Image

ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുമെന്ന് യു.എസ് ഏജന്‍സി

Published on 29 April, 2017
ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുമെന്ന് യു.എസ് ഏജന്‍സി
വാഷിങ്ടണ്‍: 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് യു.എസ് സര്‍ക്കാര്‍ ഏജന്‍സി റിപോര്‍ട്ട്. വികസിത രാജ്യങ്ങളായ ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയെ പിന്തള്ളിയായിരിക്കും ഇന്ത്യയുടെ കുതിപ്പ്. ലോക ബാങ്കും അന്താരാഷ്ട്ര നാണയനിധിയും ശേഖരിച്ച രേഖകള്‍ അടിസ്ഥാനമാക്കി യുനൈറ്റഡ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക് റിസര്‍ച്ച് സര്‍വീസാണ് (യു.എസ്.ഡി.എ) ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ഇന്ത്യന്‍ സമ്പദ്ഘടന 2030ല്‍ 7.4 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചയോടെ 6.8 ട്രില്യണ്‍ ഡോളറാവുമെന്നാണ് യുഎസ്ഡിഎ പഠനം അനുമാനിക്കുന്നത്. ഇത് ജപ്പാന്റെയും (6.37 ട്രില്യണ്‍) ജര്‍മനിയുടെയും (4.38 ട്രില്യണ്‍) സാമ്പത്തിക രംഗത്തേക്കാള്‍ വലുതായിരിക്കും. അടുത്ത 15 വര്‍ഷത്തിനിടെ ഇന്ത്യയുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ച ബ്രിട്ടന്‍ (3.6 ട്രില്യണ്‍), ഫ്രാന്‍സ്് (3.44 ട്രില്യണ്‍) എന്നീ രാജ്യങ്ങളുടെ ഇരട്ടിയാവുമെന്നും യുഎസ്ഡിഎ വ്യക്തമാക്കുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍. 

ബ്രൈറ്റ്‌ സ്‌പോട്ട് എന്നാണ് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന ലഗാഡെ ഇന്ത്യയെ വിശേഷിപ്പിച്ചത്. 'അതിവേഗത്തില്‍ വളരുന്ന ഇന്ത്യയുടെ യുവജനസംഖ്യ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരും. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കാറുകള്‍, വീടുകള്‍ എന്നിവക്ക് ആവശ്യകത വര്‍ധിക്കും. വരുന്ന 15 വര്‍ഷത്തിനുള്ളില്‍ 8 ശതമാനം  ശരാശരി വാര്‍ഷിക വളര്‍ച്ചയാണ് നീതി ആയോഗ് പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുമെന്ന് യു.എസ് ഏജന്‍സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക