ്ങളിലും ദേവി ദേവന്മാരുടെ രൂപങ്ങളില്‍ കഥകളിയും, നാട്യ നൃത്തങ്ങളും വേഷവിധാനങ്ങളും കൊത്തിവെച്ചിരിക്കുന്നത് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകകരവുമാണ്.
നാട്യകലകളില്‍ 'കൂത്ത്' ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട സമൂഹം മാത്രം അമ്പലങ്ങളിലെ ഉത്സവങ്ങളില്‍ അവതരിപ്പിച്ചിരുന്നു. ഈ കലയ്ക്ക് രണ്ടായിരത്തില്‍പ്പരം വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ടെന്നും അവകാശപ്പെടുന്നു. കൈകള്‍ കൊണ്ടുള്ള ആംഗ്യഭാഷകളും കഥയില്‍ അവതരിപ്പിക്കുന്നു. കൂത്തുകലകള്‍ ചാക്യാര്‍ സമൂഹത്തിന്റെ കുത്തകയായിരുന്നു. ഹിന്ദു പുരാണങ്ങളില്‍ നിന്നുമുള്ള കഥകള്‍ സമാഹരിച്ച് നര്‍മ്മോക്തിയും രസികത്വവും കലര്‍ത്തി കഥയോടൊപ്പം അവതരിപ്പിക്കും. രാഷ്ട്രീയ ചിന്താഗതികളും അനീതികളുമെല്ലാം കൂത്തിലെ അവതരണത്തോടൊപ്പം ഉണ്ടായിരിക്കും. കഥ പറയുന്നയാള്‍ ചാക്യാര്‍ ആയിരിക്കും. വളരെയധികം പവിത്രമായി കരുതുന്ന കഥകള്‍ നൂറ്റാണ്ടുകളോളം അമ്പലത്തിനുള്ളില്‍ തന്നെ മുദ്ര വെച്ച് സൂക്ഷിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ നാടക രൂപേണയാണ്, ഈ കല അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് നൃത്തവും അതോടൊപ്പം ചേര്‍ക്കപ്പെട്ടു.

കൂത്ത് സാധാരണ ഒറ്റയാള്‍ നടത്തുന്ന കലാ രൂപമാണ്. പലരുകൂടി കൂട്ടമായി ഒന്നിച്ചു നൃത്തം ചെയ്തു കളിക്കുന്നതിനെ 'കൂടിയാട്ടം' എന്ന് പറയുന്നു. കൂടിയാട്ടം ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന നാട്യ കലയെന്നും വിശ്വസിക്കുന്നു. അമ്പലത്തിലെ ആചാര പൂജാദികള്‍, നൃത്തത്തോടൊപ്പം സംസ്‌കൃത ശ്ലോകങ്ങളില്‍  ഉരുവിടുന്നു. ഉപകരണങ്ങള്‍ വായിക്കുന്നവരും ചെണ്ട അടിക്കുന്നവരും താളത്തിനൊപ്പം പാടുന്നു. കഥ പറയുന്ന സമയത്ത് കൂത്തുകാരന്‍ വൈകാരിക ഭാവങ്ങള്‍ മുഖത്ത് പ്രകടമാക്കുന്നു. കൈകള്‍ കൊണ്ടുള്ള ആംഗ്യ ഭാഷയായ മുദ്രകളും അവതരിപ്പിക്കുന്നു. ഓരോ ആംഗ്യ മുദ്രകള്‍ക്കും പ്രത്യേകമായ അര്‍ത്ഥവും കല്പിച്ചിട്ടുണ്ട്.

അമ്പല പുരോഹിതരുടെയിടയില്‍ മുദ്ര ഭാഷകള്‍ ഏകദേശം ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയെന്നും കരുതുന്നു. മുദ്രകള്‍ ബ്രാഹ്മണര്‍ക്ക് വേദങ്ങളും പുരാണങ്ങളും അവതരിപ്പിക്കാനുള്ള  ഒരു കോഡ് ഭാഷയായി ഉപയോഗിച്ചിരുന്നു. വേദങ്ങള്‍ മുദ്രകളായി അവതരിപ്പിക്കുമ്പോള്‍ വര്‍ണ്ണാശ്രമ ധര്‍മ്മത്തിലെ താണ ജാതികള്‍ക്ക് കഥയുടെ സത്ത മനസിലാക്കാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് മുദ്രകള്‍ പൂജകളുടെ ഭാഗമായി. പൂജാ മുദ്രകളില്‍ ശ്രോതാക്കളോ, കാണികളോ സദസോ ആവശ്യമില്ല. പുരോഹിതരുടെ മാത്രം ഒരു പ്രത്യേക തരം ഭാഷയായിരുന്നു. മുദ്രകള്‍ നാടകത്തിന്റെ ഭാഗമായും ദൈവിക ഭാഷയായും പരിവര്‍ത്തനപ്പെട്ടു. കാലത്തിന്റെ പ്രയാണത്തില്‍ നാട്യകലകളിലെ രൂപത്തിനും ഭാവത്തിനും സാമൂഹിക ചിന്താഗതികളോടൊപ്പം മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തിന്റെ തെക്കുള്ള രാജ്യത്തിലെ കൊട്ടാരക്കര രാജാവ് കൃഷ്ണനാട്ടം കലകളില്‍ താല്പര്യപ്പെട്ടിരുന്നു. അദ്ദേഹം കൃഷ്ണ നാട്ടം അവതരിപ്പിക്കുന്ന കലാകാരന്മാരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. രാജാവ് ശ്രീ രാമന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ആട്ടക്കാര്‍ക്കു വേണ്ടി എട്ടു കഥകള്‍കൂടി എഴുതിയുണ്ടാക്കി. അന്നുമുതല്‍ ഈ ആട്ടത്തിനു രാമനാട്ടം എന്ന് പേരിട്ടു. പിന്നീട് എഴുത്തുകാര്‍ രാമായണത്തിലും മഹാഭാരതത്തിലുമുള്ള മറ്റു കഥാപാത്രങ്ങളെ സംബന്ധിച്ചും ആട്ടത്തിനായി കഥകളെഴുതാന്‍ തുടങ്ങി. ആട്ടക്കഥകള്‍ക്ക് രാമനാട്ടമെന്ന കഥ യോജിച്ചതല്ലെന്ന് മനസിലാക്കി. പുതിയതായി എഴുതിയുണ്ടാക്കുന്ന കഥകളുടെ അടിസ്ഥാനത്തില്‍ ആട്ടങ്ങളെ പൊതുവായി കഥകളിയെന്നു അറിയപ്പെടാന്‍ തുടങ്ങി. അങ്ങനെയാണ് കഥകളിയെന്ന നാട്യ കലയുടെ തുടക്കം.

ഭാരതത്തില്‍ ഇസ്‌ലാമിക ആക്രമണശേഷം ഭക്തി മാര്‍ഗ ചിന്തകള്‍ ഹൈന്ദവരുടെയിടയില്‍ വളരാന്‍ തുടങ്ങി. ശ്രീ കൃഷ്ണ ഭക്തനായ കവി ജയദേവനാണ് ഭക്ത ഗാനങ്ങളില്‍ക്കൂടി അത്തരം ഒരു നീക്കത്തിന് തുടക്കമിട്ടത്. കൃഷ്ണ ഭഗവാന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം എട്ടു കവിതകള്‍ രചിച്ചു. ആ കവിതാ സമാഹാരത്തെ 'ഗീത ഗോവിന്ദം' എന്ന് പറയുന്നു. കൃഷ്ണ ഭഗവാനോടുള്ള ഭക്തിസഹജമായ ഈ കവിതകളാണ് വാസ്തവത്തില്‍ ഭാരതീയ കലകളുടെ വളര്‍ച്ചയ്ക്ക് നിദാനമായത്. വടക്കേ ഇന്ത്യയില്‍, ജയദേവനും ഭാര്യ പത്മാവതിയും 'ഗീത ഗോവിന്ദം' കവിതകള്‍ ചൊല്ലിയും നാടകം അഭിനയിച്ചും ഭക്തരുടെയിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ജയദേവന്റെ ഗീത ഗോവിന്ദം ശ്രവിക്കാന്‍ തടിച്ചുകൂടിയിരുന്നു. ഭക്തജനങ്ങളില്‍ എഴുത്തുകാരും സംഗീത രചയിതാക്കളും സംഗീത അവതാരകരുമുണ്ടായിരുന്നു. അവര്‍ ഗീത ഗോവിന്ദത്തിലെ പാട്ടുകളും ക്ലാസിക്കല്‍ ഡാന്‍സുകളും നാടകങ്ങളും അവരുടെ നാടുകളിലും മറുനാടുകളിലും  അവതരിപ്പിച്ചിരുന്നു. 
അഷ്ടിപടിയാട്ടം (അവെശേുമറശ മേേമാ) എന്ന പേരില്‍ കേരളത്തിലും 'ഗീത ഗോവിന്ദം' പ്രചാരത്തിലായിരുന്നു. ആദ്യകാല അവതാരകര്‍ കൈകള്‍ കൊണ്ടുള്ള മുദ്രകള്‍ ആംഗ്യഭാഷകളില്‍ സദസ്യരുടെയിടയില്‍ അവതരിപ്പിച്ചിരുന്നു. മുഖത്തുള്ള ഭാവാദികള്‍, സംസാരിക്കാതെയുള്ള ശരീര ഭാഷകള്‍ എന്നിവകള്‍ ഈ കലയുടെ പ്രത്യേകതയായിരുന്നു. ശ്രീ കൃഷ്ണന്റെയും മറ്റു കഥാ പാത്രങ്ങളുടെയും കഥകള്‍ പറയാനായി സംഗീതജ്ഞരും ഭാഗവതര്‍മാരും ഉണ്ടായിരുന്നു. ജയദേവന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരികളില്‍ അദ്ദേഹം സ്‌റ്റേജിന്റെ പുറകില്‍ നിന്ന് പാടുമായിരുന്നു. അത് സംഗീത കലാ നാട്യത്തിന്റെ വിപ്‌ളവകരമായ ഒരു തുടക്കവുമായിരുന്നു. കൂടാതെ കഥകള്‍ പറയുകയും ആംഗ്യഭാഷയില്‍ക്കൂടി അഭിനയിച്ചു കാണിക്കുകയും ചെയ്യുമായിരുന്നു.
കൃഷ്ണ ഭക്തനായിരുന്ന തുഞ്ചത്ത് രാമാനുജ എഴുത്തച്ഛന്‍ മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നു. ശ്രീ രാമ കഥയായ രാമായണം മലയാളത്തിലേയ്ക്ക് തര്‍ജ്ജിമ ചെയ്തത് അദ്ദേഹമാണ്. മലയാളഭാഷയ്ക്ക് അക്ഷരമാലയുണ്ടാക്കിയതും എഴുത്തച്ഛന്‍ തന്നെ. അങ്ങനെ അറിവിന്റെ ലോകം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലും സാധാരണക്കാരെ പഠിപ്പിക്കുന്നതിലും എഴുത്തച്ഛന്‍ ഒരു നിമിത്തമായി സംഭവിച്ചു. അതിനു മുമ്പ് രാമായണം എഴുതിയിരുന്നത് സംസ്‌കൃതത്തിലായിരുന്നു. അത് നമ്പൂതിരി പണ്ഡിതരുടെ കൈവശം മാത്രമേയുണ്ടായിരുന്നുള്ളൂ. സാധാരണക്കാരായവരെ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ അനുവദിച്ചിരുന്നില്ല. മറ്റൊരു കവിയായ പൂന്താനം നമ്പൂതിരി ശ്രീ കൃഷ്ണനെപ്പറ്റിയുള്ള ഗീതങ്ങള്‍ രചിച്ചിരുന്നു. ഈ രണ്ടു കവികളെയും മറ്റു പണ്ഡിതരെയും ജയദേവന്റെ കലകള്‍ ആകര്‍ഷിക്കുന്നുമുണ്ടായിരുന്നു.

ജയദേവന്‍ കേരള ജനതയിലും അവരുടെ ആദ്ധ്യാത്മിക ജീവിതത്തിലും പ്രകാശം പരത്തിക്കൊണ്ടിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു വായിക്കാനും എഴുതാനും മനസിലാക്കാനും സാധിച്ചു. അതനുസരിച്ച് നൃത്തങ്ങളും പാട്ടുകളും അഭിനയ കലകളും വളര്‍ന്നു. ചിത്ര രചനകളും അഭിവൃത്തിപ്പെട്ടു. ഇത്തരം കാല്‍പ്പനിക ചിന്തകരാല്‍ കേരളീയ ജനത അജ്ഞതയെ ഇല്ലാതാക്കുകയും ജ്ഞാനം നേടാന്‍ പ്രാപ്തരാവുകയും ചെയ്തു. കൃഷ്ണനോടുളള ഭക്തിമൂലം നാട്യ കലകളും നാടകങ്ങളും സംഗീതവും വാദ്യോപകരണ കലകളും അഭിവൃത്തി പ്രാപിച്ചുകൊണ്ടിരുന്നു. കലാകാരന്മാരെ സമൂഹത്തില്‍ ആദരിക്കാനും തുടങ്ങി. ഇന്ന് കലകള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഭാഷയുടെയും പഠനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ഭാഗമായി തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഏകദേശം അറുന്നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് കൃഷണ ഭക്തനും കോഴിക്കോടിന്റെ രാജാവുമായിരുന്ന മാനദേവന്‍ കൃഷ്ണ ഗീതങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കിയിരുന്നു. അമ്പല പൂജകള്‍ക്കൊപ്പം പാട്ടുകള്‍ പാടാന്‍ സ്‌റ്റേജുകളും അലങ്കരിച്ചുകൊണ്ട് പാട്ടുകാരെ നിയമിച്ചിരുന്നു. സ്‌തോത്ര മന്ത്രങ്ങള്‍ പാട്ടുകാരനില്‍നിന്നും ശ്രവിക്കുകയും അതോടൊപ്പം ആംഗ്യ ഭാഷയില്‍ കഥ പറയുകയും ചെയ്തിരുന്ന പതിവിനെ മാനദേവന്‍ ഇല്ലാതാക്കി. മാനദേവന്‍ ചിന്തിച്ചിരുന്നത് അഭിനയിക്കുന്നവര്‍ സംസാരിക്കില്ലെങ്കില്‍, ഒപ്പം ഗീതങ്ങള്‍ ഉരുവിട്ടില്ലെങ്കില്‍ അവര്‍ ആദ്ധ്യാത്മികത നഷ്ടപ്പെട്ട വെറും സാധാരണ മനുഷ്യരെപ്പോലെയാകുമെന്നായിരുന്നു.


'കൃഷ്ണനാട്ടം' കേരളത്തിന്റെ മണ്ണില്‍ വളര്‍ന്നുവന്ന തനതായ ഒരു കലയാണ്. കഥകളിയെന്ന കലാരൂപം ഉണ്ടായതുതന്നെ മൂലകലയായ കൃഷ്ണനാട്ടത്തില്‍ നിന്നായിരുന്നു. കേരളീയമായ ആദ്യത്തെ നൃത്ത നാടകവുമാണ് ഈ കല. കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടമെന്നും പറയാറുണ്ട്. എട്ടെന്നുള്ള സംഖ്യ ഈ നാട്യകലയുടെ ഒരു പ്രത്യേകതയാണ്. കൃഷ്ണനാട്ടം അരങ്ങേറിയാല്‍ എട്ടു ദിവസത്തെ കളിയാണുള്ളത്. എട്ടു കുട്ടികള്‍, എട്ടു തിരികള്‍, എട്ടു നാഴിയെണ്ണ, എട്ടു നേരത്തെ കുളി ഇങ്ങനെ കൃഷ്ണനാട്യത്തിലെ എട്ടിന്റെ പ്രത്യേകതകള്‍ നീളുന്നു. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ലീലകള്‍ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികള്‍ കൊണ്ട് ആടി തീര്‍ക്കാവുന്ന രീതിയിലാണ് കൃഷ്ണനാട്ടം
രൂപകല്പന ചെയ്തിരിക്കുന്നത്. 'അവതാരം', 'കാളിയമര്‍ദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'സ്വര്‍ഗാരോഹണം' എന്നിങ്ങനെ കൃഷ്ണനാട്യത്തിലെ കഥകള്‍ ആസൂത്രണം ചെയ്തിരിക്കുന്നു.

കഥകളിയിലുള്ളതു പോലെ കൃഷ്ണനാട്ടത്തില്‍ ആവര്‍ത്തിച്ചുള്ള പാട്ടുണ്ടായിരിക്കില്ല. പാട്ടു കുറച്ചുകൊണ്ട് ആട്ടക്കാരന് കൂടുതല്‍ നൃത്തം ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ആറു വയസുമുതല്‍ കുട്ടികളെ ഈ കല അഭ്യസിപ്പിച്ചു തുടങ്ങും. പത്തു വര്‍ഷം നിരന്തരമായ പ്രായോഗിക പരിശീലനം ഉണ്ടെങ്കിലേ കലയില്‍ പ്രാവീണ്യം നേടാന്‍ സാധിക്കുകയുള്ളൂ. നീണ്ട മണിക്കൂറോളം ദിവസവും അഭ്യസിക്കണം. ശ്രീ കോവിലിനു വെളിയിലാണ് കൃഷ്ണനാട്ടം കഥകള്‍ അവതരിപ്പിച്ചിരുന്നത്. കൃഷ്ണനാട്ടം കാണുന്ന ഭക്തജനങ്ങള്‍ക്ക് ആത്മവിഷയകമായ സംതൃപ്തിയും പ്രചോദനവും ലഭിക്കുന്നു. സാക്ഷാല്‍ കൃഷ്ണനുമായുള്ള സംവാദം മനസ്സില്‍ സൃഷ്ടിക്കുന്നതായുള്ള അനുഭൂതികളുമുണ്ടാവും. ആട്ടത്തില്‍ അഭിനയിക്കുന്നവര്‍ ശ്രോതാക്കള്‍ക്കായി സ്തുതി ഗീതങ്ങളും ആലപിച്ചിരുന്നു.

ചാക്യാര്‍ കൂത്ത് ഒരു ഏകാംഗ കലയാണ്. ഈ കല കേരളത്തിലെ ചാക്യാര്‍ സമുദായത്തിലെ മാത്രമായ ഒരു കുത്തകയായിരുന്നു. സംസ്‌കൃത നാടകങ്ങളില്‍ രചിച്ച സ്‌തോത്രഗീതങ്ങള്‍ പാടുന്ന പ്രാചീന കലയായ ചാക്യാര്‍ കൂത്ത് ഒന്നില്‍ കൂടുതല്‍ ചാക്യാര്‍മാര്‍ ഒത്തുകൂടി അഭിനയിച്ചാല്‍ കൂത്തിനെ 'കൂടിയാട്ട'മെന്നു വിളിച്ചിരുന്നു. പുരാതനകാലത്ത് കേരളമെന്ന കര തമിഴകത്തിന്റെ ഭാഗമായിരുന്നു. തമിഴകവും ഉള്‍പ്പെട്ട കേരളനാട്ടിലാണ് ചാക്യാര്‍ കൂത്ത് ആരംഭിച്ചതെന്ന് പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള തന്റെ സാഹിത്യ കൃതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ചാക്യാര്‍ കൂത്തില്‍ നൃത്തം വളരെ കുറവാണ്. വേഷവിധാനങ്ങളും വിവിധ തരത്തിലുള്ള മുഖ ഭാവങ്ങളും ശരീര ഭാഷകളും ചാക്യാര്‍ കൂത്തിന്റെ പ്രത്യേകതയാണ്.

കൂത്തുകള്‍ കാണാന്‍ വന്നിരിക്കുന്നവരെയും ചാക്യാര്‍ക്ക് പരിഹസിക്കാന്‍ സാധിക്കും. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള എന്ത് തമാശകളും കൂത്തില്‍ അവതരിപ്പിക്കാം. ചാക്യാരുടെ തമാശുകള്‍ വ്യക്തിപരമാവുമെങ്കില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാം. ചിലപ്പോള്‍ അധികാര സ്ഥാനത്തുള്ളവരെയും വിമര്‍ശിക്കും. അതുമൂലം രാജ കോപമുണ്ടായി ചാക്യാര്‍ കുടുംബത്തെ നാടു കടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

നങ്ങിയാര്‍ വംശജനങ്ങള്‍ കൂത്താടുമ്പോള്‍ അത് നങ്ങിയാര്‍ കൂത്താകും. നങ്ങ്യാര്‍ കൂത്തിലും പുരാണകഥയെ  ആധാരമാക്കി നങ്ങിയാര്‍മാര്‍ നൃത്തം ചവുട്ടി അഭിനയിക്കുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലര്‍ത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, തൃശ്ശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂര്‍ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാര്‍ക്കൂത്ത് ഇന്നും നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാര്‍ക്കൂത്തിലെ ഇതിവൃത്തം.

ഭാരതീയ നൃത്ത കലകളില്‍ ഭരത നാട്യം തമിഴ്‌നാടിന്റെ സംഭാവനയാണ്. ഭരത മുനിയുടെ നാട്യ ശാസ്ത്ര ഗ്രന്ഥമായ 'അഭിനയ ദര്‍പ്പണ്ണം' ഭാരത നാട്യത്തിനു അടിസ്ഥാനമായി കരുതുന്നു. ആറാം നൂറ്റാണ്ടില്‍ പല്ലവ,ചോള രാജാക്കന്മാര്‍ ഈ നൃത്ത കലയെ പ്രോത്സാഹിപ്പിച്ചതായി പറയപ്പെടുന്നു. പറയര്‍ എന്ന സമുദായക്കാര്‍ നടത്തി വരുന്ന ഒരുതരം നൃത്തമാണ് പറയന്‍ കൂത്ത്. പറയസമുദായക്കാരുടെ ഇടയില്‍ അസുഖം മാറ്റുവാന്‍ കൂത്തുകള്‍ അരങ്ങേറുമായിരുന്നു. ചെണ്ട വാദ്യങ്ങളും സംഗീതത്തോടൊപ്പം ഉണ്ടായിരുന്നു.

കഥകളിയെന്നു പറഞ്ഞാല്‍ സംഗീത വാദ്യോപകരണങ്ങളോടെ വിവിധ കലകള്‍ സംയോജിപ്പിച്ചുള്ള  ഒരു കലാ സാംസ്‌ക്കാരിക അവതരണമെന്നാണ്. അതില്‍ സംഗീതവും, അഭിനയവും ചെണ്ടമേളകളും കൂടാതെ മനുഷ്യ ജീവിതത്തിന്റെ നാനാവിധങ്ങളായ നന്മ തിന്മകകളും  ചൂണ്ടി കാണിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി കഥകളി ട്രൂപ്പുകള്‍ നാടിന്റെ നാനാ ഭാഗത്തും സ്ഥാപിക്കപ്പെട്ടു. കഥകളിയുടെ അഭിവൃത്തിക്കായി യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. കഥകളി യോഗങ്ങള്‍ വഴി കഥകളിയില്‍ പ്രാവിണ്യം നേടിയ ആള്‍ അഭിനയിക്കുന്നതെങ്ങനെയെന്നു മറ്റു അഭിനേതാക്കാളെ പഠിപ്പിച്ചിരുന്നു. കഥകളി അവതരിപ്പിക്കുന്നതിനു മുമ്പ് റിഹേഴ്‌സലുകളും അതില്‍ പങ്കുചേരുന്നവര്‍ക്ക് പരിശീലനങ്ങളും നല്‍കി വന്നിരുന്നു. സാധാരണ മണ്‍സൂണ്‍ വരുന്ന കാലങ്ങളിലായിരുന്നു കഥകളികള്‍ അമ്പലങ്ങളില്‍ സംഘടിപ്പിച്ചിരുന്നത്.


കഥകളി അവതരിപ്പിക്കാനും അതോടൊപ്പം കഥ പറയാനും കൂത്തുകള്‍ക്കും പ്രത്യേകമായ  തീയേറ്ററുകള്‍ നിലവില്‍ വന്നു. സംസ്‌കൃത പദ്യങ്ങള്‍ സാധാരണക്കാര്‍ക്ക് നിഷേധിച്ചിരുന്ന കാലഘട്ടത്തില്‍ കഥകളി എല്ലാ സമൂഹങ്ങള്‍ക്കുമുള്ള ഒരു കലയായി രൂപാന്തരപ്പെട്ടു. പതിനേഴാം നൂറ്റാണ്ടില്‍ കൊച്ചിയുടെ കിഴക്കേ ഭാഗത്തു ജീവിച്ചിരുന്ന 'വെട്ടത്തു രാജാ' എന്നു പേരുള്ള കലാകാരന്‍ കഥകളിക്ക് കാലോചിതമായ പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു. ചെണ്ടകളും മറ്റു സംഗീത വാദ്യോപകരണങ്ങളും കഥകളിയോടൊപ്പം നിലവില്‍ വന്നു. തിരശീലയ്ക്ക് പുറകില്‍ നിന്ന് അവതാരകന്‍ കഥകളും പറയുമായിരുന്നു. വടക്കേ മലബാറിലുള്ള കോട്ടിയം രാജാവ് കഥകളിയെ സംബന്ധിച്ച് നാലു പുസ്തകങ്ങള്‍ പതിനേഴാം നൂറ്റാണ്ടില്‍ രചിച്ചിട്ടുണ്ട്.

ആദ്യകാലങ്ങളിലുള്ള ചരിത്രത്തില്‍ കഥകളി പ്രസിദ്ധമായിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടായപ്പോള്‍ അതിന്റെ പ്രാധാന്യം കുറയാന്‍ തുടങ്ങി. പ്രധാനമായും വിദേശികളുടെ ആക്രമണം കഥകളിയുടെ വളര്‍ച്ചയ്ക്ക് തടസമായിരുന്നു. രാജാക്കന്മാരുടെ താല്പര്യം കുറഞ്ഞതുമൂലം കേരളത്തിലെ മിക്ക നാട്യകലകള്‍ക്കും പ്രത്യേകിച്ച് കഥകളിയുടെ വളര്‍ച്ചയ്ക്കും മങ്ങലേറ്റു. എങ്കിലും കഥകളിയെന്ന കലയെ നഷ്ടപ്പെടാതെ കാത്തു രക്ഷിച്ചതു ചില നമ്പൂതിരി ഇല്ലങ്ങളായിരുന്നു. പേരും പെരുമയുമുള്ള കഥകളിയാശാന്മാരും അക്കാലങ്ങളിലുണ്ടായിരുന്നു.

വള്ളത്തോള്‍ നാരായണമേനോനും മുകുന്ദ രാജയുമൊത്ത് ചെറുതുരുത്തിയെന്ന ഗ്രാമത്തില്‍, കേരള കലാമണ്ഡലം സ്ഥാപിച്ചു. കേരളത്തിന്റെ പൗരാണിക കലകളെ സംരക്ഷിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഒളപ്പമണ്ണയിലെ കഥകളി കലാകാരന്മാര്‍ അവിടെ കഥകളിയാശാന്മാരായി സേവനം ചെയ്യുന്നുണ്ടായിരുന്നു. കേരളകലാ മണ്ഡലത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കഥകളിയെ ഒരു വിശ്വ വിഖ്യാത കലയാക്കി മാറ്റിയെടുക്കുവാനും സാധിച്ചു. ഒളപ്പമണ്ണ ഇല്ലത്തിലെ നമ്പൂതിരിമാരുടെ സാമ്പത്തിക സഹായമില്ലായിരുന്നെങ്കില്‍ കഥകളിയും കേരളകലാമണ്ഡലവും നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു. ഗ്രാമങ്ങള്‍ തോറും കഥകളിയും മറ്റു നാട്യ കലകളും അവതരിപ്പിക്കാനും ഇവര്‍ സഹായ സഹകരണങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. വിനോദ സഞ്ചാരികളെ ഒളപ്പമണ്ണിലെ ഇല്ലത്തു താമസിപ്പിച്ചുകൊണ്ട് കഥകളിയുടെ ബാലപാഠങ്ങളും കാലുകളിലെ ചുവടു മാറ്റങ്ങളും പഠിപ്പിച്ചിരുന്നു.

മുന്നൂറു കൊല്ലം മുമ്പ് കുഞ്ചന്‍ നമ്പ്യാര്‍ 'ഓട്ടന്‍തുള്ളല്‍' എന്ന അട്ടകഥകളിലൂടെ സദസ്യരെ രസിപ്പിച്ചിരുന്നു. ഓട്ടം തുള്ളലെന്ന നാട്യനാടകം കഥകളിയുടെ മറ്റൊരു രൂപമാണ്. ഈ കല കൂടുതലും ജനകീയമായിരിക്കും. നര്‍മ്മവും ഹാസ്യവും, പരിഹാസ്യവും തുള്ളല്‍ പാട്ടിലുണ്ടായിരിക്കും. ലളിതമായ നാടോടി വേഷം ഓട്ടന്‍ തുള്ളലിന്റെ പ്രത്യേകതയാണ്. ഈ നാട്യകല കൂടുതലായും ക്ഷേത്രത്തിനു പുറത്തായിരുന്നു അവതരിപ്പിച്ചിരുന്നത്. വേഷഭൂഷാദികളോടെ തുള്ളല്‍ കലാകാരന്‍ ഒറ്റയ്ക്ക് പാടി അഭിനയിച്ചിരുന്നു. ഓട്ടം തുള്ളലിന് ചാക്യാര്‍ കൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. കിരീടം, മാര്‍ മാല, കൈകളിലും തോളുകളിലും മണികള്‍, ചിലങ്കകള്‍, അമ്പലപ്പുഴ കോണകം, ഒരു തരം തുണികൊണ്ടുള്ള പാവാട എന്നിവകള്‍ ഓട്ടം തുള്ളലിന്റെ വേഷങ്ങളാണ്. കേരളത്തിലെ പാലക്കാട് ജില്ലയില്‍ കിള്ളിക്കുരിശിമംഗലം എന്ന ഗ്രാമത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജന്മഗൃഹം ഓട്ടം തുള്ളലിനെപ്പറ്റിയുള്ള സ്മാരകമായി സൂക്ഷിക്കുന്നു. അവിടെ ഒരു വായനശാലയും അതിനുള്ളില്‍ കേരളത്തിലെ നാട്യ കലകളെപ്പറ്റിയുള്ള മാനുസ്‌ക്രിപ്റ്റുകളും സൂക്ഷിക്കുന്നുണ്ട്.

പ്രാചീന കേരളത്തിലെ ആട്ടവും കൂത്തും കഥകളിയും, ചരിത്രം (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക