Image

ജയലളിതയുടെ കോടനാട്‌ എസ്‌റ്റേറ്റ്‌ കൊലപാതകം: പ്രതികളുടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടു

Published on 29 April, 2017
ജയലളിതയുടെ കോടനാട്‌ എസ്‌റ്റേറ്റ്‌ കൊലപാതകം:  പ്രതികളുടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടു

നീലഗിരി: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട്‌ 
എസ്‌റ്റേറ്റിലെ കാവല്‍ക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന്‌ സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി അപകടത്തില്‍പെട്ടു. 

കേസിലെ ഒന്നാം പ്രതിയെന്ന്‌ പോലീസ്‌ സംശയിക്കുന്ന കനകരാജ്‌ പുലര്‍ച്ചെ സേലത്തുണ്ടായ അപകടത്തില്‍ മരിച്ചു. ഇതിന്‌ പിന്നാലെയാണ്‌ കേസിലെ രണ്ടാം പ്രതിയായ കെ.വി.സയന്‍ എന്നയാളുടെ വാഹനം പാലക്കാട്ട്‌ അപകടത്തില്‍പെട്ടത്‌. 

സയന്‌ ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സയന്‍ കോയന്‌പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.

തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ ജയലളിതയുടെ കോടനാട്‌ എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ മോഷണശ്രമത്തിനിടെ കൊല്ലപ്പെടുന്നത്‌. തുടര്‍ന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ കനകരാജിനും സയനും കേസില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. 

ഇവര്‍ക്കായി തമിഴ്‌നാട്ടിലും കേരളത്തിന്‍റെ അതിര്‍ത്തി ജില്ലകളിലും പോലീസ്‌ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ്‌ ഓരേ ദിവസം രണ്ടിടത്ത്‌ പ്രതികളുടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്‌.

സേലത്തെ അപകടത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പാലക്കാട്‌ കണ്ണാടിയിലുണ്ടായ അപകടം ബോധപൂര്‍വമാണെന്നാണ്‌ പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ്‌ പിന്തുടരുന്നത്‌ മനസിലാക്കിയ പ്രതികള്‍ അപകടം വരുത്തിവച്ചതാണെന്നാണ്‌ സംശയമുയര്‍ന്നിരിക്കുന്നത്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക