Image

ആത്മ പ്രശംസയിലൂടെ അതിര്‍ലംഘിക്കുന്ന സ്വയം പ്രഖ്യാപിത എഴുത്തുകള്‍ (റോബിന്‍ കൈതപ്പറമ്പ്)

Published on 20 April, 2017
ആത്മ പ്രശംസയിലൂടെ അതിര്‍ലംഘിക്കുന്ന  സ്വയം പ്രഖ്യാപിത എഴുത്തുകള്‍ (റോബിന്‍ കൈതപ്പറമ്പ്)
ആര്‍ക്കും പുസ്തകം എഴുതാം. പ്രസിദ്ധീകരിക്കാന്‍ പ്രസാധകരെ കിട്ടിയില്ലെങ്കില്‍ സ്വന്തം ചിലവില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. പുസ്തകം എഴുതിയിട്ട് അതിന് നോവല്‍ എന്നും പ്രബന്ധമെന്നും പഠന ഗ്രന്ഥം എന്നുമൊക്കെ പേരും കൊടുത്ത് 4x4 വലുപ്പത്തില്‍ കവര്‍ പേജില്‍ തന്നെ ഫോട്ടോയും പ്രിന്റ് ചെയ്ത് കാണുന്നത് ഇന്ന് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ എന്ന് നടിക്കുന്നവരുടെയിടയില്‍ ഒരു ഫാഷന്‍ ആയിത്തീര്‍ന്നിരിക്കുന്നു. അങ്ങനെയെങ്കിലും തങ്ങളെ മറ്റുള്ളവര്‍ സാഹിത്യകാരന്മാര്‍ എന്നു കരുതട്ടെ എന്ന ആഗ്രഹം ആകാം ഇത്തരത്തില്‍ വായനക്കാരുടെ മേല്‍ നിര്‍ബന്ധിത കടന്നുകയറ്റം നടത്തുന്നത്. 40 ല്‍ പരം വര്‍ഷം മുമ്പ് അമേരിക്കയില്‍ കുടിയേറിയ മലയാളികളില്‍ തലമുതിര്‍ന്നവര്‍ ആയതുകൊണ്ടും ഇതുവരെ ആരാലും അറിയപ്പെടാതെ പോയി എന്ന ദുഃഖഭാരവും ആവാം ഇത്തരത്തിലുള്ള രചനാ വൈകൃതങ്ങള്‍ കൊണ്ട് വായനക്കാരെ വായനാപീഡനത്തിലേക്ക് തള്ളിവിടാന്‍ പ്രേരിപ്പിക്കുന്നത്.

അടുത്തകാലത്ത് ദാര്‍ശനിക നോവല്‍ എന്നും അമേരിക്കന്‍ മലയാളി കുടിയേറ്റ ചരിത്രമെന്നും ബൗദ്ധികമായ രചനയെന്നും സ്വയം വിശേഷിപ്പിച്ചുകൊണ്ട് ബൃഹത്തായ ആഖ്യായിക എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി കൃത്രിമത്വം കുത്തിനിറച്ച് പേജുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് രൂപേണയുള്ള ഒരു പുസ്തകം വായിക്കാന്‍ കഴിഞ്ഞു.

ഏതൊരു പുസ്തകവും വായിക്കാനുള്ള പ്രേരകം അതിന്റെ നിഷ്പക്ഷവും നീതിയുക്തവുമായ അവതാരിക ആണല്ലോ. എന്നാല്‍ ഏകപക്ഷീയവും സ്വജനപക്ഷപാതവുമായി ഗ്രന്ഥകര്‍ത്താവിനെ മലയാളി എഴുത്തുകാരില്‍ ഉന്നതനായി ചിത്രീകരിക്കുകയും മറ്റ് ഖ്യാതി നേടിയിട്ടുള്ള എഴുത്തുകാര്‍ എല്ലാം തൃണതുല്യരാണെന്നും മേല്‍ പറഞ്ഞ നോവല്‍ മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നും മറ്റും വിശദീകരിച്ചുകൊണ്ട് എഴുതപ്പെട്ട അവതാരികയുടെ ശൈലി കാണുമ്പോള്‍ ഓന്നുകില്‍ അയാള്‍ പുസ്തകം വായിക്കാതെ അഭിപ്രായം എഴുതിയതാണെന്നോ അല്ലെങ്കില്‍ പണം പറ്റിക്കൊണ്ട് നടത്തിയ ഒരു സ്തുതിപാഠമാണെന്നോ എന്ന് മനസ്സിലാക്കാന്‍ സാധാരണ വായനക്കാരന് ബൗദ്ധികതയുടെ ആവശ്യം വേണ്ട. അവതാരികാകാരന്റെ ഗൂഢലക്ഷ്യം ഏതൊരു വായനക്കാരനും മനസ്സിലാകും എന്ന സത്യം തിരസ്‌കരിച്ചുകൊണ്ട് അത് പ്രസിദ്ധീകരിക്കാന്‍ മൗനസമ്മതം കൊടുത്ത നോവലിസ്റ്റിന് ഇവിടെ തെറ്റുപറ്റിയില്ലേ എന്ന സംശയം ഇനിയും ബാക്കിയാകുന്നു.

ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ള എന്ന മഹാപ്രതിഭയെ തേജോവധം ചെയ്യുന്ന അവതാരിക പക്ഷേ, നോവലിസ്റ്റിന് മാനസ്സിക ഉല്ലാസം തരുമെങ്കിലും വായിച്ചു തുടങ്ങിയകാലം മുതല്‍ അക്ഷരത്തെ സ്‌നേഹിക്കുന്ന മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ചിരുന്ന മഹാരഥനെ അപമാനിച്ചപ്പോള്‍ നൊന്തത് ഇനിയും മലയാളത്തെയും നാടിനെയും സ്‌നേഹിക്കുന്ന സാധാരണ വായനക്കാരായ മലയാളിയുടെ ഹൃദയമാണ്.

ഹേ, സാഹിത്യ ശ്രഷ്ഠാ, താങ്കളോട് ചോദിക്കട്ടെ, താങ്കള്‍ക്ക് എന്ത് സുഖമാണ്. മരിച്ച് മണ്ണടിഞ്ഞ യുഗപ്രഭാവനായ ഇന്നും മരിക്കാത്ത ജീവനുള്ള കഥാപാത്രമായ പരീക്കുട്ടിയിലൂടെ ജീവിക്കുന്ന മലയാളിയുടെ സ്വന്തം കഥാകൃത്തിനെ അധിക്ഷേപിച്ചതുകൊണ്ട് ലഭ്യമായത്. ചെമ്മീന്‍ എന്ന ഒറ്റ നോവല്‍ 19 ലോക ഭാഷകളില്‍ മൊഴിമാറ്റം നടത്തുകയും 15 ലോക ഭാഷയില്‍ ദൃശ്യാവിഷ്‌കാരം നടത്തുകയും ചെയ്തു എന്നത് ഈ സ്വയം പ്രഖ്യാപിത സാഹിത്യകാരന്മാര്‍ അറിയാതെ പോയി എന്നുള്ളതു മാത്രംമതി ഈ മഹാന്മാരുടെ സാഹിത്യാഭിരുചിയും അജ്ഞതയും മനസ്സിലാക്കാന്‍. അതിനെക്കാളുപരി യുദ്ധഭൂമിയില്‍ പോലും മരിച്ചുവീഴുന്ന ശത്രുഭടന്റെ മൃതദേഹത്തോട് എതിര്‍പക്ഷം കാണിക്കുന്ന ആദരവും മര്യാദയും തുറന്ന സത്യമായിരിക്കെ, മരിച്ച് മണ്ണടിഞ്ഞ മഹാരഥന്മാരെ ആക്ഷേപിക്കുന്നതില്‍നിന്നും ലഭിക്കുന്ന ക്രൂരമായ സംതൃപ്തി ഒരു സാഹിത്യകാരന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന താങ്കള്‍ക്ക് യോജിച്ചതായിരുന്നോ എന്ന് ഒരു സ്വയംപരിശോധന നടത്തുന്നത് നല്ലതായിരിക്കും.

ഒരു എഴുത്തുകാരന് വേണ്ടത് നല്ല ഹൃദയമാണ്. മറ്റുള്ളവരില്‍ നന്മ കാണുന്ന ഹൃദയം. അതില്ലാതെ പോയവര്‍ക്ക് എത്ര സ്വയപ്രശംസ നടത്തിയാലും കൃതി ഉത്കൃഷ്ടമാകുകയില്ല. കാരണം സഹൃദരായ വായനക്കാരനാണ് അത് തീരുമാനിക്കുന്നത്. ഇവിടെ അടിച്ചേല്പിക്കലാണ് നടക്കുന്നത് എന്ന് മനസ്സിലാകണമെങ്കില്‍ നോവലിന് എഴുതിയ ''സ്വയം നിരൂപണം'' ഒന്നുകൂടി മനസ്സിരുത്തി വായിച്ചാല്‍ മതിയാകും ബഹുമാന്യനായ ഗ്രന്ഥകര്‍ത്താവ്.

നോവല്‍ മുഴുവനും വായിച്ചു കഴിഞ്ഞിട്ടും എഴുത്തുകാരന്‍ പറയുന്ന ദാര്‍ശനികതയോ ബൗദ്ധികതയോ കാണാന്‍ കഴിയാതെ പോയത് ഒരുപക്ഷേ വായനക്കാരന്‍ എന്ന നിലയില്‍ എന്റെ അജ്ഞത ആകാം. പക്ഷേ ഒരു പുസ്തകം എഴുതി, അത് എഴുതിയ ആള്‍ തന്നെ നിരൂപണം ചെയ്ത് പുസ്തകത്തെ വാനോളം പുകഴ്ത്തിക്കാണിക്കുന്ന സംസ്‌കാരം ഈ ഭൂമി മലയാളത്തില്‍ ആദ്യമായിരിക്കും. സ്വന്തമായി പുകഴ്ത്തി എഴുതി എന്നതിനെക്കാളുപരി അത്തരത്തിലൊരു സംസ്‌കാരം വളര്‍ത്തിയെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എത്രയോ തരംതാണ പ്രവൃത്തി എന്നല്ലാതെ എങ്ങനെയാണ് ഇതിനെ കാണാന്‍ സാധിക്കുന്നത്? കാരണം ഉത്കൃഷ്ടമായ സാഹിത്യസൃഷ്ടികള്‍ ചലനം സൃഷ്ടിക്കേണ്ടത് വായനക്കാരിലും അതിലൂടെ സമൂഹത്തിലും ആണ്. അല്ലാതെ എഴുതിയ ആളിന് ഉണ്ടാകുന്ന മാനസികോല്ലാസവും സംതൃപ്തിയും അല്ല. മറിച്ച് വായനക്കാരില്‍ അത് സൃഷ്ടിക്കുന്ന അനുഭൂതിയും മാനസിക പരിവര്‍ത്തനവും ആണ് കൃതി എത്രത്തോളം മൂല്യമുള്ളതാണ് എന്ന് തിരിച്ചറിയാന്‍ പര്യാപ്തമാക്കുന്നത്.

ഇവിടെ വൈരുദ്ധാത്മകതയും പരസ്പരം ചേര്‍ച്ചയില്ലാത്ത ആശയങ്ങളും ആസ്വഭാവികതയും കുത്തിനിറച്ച് എഴുതപ്പെട്ട പുസ്തകത്തില്‍ എവിടെയാണ് വായനക്കാരില്‍ ദാര്‍ശനികതയും മൗലീകതയും ഒക്കെ ദര്‍ശിക്കാന്‍ കഴിയുന്നത്. ''സമാധാനം മനുഷ്യനെ മടിയന്മാരാക്കുന്നു'' എന്നതും ഒരിക്കലും നഗരത്തിന് ഉറക്കമില്ലായെന്ന് അവതരിപ്പിച്ചിട്ട് അടുത്ത വരിയില്‍ തന്നെ നഗരം ഞെട്ടി ഉണര്‍ന്നു എന്ന് പറയുന്നതിലും എന്ത് സാമാന്യബുദ്ധിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനിയും ഉണ്ട് നിരവധി സന്ദര്‍ഭങ്ങളും വൈരുദ്ധ്യാത്മകതയും ചൂണ്ടിക്കാണിക്കാന്‍.

കഥയില്‍ സൂചിപ്പിച്ചിരിക്കുന്ന പല സന്ദര്‍ഭങ്ങളും കാലങ്ങളും മറ്റും വൈരുദ്ധ്യങ്ങള്‍ ഉളവാക്കുന്നുവെന്ന് നോവലിസ്റ്റിന് മനസ്സിലാകണമെങ്കില്‍ എഴുത്തുകാരന്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്ന ചിന്താഗതിയില്‍ നിന്നും താഴേക്ക് വരണം.

സര്‍വസാധാരണമായതില്‍ വിസ്മയം ദര്‍ശിക്കുന്നവനാകണം എഴുത്തുകാരന്‍. യാഥാര്‍ഥ്യത്തെ അതേപടി ചിത്രീകരിച്ചാല്‍ അത് സാഹിത്യമാകില്ല. മറിച്ച്, അതിന് വര്‍ധമാനമായ അവസ്ഥ നല്കുന്നതാണ് സാഹിത്യം. വായനക്കാരന്‍ അതുവരെ കണാത്ത വസ്തുതകളെ തന്റെ രചനാ ശൈലിയിലൂടെ കാണിച്ചുകൊടുക്കുന്നവനാണ് സാഹിത്യകാരന്‍.

സമുന്നതരായ എഴുത്താകരുമായുള്ള പരിചയമോ അടുത്തിടപഴകലോ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ നോവലുകളുമായി താരതമ്യം ചെയ്യിക്കുന്നതും ഒന്നും ഒരാളെ എഴുത്തുകാരനാക്കുന്നില്ല. മറിച്ച് അക്ഷരങ്ങളാകുന്ന മണിമുത്തുകളെ ആശയങ്ങളാകുന്ന സ്വര്‍ണച്ചരടില്‍ കോര്‍ത്തിണക്കി വായനക്കാരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുന്നവനാണ് യഥാര്‍ഥ എഴുത്തുകാരന്‍. അങ്ങനെയുള്ള കൃതികള്‍ മാത്രമേ വായനക്കാരെ ആസ്വാദനത്തിന്റെ ചിറകിലേറ്റി പുസ്തകത്തിലൂടെ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. അത്തരം പുസ്തകങ്ങള്‍ മാത്രമേ കാലാതീതമായി ആസ്വാദക മനസ്സില്‍ ഇടം നേടിയിട്ടുള്ളു.

ഭാവാത്മകമായ രചനയാണ് സാഹിത്യം എന്ന് വിളിക്കുന്നതെങ്കില്‍ ഇത് സാഹിത്യം അല്ല. വാക്കുകള്‍ കൊണ്ടുള്ള രമണീയമായ ആവിഷ്‌കാരത്തെയാണ് കലയെന്ന് കരുതുന്നതെങ്കില്‍ ഇത് കലയും അല്ല. ഇത് എന്റെ അഭിപ്രായം. ഇനിയുള്ളത് സഹൃദയരായ വായനക്കാര്‍ തീരുമാനിക്കട്ടെ.

ആത്മ പ്രശംസയിലൂടെ അതിര്‍ലംഘിക്കുന്ന  സ്വയം പ്രഖ്യാപിത എഴുത്തുകള്‍ (റോബിന്‍ കൈതപ്പറമ്പ്)
Join WhatsApp News
joice thonniamala 2017-04-20 14:54:55
കൂട്ടായ ആക്രമണത്തെ പ്രതീക്ഷിക്കുക റോബിൻ, കാരണം ഇവിടുത്തെ സാഹിത്യ ലോബിക്ക് ഇത് അപ്പ്രിയമാണ്. പേരില്ല കുന്നിലപ്പൻ മാരുടെ പൊട്ടാത്ത വെടി ഒച്ച ഇനി കേൾക്കാം ... 
Joseph 2017-04-20 18:01:00
അമേരിക്കൻ എഴുത്തുകാരെ നിശിതമായി വിമർശിച്ചുകൊണ്ട് അടുത്തയിടെ ഒന്നു രണ്ടു ലേഖനങ്ങൾ ഇമലയാളിയിൽ വായിച്ചു. 

മലയാള സാഹിത്യം വളർത്താൻ കേരളത്തിൽ മലയാള ഭാഷാ പണ്ഡിതരും ഗവേഷകരും വേണ്ടുവോളം ഉണ്ട്. സർവ കലാശാലകളുമുണ്ട്. അത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ ജോലിയല്ല. നാൽപ്പത് വർഷത്തിൽപ്പരം ഇവിടെ ജീവിച്ച വൃദ്ധ ജനങ്ങൾക്കും വളരെയേറെ ജീവിച്ച കഥകൾ പറയാനുണ്ടാകും. അവർ അത്‌ പറയട്ടെ. ഒരു പക്ഷെ കാലികമായി അവരുടെ കഥകൾ കേൾക്കാൻ ആർക്കും ഇഷ്ടമില്ലായിരിക്കാം. എന്നാൽ അവരുടെ ജീവിത ദർശനങ്ങളെ തേടി വരുംകാല തലമുറകൾ അന്വേഷിച്ചു നടക്കും.

കൊളോണിയൽ കാലത്ത് അമേരിക്കയിലെ കറുത്തവർ പദ്യങ്ങളും ലേഖനങ്ങളും കഥകളുമെഴുതുമായിരുന്നു. അന്നൊക്കെ അവരുടെ കൃതികളെ സാഹിത്യ കൃതികളായി കരുതിയിരുന്നില്ല. എന്നാൽ ഇന്ന് അവരുടെപേരിൽ ആയിരക്കണക്കിന് ഗവേഷണ പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. അന്നെഴുതിയവരുടെ പുസ്തകങ്ങൾ വാഷിംങ്ടൺ ലൈബ്രറി ഓഫ് കോൺഗ്രസിലും ഹാർവാർഡിലും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഓരോ പുസ്തകത്തിനും മില്ല്യൻ കണക്കിന് ഡോളർ ആണ് വില നിശ്ചയിരിക്കുന്നത്.

ഇവിടുത്തെ ആദ്യകുടിയേറ്റക്കാർ അവരുടെ വേദനകളും നൊമ്പരങ്ങളും ഉൾപ്പെടുത്തി പുസ്തകം എഴുതുന്നുണ്ടെങ്കിൽ അവരെ അനുവദിക്കുക. അതിൽ സാഹിത്യ മൂല്യങ്ങൾ ഇല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ സാഹിത്യ ഭാഷയിൽ എഴുതി പുനഃ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുക. അടുത്ത ഒരു വ്യാഴവട്ടം കഴിയുമ്പോൾ ഇന്നുള്ള ആദി കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ജീവിക്കുന്നുണ്ടായിരിക്കില്ല. മലയാള കുടിയേറ്റ ചരിത്രം തന്നെ വിസ്മൃതിയിലാകാം.

ഫ്രാൻസീസ് സേവിയർ എഴുതിയ പുസ്തകം കൊല്ലത്തുളള ഒരു പ്രസ്സിൽ മലയാളക്കരയിലെ ആദ്യമായി അച്ചടിച്ച ബുക്കായി കരുതുന്നു. (Tamil translation of St Francis Xavier’s Doutrina Christa.) അത് പുസ്തകമെന്നു പറയാൻ സാധിക്കില്ല. 16 പേജുള്ള തമിഴിൽ എഴുതിയ ലഘുലേഖയാണ്. 1572-ൽ എഴുതിയ അതിന്റെ അസൽ കോപ്പി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നത് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും. പുസ്തകത്തിനു വിലയിട്ടിരിക്കുന്നതും മില്യൻ കണക്കിന് ഡോളറാണ്. 

റോബിൻ കൈതപ്പറമ്പെന്ന ലേഖന കർത്താവ് സമയം കിട്ടുകയാണെങ്കിൽ ശ്രീ ആൻഡ്രുസിന്റെ പുസ്തകം വായിക്കാൻ മറക്കരുത്.. അത്തരം പുസ്തകങ്ങൾ അമേരിക്കൻ മലയാളിക്ക് മാത്രമേ എഴുതാൻ സാധിക്കുള്ളൂ. നാട്ടിലാണെങ്കിൽ അങ്ങനെയുള്ള എഴുത്തുകാരെ മതവും രാഷ്ട്രീയവും ഒത്തുകൂടി തേജോവധം ചെയ്യുമായിരുന്നു. തകഴി, ബഷീറിനെപ്പോലുള്ള ക്ലാസിക്കൽ എഴുത്തുകാരെ മാറ്റി നിർത്തിയാൽ ഇന്നുള്ള കേരളത്തിലെ എഴുത്തുകാരുടെ ഗാർബേജുകൾ വായിക്കാൻ അമേരിക്കൻ മലയാളി മെനക്കെടുമെന്നും തോന്നുന്നില്ല.

മാതാ അമൃതാനന്ദമയിയെ അപകീർത്തിപ്പെടുത്തിയുളള പുസ്തകം വിറ്റതിന് ഡി.സി ബുക്സിന്റെ നേരെ കല്ലെറിഞ്ഞ സാഹിത്യ പ്രേമികൾവരെ മലയാള നാട്ടിലുണ്ട്. തകഴിയേയും ബഷീറിനെയും വിമർശിച്ചുള്ള അനേക പുസ്തകങ്ങൾ മലയാളിത്തിലുണ്ട്. തകഴിയേ വിമർശിച്ചതിൽ ലേഖന കർത്താവിനുണ്ടായ വൈകാരിക ദുഃഖം മനസിലാകുന്നില്ല.    

വ്യക്തിപരമായി പറഞ്ഞാൽ ഇമലയാളിയിലെ അമേരിക്കൻ എഴുത്തുകാരുടെ കവിതകളും ലേഖനങ്ങളും വായിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. ഭൂരിഭാഗം അമേരിക്കൻ എഴുത്തുകാരും  മനസിലാകുന്ന ഭാഷയിൽ എഴുതാൻ കഴിവുള്ളവരാണ്. 
വിദ്യാധരൻ 2017-04-20 20:31:20
ഏറ്റുമുട്ടുന്നത് നാൽപ്പത് വര്ഷം ഇവിടെ താമസിച്ചവരോടാണ്.  സ്വയം പുകഴ്ത്തുന്നതും കാശുകൊടുത്ത് അവതാരിക എഴുതിക്കുന്നതും, പുറം അങ്ങോട്ടും ഇങ്ങോട്ടും ചൊറിയുന്നതും തെറ്റ്. പക്ഷേ അത് ലോക സാഹിത്യമണ്ഡലത്തിലെ ഒരു രാഷ്ട്രീയമാണ് ഇതിനെ എടുത്ത് ചാടി ഒറ്റ അടിക്ക് ശരിയാക്കാം എന്ന് വിശ്വസിക്കുന്നതും തെറ്റാണ്. അത് ഇന്നത്തെ തീവ്രവാദികൾ കാട്ടുന്നതുപോലെ ജനങ്ങളുടെ നടുവിലേക്ക് കടന്ന് ചെന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതുപോലെയാണ്.  അവരുടെ ഉള്ളിലെ നിരാശ ഉള്ളവൻ ഇല്ലാത്തവന്റ്മേൽ അടിച്ചേൽപ്പിക്കുന്ന അനീതിയാണ്. ആ അനീതി അവനിൽ ഉണ്ടാക്കിയ  അമർഷം  പൊട്ടിതെറിച്ചു അവിടെയും  ഇവിടെയും ചെന്ന് പല നിരപരാതികളെയും കൊല്ലുന്നു അതോടൊപ്പം അതിനു തുനിഞ്ഞവനും നാമാവശേഷം ആകുന്നു.നാൽപ്പത് വര്ഷം ഇവിടെ താമസിച്ചവന് ട്രംപിന്റെ ചില കച്ചവട സൂത്രങ്ങളോട് മതിപ്പ് തോന്നുന്നു എങ്കിൽ അതിൽ അമർഷം കൊണ്ടിട്ടു കാര്യമില്ല. കാരണം അത് മുതലാളിത്തവ്യവസ്ഥിതിയുടെ സ്വാധീനം കൊണ്ട് ഉണ്ടാകുന്നതാണ്.  പിന്നെ കാശ് കൊടുത്ത് അവതാരിക എഴുതുന്നു എങ്കിൽ ,  നാൽപ്പത് വർഷങ്ങൾക്കുമുന്പ് തുടങ്ങി ഇവിടെ വന്നു കാശ് വാങ്ങി അവതാരിക എഴുതികൊടുത്തുകൊണ്ടിരുന്ന നിങ്ങളുടെ ആരാധന മൂർത്തികൾക്കും പലർക്കും പങ്കുണ്ട്. (നാട്ടിൽ സോഷ്യലിസം പ്രസംഗിക്കുന്ന പല മന്ത്രിമാരും എഴുത്തുകാരും അമേരിക്കയിലെ നിത്യസന്ദർശകരാണ്. അവരുടെ പലമക്കളും ഇവിടെ പഠിക്കുകയും അത്‌പോലെ വിവാഹം കഴിച്ച് ഇവിടെ സുഖമായി ജീവിക്കുന്നുമുണ്ട്)   പട്ടിണികൊണ്ട് നട്ടം തിരിഞ്ഞപ്പോൾ, വൈക്കം ക്ഷേത്രത്തിൽ തൊഴാനെത്തിയ മാർത്താണ്ഡവർമ്മയ്ക്ക് തന്റെ ദാരിദ്ര്യത്തെ അർത്ഥഗർഭമായി വെളിപ്പെടുത്തുന്ന രീതിയിൽ രാമപുരത്തു വാരിയർ താഴെ രേഖപ്പെടുത്തിയിരിക്കുന്ന ശ്ലോകം  സമർപ്പിച്ചു ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയ രാമപുരത്ത് വാര്യരെ പോലെ ആത്മാർത്ഥത ഇന്നത്തെ ഒരെഴുത്തുകാരിൽ നിന്നും പ്രതീക്ഷിക്കണ്ട അങ്ങനെയുള്ളവർ പട്ടിണി കൊണ്ട് മരിക്കും "മഹീപതേ ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌. (അർത്ഥത്തിന് ധനം എന്നും അർത്ഥമുണ്ട് ) (ഇത് ഒരു ഉദാഹരണം മാത്രം എന്നാൽ നിങ്ങൾക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ അതിനെ കാത്തു സൂക്ഷിക്കുക -പക്ഷെ അതിനു നിങ്ങൾ ഉപയോഗിക്കുന്ന തന്ത്രം മാറ്റിയാൽ നന്ന് ) ഞാൻ പറയാൻ വന്നത്. ഇവിടെ താങ്കൾ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് വെളിപ്പെടുത്താടത്തോളം കാലം അത് മലയാള ഭാഷയെ സ്നേഹിക്കുകയും എഴുതുകയും വായിക്കുകയും എഴുതാതിരിക്കുകയൂം ചെയ്യുന്ന അനേക നിരപരാധികളുടെ നെഞ്ചിലും ചെന്ന് കൊള്ളുന്നു എന്നാണ്.  ഇവിടെ നാൽപ്പത് വര്ഷം താമസിച്ചവർക്ക് ഇപ്പോൾ ഒരു എഴുപത്തി അഞ്ചു വയസ്സെങ്കിലും കാണും. അതായത് നിങ്ങൾ രൂപാന്തരപ്പെടുന്നതിനു മുൻപ് അവർ ചിലപ്പോൾ വായന തുടങ്ങിയിരിക്കും. അപ്പോൾ അതൊന്നും അറിയാതെ ഇതുപോലെ ഒരു ലേഖനം എഴുത്തുവിട്ട് സ്വയം ആത്മഹൂതി നടത്താം എന്നേയുള്ളു.നേരെ മറിച്ചു നിങ്ങൾ ഇവരുടെ കോട്ട കൊത്തളങ്ങളിൽ കടന്നു കയറി, അവിടെയുള്ള അജ്ഞതയെ ഇല്ലാതാക്കിയിരുന്നെങ്കിൽ അത് വിജയപ്രഥമായിരുന്നേനെ.എന്നാലും 'പേരില്ലാ കുന്നിൽപ്പന്മാർക്കു' വേണ്ടി പേരുള്ള കുന്നിലപ്പൻമാർക്കായി വയലാറിന്റെ ഒരു കവിത ശകലം ഉദ്ധരിക്കുന്നു"തുടരു സഖാക്കളെ  കാലിൽ കിലുങ്ങുന്ന തുടലുകൾ നോക്കുക നിങ്ങൾ തുടരുക ഞങ്ങൾ നിന്നേടത്തു നിന്നിനി തുടരുകീ മോചന യുദ്ധം! പൊരുതുന്ന നാടിന്റെ സമര സഖാക്കളെ വരൂ, വിപ്ലവാഭിവാദ്യങ്ങൾ തുടരു സഖാക്കളെ  കാലിൽ കിലുങ്ങുന്ന തുടലുകൾ നോക്കുക നിങ്ങൾ തുടരുക ഞങ്ങൾ നിന്നേടത്തു നിന്നിനി തുടരുകീ മോചന യുദ്ധം! പൊരുതുന്ന നാടിന്റെ സമര സഖാക്കളെ വരൂ, വിപ്ലവാഭിവാദ്യങ്ങൾ "
videyadaran fan 2017-04-21 08:44:12
വിദ്യാധരൻ പറഞ്ഞതിൽ എന്താണ് തെറ്റ് ? പ്രതികരണം കണ്ടാലേ അറിയാം ആരോടോ എന്തോ കലിപ്പാണെന്ന്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
Editor, emalayalee 2017-04-21 08:57:50
ഈ വിഷയം സംബന്ധിച്ച ചര്‍ച്ച ഇവിടെ അവസാനിക്കുന്നു
editor 
joice thonniamala 2017-04-21 07:27:30
//ഏറ്റു മുട്ടുന്നത് നാൽപതു വര്ഷം ഇവിടെ താമസിച്ചവരോടാണ് //  അഭിപ്രായ സ്വാതന്ത്ര്യം എന്നത് അവകാശമാണെന്നിരിക്കെ, ഒരു പുസ്തകത്തെ വിമർശന രൂപേണ അവതരിപ്പിച്ചത് ഏറ്റുമുട്ടൽ  എന്ന് വിശേഷിപ്പിച്ചതിലെ സാങ്കേതികത മനസിലാകുന്നില്ല.ഒപ്പം അതിലെ ഭീഷണിയും!!! ഇതാണോ നിങ്ങളുടെ ലിറ്റററി എത്തിക്സ്??? ഇതിനു മുൻപ് താങ്കൾ എന്റെ ഒരു കുറിപ്പിനും ഇതേ രീതിയിൽ പ്രതികരിച്ചത് കൊണ്ടാണ് ഇവിടെ ഞാൻ പ്രതികരിക്കുന്നത്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് എതിർക്കുക.  നിങ്ങളുടെ വാക്കുകളിൽ ഉടനീളം 'അഹന്ത" ആണ് നിഴലിക്കുന്നത്.  പക്ഷെ സ്വയം വെളുപ്പെടുത്താതെ ഇരുട്ട് മറക്കുള്ളിൽ നിന്ന് മറു പേരിൽ പ്രതികരിക്കുന്ന നിങ്ങളെ പുച്ഛത്തോടെ കാണാനേ കഴിയുന്നുള്ളു. " ഞാൻ എന്ന ഭാവം " നിങ്ങളുടെ കണ്ണ് ഇരുട്ടാക്കിയിരിക്കുന്നു. അഹന്ത എന്ന ചെതുമ്പൽ നീക്കിയാൽ നിങ്ങള്ക്ക് സുതാര്യമായി വിമർശനങ്ങളെ നോക്കി കാണാൻ കഴിയും. അടിച്ചമർത്തലുകൾ ആശയങ്ങളിലൂടെയും. സ്നേഹസംവാദങ്ങളിലൂടെയും  ആവട്ടെ സുഹൃത്തേ. പിന്നെ എന്ത് ആര് എഴുതിയാലും ചാങ്‌പുഴ -  വയലാർ കവിതകൾ എടുത്തെഴുതിയും. ഭഗവത്ഗീത ശ്ലോകങ്ങൾ ഉരുവിട്ടും കാണുമ്പോൾ നിങ്ങൾ ഒരു " മഹാ പണ്ഡിതൻ" എന്ന് എന്ന് പറയുന്ന സ്തുതിപാഠകരായ പൊങ്ങൻമാർ നിങ്ങള്ക്ക് ചുറ്റും ഉണ്ടാവും. പക്ഷെ അതിനെ സ്ഥിരം കാണുമ്പോൾ ആവർത്തന വിരസത എന്ന് മാത്രമേ  കാണാൻ കഴിയുന്നുള്ളു.

നിങളുടെ മുൻപുള്ള പ്രതികരണങ്ങളും ആര് സത്യം പറഞ്ഞിട്ടുണ്ടോ അവരെ ' സാഹിത്യ ഗുണ്ടാ എന്ന് പോലും വിളിച്ചു അധിക്ഷേപിച്ചു ഇടിച്ചു താക്കുന്ന നിങ്ങളുടെ രീതിയെ ഒരു തരം
അജ്ഞതയായിട്ടു മാത്രെമേ കാണാൻ കഴിയുന്നുള്ളു. 

പിന്നെ ഇങ്ങെനെ പ്രതികരിച്ചതിന് എനിക്ക് ഓക്സിജെൻ കിട്ടാതെ വരും എന്ന നിങ്ങളുടെ പ്രവചനം ഫലിച്ചാൽ ദയവായി നിങ്ങളുടെ "ഹോസ്പിറ്റലിൽ" നിന്നും അല്പം എത്തിച്ചു എന്റെ ജീവൻ നിലനിർത്താൻ അപേക്ഷ.....ഞാനും ഇവിടെ ജീവിച്ചോട്ടെ.. അല്ലെങ്കിലും വിവിധ മതങ്ങളെയും സമ്സ്കാരങ്ങളെയും ഉൾകൊള്ളുന്ന അമേരിക്ക എന്ന മഹാ രാജ്യം നിങ്ങൾ മഹാ സാഹിത്യകാരന്മാർക്കു തീർ എഴുതി തന്നിട്ടില്ലല്ലോ - നിങ്ങളുടെ ഭീഷണിക്കു വഴങ്ങാൻ??? വെടികെട്ടുകാരെന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കെല്ലേ ചേട്ടാ ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക