Image

മാവേലിക്കരയില്‍ മാവോയിസ്റ്റ് രഹസ്യ യോഗം ചേര്‍ന്ന അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ

Published on 29 April, 2017
മാവേലിക്കരയില്‍ മാവോയിസ്റ്റ് രഹസ്യ യോഗം ചേര്‍ന്ന അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ
കൊച്ചി: മാവേലിക്കരയില്‍ മാവോയിസ്റ്റ് സംഘടനയുടെ രഹസ്യ യോഗം സംഘടിപ്പിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്‍.ഐ.എ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, ഗൂഢാലോചന എന്നിവക്ക് പുറമേ യു.എപി.എ വകുപ്പുകളും ചുമത്തിയിരുന്നു. മാവേലിക്കര സ്വദേശി രാജേഷ്, കല്‍പാക്കം അറ്റോമിക് റിസര്‍ച്ച് സെന്ററിലെ റിട്ട. ശാസ്ത്രജ്ഞന്‍ ഗോപാല്‍, കൊല്ലം കൈപ്പുഴ സ്വദേശി ദേവരാജന്‍, ചിറയിന്‍കീഴ് ചരുവിള ബാഹുലേയന്‍, മൂവാറ്റുപുഴ സ്വദേശി അജയന്‍ മണ്ണൂര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. 2012 ഡിസംബര്‍ 29നാണ് മാവേലിക്കരയിലെ ലോഡ്ജില്‍ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ യോഗം നടത്തിയത്.

മാവോയിസ്റ്റ് നേതാവ് തൃശൂര്‍ സ്വദേശി രൂപേഷിന്റെ മക്കളായ വിദ്യാര്‍ത്ഥിനികളടക്കം ഏഴ് പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സ്‌പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ലോഡ്ജില്‍ പരിശോധന നടത്തിയത്. ഇവരില്‍ നിന്നും ഒരു ലാപ് ടോപ്പ്, പെന്‍െ്രെഡവ്, 6 മൊബൈല്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. നിരോധിത സംഘടനകളുമായി ബന്ധമുള്ള രാജേഷാണ് മാവേലിക്കരയില്‍ യോഗം സംഘടിപ്പിച്ചത്. നിയമവിദ്യാര്‍ത്ഥിയായിരിക്കെ പാതിയില്‍ പഠനം നിര്‍ത്തി നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് രാജേഷ് പ്രവര്‍ത്തിക്കുകയായിരുന്നു. കൂടംകുളം സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സാംസ്‌ക്കാരിക കൂട്ടായ്മയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്പരം പരിചയപ്പെട്ടത്. പിന്നീട് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ നല്‍കിയ സന്ദേശത്തിനെ തുടര്‍ന്നാണ് ഇവര്‍ മാവേലിക്കരയില്‍ ഒത്തുകൂടിയത്. രാജേഷായിരുന്നു മാവേലിക്കരയില്‍ മുറിയെടുത്തത്.

സേലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയുടെ സംസ്ഥാന സമിതിയംഗമാണ് ഗോപാല്‍. പ്രോഗ്രസീവ് സോഷ്യല്‍ ഫ്രണ്ട് എന്ന സംഘടനയില്‍ പെട്ട അജയന്‍ എന്നയാള്‍ പറഞ്ഞിട്ടാണ് ഇയാള്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. കര്‍ഷകനായ ദേവരാജന്‍ ദളിത് വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മുന്‍പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. ബാഹുലേയന്‍ സാക്ഷരതാ ഇന്‍സ്ട്രക്ടറായിരുന്നു. 

മാവേലിക്കരയില്‍ മാവോയിസ്റ്റ് രഹസ്യ യോഗം ചേര്‍ന്ന അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക