Image

അകലെയകലെ അഫ്ഗാന്‍ കുന്നുകള്‍; അവിടെ വീണ്ടും അഗ്‌നിപ്രളയം! (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 16 April, 2017
അകലെയകലെ അഫ്ഗാന്‍ കുന്നുകള്‍; അവിടെ വീണ്ടും അഗ്‌നിപ്രളയം! (ലേഖനം: ജയന്‍ വര്‍ഗീസ്)
(അമേരിക്കന്‍ ബോംബറുകള്‍ അഫ്ഗാനിസ്ഥാനില്‍ നിക്ഷേപിച്ച ആണവേതര ഭീമന്‍ബോംബുകള്‍ അഫ്ഗാന്‍ കുന്നുകളെ വിറകൊള്ളിക്കുമ്പോള്‍, ആ രാജ്യത്തിന്റെ ചരിത്രപരവും, സാമൂഹ്യവുമായ ജീവിതാവസ്ഥകളിലേക്ക് ഒരെത്തിനോട്ടം.)

*വിശ്രുത ഇറാനിയന്‍ ചലച്ചിത്രകാരനും, മനുഷ്യ സ്‌നേഹിയുമായ "മൊഹസിന്‍ മഖ്മല്‍ ബഫി'ന്റെ കുറിപ്പുകളില്‍ നിന്നാണ് ഈ ലേഖനത്തിനുള്ള ഊര്‍ജ്ജം ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. സ്ഥിതിവിവരകണക്കുകള്‍ക്കും, ചരിത്ര വസ്തുതകള്‍ക്കും ഈ ലേഖനം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുണ്ട്.*

ദൗര്‍ഭാഗ്യകരമായ ഒരു ചരിത്രത്തിന്റെ ബാക്കിപത്രമാണ് അഫ്ഗാനിസ്ഥാന്‍. ഇരുനൂറ്റിഎഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്ന് വേര്‍പെട്ടതാവാം അതിന്റെ ഏറ്റവും വലിയ ദാവ്ര്‍ഭാഗ്യം. എന്തുകൊണ്ടെന്നാല്‍, അറബ് മേഖലയിലെ മിക്ക രാജ്യങ്ങളും അസംസ്കൃത എണ്ണയുടെ വന്‍ ഖനികളാണെന്ന് കണ്ടെത്തപ്പെടുകയും, അതിന്റെ വില്‍പ്പനയിലൂടെ ലോക സമ്പത്തിന്റെ വന്പിച്ച ഒരു ഭാഗം ആ മേഖലയിലേക്ക് ഒഴുകിച്ചെല്ലുകയും, ചെയ്തപ്പോള്‍, ഒന്നും വില്‍ക്കാനില്ലാതിരുന്ന അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ പരന്പരാഗത കൃഷിരീതികളില്‍ ഒതുങ്ങിക്കൂടുകയും, ശബ്ദായമാനമായ പുറംലോകത്തില്‍ നിന്നും ഒറ്റപ്പെട്ട് തങ്ങളുടെ പാരന്പര്യത്തിന്റെ പുറം തോടുകളില്‍ ഉള്‍വലിയുകയും ചെയ്തു.

പ്രകൃതി തന്നെ ഈ രാജ്യത്തെ ശിക്ഷിക്കുകയാണെന്ന് തോന്നുന്നു. (മറ്റൊരര്‍ത്ഥത്തില്‍ രക്ഷിക്കുകയും!). ഏഴുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ഭൂവിഭാഗത്തിന്റെ എഴുപത്തഞ്ചു ശതമാനവും പര്‍വ്വതങ്ങളോ, കുന്നുകളോ, പാറക്കെട്ടുകളോ ആണ്. കാവല്‍ക്കോട്ടകളായി ഉയര്‍ന്നു നില്‍ക്കുന്ന ഈ വന്മലകളുടെ താഴ്‌വാരങ്ങളിലുള്ള, കേവലം ഏഴു ശതമാനത്തിലധികം വരാത്ത കൃഷിഭൂമികളിലാണ് അഫ്ഗാന്‍ജനത ജനിച്ചു മരിക്കുന്നത്.

പര്വതങ്ങളിലെയും, പാറകളിലെയും പ്രകൃതി ജന്യമായ ഗുഹാന്തരങ്ങളിലാണ് വലിയൊരു കൂട്ടം അഫ്ഗാനികള്‍ പാര്‍ക്കുന്നത്. പര്‍വതങ്ങളില്‍ നിന്ന് പുറപ്പെട്ടുവരുന്ന ചെറുനദികള്‍ കൃഷിഭൂമികളെ നനക്കുന്നു. ശിശിരത്തില്‍ തണുത്തുറയുകയും, ഗ്രീഷ്മത്തില്‍ വറ്റിവരളുകയും ചെയ്‌യുന്ന ഈ ജലവാഹിനികള്‍ അഫ്ഗാനികളുടെ ശാപവും, അനുഗ്രഹവുമാണ്. ഇടക്കിടെയുണ്ടാവുന്ന വരള്‍ച്ചകളില്‍ കൃഷികള്‍ നശിച്ചു നിസ്സഹായരാവുന്ന ഇവര്‍ പട്ടിണിയിലേക്കും, രോഗങ്ങളിലേക്കും എളുപ്പം വഴുതി വീഴുന്നു ഇതില്‍ നിന്ന് രക്ഷപെടാന്‍ കൂടിയാവണം, വലിയൊരു വിഭാഗം ജനങ്ങള്‍ തങ്ങളുടെ ആടുമാടുകളോടൊപ്പം ദേശാടനത്തിനിറങ്ങുന്നത്. പച്ചപ്പ് നിലനില്‍ക്കുന്ന പുല്‍മേടുകള്‍ തേടി അവരലയുന്നു. മിക്കവാറും യാത്രകളുടെ അവസാനത്തില്‍, വഴിയില്‍ പിടഞ്ഞുമരിച്ച തങ്ങളുടെ ആടുമാടുകളെ വിസ്മരിച്ചുകൊണ്ട് ഇവര്‍ ഏതെങ്കിലും അഭയാര്‍ത്ഥി ക്യാംപുകളില്‍ എത്തിപ്പെടുന്നു. അതല്ലങ്കില്‍ ഇറാനിലെ നിര്‍മ്മാണ മേഖലകളില്‍ കൂലികുറഞ്ഞ തൊഴിലാളികളായി രൂപപ്പെടുന്നു. ആകെ ജനസംഖ്യയിലെ മുപ്പതു ശതമാനത്തിലധികം പേര്‍, അതായത്, ആറു മില്യനിലധികം ജനങ്ങള്‍ ഇപ്രകാരം പ്രവാസികളോ, അഭയാര്‍ത്ഥികളോ ആയി ജീവിക്കുന്നു പോല്‍!

അഭയാര്‍ത്ഥി ക്യാംപുകളില്‍ നിന്ന് മടങ്ങിപ്പോകുന്നവര്‍ക്ക് യൂ എന്‍ 20 ഡോളര്‍ കൊടുക്കുന്നുണ്ട്. അത് കൈപ്പറ്റുന്നവരെ വാഹനങ്ങളില്‍ കയറ്റി അഫ്ഗാനിലെ ഉള്‍മേഖലകളില്‍ ഇറക്കിവിടും. നീണ്ട താടിയും, തലപ്പാവുമായി എല്ലാവരും ഒരേപോലിരിക്കുന്ന ഇക്കൂട്ടര്‍, വീണ്ടും ആളറിയിക്കാതെ അതിര്‍ത്തിയിലെത്തുകയും, ഇരുപത് ഡോളറിനുള്ള നീണ്ട ക്യൂവില്‍ തങ്ങളെത്തന്നെ ഒളിപ്പിക്കുകയും ചെയ്യുന്നു. ഫലത്തില്‍, ഇറാന്റെയും, പാക്കിസ്ഥാന്റെയും അതിര്‍ത്തികളോട് ചേര്‍ന്നുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലെ അംഗസംഖ്യ ഒരിക്കലും കുറയുന്നില്ലതന്നെ!

അമേരിക്കന്‍ സൈനിക നടപടിയിലൂടെ താലിബാന്‍ സംവിധാനത്തെ കുറെയൊക്കെ അമര്‍ച്ച ചെയ്യുകയും, താലിബാന്‍ നേതാവ് ഒസാമാ ബില്‍ലാദനെ കണ്ടെത്തി വധിക്കുകയും ഒക്കെ ചെയ്‌തെങ്കിലും, ' കാട്ടുതീ വെന്താല്‍ വനം, പിന്നെയും തളിര്‍ത്തീടും ' എന്ന പ്രമാണത്തില്‍ താലിബാന്‍ ശക്തിയാര്‍ജ്ജിക്കുകയും, പുത്തന്‍ കൂട്ടാളികളായ ' ഐസിസു ' ( കടകട. ) മായിച്ചേര്‍ന്ന് അഫ്ഗാന്‍ ജനതയിലെ വലിയൊരു വിഭാഗത്തെ ഇന്നും അടക്കി വച്ചുകൊണ്ടിരിക്കുകയുമാണ്.

സംസ്ഥാപിത ഭരണ സംവിധാനത്തോട് സഹകരിച്ചു വളര്‍ച്ച നേടേണ്ടതിനുപകരം, മതാധിഷ്ടിത തീവ്രവാദ നുകത്തിനടിയില്‍ സ്വന്തം കഴുത്തുകള്‍ പിണച്ചു കൊണ്ട്, ഗോത്രസംസ്കൃതി സമ്മാനിച്ച പ്രാകൃത സംവിധാനങ്ങളില്‍ മുഖമൊളിച്ചു ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്കു തുഴയുകയാണ് ഇന്നും അഫ്ഗാന്‍ ജനത?

എങ്ങും ഓടിപ്പോകാന്‍ കഴിയാത്ത ഒരു കൂട്ടം കാര്‍ഷിക ദരിദ്ര മേഖലയില്‍ത്തന്നെ തന്പടിക്കുന്നു . ഭക്ഷണമോ. മറന്നോ, ആശുപത്രികളോ ഇല്ലാതെ തങ്ങളുടെ വിധിയുടെ ബലിമൃഗങ്ങളാവുന്നു. പോഷകാഹാരക്കുറവ് മൂലം വിളര്‍ച്ചയും, മറ്റുരോഗങ്ങളും ബാധിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടെ അമ്മമാരുടെ മടികളില്‍ ബോധമറ്റു കിടക്കുന്നു. അനിവാര്യമായ തങ്ങളുടെ ദുരന്തം എന്ന പോലെ പിന്നെ മരണത്തിനു കീഴടങ്ങുന്നു. രണ്ടു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ലോകത്തിലെ മറ്റേതൊരു ഭാഗത്തേക്കാളും ഉയര്‍ന്ന് ആയിരത്തിനു ഇരുന്നൂറ് വരെയാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അതായത് ആകെ ജനിക്കുന്ന കുട്ടികളില്‍ അഞ്ചിലൊന്ന് രണ്ടു വയസിനുമുന്‌പേ മരിച്ചുപോകുന്നു എന്നര്‍ത്ഥം!

അസാധാരണമായ നിരക്കില്‍ പട്ടിണിമരണം നടക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്‍ കാലത്തെ രണ്ട് ദശകങ്ങള്‍ക്കിടയില്‍, ആകെ ജനസംഖ്യയുടെ പത്തിലൊന്ന്, അതായത് രണ്ട് മില്യണ്‍ ജനങ്ങള്‍ അകാല മൃത്യുവിന്നിരയായിട്ടുള്ളതായി കണക്കാക്കപ്പെടുന്നു! യുദ്ധാനന്തര ' മുറിവുണക്കല്‍ ' പ്രിക്രിയയുടെ ഭാഗമായി ആകമാന ലോക സമൂഹങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ കോടാനുകോടി ഡോളറുകള്‍ അഫ്ഗാന്‍ ജീവിതത്തെ കുറെയൊക്കെ മെച്ചപ്പെടുത്താന്‍ സാധിച്ചുവെങ്കിലും, ഗ്രാമീണകാര്‍ഷികദരിദ്ര മേഖലകളില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ ഇതുവരെയും ആര്‍ക്കും സാധിച്ചിട്ടില്ല.

ആകെ ജനസംഖ്യയുടെ നാല്‍പ്പതു ശതമാനം പേര്‍ ഇപ്രകാരം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇതില്‍ സ്വാഭാവിക മരണത്തിന്റെ സംഖ്യ വളരെക്കുറവാണ്. യുദ്ധമോ, ക്ഷാമമോ, വൈദ്യസഹായത്തിന്റെ അപര്യാപ്തതയോ കൊണ്ടാണ് മഹാഭൂരിപക്ഷവും കൊല്ലപ്പെട്ടത്! രണ്ടുകോടിയില്പരം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഓരോ വര്‍ഷവും ഒന്നേകാല്‍ ലക്ഷം മനുഷ്യര്‍ അസ്വാഭാവികമായി കൊല്ലപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. മരിച്ചുജീവിക്കുന്ന മറ്റുള്ളവര്‍ അയല്‍രാജ്യങ്ങളിലേക്ക് ഓടിപ്പോകാന്‍ ശ്രമിക്കുന്നുണ്ട്. അയല്‍രാജ്യങ്ങള്‍ അവരുടെ അതിര്‍ത്തികള്‍ അടച്ചുകൊണ്ട് എത്തിപ്പെട്ടവരെ തിരിച്ചോടിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കാത്തത്.

ഇത്രമേല്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അഫ്ഗാന്‍ ജനതയില്‍ ഒരു ദേശീയതാബോധം ഉരുത്തിരിഞ്ഞിട്ടില്ല. രണ്ടുകോടിയിലധികം വരുന്ന അഫ്ഗാന്‍ ജനതയാണ് തങ്ങളെന്ന് അവരറിയുന്നില്ല. അറുപതുലക്ഷം മുതല്‍ ഏതാനും ആയിരങ്ങള്‍ വരെ അംഗസംഖ്യയുള്ള അനേകം ഗോത്രങ്ങളായി ചിതറി പാര്‍ക്കുകയാണവര്‍. പൊതു മതവിശ്വാസം ഇസ്‌ലാമില്‍ ആണെങ്കില്‍പ്പോലും ഈ ഗോത്രങ്ങള്‍ ഒന്ന് മറ്റൊന്നിനെ സ്‌നേഹിക്കുകയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, നിരന്തരം കലഹിക്കുകയും, വൈരം പുലര്‍ത്തുകയും, പരസ്പരം യുദ്ധം ചെയ്യുകയും ചെയ്യുന്നു.

വിദ്ധ്യാഭ്യാസ സൗകര്യങ്ങളോ യാത്രാസൗകര്യങ്ങളോ ഇല്ലാത്തതും, പൊക്കമേറിയ പര്‍വതങ്ങളാല്‍ വളയപ്പെട്ട്, അതിന്റെ താഴ്വാരങ്ങളില്‍ ജീവിക്കുന്നതുമായ ഒരു ജനതക്ക് അവരുടേതായ ഒരു ഗോത്രസംസ്ക്കാരം രൂപപ്പെട്ടു വരികയും, അതിന്റേതായ ആചാരങ്ങളും, നിഷ്ഠകളും ഉണ്ടായിവരികയും ചെയ്യുന്നത് സ്വാഭാവികം മാത്രമാകുന്നു. ആരുടേതുമല്ലാത്ത പുല്‌മേടുകളുടെ അവകാശ തര്‍ക്കത്തിലെന്നപോലെ, ആചാരങ്ങളുടെയും, വിശ്വാസങ്ങളുടെയും അവകാശത്തര്‍ക്കത്തിലും ഈ ഗോത്രങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നു. പാഷ്ത്തൂണുകളും, താജിക്കുകളും, ഹസ്രേക്കുകളും, ഉസ്‌ബെക്കുകളും പരസ്പരം ഏറ്റുമുട്ടുന്നത് അവര്‍ മുസ്ലീമുകള്‍ ആയിരിക്കുന്‌പോള്‍ തന്നെയാണ്!

നിരന്തരമായ ആഭ്യന്തര കലാപത്തിന്റെ ഈ വളക്കൂറുള്ള മണ്ണിലാണ് അയല്‍ രാജ്യങ്ങള്‍ വഴി ആയുധ നിര്‍മ്മാതാക്കള്‍ തങ്ങളുടെ മാര്‍ക്കറ്റ് കണ്ടെത്തിയതും, നിഷ്പ്രയാസം അത് തീവ്രവാദികളുടെ കൈകളില്‍ എത്തിപ്പെട്ടതും. 'അമ്മ ' എന്ന വാക്ക് എഴുതാനറിയില്ലങ്കിലും, ആധുനിക മെഷീന്‍ ഗണ്ണുകളും, വിമാനവേധ റോക്കറ്റുകളും പ്രയോഗിക്കുന്നതില്‍ അഫ്ഗാനികള്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞു. സ്റ്റിംഗര്‍ മിസ്സൈലുമായി മാനത്തു കണ്ണ് നട്ടിരിക്കുന്ന അഫ്ഗാന്‍ പടയാളിയുടെ ചിത്രം ഇന്ന് പത്രങ്ങളില്‍ പുതുമയേയല്ല. ആധുനിക ഉപകരണങ്ങളില്‍ അഫ്ഗാനികള്‍ക്കു പരിചിതമായ ഏകവസ്തു ആയുധങ്ങള്‍ മാത്രമാണ് എന്നതാണ് സത്യം!

ഗോത്രാവബോധവും, മതവിശ്വാസവും, എന്നതിലുപരി ദാരിദ്രവും, പട്ടിണിയുമാണ് അഫ്ഗാന്‍ ജനതയുടെ യഥാര്‍ത്ഥ വെല്ലുവിളി. വ്യവസായികളോ, തൊഴില്‍ ദായകരോ കടന്നുവരാത്ത ഈ രാജ്യത്ത് അപ്പത്തിനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഓപ്പിയം കൃഷി കടന്നുവരുന്നത്. ലോകത്ത് ഉപയോഗിക്കുന്ന മുഴുവന്‍ കറുപ്പും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. യഥാര്‍ത്ഥ വിലയുടെ വളരെ ചെറിയൊരംശം മാത്രമേ ഉല്‍പാദകനില്‍ ചെന്നെത്തുന്നുള്ളു. മത തീവ്രവാദി മാഫിയകളുടെ മുഖ്യ വരുമാന സ്രോതസുകളിലൊന്നാണ്, അഫ്ഗാനിലെ ദരിദ്രകര്‍ഷകന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന ഓപ്പിയം എന്നറിയപ്പെടുന്ന ഈ കറുപ്പ്.

നിരന്തരമായ പട്ടിണിക്കിടയില്‍ അല്‍പ്പം അപ്പത്തിനുള്ള എളുപ്പവഴി എന്ന നിലയിലാണ് കുട്ടികള്‍ താലിബാന്റെ കീഴിലുള്ള മതപഠനശാലകളില്‍ എത്തിപ്പെടുന്നത്. ഓരോ കുട്ടിക്കും രണ്ടുകഷണം റൊട്ടിയും, ഒരു കപ്പ് സൂപ്പും അവിടെ സൗജന്യമാണ്.പതിനഞ്ചു ലക്ഷത്തിലധികം കുട്ടികളെ ഉള്‍കൊള്ളാന്‍ ഇവര്‍ക്ക് സാധിക്കുന്നു. ഈ പാഠശാലകളില്‍ ഖുര്‍ആന്‍ പഠിക്കുകയും, ശരിയത്ത് അരച്ചുകലക്കി കുടിക്കുകയുമാവാം. ഈ ആകര്‍ഷണ വലയത്തില്‍ മതപഠനം പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് താലിബാന്‍ഐസിസ് സൈന്യത്തിലേക്കു വാതില്‍ തുറന്നു കിട്ടുന്നു. ഒരു തൊഴിലും, വരുമാനവും. നീണ്ട താടിയും, തലപ്പാവുമായി, ആധുനിക ആയുധങ്ങള്‍ ഏന്തിയ അറബ് തീവ്രവാദി സൈനികര്‍ ഇപ്രകാരം സൃഷ്ടിക്കപ്പെട്ടവരാണ്. അവരുടെ കൈകളില്‍ ആധുനിക ആയുധങ്ങളും, രക്തത്തില്‍ പൗരാണിക മതവികാരവുമാണ്. മനുഷ്യത്വത്തെയോ സാഹോദര്യത്തെയോ കുറിച്ച് അവര്‍ക്കറിയില്ല. അവര്‍ക്കറിയുന്ന സഹോദരന്‍ സ്വന്തം ഗോത്രത്തിലെ വ്യക്തി മാത്രമാണ്. മറ്റുള്ള മുഴുവന്‍ ലോകവും അവര്‍ക്കു കാഫറുകളാണ്. അവരിലൊരാളെ കൊല്ലാന്‍ സാധിച്ചാല്‍, അല്ലെങ്കില്‍ അതിനുള്ള ശ്രമത്തില്‍ മരിക്കാന്‍ സാധിച്ചാല്‍, മതപഠനത്തില്‍ നിന്നുള്ള അറിവ് വച്ച് അവന് സ്വര്‍ഗ്ഗത്തിലെത്താം. കോപ്പ കമിഴ്ത്തി വച്ചപോലത്തെ മുലകളുള്ള അതിസുന്ദരിമാരായ ഹൂറിമാരുടെ അടിമടിയില്‍ രമിക്കാം. അഫ്ഗാനിലെ പട്ടിണിയേക്കാള്‍ അതാണ് മെച്ചമെന്നു അവന്‍ വിശ്വസിക്കുന്നു; അവനെ വിശ്വസിപ്പിക്കുന്നു? ട്വിന്‍സ് ടവറുകളില്‍ വിമാനമിടിച്ചുകയറ്റി സ്വയം മരിച്ച യുവാക്കളുടെ മനോമുകുരങ്ങളിലും സ്വര്‍ഗ്ഗസുന്ദരിമാരുടെ കോപ്പമുലകള്‍ തുടുത്ത് തടിച്ചു നിന്നിരിക്കണം?

മൂന്നു ദശകങ്ങള്‍ക്ക് മുന്‍പുണ്ടായ സോവിയറ്റ് സൈനിക അധിനിവേശം അഫ്ഗാന്‍ ചരിത്രം ഒന്നുകൂടി മാറ്റിമറിച്ചു. വര്ഷങ്ങളോളം നീണ്ടുനിന്ന പോരാട്ടങ്ങളില്‍ അഫ്ഗാന്‍ ജനതയുടെ കാവല്‍പ്പോരാളികളായി നിന്നത് അവിടുത്തെ മലകളാണ്. അഫ്ഗാനിലെ അപരിഷ്കൃതരായ മനുഷ്യരോടല്ലാ, അജയ്യരായി തലയുയര്‍ത്തി നിന്ന മലകളോടാണ് ചെന്പട പരാജയം സമ്മതിച്ചു തിരിച്ചു പോയത്! എങ്കിലും, അഫ്ഗാന്‍ മണ്ണില്‍ തലങ്ങും വിലങ്ങും അവര്‍ പാകിയിട്ടുപോയ മൈനുകളില്‍ തട്ടി മരിച്ചുവീഴുന്ന മനുഷ്യരുടെയും, കന്നുകാലികളുടെയും സംഖ്യ ഇന്നും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

അന്ന് സോവിയറ്റിയൂണിയനെ തുരത്താനുള്ള ഒളിപ്പോര്‍ സംവിധാനങ്ങള്‍ക്ക് പരിശീലനം നല്‍കിയത് അമേരിക്കന്‍ സൈനിക വിദഗ്ദ്ധരായിരുന്നു. ഒസാമാ ബില്‍ലാദനും കൂട്ടാളികളും അതിവിദഗ്ദ്ധമായ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പഠിച്ചെടുത്തതും, അതിനൂതനങ്ങളായ യുദ്ധസാമഗ്രികള്‍ ഉണ്ടാക്കുവാനും, പ്രയോഗിക്കുവാനും പരിശീലിച്ചതും അങ്ങനെയാണ്. ഭസ്മാസുരന് വരം കൊടുത്ത പരമശിവനെപ്പോലെ എത്രതവണ ഇതിനകം അമേരിക്ക അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു?

സാമൂഹ്യമാറ്റത്തിനുള്ള ഏതൊരു നീക്കത്തെയും അഫ്ഗാനികള്‍ ശക്തിയായി പ്രതിരോധിക്കുന്നു. കടുത്ത യാഥാസ്ഥിതികത്വത്തിന്റെ തടവറയില്‍ അവര്‍ സ്വയം തളച്ചിട്ടിരിക്കുകയാണ്. വിദ്ധ്യാഭ്യാസം എന്നതുകൊണ്ട് അവരുദ്ദേശിക്കുന്നത് മതപഠനമാണ്. മുസ്‌ലീം ശരിയത്ത് നിയമങ്ങളില്‍ കാലൂന്നി നിന്നുകൊണ്ടുള്ള മനുഷ്യത്വരഹിതമായ പുരുഷമേധാവിത്വമാണവിടെ നടമാടുന്നത്. ജനസംഖ്യയില്‍ പകുതിവരുന്ന ഒരു കോടിയോളം സ്ത്രീകളെ ആരും കാണുന്നില്ല. കറുത്ത പര്‍ദ്ദക്കുള്ളില്‍ അവര്‍ മൂടിവയ്ക്കപ്പെട്ടിരിക്കുകയാണ്! ആ പര്‍ദ്ദ നീക്കംചെയ്താല്‍ ദൈവകോപത്താല്‍ അവര്‍ ഒരു കറുത്ത കല്ലായിത്തീരുമെന്ന് അവരില്‍ ഒരു വിശ്വാസം അടിച്ചേല്പിക്കപ്പെട്ടിട്ടുണ്ട്. തോക്കിനെയും, വാളിനെയും വെല്ലുവിളിച്ചുകൊണ്ട് ഒരു വിപ്ലവകാരി ആ പര്‍ദ്ദ വലിച്ചുകീറുകയും, അവര്‍ കല്ലാവുകയില്ലന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നതുവരെ ആ വിശ്വാസം അതുപോലെ നിലനില്‍ക്കുകയേയുള്ളൂ.
അഫ്ഗാനിലെ പുരുഷന്മാര്‍ക്ക് ഭാര്യ എന്നത് തങ്ങളുടെ ആടുമാടുകളെപ്പോലെ ഒരു സ്വകാര്യസ്വത്ത് മാത്രമാണ്. തങ്ങളുടെ പോറ്റാനുള്ള പ്രാപ്തിയനുസരിച്ചു ചിലരെങ്കിലും മൂന്നോ, നാലോ സ്ത്രീകളെ സ്വന്തമാക്കുന്നു. മതപരമായ അംഗീകാരമുള്ളതുകൊണ്ടും, തങ്ങളുടെ വിശക്കുന്ന വയറുകള്‍ക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണത്തിനുള്ള ഉപാധിയായി സ്ത്രീകള്‍ ഭര്‍ത്താവിനെ കാണുന്നതുകൊണ്ടും, അഫ്ഗാനില്‍ ഇതൊരു സാമൂഹ്യ രീതിയായി വളര്‍ന്നുകഴിഞ്ഞു.

ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ അവിടെ ആരുമില്ല. സ്ത്രീകള്‍ക്ക് വിദ്ധ്യാഭ്യാസമോ, തൊഴിലോ, വോട്ടവകാശമോ ഇല്ലാത്ത ഒരു സമൂഹത്തില്‍, അല്പം ആഹാരമെങ്കിലും കിട്ടുന്നത് ഇല്ലാതെയാക്കാന്‍ സ്ത്രീകളും തയ്യാറല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ അഫ്ഗാന്‍ ഭരിച്ചിരുന്ന ' അമാനുള്ളാഖാന്‍ ' എന്ന ഭരണാധികാരി സാമൂഹ്യമാറ്റത്തിനുള്ള ആദ്യശ്രമങ്ങള്‍ നടത്തിയ മഹാനായിരുന്നു! സ്ത്രീകള്‍ മൂടുപടം ഉപേക്ഷിക്കണമെന്നും, പുരുഷന്മാര്‍ ഏക ഭാര്യാത്വം സ്വീകരിക്കണമെന്നും അദ്ദേഹം നിഷ്ക്കര്‍ഷിച്ചു. ഒരു സ്ത്രീയെമാത്രം ഭാര്യയായി സ്വീകരിച്ചുകൊണ്ട് അദ്ദേഹമത്തിനു മാതൃക കാണിച്ചുവെങ്കിലും, അഫ്ഗാനിലെ യാഥാസ്ഥിതിക സമൂഹം അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിനെതിരെ കലാപമുയര്‍ത്തുകയും, അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടോളം പിന്നിട്ടശേഷം ഇന്നും അഫ്ഗാനികള്‍ തങ്ങളുടെ പഴയ പടുകുഴിയില്‍ത്തന്നെ ഇഴയുന്നു?

അന്ധവിശ്വാസപരവും, അബദ്ധജടിലവുമായ ഇത്തരം ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍, ആരുടെ വലയിലും അകപ്പെടാന്‍ ഒരുക്കമുള്ള അഫ്ഗാന്‍ ജനതയ്ക്ക് മേലാണ് ഒസാമാ ബിലാദനെപ്പോലുള്ള അന്താരാഷ്ട്ര ഭീകരന്മാര്‍ വല വിരിച്ചതും, ഇന്നും വിരിച്ചുകൊണ്ടിരിക്കുന്നതും. മുസ്ലിം മതവിശ്വാസത്തിന്റെ പാര്‍പ്പക്ഷിയെ ഇരുത്തി വിരിക്കുന്ന ആ വലയില്‍ ഈ പാവങ്ങള്‍ കൂട്ടത്തോടെ കുടുങ്ങുകയാണ്. അവരുടെ ആജ്ഞകള്‍ അനുസരിക്കുകയാണ്. അവര്‍ക്കു വേണ്ടി കൊല്ലുകയാണ് ; അവര്‍ക്കു വണ്ടി സ്വയം മരിക്കുകയാണ്!

അഫ്ഗാന്‍ ജനതയുടെ അതി ദയനീയമായ ഈ അധ : പതനം അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തമല്ല. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി അതവിടെ അരങ്ങേറുകയാണ്. ലോകത്തിലെ ഏതൊരു ദുരിത മേഖലയിലും സഹായങ്ങളെത്തിക്കുവാന്‍ സന്മനസ്സും, സംവിധാനങ്ങളുമുള്ള യൂണൈറ്റിഡ് നേഷന്‍സ് പോലും ഈ ദുരന്ത ഭൂമിയോടു വേണ്ടവിധം പ്രതികരിച്ചുവോ എന്ന് സ്വയം പുനഃ പരിശോധിക്കേണ്ടിയിരിക്കുന്നു ?

ഇന്ന് വളരെ വൈകിയിരിക്കുന്നു. ഹൃദയത്തില്‍ മുറിവേല്‍ക്കുന്നതു വരെ അമേരിക്കയും അനങ്ങിയില്ല. മുറിവേറ്റ സിംഹത്തിന്റെ പകയോടെ അമേരിക്ക അലറാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍.

അഫ്ഗാന്‍ കുന്നുകളില്‍ ആളിപ്പടരുന്ന അഗ്‌നി നാവുകള്‍ക്ക് ആയിരമായിരം നിഷ്ക്കളങ്ക സ്വപ്നങ്ങളുടെ തലയരിയുന്ന അന്താരാഷ്ട്ര ഭീകരന്മാരെ അവരുടെ താവളത്തിലെത്തി അമര്‍ച്ച ചയ്യാന്‍ സാധിക്കുമോ?

അതോ, പരന്പരാഗത പരിതഃസ്ഥിതികളുടെ കരിം പര്‍ദ്ദക്കുള്ളില്‍ മുഖമൊളിച്ചു, എന്നും അപമാനവും, വേദനയും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട അഫ്ഗാനിലെ നിസ്സഹായരായ സ്ത്രീകളുടെയും, വിശന്നു വാടി അവരുടെ മടിയിലുറങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവിക്കുവാനുള്ള അവകാശത്തിന്റെ നേരെ വലിച്ചെറിയുന്ന അഭിശപ്തമായ അഗ്‌നിപ്രളയമാകുമോ അത്?

ഈ കാലഘട്ടത്തിന്റെ തേങ്ങലുകളില്‍ പ്രസക്തമാവുന്നത് ഈ ചോദ്യങ്ങളാണ്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക