Image

പ്രതിബിംബങ്ങളാവണം സര്‍ഗ സൃഷ്ടികള്‍ (ജോയ്‌സ് തോന്ന്യാമല)

Published on 15 April, 2017
പ്രതിബിംബങ്ങളാവണം സര്‍ഗ സൃഷ്ടികള്‍ (ജോയ്‌സ് തോന്ന്യാമല)
ഭാവനയുടെ അക്ഷരവിന്യാസമാണ് സാഹിത്യ രചനകള്‍. കയ്‌പേറിയ ജീവിതാനുഭവ യാഥാര്‍ഥ്യങ്ങളുടെ അനര്‍ഗളമായ ഒഴുക്ക് ഭാവനയുടെ ചാലിലൂടെ അക്ഷരങ്ങളായി, വാക്കുകളായി പിറവിയെടുക്കുമ്പോള്‍ അത് ഉദാത്തമായ രചനകളായി മാറുന്നു. അത്തരം സൃഷ്ടികള്‍ വായിക്കുമ്പോള്‍ അനുവാചകമനസില്‍ വികാരവിക്ഷോഭത്തിന്റെ വേലിയേറ്റമുണ്ടാകുന്നുവെങ്കില്‍ അത് ക്രിയാത്മക സാഹിത്യമായി പരിണമിക്കുന്നു. അവിടെ ദീര്‍ഘവീക്ഷണത്തിന്റെ സ്രോതസ്സുകള്‍ വായനക്കാരില്‍ ഉടലെടുക്കുന്നു. അപ്പോഴാണ് സമൂഹത്തില്‍ സംസ്‌കാരത്തിന്റെ അടിത്തറ പാകുന്നത്.

ഒരു കണ്ണാടി പൊടിമൂടി വീടിന്റെ മൂലയില്‍ കിടക്കുന്നതുപോലെയാണ് മനുഷ്യമനസ്സ്. മനസ്സിന്റെ ഈ കണ്ണാടി വികാരങ്ങളുടെ പൊടിയില്‍ മൂടിക്കിടക്കുകയാണ്. ഈ അവസ്ഥയില്‍ പ്രതിബിംബങ്ങളെ സുവ്യക്തമായയി കാട്ടാന്‍ കണ്ണാടിക്കു കഴിയുന്നില്ല. കാരണം അതിന്റെ വെണ്‍പ്രതലത്തില്‍ പൊടി മാത്രമാണ് ഉള്ളത്. അത് തുടച്ചു നീക്കുന്നതോടെയാണ് കണ്ണാടി പ്രതിബംബ പൂരിതമാകുക. വ്യത്യസ്തമായ ആശയങ്ങളുടെ അമാനുഷിക ചിന്തകളുടെ പേരില്‍ ലോകത്ത് നടന്നു വരുന്ന വിഭജനവും സംഘര്‍ഷവും ഹിംസയുമെല്ലാം പൊടി മൂടിക്കിടക്കുന്ന കണ്ണാടിയിലൂടെ നോക്കുന്നതു കൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങളും ദുരവസ്ഥകളുമാണ് ഇന്ന് നമുക്കു ചുറ്റും കാണുന്നത്. അക്ഷര കൊടുങ്കാറ്റ് വിതച്ച് മനസ്സാകുന്ന കണ്ണാടിയിലെ പൊടിപടലങ്ങള്‍ തൂത്തെറിയാന്‍ എഴുത്തുകാര്‍ക്ക് കഴിയണം.

നമ്മുടെ മുഖം സുന്ദരമോ വികൃതമോ ആയിക്കൊള്ളട്ടെ. ആ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ചേറും പൊടിയുമൊക്കെ പോയോ എന്ന് കണ്ണാടി ചോദിക്കുന്നില്ല. മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളെ പെരുമാറ്റത്തിന്റെ, സ്വഭാവത്തിന്റെ സങ്കീര്‍ണതകള്‍ ക്കിടയില്‍ ഒളിഞ്ഞുകിടക്കുന്ന യഥാര്‍ഥ സത്തയെ കാണാന്‍ സഹായിക്കുന്ന കണ്ണാടികളാണ് സ്‌നേഹകുംഭങ്ങളായ മഹാജ്ഞാനികള്‍. ഭഗവത്ഗീതയും ഖുറാനും ബൈബിളും തുടങ്ങി ലോകത്ത് ഉണ്ടായ എല്ലാ ഗ്രന്ഥങ്ങളും മഹത്തായ സൃഷ്ടികളും മനുഷ്യന്റെ ആന്തരിക സത്തയെ കാട്ടിത്തരുന്ന കണ്ണാടികളുമാണ്.

''എഴുത്തുകാരില്‍ 'ഞാന്‍' എന്ന ഭാവം രൂപപ്പെട്ടുകഴിഞ്ഞാല്‍ അത് സൃഷ്ടിയുടെ ചരമഗീതമാവും. ഒരാള്‍ അഹംബോധം വിടുമ്പോള്‍ അയാള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളാണ്. അയാള്‍ സ്വര്‍ഗത്തിലെ മഹത്തായ ഒന്നിനു വേണ്ടി വഴിയൊരുക്കുകയാണ്...'' എന്ന് ഇംഗ്ലണ്ടിലെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ അംഗമായിരുന്ന ചാള്‍സ് വെബ്റ്റര്‍ലീഡ് പീറ്റര്‍ പറഞ്ഞിട്ടുണ്ട്. അത്ഭുതാവഹമായ രചനകളിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച വ്യക്തികളില്‍ പ്രമുഖനായ ഒരാളാണ് വൈദികന്‍ കൂടിയായിരുന്ന ലീഡ് പീറ്റര്‍.

അഹംഭാവം ഇല്ലാത്ത മനസ്സില്‍ നിന്ന് പുറപ്പെടുന്ന ചിന്തകള്‍ക്ക്, വാക്കുകള്‍ക്ക്, പ്രവര്‍ത്തികള്‍ക്ക് മാത്രമേ മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാക്കിയിട്ട സ്വാര്‍ഥത എന്ന ഇരുട്ടിനെ ഇല്ലായ്മമ ചെയ്യാന്‍ കഴിയൂ. ഒരു കടുകുമണിയോളം പോലും അഹന്തയില്ലാത്ത , നൂറുശതമാനവും താഴ്മയുള്ള, മറ്റുള്ളവരെ പരിഗണിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന വ്യക്തികളുടെ കൂട്ടായ്മകള്‍ക്ക് മാത്രമേ 'തലക്കന സൂക്കേട്' കൊണ്ട് ഭ്രാന്തമായ നമ്മുടെ സമൂഹത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുകയുള്ളു.

സര്‍ഗവാസന ഈശ്വരന്റെ വരദാനമാണ്. അല്ലെങ്കില്‍ ഒരു അദൃശ്യ ശക്തി നമ്മുടെ സത്തയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വന്തം ജീവിതാനുഭവങ്ങളും നാം കണ്ടും കേട്ടും അനുഭവിച്ചതുമായ സംഭവങ്ങളും അക്ഷരരൂപമെടുത്ത് മഹത്തായ സാഹിത്യ സൃഷ്ടികളായി മാറുന്നത്. ആത്മാവിഷ്‌കാര ചിന്തകളും ഭാവനാശാലിത്വവും വികാരശീലവും എല്ലാം ജന്മസിദ്ധമാണ്. അത്തരത്തിലുള്ള എഴുത്തിന്റെ നാളം കെടാതെ സൂക്ഷിക്കപ്പെടണം.

സാഹിത്യ പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് വിശ്യസാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയര്‍ പിറന്നത്. അദ്ദേഹത്തിന്റെ പിതാവായ ജോണ്‍ ഷേക്‌സ്പിയര്‍ ഒരു വ്യാപാരിയായിരുന്നു. പറയത്തക്ക വിദ്യാഭ്യാസം ഒന്നും ഷേക്‌സ്പിയറിന് ഉണ്ടായിരുന്നില്ല. പക്ഷേ, ലോകം അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മുന്നില്‍ അത്ഭുതം പൂണ്ടുനിന്നു. പാത്രസൃഷ്ടിയിലും നാടകീയതയിലും കാവ്യാത്മകതയിലും അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമേയുള്ളു. സര്‍ഗാത്മക ശാദ്വല ഭൂമിയായിരുന്നു ഷേക്‌സ്പിയറുടെ അരങ്ങും അണിയറയും.

ഒരു കഥ കൂടി പറയട്ടെ...ഇത് ഒരു സെന്‍ ഗുരുവിന്റെ കണ്ണീരാണ്. കിറ്റനോ സെന്‍ മാസ്റ്ററുടെ ജീവിത പരിണാമം. ഇരുപതു വയസ്സുള്ളപ്പോള്‍ തന്നെ സന്യാസിയെപ്പോലെ അദ്ദേഹം നിരന്തരം യാത്ര ചെയ്തിരുന്നു. ഒരു ദിവസം ഭക്ഷണമൊന്നും കിട്ടാതെ അദ്ദേഹം ഒരു മരച്ചുവട്ടില്‍ ക്ഷീണിതനായി കിടന്നു പോയി. അപ്പോള്‍ ഒരു കച്ചവടക്കാരന്‍ അതുവഴി വന്നു. അയാള്‍ പുകയില നിറച്ച പൈപ്പ് കത്തിച്ച് വലിക്കുകയും കിറ്റനോയ്ക്ക് വലിക്കാന്‍ കൊടുക്കുകയും ചെയ്തു. അയാള്‍ പോയപ്പോള്‍ കിറ്റനോ ഇങ്ങനെ ചിന്തിച്ചു. ''ഈ പുകയില നല്ലതാണല്ലോ, പുകവലി വല്ലാത്തൊരു സുഖവും തരുന്നുണ്ട്. ഇത് ശീലിച്ചാല്‍ പിന്നീടതു കിട്ടാതായാല്‍ വിഷമമാകും. അതുകൊണ്ട് ഇപ്പോള്‍ തന്നെ അത് ദൂരെ എറിഞ്ഞു കളയുന്നതാണ് നല്ലത്.''

ഈ ആത്മഗതത്തിന്റെ പ്രേരണയില്‍ കിറ്റനോ ആ പൈപ്പും പുകയിലയും ദൂരെ എറിഞ്ഞുകളഞ്ഞു. കിറ്റനോ വീണ്ടും യാത്ര തുടര്‍ന്നു. മഞ്ഞു വീണ വഴികളില്‍ അദ്ദേഹം ചൂടിനായി കമ്പിളി വസ്ത്രമില്ലാതെ വിഷമിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഗുരുവിന് ഒരു കത്തയച്ചു. ഒരുപാട് നാള്‍ കഴിഞ്ഞിട്ടും കത്തിനെന്തു പറ്റിയെന്ന് കിറ്റനോ തന്റെ മനോവിദ്യ കൊണ്ട് ഗണിച്ചു നോക്കി. അത് ഗുരുവിന് കിട്ടിയില്ലായെന്ന് മനസ്സിലായി.

അപ്പോള്‍ തന്റെ വിദ്യയില്‍ കിറ്റനോയ്ക്ക് മതിപ്പ് തോന്നി. പക്ഷേ, തൊട്ടടുത്ത നിമിഷം കിറ്റനോ വിചാരിക്കുകയാണ്, ''ഈ ഗൂഢവിദ്യയില്‍ ഞാന്‍ നിരന്തരം മുഴുകിയാല്‍ ഇതെന്നെ അതിന്റെ പുറകെ ഓടി നടക്കുന്നവനും ആവശ്യമുള്ളത് മറക്കുന്നവനും ആക്കും. അതുകൊണ്ട് ഈ വിദ്യയിലുള്ള പ്രാഗത്ഭ്യം എനിക്കു വേണ്ട...'' പിന്നീട് ചൈനയില്‍ സഞ്ചരിക്കുന്നതിനിടയ്ക്ക് അദ്ദേഹം ചൈനസ് ഭഷ പഠിക്കുകയും ആ ഭാഷയില്‍ മധുരമനോഹരമായ കവിതകള്‍ എഴുതുകയും ചെയ്തു. ഒരു ദിവസം അതിലൊരു കവിത വായിച്ചുകേട്ട ഗുരു കിറ്റനോയെ ഏറെ പുകഴത്തി.ഇവിടെ ഈ കഥ അന്വര്‍ഥമാകുകയാണ്.

41-ാമത്തെ വയസ്സില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ വയലാറിന്റെ കവിതാശകലത്തെ അനുസ്മരിച്ചു കൊണ്ട് ഞാന്‍ എന്റെ ലേഖന പരമ്പര അവസാനിപ്പിക്കട്ടെ.
''സ്‌നേഹിക്കയില്ല ഞാന്‍ 
നോവുമാത്മാവിനെ 
സ്‌നേഹിച്ചിടാത്തൊരു 
തത്വശാസ്ത്രത്തെയും...''
***
അനുബന്ധം: 
'സാഹിത്യം എന്ന പദത്തിനു സഹിത ഭാവം, അതായത് യോഗം അല്ലെങ്കില്‍ ചേര്‍ച്ച എന്നര്‍ത്ഥം. മലയാള ഭാഷയുടെ പ്രാചീനാലങ്കാര ഗ്രന്ഥമായ ലീലാതിലകത്തില്‍ യോഗമെന്നാല്‍ സഹൃദയന്മാര്‍ക്കു രുചിക്കത്തക്കവിധത്തിലുള്ള ചേര്‍ച്ചയാണെന്നും, ആനന്ദം തന്നെ ആകുന്നു അതില്‍ അഗ്രഗണ്യമായിട്ടുള്ളത് എന്ന് കേരള സാഹിത്യ ചരിത്രത്തില്‍ ഉള്ളൂര്‍ നിര്‍വചിക്കുന്നു  ആര്‍ക്കും എഴുതാം അത് പ്രസിദ്ധികരിക്കുകയും ചെയ്യാം. പക്ഷെ അതിനെ സാഹിത്യം എന്നും ഉത്കൃഷ്ട രചന എന്നും സ്വയം വിവക്ഷിക്കുമ്പോള്‍ ആണ് അറിവിന്റെ പരിധിയില്‍ നിന്ന് കൊണ്ട് വിമര്‍ശനരൂപേണ, ഒരു വായനക്കാരന്‍ എന്ന നിലയില്‍ നോക്കികണ്ടത്. വിമര്‍ശന വിധേയമായത് വ്യക്തികള്‍ അല്ല. അമേരിക്കന്‍ മലയാള സാഹിത്യം എന്ന ഒരു ശാഖ മലയാള സാഹിത്യത്തിന് ഇല്ല എന്ന തിരിച്ചറിവില്‍ നിന്ന് കൊണ്ട് ഞാന്‍ എഴുതിയ ലേഖന പരമ്പര പൂര്‍ണമായും എന്റെ കാഴ്ച്ചപ്പാടുകള്‍ ആണ്. 

'ഇതാണ് സാഹിത്യം ഇതാവണം സാഹിത്യം' എന്നത് രചനാവൈഭവം കൊണ്ട് നമ്മെ പുളകം അണിയിച്ച, നിയോഗം പോലെ എഴുത്തിലൂടെ അറിവിന്റെ പൊന്‍ വിളക്ക് തെളിച്ചു വഴികാട്ടികളായ മഹാ മനീഷികളുടെ ഉത്കൃഷ്ടമായ, ഇന്നും തലമുറകള്‍ നെഞ്ചേറ്റുന്ന കൃതികളെ പോലെയാവണം സാഹിത്യം എന്ന വീണ്ടും അടിവരയിട്ടു പറയട്ടെ... അതാണു സാഹിത്യം. അല്ലാതെ എഴുതുന്നതെന്തും സാഹിത്യമല്ലാ എന്ന് വായന സപര്യ ആക്കിയവര്‍ക്കു മനസിലാകുകയില്ലേ...? വിമര്‍ശനങ്ങള്‍ ആരോഗ്യപരമായിരിക്കെട്ടെ...അത് ഭാഷയുടെ വളര്‍ച്ചക്ക് ഉപോത്ബലമാകട്ടെ 

ഞാനൊരു മഹാ സാഹിത്യകാരനോ എഴുത്തുകാരനോ അല്ല, സാഹിത്യത്തില്‍ താത്പര്യമുള്ള ഒരു എളിയ ആസ്വാദകന്‍ മാത്രം. അമേരിക്കന്‍ മലയാളി സമൂഹത്തിലെ സാഹിത്യ പ്രതിഭകളെ അവഹേളിക്കാനോ ആക്ഷേപിക്കാനോ ഞാനൊരിക്കലും മുതിര്‍ന്നിട്ടുമില്ല. അതിന് ഞാന്‍ പ്രാപ്തനുമല്ലെന്ന് വിനയപൂര്‍വം പറയട്ടെ. 

ഭഗവത്ഗീതയിലെ ഒരു ഉദ്ധരണി ഇവിടെ അനുചിതം: 
'വിമൃശ്യ എതദ് അശേഷേണ 
യഥേച്ഛസി തഥാ കുരു...'

പ്രതിബിംബങ്ങളാവണം സര്‍ഗ സൃഷ്ടികള്‍ (ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
Ninan Mathullah 2017-04-15 16:15:15

Any subject can be viewed from different angles depending on the viewer or the writer. Joice is my friend and appreciate his literary talents. He proof read one of my books. I agree that a true writer must be devoid of ego at least when he writes for it to be useful to the readers. True writers are prophets. The original literary works of our literature, Vedas and Gita are considered as ‘sruthi’ in the sense heard directly from God. True writing must be heard directly from God and not something squeezed out of the writer’s brain to serve his/her ego to be useful to readers. The writer has to spent time in meditation and prayer to get ideas from the omnipresent force to give to readers. Those ideas can have different time and space application. Writings that cross the borders of time and space are called classics as from the world famous writers. But all writers need not be world famous or their writings classics. I can be a writer for a small regional group or culture as my calling can be to write to a small group. That does not mean I am not a true writer or my writing has no literary value. So please write down ideas as it come to your mind and develop it later with illustrations and stories and publish it. Do not worry about criticisms. Even if it was useful to just one person, it served its purpose.

വിദ്യാധരൻ 2017-04-15 20:30:44
ചാൾസ് വെസ്റ്റർ ലീഡ് പീറ്റർ പറഞ്ഞതെനിക്കറിയില്ല . പക്ഷെ കുമാരനാശാൻ പറഞ്ഞത് എന്റെ ഹൃദയത്തിൽ എന്നും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു 

'നെഞ്ചാളും വിനയമൊടെന്ന്യേ പൗരഷത്താൽ 
നിൻഞ്ചാരു ദ്യുതി കണി കാണ്മതിലൊരാളും 
കൊഞ്ചൽ തേൻ മൊഴി മണി നിത്യ കന്യകേ നിൻ 
മഞ്ചത്തിൻ മണമറികില്ല  മൂർത്തിമാരും' (കാവ്യകല അല്ലെങ്കിൽ ഏഴാം ഇന്ദ്രിയം)

                    ഇത് ആവർത്തിച്ചു പറയുന്നതിൽ ഒരിക്കലും എനിക്ക് മടിതോന്നിയിട്ടില്ല കാരണം ഞാൻ എന്നെ തന്നെ ഓർപ്പിക്കാൻ ചൊല്ലുന്ന ഒരു മന്ത്രമാണിത് .  ഇന്ന് സാഹിത്യലോകത്തെ കീഴടക്കാൻ പൗരഷംകൊണ്ട് സാധിക്കുമെന്ന് പലരും വിശ്വസിക്കുന്നു.  പണവും ബന്ധങ്ങളും ഉണ്ടങ്കിൽ  എന്ത് ചപ്പ് ചവറുകൾ എഴുതികൊടുത്താൽ അതിന് ആമുഖം എഴുതികൊടുക്കാൻ കേരളത്തിലെ കുലപതികൾ  എന്ന് വിശ്വസിക്കുന്ന എഴുത്തുകാർ തയാറാണ്.  'പണമാം മുന്തിരി കൊടുത്താൽ കാണാം മനുഷ്യ കുരങ്ങിന്റെ ചാട്ടം' എന്ന് പറയുന്നതും "പണത്തിനു മീതെ പരുന്തും പറക്കുകയില്ല എന്ന് പറയുന്നതും ഒക്കെ ഇന്നത്തെ കാലത്തു സാഹിത്യലോകത്തെ സംബന്ധിച്ച് വളരെ സത്യമാണ്. അത് കേരളമായാലും അമേരിക്കയയാലും. 
                    വിനയം നമ്മളിൽ പാർക്കുന്ന ചൈതന്യത്തിന്റ ഏറ്റവും ഉദാത്തമായ ഭാവമാണ്. അതിന് ഞാൻ എന്ന ഭാവം ഇല്ല. ഭാഷയുടെ പ്രഭവ സ്ഥാനം ചൈതന്യമാണ്. ചൈതന്യമാവട്ടെ അക്ഷയനാണ് അക്ഷരം അക്ഷയനിൽ നിന്ന് ഉളവാതാണ്. ഭാഷ മനുഷ്യന് പരസ്പരം സംവദിക്കാനായ് വെളിപ്പെട്ടതാണ്. അതിന് യാതൊരു വർഗ്ഗവർണ്ണ വ്യത്യാസം ഇല്ല. ചൈതന്യത്തിനും അങ്ങനെ തന്നയാണല്ലോ. അപ്പോൾ വിനയം ഇല്ലാതെ നാദബ്രഹ്മത്തിന്റെ കടാക്ഷം വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല. അതുകൊണ്ടാണ് കവി പറയുന്നത്. നെഞ്ചത്ത് ആളിക്കത്തുന്ന വിനയം ഇല്ലാതെ ഭാഷയുടെ ദ്യുതിപോലും കാണാൻ കഴിയില്ല എന്ന് 

                  നമ്മളുടെ സാഹിത്യവും രചനകളും മനുഷ്യരുമായി സംവദിക്കണം എങ്കിൽ,എഴുത്തുകാർക്ക് ഒരു പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള സന്നദ്ധത ഉണ്ടായിരിക്കണം. എന്നാൽ ഇന്ന് പലപ്പോഴും എഴുത്തുകാരുടെ സമീപനം പ്രതികരണ സ്വഭാവത്തോടെയാണ്. അപ്പോൾ അത് നമ്മൾക്ക് കടന്നു ചെന്നു പ്രവർത്തിക്കാതിരിക്ക തക്ക രീതിയിൽ ഒരു മതിൽ കെട്ടുകയാണ്. പക്ഷെ നയപരമായി ഒരു കയ്യ്കൊണ്ട് തലോടി മറുകൈകൊണ്ട് ശിക്ഷിക്കുനന്നതിൽ തെറ്റില്ല. 

കവിതയും സാഹിത്യവും എഴുതുന്നവർക്ക് മനസ്സിൽ ഉരുവിടാവുന്ന ചില മന്ത്രങ്ങൾ ഇവിടെ ചേർക്കുന്നു . ആ മന്ത്രം അഹങ്കാര രഹിതമായ രചനകൾക്ക് സഹായിക്കും 

"ജ്യോതിർ ഭ്രമത്താൽ ഉളവാം ഒലികൊണ്ടിതാദ്യ 
സാഹിത്യഗീതി കലകൾക്കുദയം വരുത്തി 
നേരായുതിർത്തൊരാ സ്വരതാളമേളം 
ജീവാതു ജീവിത സുഖത്തെ വളർത്തിടുന്നു " (വി. സി. ബാലകൃഷ്ണ പണിക്കർ )

'ലാവണ്യംകൊണ്ടുള്ള പുതുമ 
              കവിതകൊണ്ടുള്ള് സത്‌കീർത്തി 
വിദ്യദ് ഭാവംകൊണ്ടുള്ള മാന്യസ്ഥിതി 
              രണപടുതാമൂലമാം വൻപ്രതാപം 
ഇവ്വണ്ണം വർണ്ണനീയം ഗുണമഖിലം 
              ഓരോ വാതിലിൽ തട്ടിമുട്ടി 
ജീവത്താം ആദിമൂല പ്രകൃതിയിൽ 
               ഒടുവിൽ ചെന്ന് ചേരുന്നുവല്ലോ" (എഴുതിയത് ആരെന്ന് ഓർക്കുന്നില്ല )

James Mathew, Chicago 2017-04-16 07:50:12
അമേരിക്കൻ മലയാളി എഴുത്തുകാരെ ചെളി വാരിയെറിയുന്നവർ അവരുടെ കയ്യിലും ചെളിയാക്കുന്നു.  എനിക്ക് മനസ്സിലാകുന്നത് ഇവിടെ എഴുതുന്നതും വായിക്കുന്നതും എഴുത്തുകാർ തന്നെയാണ്. അതുകൊണ്ട് ഒരു എഴുത്തുകാരന് മറ്റേ എഴുത്തുകാരനെ കണ്ടുകൂടാ. പൊതുജനം പള്ളിയും സമൂഹ മേന്മയും ലക്ഷ്യമാക്കി ആനാപ്പുറത്തും, ആമപ്പുറത്തും, അങ്ങനെ പുറങ്ങളിലും പുറം ചൊറിയലുകളിലും തിരക്കിലാണ്. അമേരിക്കൻ മലയാളി എഴുത്തുകാരെ ഹാ നിങ്ങൾക്ക് കഷ്ടം. ഈ തോന്ന്യാമല പ്രത്യക്ഷപ്പെട്ടത് ഇവിടത്തെ എഴുത്തറ്റുകാരെ അവഹേളിച്ച്കൊണ്ടാണെന്നു ഇമലയാളി വായനക്കാർക്ക് അറിയാവുന്നതാണല്ലോ.  എഴുത്തുകാരെ സംബന്ധിച്ച് അതൊന്നും പുത്തരിയല്ല. അവർ ഇത് എന്നേ കേൾക്കുന്നതാണ്. തോന്ന്യമല പുത്തെൻ കുരിശ്ശ നല്ല എഴുത്തറ്റുകാരനാണെന്നു പറഞ്ഞത് ശരി, എന്നാൽ അവിടെ എ സി ജോർജുൻറ് , നമ്പിമഠമുണ്ട്, അബ്രാഹാം തെക്കേമുറിയുണ്ട്, മീനുവുണ്ട്, ന്യയോർക്കിലാണെങ്കിൽ മഹാരഥന്മാർ രാജു മൈലാപറയുണ്ട്, ജോർജെ തുമ്പയിലുണ്ട് ,രജീഷ് നെടുങ്ങാടപ്പള്ളിയും, ഇപ്പോൾ ഇ മലയാളിയിൽ കാണുന്ന ജയൻ വർഗീസുമുണ്ട്. വനിതകളിൽ എൽസി യോഹന്നാനും, സരോജ വർഗീസുമുണ്ട്.
ഫിലാഡൽഫിയയിൽ ഉണ്ട് രണ്ട് പ്രമുഖ വനിതാ എഴുത്തറ്റുകാർ ലൈല അലക്സ്, നീന പനക്കൽ. നല്ല എഴുത്തുകാരും ചീത്ത എഴുത്തുകാരും എല്ലായിടത്തുമുണ്ട്.. നമ്മുടെ നാട്ടിലും (കേരളം) ഉണ്ട്.എന്നാൽ അവിടെ ചീത്ത എഴുത്തുകാരെ ചീത്ത വിളിക്കാറില്ല. ബഹുമാന്യ സുവിശേഷകൻ നൈനാൻ മാത്തുള്ള പറഞ്ഞപോലെ സർഗ്ഗ പ്രചോദനം ഉൾക്കൊണ്ട് എല്ലാവരും എഴുതട്ടെ.
വിദ്യാധരൻ 2017-04-16 10:03:09
"ഗോതമ്പ്മണി നിലത്ത് വീണ് 
ചാകുന്നില്ല" യെങ്കിൽ 
ആർക്കുണ്ട് പ്രയോചനം ചിന്തകരെ?
നല്ല എഴുത്തുകാരൻ ചാകണം ആദ്യമേ 
പിന്നെയവൻ പ്രശസ്തനാകും 
ഉദ്ധരിക്കും അവൻ കഥകൾ കവിതകൾ 
നല്ലതെന്നു ജനം പുകഴ്ത്തി പറയും 
തീർക്കും അവർക്കായി പ്രതിമകൾ 
ഓർക്കും അവനെ ഓരോ വർഷവും 
അതിനാൽ എഴുത്തുകാരെ നിങ്ങൾ 
'ചത്തുകിടന്നെഴുതുക' കുറിക്കുക കാവ്യം 
അല്ലാതെ ജീവിച്ചിരിക്കുന്നവരെ കൊന്നാൽ 
ആ രക്തക്കറ കൈകളിൽ കാണും സദാ.
പുത്തൻകുരിശും  പഴയതാകുമ്പോൾ 
ഭക്തി ജനങ്ങളിൽ ഏറി വന്നീടും
രണ്ട്‌ സഹസ്രാബ്ധങ്ങൾക്കപ്പുറം 
ഗോൽഗോത്താ മലയിൽ ചെന്നിണ
ത്തിൽ മുക്കിയ കുരിശുമേന്തി ജനം 
ഇന്നും കറങ്ങുന്നു പാരിൽ എല്ലാടവും
ജീവൻ കൊടുത്തേശു രചിച്ചച്ചോര നാടകം പുനർ 
അവതരിപ്പിക്കുന്നു ഭക്തർ എല്ലാടവും 
ജീവൻ കൊടുക്കുക എഴുത്തുകാരെ നിങ്ങൾ 
അവസാന തുള്ളി രക്തത്തിൽ
ചാലിച്ച് തീർക്കുക നിങ്ങൾ തൻ രചനകൾ 
നിങ്ങൾ മണ്ണിൽ മറഞ്ഞാലും  നിൽക്കും 
നിങ്ങൾ തീർത്ത കൃതികൾ ഭൂമിയിൽ
അന്നു നിങ്ങടെ ആത്മ ദൃഷ്ടിയാൽ കാണും 
ഇന്ന് ചീത്ത വിളിക്കുനന്നവർ സ്തുതിപ്പത്
കണ്ടില്ലേ ഷേക്സ്പിയർ ജീവിപ്പതിന്നും 
കണ്ടില്ലേ വിക്ടർ ഹ്യൂഗോയും ടാഗോറും 
ഇന്നും തിളങ്ങിവിളങ്ങുന്നദ്ധരണികളിൽ
എന്തിനു പറയുന്നു ആശാനും ഉള്ളൂരും 
തട്ടിൻപുറത്തെലികൾക്ക് ഭീഷണിയായി 
കട്ടക്കയത്തിൻ കവിതയും 
പ്രണയാർത്ഥികൾക്കുള്ളിൽ 
തീപ്പൊരി കത്തിച്ചു ചങ്ങമ്പുഴയും 
എല്ലാരും ജീവൻ കൊടുത്തെഴുതിയപ്പോൾ 
ധന്യമായി നിൽക്കുന്നു മലയാള ഭാഷയിന്നും       

നാരദന്‍ 2017-04-16 10:05:23
അമ്മയെ  തല്ലിയാല്‍ അല്ലെ ഉള്ളു  പത്തു പേര്‍ അറിയുന്നത്.  തോന്നിയാസും  തോന്നിയതുപോലെ കീറ്റുന്നു  എന്നോ ഉള്ളു.
ഇത്തരകാരെ  പൂര്‍ണമായും അവഗണിക്കുക. ബസിലെ വയറ്റത്ത് അടിച്ചു പാടുന്നവനെപോലെ  കിട്ടിയതും കൊണ്ട് പൊയ്ക്കോളും.
vayanakkaran 2017-04-16 13:33:26
കുമാരനാശാൻ മരിച്ചപ്പോൾ 51 വയസ്സ് 
ചങ്ങമ്പുഴയ്ക്ക് 37 വയസ്സ് . അവരെല്ലാം മരണശേഷമാണ് പ്രശസ്തരായത്. അതുകൊണ്ടു അമേരിക്കയിലെ എഴുത്തുകാർ ഇപ്പഴേ മരണവെപ്രാളം കാണിയ്ക്കണ്ട. എല്ലാം ശരിയാകും . വിദ്യാധരൻ പറഞ്ഞതുപോലെ ചത്തുകിടന്ന് എഴുതുക 
Just a Reader 2017-04-16 10:37:25
Vayalar was 47 years old at the time of his Death!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക