Image

അതിര്‍ത്തി മതില്‍, ബോര്‍ഡര്‍ ടാക്‌സ്: ട്രമ്പ് നിലപാട് മാറ്റുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 April, 2017
അതിര്‍ത്തി മതില്‍, ബോര്‍ഡര്‍ ടാക്‌സ്: ട്രമ്പ് നിലപാട് മാറ്റുന്നു (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്ന അമേരിക്കന്‍-മെക്‌സിക്കന്‍ മതില്‍ നിര്‍മ്മാണവും ബോര്‍ഡര്‍ ടാക്‌സും തല്‍ക്കാലം മാറ്റി വയ്ക്കാന്‍ പ്രസിഡന്റ് തയ്യാറാവുന്നതിന്റെ സൂചനകള്‍ വ്യക്തമായി. ഒരു ഷോര്‍ട്ട് ടേം സ്‌പെന്‍ഡിംഗ് ബില്ലില്‍ മതില്‍ നിര്‍മ്മിക്കുവാന്‍ ധനാഭ്യര്‍ത്ഥന നടത്തുവാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് ഒരു ഭരണ സ്തംഭന സാധ്യത മുന്നില്‍ കാണുമ്പോള്‍ ഇപ്പോള്‍ ഇതിന് ശാഠ്യം പിടിക്കേണ്ട എന്ന നിലപാട് പ്രസിഡന്റ് സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ പ്രചരണ കാലത്ത് താന്‍ നല്‍കിയ വാഗ്ദാനം മതില്‍ നിര്‍മ്മാണം ഒഴിവാക്കുകയില്ല എന്ന് കൂട്ടിചേര്‍ക്കുവാന്‍ ട്രമ്പ് മടിച്ചില്ല.

അതിര്‍ത്തി മതില്‍ ധനാഭ്യര്‍ത്ഥന അനുകൂലിച്ചാല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്ന ഒബാമ കെയറിലെ സബ്‌സിഡി തുടരുവാന്‍ അനുവദിക്കാമെന്ന് റിപ്പബ്ലിക്കനുകള്‍ ഉറപ്പ് നല്‍കി. സെപ്തംബര്‍ വരെ മതിലിനുള്ള ധനാഭ്യര്‍ത്ഥന മാറ്റി വയ്ക്കാമെന്ന് ട്രമ്പ് സമ്മതിച്ചതായാണ് സൂചന.

ഷോര്‍ട്ട് ടേം സ്‌പെന്‍ഡിംഗ് ബില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അങ്ങനെ നീങ്ങിക്കിട്ടിയിരിക്കുകയാണ്. കോണ്‍ഗ്രസും വൈറ്റ്ഹൗസും നിയന്ത്രിക്കുന്ന കാലത്ത് ഒരു ഷട്ട് ഡൗണ്‍ സംഭവിക്കുന്നത് രാഷ്ട്രീയമായി തങ്ങള്‍ക്ക് ക്ഷീണം സംഭവിക്കുമെന്ന് റിപ്പബ്ലിക്കനുകള്‍ വിശ്വസിക്കുന്നു. വെള്ളിയാഴ്ചയ്ക്കകം ഗവണ്‍മെന്റിന് ഈ ശരത്കാലം തീരുന്നതുവരെ ആവശ്യമായ ധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കേണ്ടതുണ്ട്. മതിലിനുള്ള ധനാഭ്യര്‍ത്ഥന തല്‍ക്കാലം മാറ്റിവയ്ക്കുന്നു എന്ന് ട്രമ്പ് പറഞ്ഞില്ലെങ്കിലും ഈ സൂചനയാണ് ഉപദേശക കെല്ലി ആന്‍കോണ്‍വേ നല്‍കിയത്. നിലവിലെ ചെലവ് ഫണ്ടിംഗ് കൂടിയാലോചനകളില്‍ മതിലിനുള്ള ധനത്തിന്റെ പ്രശ്‌നം ഉണ്ടാവില്ല എന്ന് നിയമസഭാസാമാജികള്‍ കരുതുന്നു. ഇതനുസരിച്ചുള്ള വിലപേശലാണ് റിപ്പബ്ലിക്കനുകള്‍ ഡെമോക്രാറ്റുകളുമായി നടത്തുന്നത്.

വ്യവസായ ഭീമന്മാരായ വാള്‍മാര്‍ട്ടിന്റെയും ടെയോട്ടയുടെയും അത്തരം മറ്റ് കമ്പനികളുടെയും എതിര്‍പ്പാണ് ബോര്‍ഡര്‍ ടാക്‌സ് നിയമം തല്‍ക്കാലം മാറ്റി വയ്ക്കുവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് ടാക്‌സ് നികുതി ഭേദഗതി നിയമത്തിലെ പ്രധാന ഇനമായിട്ടാണ് ഹൗസ് റിപ്പബ്ലിക്കന്‍സ് ഉദ്ദേശിച്ചിരുന്നത്. ടാക്‌സ് പ്രാബല്യത്തില്‍ വന്നാല്‍ ഇറക്കുമതി ചരക്കുകളില്‍ നിന്ന് ബില്യണ്‍ കണക്കിന് ഡോളര്‍ നേടാമെന്നവര്‍ കണക്കുകൂട്ടി. ചില്ലറ വ്യാപാരശൃംഖലകളും വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ സാധന വിലകൂടുമെന്ന് ഭയക്കുന്നു. വാള്‍മാര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ വില്ക്കുന്ന കൃഷി, കൃഷ്യേതര വസ്തുക്കളും വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പാര്‍ട്ടുകളും പ്രധാനമായും മെക്‌സിക്കോയില്‍ നിന്നെത്തുന്നു. ഇവയ്ക്ക് ബോര്‍ഡര്‍ ടാക്‌സ് ചുമത്തിയാല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഇത് ഒരളവുവരെ ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുമെന്നും വ്യവസായ പ്രമുഖര്‍ കരുതുന്നു. ട്രമ്പിന്റെ പുതിയ നികുതി പ്രഖ്യാപനത്തില്‍ ബിസിനസ് ടാക്‌സ് നിരക്ക് 15% ആണ്. ഇത് കോര്‍പ്പറേഷനുകള്‍ക്ക് മാത്രമല്ല പേഴ്‌സനല്‍ ഇന്‍കം ടാക്‌സ് കോഡ് അനുസരിച്ച് ബിസിനസ് നടത്തുന്ന ചെറുകിട വാണിജ്യസ്ഥാപനങ്ങള്‍ക്കും(മോം ആന്റ് പോപ് ബിസിനസ്സുകള്‍) പ്രയോജനകരമായിരിക്കും. വ്യക്തികള്‍ക്ക് ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിക്കും. എന്നാല്‍ ഭവന വായ്പയുടെ പലിശയുടെ ഇളവ് നീക്കുന്നത് ഭവന നിര്‍മ്മാതാക്കളുടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെയും മറ്റുള്ളവരുടെയും എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

അതിര്‍ത്തി മതില്‍, ബോര്‍ഡര്‍ ടാക്‌സ്: ട്രമ്പ് നിലപാട് മാറ്റുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക