Image

സംക്രമക്കാറ്റ് (കവിത: ജയന്‍ വര്‍ഗീസ്)

Published on 31 March, 2017
സംക്രമക്കാറ്റ് (കവിത: ജയന്‍ വര്‍ഗീസ്)
എവിടെയാണെവിടെയാ ,ണിനിയും പിറക്കാത്ത
പുലരിത്തുടുപ്പിന്റെ നോവ് ?
എവിടെയാണിരുളിന്‍ കരിമ്പടക്കെട്ടിന്റെ
യിടയിലെ ദീപ്തമാം കീറ് ?

ഝട്യുതിയിലുരുളുമാ രഥചക്ര ,രവ ,കാര
മകലെ മുഴങ്ങിടും നേരം ,
കരളിന്റെ കനവിലെ കളിമണ്‍ വിളക്കിലെ
തിരിനാളമേന്തിഞാന്‍ നില്‍ക്കും !

ഒരുകോടിയുഗതാള, മൊരുമിച്ചു ചേര്‍ന്നലി
ഞ്ഞലയടിച്ചുയരുമാ നേരം,
മനസ്സിന്റെ മയിലുകള്‍ കനവിന്റെ പീലിനീര്‍
ത്തൊരുമോഹ നൃത്തം ചവിട്ടും !

എവിടെയും മനുഷ്യന്റെ മാറില്‍ നിന്നൊഴുകുന്ന
രുധിര സമുദ്രത്തിലൂടെ ,
ഭരണാധികാരിക ,ലധികാര നൗകയില്‍
തുഴയുന്ന ഭ്രാന്തമീ മണ്ണില്‍ ,

മതരാഷ്ട്ര മതിലുകള്‍ ലേബലും അതിരുമായ്
മനുഷ്യനെ വേര്‍തിരിക്കുമ്പോള്‍ ,
ഇരുളിന്റെ രാക്ഷസക്കുതിരകള്‍ തേരോടി
ച്ചതയുന്നു ,പിടയുന്നു ധര്‍മ്മം !

ഒരുദൗര്‍ബല്യത്തിനടിമയായ് നരസൃഷ്ടി
പിഴയോര്‍ത്തു തേങ്ങുന്നു ദൈവം !
കരയുന്ന ദൈവത്തിന്‍ കണ്ണുനീര്‍ മുത്തിലെ
യൊളിമിന്നലല്ലേ വെളിച്ചം?

എവിടെയാണെവിടെയാ ,ണിനിയും പിറക്കാത്ത
പുലരിത്തുടുപ്പിന്റെ നോവ് ?
എവിടെയാണിരുളിന്‍ കരിമ്പടക്കെട്ടിന്റെ
യിടയിലെ ദീപ്തമാം കീറ് ?
Join WhatsApp News
വിദ്യാധരൻ 2017-04-05 12:54:31

ഭരണകൂടങ്ങൾ ഉറയ്ക്കുവാൻ ലോകത്ത്
മനുഷ്യരെ കുരുതികഴിച്ചിടേണം
ചോരപ്പുഴകൾ ഒഴുക്കണം ആയതിൽ
ഭരണകൂടങ്ങൾ ഇളകിടായ്ക.
ഒത്തിടുമ്പോൾ വേണം രാസായനപ്രയോഗം 
ഒത്തിരിപ്പേരുടൻ ചത്തൊടുങ്ങും
കണ്ടില്ലേ വാതക പ്രയോഗം  സിറിയിൽ
കണ്ടാൽ ആരുടെം ചങ്കുപൊട്ടും
അവരുടെ രക്തത്തിൽ കുത്തിയൊഴുകണം
പ്രതിപക്ഷം ഒന്നോടെ നശിച്ചീടേണം
അധികാരവർഗ്ഗത്തിനീതു കണ്ടാലുണ്ടോ
ലെവലേശമെങ്കിലും കൂസലതിൽ
ചാകണം ഒരു പറ നിത്യവും അങ്ങനെ
ചത്താലെ ലോകം മെച്ചമാകു.
റോമാ നഗരത്തിൽ അഗ്നി പടരുമ്പോൾ
കാളാമുണ്ടം തപ്പും ആനയെപ്പോൽ
തപ്പുന്നു നേതാക്കൾ മദ്യം മതിരാക്ഷീം
ലോകത്ത് മർത്ത്യർ ചത്തിടുമ്പോൾ
ചാകട്ടെ അങ്ങനെ ആർക്കാണതിൽ ചേതം
ഉണ്ടല്ലോ ലോകത്ത്  ശതകോടി പിന്നെയും 
ചാകട്ടെ അവരും ഒന്നടങ്കം
മതിമതി കവി നീ എഴുതിയതു മതിയിനി
പേനയിനി പടവാളാക്കി ഒരുക്കിടു നീ 
വരുന്നുണ്ട് മതങ്ങളൂം രാഷ്ട്രീയ തിരുടരും
കുരുതിയ്ക്കായി നിന്നെ പിടിച്ചിടുവാൻ  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക