Image

നല്ല അസല്‍ പുത്തന്‍പണം

ആഷ എസ് പണിക്കര്‍ Published on 21 April, 2017
 നല്ല അസല്‍ പുത്തന്‍പണം

അപ്രതീക്ഷിതമായി നടപ്പാക്കിയ നോട്ടു നിരോധനം മുലമുണ്ടായ പ്രശ്‌നങ്ങളും പ്രതിസന്ധികളും നര്‍മത്തില്‍ ചാലിച്ചു പറയുകയാണ്‌ രഞ്‌ജിത്തിന്റെ പുത്തന്‍പണത്തിലൂടെ. ആളുകളുടെ ജീവിതത്തെ നോട്ട്‌ നിരോധനം ഏതെല്ലാം രീതിയില്‍ ബാധിച്ചു എന്നതാണ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

തനി കാസര്‍കോട്ടുകാരനായ നിത്യാനന്ദ ഷേണായിയാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപ#ാത്രം വളരെ കരുത്തുറ്റ കഥാപാത്രമാണ്‌. നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും അവരെല്ലാം തന്നെ നിത്യാനന്ദ ഷേണായിയുമായി ബന്ധപ്പെട്ടാണ്‌ കഥ. കുറേ ശിങ്കിടികളും ഷേണായിക്കുണ്ട്‌. അവരെയും ഷേണായിയേയും നോട്ടു നിരോധനം ബാധിക്കുന്നതും അതിനെ മറികടക്കാന്‍ ഷേണായി നടത്തുന്ന ഇടിവെട്ടു തന്ത്രങ്ങളുമാണ്‌ ചിത്രത്തിന്റെ കഥ.

യഥാര്‍ത്ഥത്തില്‍ നോട്ടുനിരോധനമല്ല ചിത്രത്തിന്റെ കഥ. പശ്ചാത്തലം മാത്രമാണ്‌. മറ്റുകഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. കാസര്‍കോട്ടുകാരനായ നിത്യാനന്ദ ഷേണായിയെ മമ്മൂട്ടി അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്‌. പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനുളള മമ്മൂട്ടിയുടെ കഴിവിനെ ഈ ചിത്രത്തില്‍ ആവോളം ഉപയോഗിച്ചിട്ടുണ്ട്‌ സംവിധായകന്‍.
ആദ്യപകുതിയില്‍ നോട്ട്‌ നിരോധനം ഒരു വിഷയമായി അവതരിപ്പിച്ചുകൊണ്ടാണ്‌ ചിത്രം സഞ്ചരിക്കുന്നതെങ്കില്‍ രണ്ടാം പകുതിയില്‍ തികച്ചും വേറൊരു ട്രാക്കിലാണ്‌ രണ്ടാംപകുതിയുടെ സഞ്ചാരം. രണ്ടും തമ്മില്‍ നന്നായി യോജിപ്പിക്കാന്‍ സംവിധായകനു കഴിയുന്നുണ്ട്‌. അത്‌ ചിത്രത്തിന്റെ മികവാണ്‌. ആവശ്യത്തിനു കോമഡിയും ആക്ഷനും ചേര്‍ന്ന ഒരു ത്രില്ലര്‍ തന്നെയാണ്‌ പുത്തന്‍പണം. കള്ളപ്പണക്കാരുടെ നെട്ടോട്ടം വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്‌. അതോടൊപ്പം നിയമത്തിന്റെ നൂലാമാലകളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളും തികച്ചും രസകരമായി ചിത്രീകരിച്ചിരിക്കുന്നു. പി.വി ഷാജികുമാറും രഞ്‌ജിത്തും ചേര്‍ന്നാണ്‌ സംഭാഷണം ഒരുക്കിയിട്ടുള്ളത്‌.

മമ്മൂട്ടിയുടെ കഥാപാത്രവും കാസര്‍കോടു ഭാഷയും തന്നെയാണ്‌ ചിത്രതതിന്റെ പ്രധാന ആകര്‍ഷണം. തന്ദ്രങ്ങളും കുതന്ത്രങ്ങളും കുരുട്ടുബുദ്ധിയുമൊക്കെയായി മുന്നേറുന്ന ഷേണായി ക്‌ളൈമാക്‌സിലും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്‌. ഇന്ദ്രന്‍സ്‌ എന്ന നടന്‍ നമ്മെ ഒരിക്കല്‍ കൂടി വിസ്‌മയിപ്പിക്കുന്നു. മുത്തുവായെത്തിയ ബാലതാരം സ്വരാജ്‌ മിന്നുന്ന പ്രകടനം തന്നെ കാഴ്‌ച വച്ചു. കുഞ്ഞപ്പനായി എത്തിയ ബൈജുവിന്റെ പ്രകടനവും മികച്ചു നില്‍ക്കുന്നു. സുരേഷ്‌ കൃഷ്‌ണ, മാമുക്കോയ, നിര്‍മല്‍,ഹരീഷ്‌ തുടങ്ങിയവരും കാസര്‍കോട്ടു ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളായി ചിത്രത്തില്‍ നിറയുന്നുണ്ട്‌.

സിദ്ദിഖ്‌, സായികുമാര്‍, രഞ്‌ജി പണിക്കര്‍, പി.ബാലചന്ദ്രന്‍, ജോയ്‌ മാത്യു, ബിനു പപ്പു, ഇനിയ, ഗണപതി, വിജയകുമാര്‍, നിരഞ്‌ജന, ഷീലു എബ്രഹാം തുടങ്ങിയ താരനിരയാണ്‌ ചിത്രത്തില്‍. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. ഓം പ്രകാശാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ചു രാജാമണിയുടെ സംഗീതം സിനിമയുടെ മൂഡിനനുസരിച്ചുള്ളതാണ്‌. മനോജ്‌ കണ്ണോത്തിന്റെ ചിത്ര സംയോജനവും മനോഹരമാണ്‌.

മമ്മൂട്ടിയുടെ ഗംഭീരമായ ശരീരഭാഷയും കാസര്‍കോട്ടു ഭാഷയില്‍ കത്തിക്കയറുന്ന പഞ്ച്‌ ഡയലോഗുകളും ക്‌ളൈമാക്‌സിലെ മിന്നുന്ന പ്രകടനവും കൊണ്ട്‌ സമ്പന്നമാണ്‌ ചിത്രം. പ്രേക്ഷകര്‍ക്ക്‌ പുത്തന്‍പണം തീര്‍ച്ചയായും ഇഷ്‌ടപ്പെടും. 
 നല്ല അസല്‍ പുത്തന്‍പണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക