Image

കേരള ലോട്ടറി ഭാഗ്യം പിറന്നിട്ട് അന്‍പത് വര്‍ഷം (എ.എസ് ശ്രീകുമാര്‍)

Published on 28 April, 2017
കേരള ലോട്ടറി ഭാഗ്യം പിറന്നിട്ട് അന്‍പത് വര്‍ഷം (എ.എസ് ശ്രീകുമാര്‍)
''നാളെയാണ്...നാളെയാണ്...നറുക്കെടുപ്പ് നാളെയാണ്...കേരള സംസ്ഥാന ഭാഗ്യക്കുറി...അന്‍പത് ലക്ഷം രൂപയും മാരുതി കാറും ഒന്നാം സമ്മാനം...പത്ത് ലക്ഷം രൂപ നാലു പേര്‍ക്ക് രണ്ടാം സമ്മാനം...അഞ്ച് ലക്ഷം രൂപ ആറു പേര്‍ക്ക് മൂന്നാം സമ്മാനം. നാളത്തെ കേരള...നാളത്തെ കേരള...നറുക്കെടുപ്പെല്ലാം കഴിഞ്ഞ് പത്രത്തില്‍ ഫലം വരുമ്പോള്‍ ഞാനുമൊരു ടിക്കറ്റെടുത്തില്ലല്ലോ എന്ന് വിഷമിച്ചിട്ട് കാര്യമില്ല...മടിച്ചു നില്‍ക്കാതെ കടന്നു വരൂ...സി വിദ്യാധരന്‍ മഞ്ജുള ബേക്കറി, ആലപ്പുഴ ടിക്കറ്റുകള്‍...നറുക്കെടുപ്പ് നാളെയാണ്...നാളത്തെ കേരള...''

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരത്തിന്റെ കോണുകളിലും മുഴങ്ങിയിരുന്ന ഈ അനൗണ്‍സ്‌മെന്റ് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. പഴയ അംബാസിഡര്‍ കാറിലും സൈക്കിളിലും കറങ്ങി നടന്ന് ലോട്ടറി വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യവും കോളാമ്പിയുടെയും ലൗഡ് സ്പീക്കറിന്റെയുമൊക്കെ ശബ്ദവും ഗൃഹാതുരത്വത്തോടു കൂടിയേ നമുക്ക് ഓര്‍മിച്ചെടുക്കാനാവൂ. മലയാളിയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ നറുക്കെടുപ്പുകള്‍ എത്രയോ കഴിഞ്ഞ് കേരള സംസ്ഥാന ലോട്ടറി ഇപ്പോള്‍ അന്‍പതാം വയസിലെത്തി നില്‍ക്കുകയാണ്. ഒരുപിടിയാളുകളെ സന്തോഷിപ്പിച്ചും ഒട്ടനവധി പേരെ കണ്ണീരിലാഴ്ത്തിയും അഞ്ചു പതിറ്റാണ്ടോളം വിറ്റു വളര്‍ന്ന കേരള ലോട്ടറിക്കുമുണ്ട് കൊതിപ്പിക്കുന്ന ബംബര്‍ ചരിത്രം.

'നമ്പറു ലേശം തെറ്റിയില്ലെങ്കില്‍ ബംബറടിച്ചേനേ, ലോട്ടറിയില്‍ ബംബറടിച്ചേനേ...' എന്ന പഴയ മലയാള സിനിമാ പാട്ട് ഓര്‍ത്തുകൊണ്ട് ആ ഭാഗ്യ ചരിത്രത്തിന്റെ നറുക്കെടുപ്പിലേയ്ക്ക്... ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം ഏതെന്ന് ചോദിച്ചാല്‍, മടിച്ചു നില്‍ക്കാതെ, അറച്ചു നില്‍ക്കാതെ മുന്നോട്ടു വന്ന് ''കേരളം'' എന്ന് ഉത്തരം പറയാം. 1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി.കെ കുഞ്ഞു സാഹിബിന്റെ നേതൃത്വത്തിലാണ് ലോട്ടറി ആരംഭിച്ചത്. അന്ന് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ സ്വകാര്യ ലോട്ടറികളും നിരോധിച്ച ശേഷമായിരുന്നു കേരള ഭാഗ്യക്കുറി തുടങ്ങിയത്. സെപ്റ്റംബര്‍ ഒന്നിന് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വന്നു. എന്നാല്‍ ആദ്യമായി വില്‍പ്പന ആരംഭിച്ചത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനും ആദ്യത്തെ നറുക്കെടുപ്പ് നടന്നത് 1968 ജനുവരി 26നുമാണ്. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളിലുള്ള ടിക്കറ്റുകളാണ് തുടക്കത്തില്‍ വില്‍പ്പന നടത്തിയത്. ഒരു രൂപയായിരുന്നു ടിക്കറ്റ് വില. ഒന്നാം സമ്മാനം 50,000 രൂപയും. കേരള ലോട്ടറിയുടെ ചുവടു പിടിച്ചാണ് മറ്റ് സംസ്ഥാനങ്ങളും ലോട്ടറി ആരംഭിച്ചത്.
 
പി.കെ സെയ്ദ് മുഹമ്മദായിരുന്നു കേരള ലോട്ടറിയുടെ സ്ഥാപക ഡയറക്ടര്‍. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ ഇതുവരെ നഷ്ടമുണ്ടായിട്ടില്ല. മദ്യം പോലെ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കി കൊടുക്കുന്ന പ്രസ്ഥാനമാണ് ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ്. നൂറു രൂപ മുതല്‍ 10 കോടിരൂപയുടെ ബംബര്‍ സമ്മാനം വരെയുണ്ടിപ്പോള്‍. ഇക്കുറി അടിച്ചില്ലെങ്കില്‍ അടുത്ത നറുക്കെടുപ്പില്‍ സമ്മാനം ഉറപ്പ് എന്ന ശുഭപ്രതീക്ഷയിലാണ് മലയാളികളും വാശിയോടെ ടിക്കറ്റെടുക്കുന്നത്. കേരളത്തിലിപ്പോള്‍ നിലവിലുള്ള ടിക്കറ്റുകളുടെ പേരുവിവരമിങ്ങനെ...

*പൗര്‍ണമി: ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന പൗര്‍ണമിയുടെ വില 30 രൂപയും ഒന്നാം സമ്മാനം 65 ലക്ഷം രൂപയും ആണ്. 2011 ഒക്‌ടോബര്‍ മൂന്നിന് ഈ ഭാഗ്യക്കുറിയുടെ വില്‍പ്പന ആരംഭിക്കുമ്പോള്‍ ടിക്കറ്റ് വില 20 രൂപയും ഒന്നാം സമ്മാനം 51 ലക്ഷം രൂപയും ആയിരുന്നു. *പ്രതീക്ഷ: തിങ്കളാഴ്ചകളില്‍ നറുക്കെടുക്കുന്ന ഈ ഭാഗ്യക്കുറിയുടെ വില 40 രൂപയും ഒന്നാം സമ്മാനം 75 ലക്ഷം രൂപയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ തിങ്കളാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യക്കുറി വിന്‍-വിന്‍ ആണ്. ടിക്കറ്റ് വില 30 രൂപയും ഒന്നാം സമ്മാനം 65 ലക്ഷം രൂപയും ആണ്. * ധനശ്രീ: ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്ന ധനശ്രീയുടെ വില 40 രൂപയും ഒന്നാം സമ്മാനം 60 ലക്ഷം രൂപയും മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറുമാണ്. 2011 ഒക്‌ടോബര്‍ 11ന് ഈ ഭാഗ്യക്കുറിയുടെ വില്‍പന ആരംഭിച്ചു. *വിന്‍വിന്‍: ബുധനാഴ്ചകളില്‍ നറുക്കെടുക്കുന്ന വിന്‍വിന്റെ വില 20 രൂപയും ഒന്നാം സമ്മാനം 40 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ആണ്. *അക്ഷയ: വ്യാഴാഴ്ചകളില്‍ നറുക്കെടുക്കുന്ന അക്ഷയയുടെ വില 20 രൂപയും ഒന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ്. *ഭാഗ്യനിധി: വെള്ളിയാഴ്ചകളില്‍ നറുക്കെടുക്കുന്ന ഭാഗ്യനിധിയുടെ വില 20 രൂപയും ഒന്നാം സമ്മാനം 40 ലക്ഷം രൂപയും ഇന്നോവ കാറും. *കാരുണ്യ: മാരക രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗ്യക്കുറിയാണ് കാരുണ്യ. ശനിയാഴ്ചകളില്‍ നറുക്കെടുക്കുന്ന ഈ കാരുണ്യയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ടിക്കറ്റ് വില 50 രൂപയും.

കേരള ലോട്ടറിയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ടിക്കറ്റ് വില കുറച്ചും കൂടുതല്‍ ഓഫീസുകള്‍ തുറന്നും ലോട്ടറി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 18 സബ്‌സെന്റര്‍ തുറക്കും. സബ്‌സെന്ററുകളില്‍ ടിക്കറ്റു വില്പനയും സമ്മാന വിതരണവും നടക്കും. കാരുണ്യ ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങളും ലോട്ടറി ഏജന്റുമാര്‍ക്കും വില്പനക്കാര്‍ക്കുമുള്ള ലോട്ടറി ക്ഷേമ ബോര്‍ഡിന്റെ വിവരങ്ങളും ലഭിക്കും. ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കരുനാഗപ്പള്ളി, അടൂര്‍, കായംകുളം, ചേര്‍ത്തല, വൈക്കം, മൂവാറ്റുപുഴ, അടിമാലി, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, ചിറ്റൂര്‍, പട്ടാമ്പി, മാനന്തവാടി, തിരൂര്‍, വടകര, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സബ്‌സെന്ററുകള്‍ തുറക്കുക. ജൂണ്‍ മുതല്‍ നടപ്പാക്കുന്ന വലിയ മാറ്റങ്ങള്‍ ഇവയാണ്...

* 50 രൂപ വിലയുള്ള നാലുതരം ടിക്കറ്റിന്റെ വില 30 രൂപയായി കുറയ്ക്കും.* വ്യാജ ടിക്കറ്റുകള്‍ തടയാന്‍ പുതിയതായി വികസിപ്പിച്ചെടുത്ത സോഫ്ട് വെയര്‍ ഉപയോഗിച്ചുള്ള ടിക്കറ്റ് അച്ചടി ജൂണില്‍ തുടങ്ങും. * നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിനായി വിവിധ ചാനലുകളില്‍ നിന്നു താത്പര്യം ക്ഷണിച്ചു കഴിഞ്ഞു. ജൂണ്‍ മുതല്‍ സംപ്രേക്ഷണം ആരംഭിക്കും. *പരീക്ഷണാടിസ്ഥാനത്തില്‍ സി.ഡിറ്റിന്റെ സഹകരണത്തോടെ വെബ്‌സൈറ്റിലൂടെ നടത്തിയ തത്സമയ നറുക്കെടുപ്പ് വെബ് സ്ട്രീമിങ്ങും അതേ മാസം നടപ്പാക്കും.

ഒരു കാലത്ത് കൈ കൊണ്ട് കറക്കുന്ന യന്ത്രം കൊണ്ടായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ ഈയിടെ അത് യന്ത്രവല്‍കൃതമാക്കി. യന്ത്രത്തിന്റെ സ്വിച്ച് അമര്‍ത്തുന്നത് നറുക്കെടുപ്പിനെത്തുന്ന ജഡ്ജിമാരോ കാണികളോ ആയിരിക്കുമെന്ന പ്രത്യേകത ഈ സംവിധാനത്തിനുണ്ട്. മാത്രമല്ല നറുക്കെടുപ്പ് ദിവസം മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പും ഒഴിവാക്കാം. ലോട്ടറി നറുക്കെടുപ്പ് തത്സമയം ടി.വിയില്‍ സംപ്രേക്ഷണം ചെയ്യാനും വെബ് കാസ്റ്റിങ് നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. വ്യാജടിക്കറ്റുകളുടെ പ്രചാരണം തടയാന്‍ 2008 മുതല്‍ ടിക്കറ്റില്‍ ബാര്‍ കോഡും പ്രിന്റ് ചെയ്യുന്നുണ്ട്. കേരള ബുക്‌സ് ആന്റ് പബ്‌ളിഷിങ് സൊസൈറ്റിയാണ് സര്‍ക്കാരിനു വേണ്ടി ലോട്ടറി ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യുന്നത്.

കേരള ലോട്ടറി വകുപ്പിന് പതിനാല് ജില്ലാ തലസ്ഥാനങ്ങളിലുള്ള ഓഫീസുകള്‍ക്ക് പുറമേ റീജിയണല്‍ ഓഫീസുകളുമുണ്ട്. നിലവില്‍ നാല്‍പ്പതിനായിരത്തോളം അംഗീകൃത ഏജന്റുമാരും ഒരു ലക്ഷത്തിലധികം റീട്ടെയില്‍ കച്ചവടക്കാരും പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ അംഗീകാരമില്ലാത്ത വില്‍പ്പനക്കാരെയും കേരളത്തിലുടനീളം കാണാം. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ നാം ഏറ്റവും കൂടുതല്‍ കാണുന്നത് ഇവരെയാണ്. അതില്‍ 'ബംഗാളികള്‍' എന്ന ഓമനപ്പേരിലറിയപ്പെടുന്ന അന്യസംസ്ഥാനക്കാരും ഉള്‍പ്പെടുന്നു. വിവിധ പേരുകളിലായി 70 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം വിറ്റു പോകുന്നത്. പാലക്കാട്ടും തൃശ്ശലൂരുമാണ് വില്‍പ്പനയില്‍ മുന്നില്‍. കൊല്ലവും തിരുവനന്തപുരവും പിന്നിലും. ഭൂട്ടാന്‍ ഡാറ്റ, സിക്കിം, മേഘാലയ തുടങ്ങിയ പേരില്‍ അന്യസംസ്ഥാന ലോട്ടറികളും ഓണ്‍ലൈന്‍, ഒറ്റ നമ്പര്‍ ലോട്ടറികളും കേരളത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും തട്ടിപ്പുകളെ തുടര്‍ന്ന് അവയെല്ലാം നിരോധിക്കുകയായിരുന്നു.
 
ലോട്ടറി യഥാര്‍ത്ഥത്തില്‍ ചൂതാട്ടമാണ്. പലര്‍ക്കും പല രീതിയിലാണ് ഭാഗ്യം കൈവരുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ നിന്നുള്ള കുഞ്ഞാമ്മുവിന്റെ അനുഭവമിങ്ങനെ. പയ്യോളിയില്‍ റോഡ് സൈഡില്‍ മുറുക്കാന്‍ കടയിട്ട് ലോട്ടറിയും വില്‍ക്കുന്നയാളാണ് എഴുപതു വയസുള്ള പത്മനാഭന്‍. ഇദ്ദേഹത്തിന്റെ ഉപഭോക്താക്കള്‍ പലരും ഫോണ്‍ വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരാണ്. പണം പിന്നീടേ കൊടുക്കൂ. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ടിക്കറ്റുകള്‍ സമ്മാനാര്‍ഹമായാല്‍ പത്മനാഭന്‍ അക്കാര്യം ഭാഗ്യവാനെ കൃത്യമായി അറിയിക്കുകയും ചെയ്യും. അത്രയ്ക്ക് സത്യസന്ധനാണ് ഇയാള്‍.

ഒരു ദിവസം, അതായത് 2014 മെയ് 24-ാം തീയതി വൈകിട്ട് കടയടയ്ക്കുമ്പോള്‍ പത്മനാഭന്റെ കൈവശം പിറ്റെ ദിവസം നറുക്കെടുക്കുന്ന വില്‍ക്കാത്ത 25 ടിക്കറ്റുകളുണ്ടായിരുന്നു. ഉടന്‍ തന്നെ പത്മനാഭന്‍ തന്റെ സ്ഥിരം കസ്റ്റമര്‍മാരിലൊരാളായ കുഞ്ഞാമ്മുവിനെ ഫോണില്‍ വിളിച്ച് ടിക്കറ്റ് വേണോയെന്ന് ചോദിച്ചു. അഞ്ച് ടിക്കറ്റുകള്‍ വേണമെന്ന് കുഞ്ഞാമ്മു പറയുകയും അവയുടെ നമ്പര്‍ കുറിച്ചെടുക്കുകയും ചെയ്തു. അക്ഷയ ലോട്ടറിയുടെ ആ അഞ്ചു ടിക്കറ്റുകളിലൊന്നിന് അടിച്ചത് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ്. സമ്മാനമടിച്ച കാര്യം പത്മനാഭന്‍ പിറ്റെ ദിവസം തന്നെ കുഞ്ഞാമ്മുവിനെ വിളിച്ചറിയിക്കുകയും ചെയ്തു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അനുദിനം കഷ്ടപ്പെടുന്ന ദരിദ്രനായ പത്മനാഭന്റെ ഈ കഥ അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ഇങ്ങനെ ഒട്ടേറെ ഭാഗ്യവാന്‍മാരുടെയും ഭാഗ്യഹീനരുടെയും ജീവിത സാക്ഷ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എളുപ്പത്തില്‍ പണം സമ്പാദിക്കുവാനുള്ള മോഹം, അധ്വാനിച്ച് പണമുണ്ടാക്കാനുള്ള മടി, ഉള്ള കടങ്ങള്‍ വീട്ടാനുള്ള നിവര്‍ത്തിയില്ലായ്മ, ജോലിസ്ഥിരതയുടെ പ്രശ്‌നം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ലോട്ടറി ടിക്കറ്റ് എടുക്കാത്ത മലയാളികള്‍ വളരെ ചുരുക്കമായിരിക്കും. ഒരിക്കല്‍ ലോട്ടറിയടിച്ച ഭാഗ്യവാന്‍ പണത്തോടുള്ള ആര്‍ത്തി മൂത്ത് വീണ്ടും വീണ്ടും ലോട്ടറിയെടുത്ത് കിട്ടിയതെല്ലാം തുലച്ച കഥ നമ്മള്‍ കേട്ടിട്ടുണ്ട്. കിട്ടിയതു കൊണ്ട് തൃപ്തിപ്പെട്ടവരുമുണ്ട്. കള്ളക്കടമെടുത്ത് ടിക്കറ്റ് വാങ്ങി ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യയിലഭയം പ്രാപിച്ചവരുടെ ദുരന്തത്തെ പറ്റിയും അറിയാം. എങ്കിലും ലോട്ടറി ഒരു അഡിക്ഷനാണ്. ഇന്നല്ലെങ്കില്‍ നാളെ ലക്ഷാധിപതിയാകാമെന്ന പ്രതീക്ഷ ഭാഗ്യാന്വേഷികളെ ലോട്ടറിയിലേയ്ക്ക് നയിക്കുന്നു... അതെ, നമ്പറു ലേശം തെറ്റിയില്ലെങ്കില്‍ ബംബറടിച്ചേനേ... ''നാളെയാണ്... നാളെയാണ്... നാളത്തെ കേരള...നാളത്തെ കേരള...''

കേരള ലോട്ടറി ഭാഗ്യം പിറന്നിട്ട് അന്‍പത് വര്‍ഷം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Ponmelil Abraham 2017-04-28 17:45:35
Naleyanu, naleyanu, naleyanu narukkeduppe.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക