Image

ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്‌കൂള്‍

Published on 28 April, 2017
ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്‌കൂള്‍

ന്യൂഡല്‍ഹി: ലൈംഗീക പീഡനം നല്‍കിയ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസം നിഷേധിച്ച് ഡല്‍ഹിയിെല സ്വകാര്യ സ്‌കൂളിന്റെ വക പീഡനം. കുട്ടിയുടെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. 10ാംക്ലാസ് വിദ്യാര്‍ഥിനിക്കാണ് ദുരനുഭവം. 

പീഡനത്തിനിരയായ കുട്ടി പഠിച്ചാല്‍ സ്‌കൂളിന്റെ സല്‍പ്പേരിന് കോട്ടം തട്ടുമെന്നും അതിനാല്‍ ഇനി മുതല്‍ സ്‌കൂളിലേക്ക് അയക്കേണ്ടതില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളെ വിളിച്ച് അറിയിച്ചു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട് 

10ാം ക്ലാസ് വിദ്യാര്‍ഥിനിയെ ചിലര്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കെറിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ നിന്ന് കരകയറി വരികയായിരുന്നു വിദ്യാര്‍ഥിനി. 

അപ്പോഴാണ് സ്‌കൂള്‍ അധികൃതരുടെ വിചിത്ര ആവശ്യം. വിദ്യാര്‍ഥിനിയെ 10ാം ക്ലാസ് വിജയിപ്പിക്കണമെങ്കില്‍ സ്‌കൂളില്‍ വരുന്നത് നിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്കാവില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. 

വിദ്യാര്‍ഥിനി സ്‌കൂളില്‍ വരുന്നത് അവസാനിപ്പിക്കുന്നതിനായി സുഹൃത്തുക്കളെ അവളുടെ സമീപത്തിരിക്കാന്‍ പോലും അധ്യാപകര്‍ അനുവദിക്കുന്നില്ല. ഈ സ്‌കൂളില്‍ നിന്ന് പേര് വെട്ടി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. 

പെണ്‍കുട്ടി അവളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണെന്ന്‌വനിതാ കമീഷന്‍ പറഞ്ഞു. അഞ്ചു ദിവസത്തിനുള്ളില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും വനിതാ കമീഷന്‍ അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക