Image

കോളില്‍ കുരുങ്ങിയ മന്ത്രിയുടെ രാജി: ചാനലിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ്‌

എ.എസ് ശ്രീകുമാര്‍ Published on 27 March, 2017
കോളില്‍ കുരുങ്ങിയ മന്ത്രിയുടെ രാജി: ചാനലിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ്‌
മലയാളികളുടെ സ്വീകരണ മുറിയിലേയ്ക്ക് ഒരു സെക്‌സ് ബോംബ് ഇട്ടുകൊണ്ടായിരുന്നു മംഗളം ചാനലിന്റെ ലോഞ്ചിങ്. ഹൈഡ്രജന്‍ ബോംബിനേക്കാള്‍ പ്രഹര ശേഷിയുള്ളതായിരുന്നു അത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍ വിളി പച്ചയ്ക്ക് പച്ചയായാണ് ചാനല്‍ എയര്‍ ചെയ്തത്. കുട്ടികള്‍ ഇത് കേള്‍ക്കരുത് എന്ന മുന്നറിയിപ്പോടെയായിരുന്നു സംപ്രഷണം. ഇതേ തുടര്‍ന്ന് മംഗളത്തിന്റെ വിവിധ ഓഫീസുകളിലേയ്ക്ക് തെറിവിളികളുടെയും ഭീഷണികളുടെയും  പ്രവാഹമായിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത കൊടുത്തതെന്നാണ് ചാനല്‍ വൃത്തങ്ങള്‍ പറയുന്നത്. ഫോണ്‍ സെക്‌സിന്റെ കൂടുതല്‍ ഭാഗങ്ങള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും അവയും താമസിയാതെ പുറത്ത് വിടാന്‍ സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. 

ഇടതുപക്ഷ രാഷ്ട്രീയത്തെ ഉഴുതുമറിച്ച സംഭവത്തെക്കുറിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്...''മംഗളം ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ല. മംഗളത്തിന്റെ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്സ്‌ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതേ വഴിയില്‍ കൂടി അവരും പോയി എന്നേയുള്ളൂ. സരിതയുടെ സി.ഡി അന്വേഷിച്ചുപോയതൊന്നും ഇവിടാരും മറന്നിട്ടില്ല...'' സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലെഴുതി. ഇവിടെ ഇടതുമുന്നണിയോ സര്‍ക്കാരോ മുഖ്യമന്ത്രിയോ പ്രതിരോധം തീര്‍ക്കുന്നില്ല. ശശീന്ദ്രന്റെ ബോഡി ലാംഗ്വേജില്‍ നിന്നും അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തോന്നുന്നില്ല.

ഒരു യുവതിയുമായുള്ള മന്ത്രിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നത് കേരളത്തില്‍ രാഷട്രീയ സ്‌ഫോടനം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷയില്ലാതെ രാജിവെക്കേണ്ടി വന്നു. എന്നാല്‍ ശശീന്ദ്രനെ. സ്ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പില്‍ ബോധപൂര്‍വ്വം ആരോ കുരുക്കിയതാണോയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശശീന്ദ്രന്‍ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാത്തതും ദുരൂഹതയ്ക്ക് ഇടവരുത്തുന്നുണ്ട്. ഏറെനാള്‍ അടുപ്പമുള്ള ഒരാളുമായി സംസാരിക്കുന്നതായാണ് ശബ്ദരേഖയില്‍ നിന്നു വ്യക്തമാകുന്നത്. ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷവും പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല. പരാതിയുമായി ആരെങ്കിലും വരാനുള്ള  സാധ്യതയും പൊലീസും മന്ത്രിയുടെ പാര്‍ട്ടിയായ എന്‍.സി.പിയും തള്ളിക്കളയുന്നില്ല. ആരെയങ്കിലും സംശയമുള്ളതിന്റെ യാതൊരു സൂചനയും ശശീന്ദ്രന്‍ ഇതുവരെ മുഖ്യമന്ത്രിയോടും പാര്‍ട്ടി നേതൃത്വത്തോടും വ്യക്തമാക്കിയിട്ടുമില്ല.

ഫോണ്‍ വിവാദ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തനുള്ള സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ ആര് അന്വേഷിക്കുമെന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പിണറായി പറഞ്ഞു. മംഗളം ചാനല്‍ നേരത്തെ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ശശീന്ദ്രനെതിരെ വന്ന ആരോപണം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു ചാനല്‍ അതിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തുവിട്ടതാണിത്. ഈ ചാനല്‍ ഉദ്ഘാടനം ചെയ്തത് താനാണ്. നിങ്ങള്‍ ഉദ്ഘാടനത്തിന് എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാകുമല്ലോ എന്ന് അന്നുതന്നെ അവരോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശശീന്ദ്രന്‍ ഇന്ന് രാവിലെ കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത വകുപ്പ് ഇപ്പോള്‍ മുഖ്യമന്ത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പുതിയൊരു മന്ത്രി പെട്ടെന്നുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസ്ഥാനം എന്‍.സി.പിയുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയുടേയും ഇടതു സര്‍ക്കാരിന്റേയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. രാജി കുറ്റസമ്മതമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്‍.സി.പിയുടെ മറ്റൊരു എം.എല്‍.എ ആയ തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനത്തില്‍ കണ്ണുണ്ട്.

അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, ഫോണുകള്‍ക്ക് പോലും സുരക്ഷയില്ലെന്നായിരുന്നു ആരോപണം. ശശീന്ദ്രന്റെ സ്വകാര്യ സംഭാഷണം  പുറത്തുവന്നതോടെ ഈ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ചാനല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ വിശ്വാസ്യത സംബന്ധിച്ചും, സ്ത്രീയുടെ ഭാഗം വെളിപ്പെടുത്താത്തതും സംശയമുണ്ടാക്കുന്നുണ്ട്.

ഗോവയില്‍ നിന്നാണ് ശശീന്ദ്രന്‍ വിവാദമായ ഫോണ്‍ ചെയ്തതെന്ന് പറയപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ശശീന്ദ്രന്‍ ഗോവയില്‍ പോയത്. ഓഡിയോ ക്ലിപ്പില്‍ താനിപ്പോള്‍ ഗോവയിലാണ് എന്ന് പറഞ്ഞാണ് തുടക്കം. ഓഡിയോയില്‍ തെളിയുന്ന പുരുഷ ശബ്ദം ശശീന്ദ്രന്റേതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമില്ല. ഇക്കാര്യത്തില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. അന്വേഷണം തുടങ്ങിയാല്‍ അക്കാര്യമാവും ആദ്യം പോലീസ് പരിശോധിക്കുക. മന്ത്രിയെ കുടുക്കാന്‍ ആരെങ്കിലും ഒപ്പിച്ച പണിയാണോ എന്നായിരിക്കും അന്വേഷിക്കുക. ഗോവയില്‍ വച്ച് ഇത്തരം സംഭാഷണം ഉണ്ടായതായി തനിക്കോര്‍മയില്ലെന്നാണ് കോഴിക്കോട്ട് രാജി പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ശശീന്ദ്രന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് അടിയന്തരമായി രാജിവച്ചത്. സംഭവത്തില്‍ ആരും മന്ത്രിക്കെതിരേ പരാതിയും കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രി രാജി വയ്ക്കേണ്ട അവസ്ഥയില്ലെങ്കിലും മുഖംരക്ഷിക്കല്‍ നടപടിയുടെ ഭാഗമായാണ് സ്ഥാനം ഒഴിഞ്ഞതത്രേ.

ഏതായാലും കേരളത്തിലെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള മുന്‍നിര ചാനലുകള്‍ക്ക് പോലും അവരുടെ എക്സ്‌ക്ലൂസീവുകള്‍ക്ക് ഇത്രപെട്ടെന്ന് റിസള്‍ട്ടുണ്ടാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മംഗളം തുടക്കത്തില്‍ തന്നെ റേറ്റിങ്ങില്‍ മുന്നിലെത്തിയത്. ഇതാണ് മാധ്യമ പ്രവര്‍ത്തനമെങ്കില്‍ തങ്ങള്‍ക്ക് പണി നിര്‍ത്തേണ്ട സമയമായി എന്ന തരത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ കുറിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. യാതൊരുവിധ മാധ്യമ ധര്‍മ്മവും പുലര്‍ത്താത്ത പ്രവര്‍ത്തിയാണ് മംഗളം ചാനലില്‍നിന്ന് ഉണ്ടായതെന്നാണ് ചാലുകളിലൂടെ നമുക്കെല്ലാം സുപരിചിതരായ വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടര്‍മാരും പറയുന്നത്. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, മീഡിയ വണ്‍ തുടങ്ങി എല്ലാവിധ പ്രമുഖ ചാനലുകളിലെയും പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അശ്ലീല വീഡിയോ പുറത്തുവിടുന്നതിലെ സദാചാര പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണിവര്‍. 

കോളില്‍ കുരുങ്ങിയ മന്ത്രിയുടെ രാജി: ചാനലിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക