Image

ശൈലപ്രഭാഷണം- തുടര്‍ച്ച ഭാഗം-3 അമൂല്യ പ്രമാണങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക് Published on 08 April, 2017
ശൈലപ്രഭാഷണം- തുടര്‍ച്ച ഭാഗം-3 അമൂല്യ പ്രമാണങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
അമോഘമായിടുമീശന്‍ പ്രമാണവും
അമൂല്യമാകും പ്രവചനവും,
പൂര്‍ണ്ണമായും നിറവേറ്റുവാന്‍തന്നെ ഞാന്‍
മന്നിതില്‍ വന്നെന്നു മോര്‍ക്ക വേണം,

നന്ദനസുന്ദരമാകുമീ സൂക്തങ്ങള്‍
അന്യൂനമായ് നിലനില്‍ക്കുമെന്നും.

ആയതു കാര്യമായാചരിക്കുന്നവന്‍
പൊയ്യല്ല, ലോകത്തിന്‍ ശ്രേഷ്ഠപുത്രന്‍

ആയതനാദരിക്കുന്നവനായെന്നാ
ലായവനേറ്റവും നിന്ദിതനും,

നീതിയും ധര്‍മ്മവും നിങ്ങള്‍ക്കുണ്ടെങ്കിലും
'ശാസ്ത്രി' 'പരീശ'ര്‍ക്കു പിന്‍പിലെങ്കില്‍

സ്വര്‍ഗ്ഗസീയോന്‍പുരി നേടുവാനായ് വേണ്ട
യോഗ്യത നിങ്ങള്‍ക്കുണ്ടാകയില്ല.

'മാരണം', ഭീകരപാപം, നിസ്സംശയം
'ഘോരസംസാരവും' നിചം, നീചം.

സോദരനോടു നീ ദോഷം പുലര്‍ത്തിയാല്‍
പാതകനായ്ത്തീരും ശിക്ഷയേല്‍ക്കും.

നിസ്സാരനെന്നവനെ നീ വിളിച്ചെന്നാല്‍
സംശയമില്ല നീ കൂട്ടിലാകും.

ആളവന്‍ വിഡ്ഢി തന്നെന്നുര ചെയ്താലും
കാളുന്ന പാതാളം പൂകിടും നീ.

സോദരനെ അവഹേളിച്ചനന്തതി-
മേധത്തിനായിട്ടൊരുങ്ങിയെന്നാല്‍

അര്‍ഹതയില്ലതിനെന്നു ഗ്രഹിച്ചു, സ-
ഹോദരനോടു നീ മാപ്പിരക്ക,

എന്നിട്ടു വേണം നീ യാഗം കഴിക്കുവാന്‍
വന്നിടുമല്ലെങ്കില്‍, ദോഷമേറെ,

നിന്‍ ശത്രു നിന്‍ ചാരത്തുള്ളപ്പോള്‍ത്തന്നെ നീ
ശാത്രവം നീക്കുക മിത്രമാക.

അല്ലെന്നു വന്നെന്നാല്‍ ദോഷങ്ങളേറിടു-
മല്ലലുണ്ടായിടും, നാശമന്ത്യം.

ശൈലപ്രഭാഷണം- തുടര്‍ച്ച ഭാഗം-3 അമൂല്യ പ്രമാണങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക