Image

സെന്‍കുമാര്‍ വിജയിച്ചതു 11 മാസം നീണ്ട പോരാട്ടത്തിലൂടെ

Published on 24 April, 2017
സെന്‍കുമാര്‍ വിജയിച്ചതു 11 മാസം നീണ്ട പോരാട്ടത്തിലൂടെ
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു തെറിപ്പിക്കപ്പെട്ട ടി.പി.സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ വിജയിച്ചത് 11 മാസം നീണ്ട നിയമപോരാട്ടത്തിലൂടെ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം ദിവസമാണ് ഡിജിപി സ്ഥാനത്തുനിന്നു സെന്‍കുമാര്‍ തെറിക്കപ്പെട്ടത്. പകരം ലോക്‌നാഥ് ബഹ്‌റ ഡിജിപി സ്ഥാനത്ത് എത്തുകയും ചെയ്തു.

പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം, പെരുന്പാവൂര്‍ ജിഷ വധം എന്നീ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചാര്‍ത്തിയാണ് സെന്‍കുമാറിനെ മാറ്റിയത്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷമെങ്കിലും തുടരാന്‍ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് നിലനില്‍ക്കെയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കം.

ഇതോടെ സെന്‍കുമാറിന്റെ ശന്പള സ്‌കെയിലും താഴ്ന്നു. ഇതിനെതിരേ സെന്‍കുമാര്‍ ആദ്യം ട്രൈബ്യൂണലിനെ സമീപിച്ചു. രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കാനാണ് തന്നെ സ്ഥാനത്തുനിന്നു മാറ്റിയതെന്നു സെന്‍കുമാര്‍ വാദിച്ചു. കതിരൂര്‍ മനോജ് വധക്കേസിലും മറ്റും പോലീസ് സ്വീകരിച്ച നടപടികള്‍ സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥനെ മാറ്റുന്നതു സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നു സര്‍ക്കാര്‍ വാദിച്ചു.

ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ നിലപാടു ശരിവച്ചു. എങ്കിലും ശന്പള സ്‌കെയില്‍ പുനഃസ്ഥാപിച്ചു നല്‍കി. തുടര്‍ന്നു സെന്‍കുമാര്‍ ഹൈക്കോടതിയിലെത്തി. അവിടെയും സര്‍ക്കാര്‍ നിലപാടു ശരവയ്ക്കപ്പെട്ടു. എന്നാല്‍, സെന്‍കുമാര്‍ പോരാട്ടവുമായി സുപ്രീം കോടതിയിലെത്തി. അതോടെ, സ്ഥിതി മാറി.

സര്‍ക്കാര്‍  പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വയെ തന്നെ രംഗത്തിറക്കി. ചില പ്രതികൂല പരമര്‍ശങ്ങള്‍ വന്നപ്പോള്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും ഡിജിപി ലോക്‌നാഥ് ബഹ്‌റയും നേരിട്ടു ഡല്‍ഹിയിലെത്തി കേസിന്റെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീം കോടതി തള്ളി. ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തി ആറാം ദിവസം ഡിജിപിയെ നീക്കിയതു നിയമപരമല്ല എന്നാണ് കോടതി വിലയിരുത്തത്. പ്രത്യേകിച്ചു ഡിജിപിയെ രണ്ടുവര്‍ഷം തുടരാന്‍ അനുവദിക്കണമെന്ന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക