Image

ഉത്തേജക മരുന്ന്‌: സുബ്രതാ പാല്‍ പിടിയില്‍

Published on 25 April, 2017
ഉത്തേജക മരുന്ന്‌: സുബ്രതാ പാല്‍ പിടിയില്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ഗോള്‍കീപ്പറും മുന്‍ നായകനുമായ സുബ്രതാ പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. മാര്‍ച്ച്‌ 18ന്‌ മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച്‌ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടത്തിയ പരിശോധനയിലാണ്‌ അര്‍ജുന അവാര്‍ഡ്‌ ജേതാവായ പാല്‍ നിരോധിച്ച ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതായി കണ്ടെത്തിയത്‌.

മ്യാന്‍മറിനെതിരായ എഎഫ്‌സി ഏഷ്യന്‍ കപ്പും കമ്പോഡിയക്കെതിരേയുള്ള സൗഹൃദ മത്സരവും കളിക്കാന്‍ പുറപ്പെടുന്നതിന്‌ മുമ്പ്‌ നടത്തിയ ക്യാമ്പില്‍ വച്ചായിരുന്നു നാഡയുടെ പരിശോധന. സുബ്രതാ പാല്‍ ഉത്തേജക മരുന്ന്‌ പരിശോധനയില്‍ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഫ്‌ഐഎഫ്‌എഫ്‌) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്‌ സ്ഥിരീകരിച്ചു. 

കൂടാതെ ഡിഎസ്‌കെ ശിവാജിയന്‍സ്‌ ടീം അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കുശാല്‍ ദാസ്‌ വ്യക്തമാക്കി. ഇനി ബി സാമ്പിള്‍ പരിശോധനയ്‌ക്ക്‌ അപേക്ഷ നല്‍കുകയോ അപ്പീല്‍ നല്‍കുകയോ ചെയ്യാം.

2007ല്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ എത്തിയ സുബ്രതാ പാല്‍ 64 മത്സരങ്ങളില്‍ ഗോള്‍വല കാത്തിട്ടുണ്ട്‌. പശ്ചിമ ബംഗാള്‍ സ്വദേശിയായ സുബ്രതാ പാല്‍ ഐഎസ്‌എല്ലില്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിന്റെയും ഐ ലീഗില്‍ ഡിഎസ്‌കെ ശിവാജിയന്‍സിന്റേയും താരമാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക