Image

`ഗ്രേറ്റ്‌ ഫാദര്‍': 50 കോടി ക്ലബ്ബിലേക്ക്‌ മമ്മൂട്ടിയും

Published on 22 April, 2017
`ഗ്രേറ്റ്‌ ഫാദര്‍': 50 കോടി ക്ലബ്ബിലേക്ക്‌ മമ്മൂട്ടിയും


മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ്‌ അദേനി സംവിധാനം ചെയ്‌ത 'ദി ഗ്രേറ്റ്‌ ഫാദര്‍' 50 കോടിക്ക്‌ മുകളില്‍ കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ്‌ സിനിമ പുറത്തുവിട്ട കണക്ക്‌ മമ്മൂട്ടിയും ഫേസ്‌ബുക്ക്‌ പേജിലൂടെ ഷെയര്‍ ചെയ്‌തിട്ടുണ്ട്‌. മാര്‍ച്ച്‌ 30ന്‌ തീയേറ്ററുകളിലെത്തിയ ചിത്രം 24-ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്‌ നിര്‍മ്മാതാക്കള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്‌. 

ഇന്ത്യയിലും പുറത്തും റിലീസ്‌ ചെയ്‌ത എല്ലാ സ്‌ക്രീനുകളിലെയും കളക്ഷന്‍ ചേര്‍ത്താണ്‌ ചിത്രം 50 കോടി നേടിയിരിക്കുന്നത്‌.
ഇതോടെ അന്‍പത്‌ കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമായിരിക്കുകയാണ്‌ 'ദി ഗ്രേറ്റ്‌ ഫാദര്‍'. ഒരു മലയാളചിത്രം നിലവില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന ഫസ്റ്റ്‌ഡേ കളക്ഷന്‍ ഇപ്പോള്‍ ഗ്രേറ്റ്‌ ഫാദറിന്റെ പേരിലാണ്‌. 4.31 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍. 

പുലിമുരുകന്റെ 4.05 കോടിയെ മറികടന്നായിരുന്നു ഗ്രേറ്റ്‌ ഫാദര്‍ റെക്കോര്‍ഡിട്ടത്‌. ഒപ്പം അതിവേഗത്തില്‍ 20 കോടി നേടുന്ന ചിത്രമായും ഗ്രേറ്റ്‌ഫാദര്‍ മാറിയിരുന്നു. റിലീസിന്റെ അഞ്ചാം ദിവസമാണ്‌ ചിത്രം 20 കോടി നേടിയതായി മമ്മൂട്ടി അറിയിച്ചത്‌.

മലയാളത്തിലെ ഒട്ടുമിക്ക ബോക്‌സ്‌ഓഫീസ്‌ റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ പുലിമുരുകനെ ആദ്യദിന കളക്ഷനിലും 20 കോടി നേട്ടത്തിന്റെ വേഗത്തിലും പിന്നിലാക്കിയ ചിത്രം പക്ഷേ 50 കോടി നേട്ടത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിന്‌ പിന്നിലാണ്‌. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പുലിമുരുകന്‍ 60 കോടിക്ക്‌ മുകളില്‍ നേടിയിരുന്നു.

50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ്‌ 'ദി ഗ്രേറ്റ്‌ ഫാദറെ'ങ്കില്‍ മോഹന്‍ലാലിന്റെ നാല്‌ ചിത്രങ്ങള്‍ ഇതിനുമുന്‍പ്‌ ഈ നേട്ടമുണ്ടാക്കിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക