Image

മതം, രാഷ്ട്രീയം, അധികാരം(ഭാഗം 2)- വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 23 April, 2017
മതം, രാഷ്ട്രീയം, അധികാരം(ഭാഗം 2)- വാസുദേവ് പുളിക്കല്‍
ആധുനികതയില്‍ ഹിന്ദുമതത്തിന്റേയും ഇസ്ലാംമതത്തിന്റേയും രാഷ്ട്രീയവല്‍ക്കരണം എന്ന ദൗത്യവുമായി മത-രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപം കൊണ്ടു. ആധുനിക രാഷ്ട്രീയ പ്രയോഗത്തിന്റെ ഭൂമികയിലാണ് ഹിന്ദുത്വ വാദത്തിന്റെ ഭേരി മുഴക്കിക്കൊണ്ട് സവര്‍ണ്ണ മേധാവിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപം കൊണ്ടത്. ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ഹിന്ദുമത സംരക്ഷണത്തിനായി ഹിന്ദുത്വത്തെ ആശ്ലേഷിപ്പിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് മതാത്മകത അടിസ്ഥാനമായിരിക്കുന്ന പ്രസ്ഥാനങ്ങളുടെ അനിവാര്യതയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഗുപ്തമായി വര്‍ഗ്ഗീയതയിലധിഷ്ഠിതമാണ് ഈ പ്രസ്ഥാനം എന്നറിയുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണതയും ആശയവൈരുദ്ധ്യവുമായി ഇണങ്ങിച്ചേരാന്‍ നിഷ്പര്‍ഷമതികള്‍ക്ക് സാധിക്കാതെ വരുന്നു. ഈ പ്രസ്ഥാനം കഴിഞ്ഞ ഇരുണ്ട കാലഘട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവുമായ സവര്‍ണ്ണ മേധാവിത്വത്തിന്റെ പ്രതിച്ഛായയായും പ്രത്യക്ഷപ്പെടുന്നുണ്ട്. ചരിത്രത്തിലൂടെ നടന്നു പോകുമ്പോള്‍ സവര്‍ണ്ണ മേധാവിത്വത്തില്‍ അടിച്ചമര്‍ത്തപ്പെട്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തെ കാണാം. കാലാനുസൃതമായി ചിന്താഗതിയില്‍ പരിവര്‍ത്തനം വരുത്താതെ യാഥാസ്ഥികര്‍ ജാതി വ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ട് വാല്‍നക്ഷത്രങ്ങളുടെ പ്രകാശത്തില്‍ ജ്വലിച്ചുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അഭ്യസ്ഥവിദ്യരെന്ന് വിശ്വസിക്കുന്ന അമേരിക്കയിലെ നല്ലൊരു വിഭാഗം മലയാളികള്‍ പോലും ജാതിപിശാചിന്റെ ബന്ധനത്തിലാണ് എന്ന ദുരവസ്ഥ ഇവിടത്തെ ആനുകാലിക പ്രസ്ഥാനങ്ങളില്‍ പ്രതിഫലിക്കുന്നില്ലേ? നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ഈ ദുരവസ്ഥ പെട്ടെന്ന് ദുരീകരിക്കാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും ജാതി വ്യവസ്ഥിതി എന്നെന്നും നിലനില്‍ക്കും, നിലനില്‍ക്കണം എന്ന ആക്രോശവുമായി മുന്നോട്ടുപോവുകയും അവര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ ഒരിക്കല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും പലതരം മതവിലക്കുകള്‍ മൂലം വിദ്യാഭ്യാസ രംഗത്തും സാമൂഹ്യരംഗത്തും പിന്നിലാക്കപ്പെടുകയും ചെയ്ത ജനവിഭാഗത്തിന്റെ പാര്‍ശ്വവല്‍ക്കരണം തുടരുകയാണ്. എന്നാല്‍ വിദ്യകൊണ്ട് പ്രബുദ്ധരായി മുഖ്യധാരയില്‍ അവര്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. ജാതി ശ്രേണിയിലെ ഉന്നത•ാരുടെ പ്രാബല്യമുള്ള ഈ ഹിന്ദുതീവ്രവാദി രാഷ്ട്രീയ പാര്‍ട്ടി ഭരണകക്ഷിയുടെ അധികാരത്തിന്റെ തണല്‍ പറ്റി മതഫാസിസത്തിന്റെ പ്രതീകമായി ജാതിവിരുദ്ധ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ജാതി ചോദിക്കരുത് പറയരുത് എന്ന് പ്രഖ്യാപിച്ച മഹാത്മാവിനെ അധിഷേപിച്ചു കൊണ്ട് ജാതി ചോദിച്ചാലെന്താ പറഞ്ഞാലെന്താ എന്നാവരുടെ വാദം.

പേരുകൊണ്ടുതന്നെ സ്വഭാവം തിരിച്ചറിയാവുന്ന വിധത്തില്‍ മതപരമായ നേട്ടങ്ങള്‍ക്കായി ഗുപ്തമായ വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി ന്യായീകരിച്ച് രാഷ്ട്രീയരംഗത്ത് അധികാരം പിടിച്ചെടുക്കുന്നവരും മതഫാസിസ്റ്റുകള്‍ തന്നെ. കേരള രാഷ്ട്രീയത്തില്‍ ഈ മതരാഷ്ട്രീയ പാര്‍ട്ടി ചെലുത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം എന്തെന്ന് പ്രത്യേകം പറയേണ്ടതില്ല. മതവികാരങ്ങള്‍ ഇളക്കിവിട്ട് സമൂഹത്തില്‍ കലാപങ്ങളുണ്ടാകാന്‍ മനുഷ്യരുടെ അവയവങ്ങള്‍ വെട്ടിമാറ്റുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ക്കും സമൂഹം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭൂമി കയ്യേറ്റത്തിലും മതവും രാഷ്ട്രീയവും ഒട്ടും പിന്നിലല്ല. മൂന്നാറില്‍ മതം ഭൂമി കയ്യേറി അനധികൃതമായി സ്ഥാപിച്ച കുരിശ് എടുത്തു മാറ്റാന്‍ അസിസ്റ്റന്റ് കളക്ടറുടെ ഉത്തരവുണ്ടായെങ്കിലും അത് നടപ്പാക്കാതിരിക്കാന്‍ വേണ്ടി മതപട്ടാളം കാവല്‍ നിന്നത് രാഷ്ട്രീയ പിന്‍ബലത്തോടെയായിരിക്കണം. രാഷ്ട്രീയക്കാരും ഭൂമി കയ്യേറിയത് വെളിച്ചത്ത് കൊണ്ടുവന്നല്ലോ. ഇവിടേയും ഒരു മത-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സാധ്യത തെളിഞ്ഞുവരുന്നുണ്ട്. മൂന്നാറില്‍ മറ്റൊരു നിലക്കല്‍ സൃഷ്ടിക്കപ്പെടുമായിരിക്കും. പ്രത്യക്ഷമായും പരോക്ഷമായും മതങ്ങള്‍ രാഷ്ട്രീയത്തിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇടപെടുകയും, മതതാല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അഴിമതിയുട കറപുരണ്ട ഭരണകര്‍ത്താക്കളുടെ നിലനില്‍പിന് അനിവാര്യമാണെന്ന് കാണുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് മുട്ടു മടക്കേണ്ടി വരുന്നു. അപ്പോള്‍ മതരാഷ്ട്രീയം വളര്‍ന്ന് പന്തലിക്കുകയും നിഷ്പക്ഷമായ ഒരു ഭരണസംവിധാനം വായുവില്‍ ലയിച്ച് അസ്തമിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മതത്തേയും രാഷ്ട്രീയത്തേയും ഒരേ നുകത്തിന് കീഴില്‍ പൂട്ടി നട്ടെല്ലുള്ള ഒരു ന്യായാധിപന്റെ മുന്നില്‍ നിര്‍ത്തിക്കൊടുക്കണം.

സമൂഹത്തിലെ അനീതികളിലും അക്രമങ്ങളിലും മതവും രാഷ്ട്രീയവും അധികാരവും ചേര്‍ന്നു പോകുന്നതുകണ്ട് വികാര ഭരിതനാകുന്ന ജോണ്‍ വേറ്റം എഴുതിയ 'അനുഭവതീരങ്ങളില്‍' എന്ന പുസ്തകത്തോട് ബന്ധപ്പെടുത്തിയാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. അനുഭവതീരങ്ങളില്‍ നിന്ന് കൊണ്ട് എഴുത്തുകാരന്‍ സ്വന്തം അനുഭവങ്ങളുടെ മണിചെച്ചു തുറക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിഷ്പക്ഷമായ വ്യക്തിത്വത്തിന്റെ തിളക്കം വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. വ്യാജദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ചെയ്യുന്ന അപരിഷ്‌കൃതമായ ആചാരാനുഷ്ഠാനങ്ങള്‍. സ്ത്രീകളുടെ മേലുള്ള അക്രമം, ചോദ്യം ചെയ്യപ്പെടാത്ത പുരുഷമേധാവിത്വം, മതാചാരങ്ങള്‍ പുണ്യകര്‍മ്മങ്ങളും മതസിദ്ധാന്തങ്ങളുമായിത്തീരുന്നത് മുതലായവ കണ്ട് നെടുവീര്‍പ്പിടുന്ന എഴുത്തുകാരന്റെ ശ്വാസോച്ഛാസം സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതികളേയും അനീതികളേയും ദഹിപ്പിച്ചു കളയാന്‍ പാകത്തിന് ഊഷ്മളമാണ്. മതങ്ങളില്‍ ആത്മീയതയുടെ നിറവ് നഷ്ടപ്പെടുന്നതും, മതങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതും മതങ്ങള്‍ രാഷ്ട്രീയ നേതാക്കന്മാരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതും വിമര്‍ശന ബുദ്ധിയോടെ വീക്ഷിക്കുന്ന എഴുത്തുകാരന്‍ മതവിശ്വാസങ്ങളെ പ്രസ്താവനയുടെ രൂപത്തില്‍ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നു. മരണാനന്തരം ഉദ്ദിഷ്ടകാര്യം സാധിക്കുമെന്ന് പ്രലോഭിപ്പിച്ച് മതവില്പന നടത്തുന്നതിലും മരണാനന്തര ജീവിതത്തെ പറ്റി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിനേയും എഴുത്തുകാരന്‍ പരാമര്‍ശിക്കുന്നു. മതത്തെ രാഷ്ട്രീയവല്‍ക്കരിച്ച് രാഷ്ട്രീയ നേതാക്കന്‍മാര്‍ മതങ്ങള്‍ വിഭാവന ചെയ്യുന്ന ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നതില്‍ വ്യസനിക്കുന്നുണ്ടെങ്കിലും സാര്‍വ്വലൗകീകമായ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ദൈവവിശ്വാസം കൊണ്ട് മനസ്സ് സ്വസ്ഥമാക്കി സന്തുഷ്ടമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന മതസംസ്‌ക്കാരം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവും എഴുത്തുകാരനുണ്ട്.

പുസ്തകത്തിന്റെ തലക്കെട്ട് കാണുമ്പോള്‍ എഴുത്തുകാരന്റെ മൊത്തം ജീവിതാനുഭവങ്ങളുടെ ആവിഷ്‌ക്കരണമെന്ന് തോന്നാമെങ്കിലും പള്ളിക്കാര്യങ്ങളിലുണ്ടായ എഴുത്തുകാരന്റെ അനുഭവങ്ങളിലേക്ക് 'അനുഭവതീരങ്ങളില്‍' ഒതുങ്ങിപ്പോകുന്നതായി കാണുന്നു. സ്റ്റാറ്റന്‍ ഐലണ്ടില്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ എന്ന ദേവാലയത്തിന്റെ സ്ഥാപനത്തിന്റെ പിന്നിലുണ്ടായ പ്രശ്‌നങ്ങളും അടിയൊഴുക്കുകളും അവതരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ 'അനുഭവതീരങ്ങളില്‍' അനശ്വരമായ ആനന്ദമുളവാക്കുന്ന അദ്ധ്യാത്മികതയുടെ പ്രകാശം പ്രസരിക്കുന്നതായി അനുഭവപ്പെടുന്നു. പ്രസ്താവനയില്‍ അവതരിക്കുന്ന എഴുത്തുകാരന്‍ വായനക്കാരില്‍ ജനിപ്പിക്കുന്ന വിചാരവികാരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ അനുഭൂതിയാണ് പുസ്തകത്തിന്റെ ഉള്ളടക്കം വായനക്കാരിലുളവാക്കുന്നത്. ക്രിസ്തീയ സഭയിലുള്ള പിളര്‍പ്പും ഭൗതിക ധനത്തിനുവേണ്ടിയുള്ള ആഭ്യന്തര സമരങ്ങളും എഴുത്തുകാരനെ വേദനിപ്പിക്കുന്നുണ്ട്. ക്രിസ്തീയ സഭകളുടെ സ്ഥാപനവപും വികസനവും പിളര്‍പ്പും നടന്ന കാലഘട്ടങ്ങളും പ്രത്യാഘാതങ്ങളും മറ്റും വിവരിക്കുന്നത് പല വായനക്കാര്‍ക്കും പുതിയ ഒരറിവായിരിക്കാം.

സാഹിത്യത്തിന്റെ തലോടല്‍ പരിമിതമെങ്കിലും ലളിതമായ ഭാഷയില്‍ ആവിഷ്‌ക്കരണ പാടവത്തോടെ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരന്റെ വിചാരവികാരങ്ങള്‍ വായനക്കാരന്റേതുമായി ഇഴചേര്‍ന്നു പോകുമ്പോഴാണ് പുസ്തകം വായനക്കാരന് ആസ്വാദ്യകരമാകുന്നത്. എഴുത്തുകാരനുമായി വായനക്കാര്‍ക്ക് താദാന്ത്യം പ്രാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

വളരെയധികം ക്ലേശങ്ങള്‍ സഹിച്ച് വസ്തുതകള്‍ ശേഖരിച്ച് അനുഭവങ്ങളുടെ തീരങ്ങളില്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ജോണ്‍ വേറ്റത്തിന് അഭിനന്ദനങ്ങള്‍.

(അവസാനിച്ചു)

മതം, രാഷ്ട്രീയം, അധികാരം(ഭാഗം 2)- വാസുദേവ് പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക