Image

വനരോദനം (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 20 April, 2017
വനരോദനം  (ജി. പുത്തന്‍കുരിശ്)
ഓര്‍ക്കുക മര്‍ത്ത്യരെ നിങ്ങളെന്നും
പാര്‍ക്കുമിഭൂതലം മാതൃഭൂമി.
കുന്നും മലകളം കാടുകളും
എന്നല്ലതിലുള്ള പ്രാണികളും
അമ്മ! ധരത്രിതന്‍ മക്കളല്ലോ!
അമ്മയെ കാക്കുവാന്‍ ബദ്ധരല്ലോ!
കര്‍ത്തവ്യബദ്ധരാം കാടുകള്‍ക്കും
ഒത്തിരികര്‍മ്മങ്ങള്‍ ഉണ്ടുചൊല്ലാം
നിങ്ങള്‍ ശ്വസിക്കുമാ ശുദ്ധവായു
ഞങ്ങള്‍തന്‍ പ്രാണന്റെ ത്യാഗമല്ലോ?
പാരിസ്ഥിതികളെ കാത്തു ഞങ്ങള്‍
പാരിടംതീര്‍ക്കുന്നു വാസയോഗ്യം
മഞ്ഞുംമഴയും വെയിലുംമെല്ലാം
കുഞ്ഞിളംകാറ്റിന്‍ കുളിര്‍മപോലും
മര്‍ത്ത്യരെ നിങ്ങള്‍ക്കു നല്‍കിടുവാന്‍
കര്‍ത്തവ്യബദ്ധരാം കാടുഞങ്ങള്‍
കാലഭേദം വരുത്തി ഞങ്ങള്‍
പാലനം ചെയ്യുന്നു ഭൂതലത്തെ
മണ്ണിടിച്ചില്‍ ജലപ്രളയം
മണ്ണിന്റെ വീര്യദ്രവീകരണം
മാറ്റിതടുത്തിടാന്‍ ഓടിടുന്നു
കാടിന്റെ വേരുകള്‍ നാലുപാടും
നിങ്ങള്‍ തന്‍ ആരോഗ്യപാലനത്തില്‍
ഞങ്ങള്‍തന്‍പങ്കേറെ ഓര്‍ത്തിടുവിന്‍
നിങ്ങള്‍മുടിച്ചിടും കാട്ടിലല്ലെ
തിങ്ങിവളരുന്നു ഔഷധങ്ങള്‍
സൂര്യന്റെ കൈയില്‍ ഒളിച്ചിരിക്കും
ഘോരമാം പാടലവര്‍ണ്ണരാജി
നിങ്ങളില്‍ വന്നു പതിച്ചിടാതെ
ഞങ്ങളികാടുകള്‍ കാത്തിടുന്നു
ചൊല്ലുവാന്‍ ഒട്ടേറെ ഉണ്ടിവിടെ
ഇല്ല നിറുത്തുന്നു ഖേദമോടെ!
കാടുകള്‍ വെട്ടിനിരത്തിടുമ്പോള്‍
ഓര്‍ക്കുക നീ നിന്റെ പ്രാണനെതാന്‍

(ലോകത്തിനാവശ്യമുള്ള പ്രാണവായുവിന്റെ ഇരുപതു ശതമാനം ഉല്പാദിപ്പിക്കുന്നത് ആമസോണ്‍ വനങ്ങളാണ്. ജന്തുജീവജാലങ്ങളില്‍പെട്ട ഏകദേശം പത്തുമില്ലിയണ്‍ ചെടികളും, മൃഗങ്ങളും, ക്ഷുദ്ര ജീവികളും ഉഷ്ണമേഖല പ്രദേശങ്ങളിലെ വനാന്തരങ്ങളില്‍ കണ്ടെത്താന്‍ കഴിയും. അടുത്ത തലമുറകള്‍ക്കുവേണ്ടി വന നശീകരണത്തെ  എതിര്‍ക്കേണ്ടത് ഒരോ പൗരന്റേയും കടമയാണ്. ഏപ്രില്‍ ഇരുപത്തി രണ്ട് ലോക ഭൂമി ദിനമായി ആഘോഷിക്കുമ്പോള്‍ ഒരുസ്വയ ബോധവത്കരണത്തിനായി ഈ കവിത സഹൃദയ സമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു.)


വനരോദനം  (ജി. പുത്തന്‍കുരിശ്)
Join WhatsApp News
andrew 2017-04-21 13:54:00

പ്രക്രതി എന്താണ് എന്ന് മനസിലാക്കിയ ഒരു വലിയ ഹിര്‍ദയത്തിനു മാത്രമേ ഇത്ര ഭംഗിയായി അമ്മയുടെ വേദന ചിത്രികരിക്കാന്‍ കഴിയു.


Best Wishes for more great works like this.

Hope humans will realize the need for trees and Forests.

നിരീശ്വരൻ 2017-04-21 21:31:12
പ്രകൃതി ഈശ്വരനാണ് പ്രകൃതിയുമായി എല്ലാ ജീവജാലങ്ങളും സമന്വയിക്കുമ്പോൾ അത് ഈശ്വരനാകുന്നു. പ്രകൃതി നമ്മളിലും നമ്മൾ പ്രകിതിയിലും ഉള്ളടത്തോളം കാലം നാം ഈശ്വരനെ എങ്ങും അന്വേഷിക്കേണ്ട.

പ്രകൃതിയെ സുന്ദരമാക്കി നിറുത്തു കാണം നാം പ്രകിതിയിൽ ലയിച്ചു ചേരാനുള്ളതാണ്.  കവിതയിലൂടെ അതോർപ്പിച്ചിതിന് കവിക്ക് നന്ദി Happy Earth day (April 22nd)
Anthappan 2017-04-22 07:17:30
"There is pleasure in the pathless woods, there is rapture in the lonely shore, there is society where none intrudes, by the deep sea, and music in its roar; I love not Man the less, but Nature more. Nature does not hurry, yet everything is accomplished.Nature always wears the colors of the spirit."--Protect nature- remember our planet earth.    Happy Earth Day.  Thank you for the timely poem.
A.C.George 2023-12-12 02:52:53
അർത്ഥ സമ്പുഷ്ടവും, ചിന്താദീപകവുമായ, ഈ കവിതയിൽ രചയിതാവായ ജി. പുത്തൻകുരിശ് ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലകങ്ങൾക്കും, ഈ പ്രപഞ്ചത്തിന് തന്നെ നിലനിൽക്കാനും, പ്രപഞ്ച കർത്താവ് നൽകിയ എല്ലാ അവകാശങ്ങളും ഉണ്ടെന്ന് വ്യക്തമാക്കുന്നു. മനുഷ്യന് മാത്രമല്ല അവകാശങ്ങൾ. പ്രകൃതിക്ക് ഭൂമിക്ക്, പ്രപഞ്ചത്തിന്, അതിൻറെ ഭാഗമായ മനുഷ്യന് അവകാശമുണ്ടെന്ന് മനോഹരമായി വരികളിലൂടെ അദ്ദേഹം സ്ഥാപിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക