Image

ബഹ്‌റാജി, അങ്ങ് ഇപ്പോഴും ഡി ജി പി തന്നെയോ ? പോരിനൊരുങ്ങി നളിനി നെറ്റോയും, സെന്‍കുമാറും

അനില്‍ പെണ്ണുക്കര Published on 26 April, 2017
ബഹ്‌റാജി, അങ്ങ് ഇപ്പോഴും ഡി ജി പി തന്നെയോ ? പോരിനൊരുങ്ങി നളിനി നെറ്റോയും, സെന്‍കുമാറും
സുപ്രിം കോടതി വിധിക്ക് ശേഷം, ലോകനാഥന്‍ ബഹറ നമ്മുടെ ഡി ജി പി ആണോ ? അദ്ദേഹത്തിന്റെ ഉത്തരവുകള്‍ ഇനിയും പോലിസ് അനുസരിക്കുമോ ? അനുസരിക്കാമോ ?. കോടതി വിധിയിലൂടെ ഡി ജി പി ആകാന്‍ നൂറു ശതമാനം യോഗ്യത നേടിയ ടി പി സെന്‍ കുമാറിനെ സര്‍ക്കാര്‍ ഡി ജി പി ആയി നിയമിക്കാതിരിക്കുന്നതിനു പിന്നില്‍ ആരാണ് ചരട് വലിക്കുന്നത്. ചാനലുകള്‍  മൂന്നാറിന് പിറകെയും, മണിക്ക് പിറകെയും പോയപ്പോളേക്കും സെന്കുമാറും, മഹിജയുമൊക്കെ എവിടെ പോയി എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കിലും അടുത്ത ദിവസങ്ങളിലെ വലിയ വാര്‍ത്തയാകും സെന്‍കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍. രാജ്യത്തെ പരമോന്നത നീതിപീഠം അദ്ദേഹത്തിന് ക്‌ളീന്‍ ചിറ്റ് നല്‍കിയപ്പോള്‍ വെട്ടിലായത് എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുന്ന പിന്നെയായി സര്‍ക്കാരാണ്. എന്തെല്ലാമായിരുന്നു. മലപ്പുറം കത്തി, തോക്ക് .. അവസാനം പവനായി ശവമായി എന്ന് പറഞ്ഞതുപോലെ ആയി കാര്യങ്ങള്‍ ഈ വിധിയോടുകൂടി ഇപ്പോളത്തെ ഡി ജിപി ബെഹ്‌റജി മാത്രം സ്ഥാനം മാറിയാല്‍ മതിയോ?

അന്നത്തെ ആഭ്യന്തര സെക്രടറിയും , ഇപ്പോഴത്തെ ചിഫ് സെക്രട്ടറിയും ആയ നളിനിനെറ്റോ, സെന്കുമാറിനു എതിരെ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് സുപ്രിം കോടതി സംശയം പ്രകടിപ്പിച്ച നിലയില്‍, ചീഫ് സെക്രടരി സ്ഥാനത്തു നളിനി നെറ്റോയും  നിയമ വിരുദ്ധ തയില്ലേ ?
മുഖ്യമന്ത്രി എന്താ ഒന്നും മിണ്ടാത്തത്? ആരും ഒന്നും മിണ്ടുന്നില്ല. ചെന്നിത്തല ആകട്ടെ പെമ്പിളൈ ഒരുമയ്ക്കു പിറകെ ആണ്. വിജയിക്കാന്‍ സാധ്യത ഉള്ള പ്രശ്ങ്ങള്‍ക്കൊന്നും കൂട്ട് നില്ക്കാന്‍ ഇപ്പോള്‍ പ്രതിപക്ഷത്തിനും താല്‍പ്പര്യമില്ല.

സെന്‍ കുമാറിനെ എന്ത് പ്രശനം ഉണ്ടായാലും ഡി ജി പി ആയി നിയമിക്കുക തന്നെ വേണം. അങ്ങനെ വന്നാല്‍ രണ്ടു ശത്രുക്കള്‍ തമ്മിലുള്ള പോരാട്ടം കൂടി കേരളം കാണേണ്ടി വരും. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും തമ്മില്‍ 'ശീത' സമരമാകും കേരളം ഇനി കണ്ണന്‍ പോകുക.
സര്‍ക്കാര്‍ ജീവനക്കാരുടെ തലവനും പൊലീസ് സേനയുടെ തലവനും കൊമ്പ് കോര്‍ക്കുന്ന അസാധാരണ സാഹചര്യം ഉണ്ടാകുന്നതോടെ ചാനലുകള്‍ക്കും, ചര്‍ച്ച തൊഴിലാളികള്‍ക്കും ചാകര ആയിരിക്കും.കടുത്ത അഭിപ്രായ ഭിന്നതയാണ് മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോയുമായി സെന്‍കുമാറിനുള്ളത്.

സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തെറുപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നിര്‍വ്വഹിച്ചതെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നത്.

ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് ചീഫ് സെക്രട്ടറിയാകാന്‍ തനിക്ക് കഴിയാതെ പോയത് മുഖ്യമന്ത്രിയുടെ മേല്‍ സെന്‍കുമാര്‍ ചെലുത്തിയ സ്വാധീനമാണെന്ന് നളിനി നെറ്റോ കരുതിയിരുന്നതാണ് ഇരുവരും തമ്മിലുള്ള ഉടക്കില്‍ കലാശിച്ചത്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം പൊലീസിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്ന നളിനി നെറ്റോയുടെ നടപടിയാണ് ഭിന്നത രൂക്ഷമാക്കിയത്. വിഷയത്തില്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സെന്‍കുമാറിന്റേത്. റവന്യൂ ഉദ്യോഗസ്ഥരുടെ തെറ്റുകള്‍ മറച്ചുവെച്ച് പൊലീസിനെ ബലിയാടാക്കാന്‍ ശ്രമിച്ചതിനെതിരെ സേനക്കകത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.

നളിനി നെറ്റോ ചൂണ്ടിക്കാട്ടിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും ജിഷ കേസും സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റാന്‍ ന്യായീകരണമല്ലന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് നളിനി നെറ്റോയ്ക്കും വന്‍ പ്രഹരമാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തില്‍ വര്‍ദ്ധിത വീര്യത്തോടെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചു വരുന്ന സെന്‍കുമാറിനെ നളിനി നെറ്റോ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് ഉദ്യോഗസ്ഥര്‍ ഉറ്റുനോക്കുന്നത്.

ഇരുവരും ഒരുമിച്ച് പങ്കെടുക്കേണ്ട നിരവധി മീറ്റിങ്ങുകള്‍ സ്വാഭാവികമായും ഉണ്ടാകും. മാത്രമല്ല ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്റെ പദവിക്ക് മേലെയാണ് നളിനി നെറ്റോ എന്നതിനാല്‍ അവര്‍ക്ക് ബഹുമാനം കൊടുക്കാന്‍ സെന്‍കുമാര്‍ ബാധ്യസ്ഥനുമാണ്.അവിടെയും പ്രശനങ്ങള്‍ ഉണ്ടാകും എന്നുറപ്പാണ്.ഇപ്പോഴത്തെ സാഹചര്യത്തില്‍ പരസ്പരമുള്ള കൂടികാഴ്ച ഒഴിവാക്കാനാണ് ഇരുവരും ശ്രമിക്കുക. ജൂണില്‍ സെന്‍കുമാര്‍ റിട്ടയര്‍ ചെയ്യുമെന്നതിനാല്‍ അതിനാണ് സാധ്യത കൂടുതല്‍.

മറ്റൊരു പ്രശനം കൂടി ഉണ്ട്.
തന്നെ മാറ്റുന്നതിന് കാരണമായി നളിനി നെറ്റോ ചൂണ്ടിക്കാട്ടിയ മൂന്ന് റിപ്പോര്‍ട്ടുകളും വ്യാജമാണെന്നും കൃത്രിമം നടന്നെന്നും സുപ്രീം കോടതിക്ക് തന്നെ ബോധ്യപ്പെട്ട സ്ഥിതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അതല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സെന്‍കുമാര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചതിനു പിന്നില്‍ നല്ലൊരു ഒളിയമ്പ് ഉണ്ട്. തന്റെ 36 വര്‍ഷത്തെ സര്‍വീസില്‍ മോശക്കാരനാക്കി ചിത്രീകരിച്ച് പുറത്താക്കിയ നടപടി ഒരു കാരണവശാലും ക്ഷമിക്കില്ലന്ന വാശിയിലാണ് സെന്‍കുമാര്‍. വിവരാവകാശ പ്രകാരം ഈ റിപ്പോര്‍ട്ടുകളുടെ കോപ്പി ലഭ്യമായത് വൈകിയതിനാലാണ് നളിനി നെറ്റോയെ കേസില്‍ കക്ഷിയാക്കാന്‍ കഴിയാതിരുന്നതെന്നും മറിച്ചായിരുന്നെങ്കില്‍ കീഴ്‌ക്കോടതികളില്‍ നിന്നു തന്നെ തനിക്കു  നീതി ലഭിക്കുമായിരുന്നുവെന്നും സെന്‍ കുമാര്‍ വിശ്വസിക്കുന്നു.
പൊലീസ് മേധാവിയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കാതെ നീട്ടികൊണ്ടു പോയാല്‍ കോര്‍ട്ടലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാനും സെന്‍കുമാറിന് സാധിക്കും.

സര്‍വ്വീസില്‍ നിന്നും ജൂണില്‍ വിരമിക്കാനിരിക്കെ ഇനിയും സെന്‍കുമാറിന് നിയമനം നല്‍കാതെ റിവിഷന്‍ ഹര്‍ജിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാറിന്റെ നീക്കമെങ്കില്‍ വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന് നിയമനം നല്‍കണമെന്ന അഭിപ്രായമാണ് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനുമുള്ളത്. ഇടതിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐയ്ക്കും ഇതേ നിലപാടാണുള്ളത്. സെന്‍കുമാറാകട്ടെ ഇടതുപക്ഷത്തേയോ, സര്‍ക്കാറിനെയോ കുറ്റപ്പെടുത്താതെ മുന്‍ ആഭ്യന്തര സെക്രട്ടറിക്കുമേലാണ് പ്രധാനമായും കുറ്റം ആരോപിക്കുന്നത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എസ് എം വിജയാനന്ദിനെ ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന് ചീഫ് സെക്രട്ടറിയാക്കിയതില്‍ അന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിന് പങ്കുണ്ട് എന്നതിനാല്‍ ആ സ്ഥാനത്ത് വരേണ്ടിയിരുന്ന നളിനി നെറ്റോ പിന്നീട് പക വീട്ടുകയായിരുന്നുവെന്നാണ് ആക്ഷപം.

ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോ അവസരം മുതലെടുത്ത് തനിക്കെതിരെ നീങ്ങുകയായിരുന്നുവെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നത്.

എന്തായാലും സെന്‍കുമാര്‍ തിരിച്ചുവരുന്നതോടെ സര്‍ക്കാരിന് വാന്‍ തലവേദനയാകും അടുത്ത ഒരു മാസക്കാലം ഉണ്ടാകുവാന്‍ പോകുന്നത്. സ്ഥാനം നഷ്ടപ്പെടുന്ന ലോക്‌നാഥ് ബഹ്‌റയുടെ കാര്യമായിരിക്കും അതിലും കഷ്ടം ..


ബഹ്‌റാജി, അങ്ങ് ഇപ്പോഴും ഡി ജി പി തന്നെയോ ? പോരിനൊരുങ്ങി നളിനി നെറ്റോയും, സെന്‍കുമാറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക