Image

ഫിലിപ്പ് കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 March, 2017
ഫിലിപ്പ് കാലായിലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു
ഷിക്കാഗോ: 1979-ല്‍ സ്ഥാപിതമായ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കാനാ) സ്ഥാപക നേതാവും, പ്രഥമ പ്രസിഡന്റുമായ ഫിലിപ്പ് ടി. കാലായുടെ നിര്യാണത്തില്‍ കാനാ അനുശോചനം രേഖപ്പെടുത്തി. മാര്‍ച്ച് 26-നു ഞായറാഴ്ച ഷിക്കാഗോയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച അനുശോചന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അമേരിക്കയില്‍ കുടിയേറിയ ഏഷ്യന്‍ വിശിഷ്യാ ഇന്ത്യന്‍ വംശജരുടെ ക്ഷേമത്തിനായി പരേതന്‍ ദീര്‍ഘകാലം നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുസ്മരിച്ചു.

1956-ല്‍ ഉപരിപഠനാര്‍ത്ഥം ഷിക്കാഗോയില്‍ എത്തിയ ഫിലിപ്പ് കാലായില്‍ തന്റെ ഇരട്ട മാസ്റ്റേഴ്‌സ് ബിരുദ പഠനകാലത്ത് താന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വംശജര്‍ അമേരിക്കയിലെ കാമ്പസുകളിലും പൊതു സമൂഹത്തിലും നേരിട്ട വിവേചനത്തിലും തിരസ്കരണത്തിലും അസ്വസ്ഥനായിരുന്നു. ഡിഗ്രിക്കായി സമര്‍പ്പിച്ച തീസിസിന് വിഷയമാക്കി അവയ്‌ക്കെതിരേ അദ്ദേഹം പ്രതികരിച്ചു. അറിഞ്ഞോ, അറിയാതെയോ ഇതര ദേശ-വംശ ജനതകള്‍ക്കെതിരേ അനുഭവപ്പെട്ട മുന്‍വിധികളില്‍ നിന്നും വിദ്വേഷമനോഭാവത്തില്‍ നിന്നും മോചിതരാകുവാന്‍ തന്റെ തീസ്സിസിലൂടെ അമേരിക്കന്‍ ജനതയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

1960-കളുടെ ആരംഭത്തില്‍ തന്നെ ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും വസിച്ചിരുന്ന എല്ലാ ഇന്ത്യന്‍ വംശജരുമായി ആത്മബന്ധം സ്ഥാപിക്കുകയും കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്ത ഫിലിപ്പ് കാലായില്‍ ഏതാണ്ട് ഒരു നിയോഗം പോലെ ഇവിടുത്തെ ഇന്ത്യന്‍ - ഏഷ്യന്‍ സമൂഹങ്ങളുടെ നേതൃത്വത്തിലേക്ക് അവരോധിക്കപ്പെടുകയുമായിരുന്നു. കുടിയേറ്റ ജനതയുടെ അമേരിക്കന്‍ സ്വപ്ന സാക്ഷാത്കാരത്തിനും തൊഴിലിടങ്ങളിലും വാസ സ്ഥലങ്ങളിലും അനുഭവിക്കുന്ന വിവേചങ്ങളുടേയും പ്രതിബന്ധങ്ങളുടേയും നിവാരണത്തിനും ശക്തമായ കൂട്ടായ്മകള്‍ കെട്ടിപ്പെടുക്കേണ്ടതിന്റെ ആവശ്യകത അവര്‍ തിരിച്ചറിഞ്ഞു. സ്ഥായിയായ പ്രശ്‌ന പരിഹാരത്തിന് അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളുടെ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടതിന്റെ അനിവാര്യത അവര്‍ക്ക് ബോധ്യപ്പെട്ടു. ഫിലിപ്പ് കാലായിലിന്റേയും സഹപ്രവര്‍ത്തകരുടേയും ദീര്‍ഘവീക്ഷണത്തിന്റേയും ഉള്‍ക്കാഴ്ചയുടേയും ഫലമാണ് ഇന്‍ഡോ- അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍, ഏഷ്യന്‍ ഫോറം, ഏഷ്യന്‍ അമേരിക്കന്‍ കൊയിലിഷന്‍ ഓഫ് അമേരിക്ക, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകളുടെ രൂപീകരണത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും വഴിതെളിച്ചത്. ഒരുപക്ഷെ ഈ ക്രാന്തദര്‍ശികളുടെ ഉള്‍ക്കാഴ്ചയുടെ സാഫല്യമാകാം കമലാ ഹാരീസ്, രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍ വംശജരുടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇപ്പോഴത്തെ സാന്നിധ്യം.

വര്‍ണ്ണ-വര്‍ഗ്ഗ-വംശ-ലിംഗ-ദേശ ഭേദമെന്യേ എല്ലാ ജനതയുടേയും സമത്വത്തിലും സാഹോദര്യഭാവത്തിലും വര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ സമൂഹത്തെയാണ് ഫിലിപ്പ് കാലായില്‍ വിഭാവനം ചെയ്തത്. വ്യക്തികളുടെ വികാസത്തിനും, രാഷ്ട്രത്തിന്റെ പുരോഗതിക്കും, സമാധാനത്തിന്റെ നിലനില്‍പിനും അത്തരം സ്ഥിതിവിശേഷം അനിവാര്യമാണെന്നു അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത്തരത്തിലൊരു സമൂഹം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തിനായാണ് ആറു പതിറ്റാണ്ടിലേറെ തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും അദ്ദേഹം സമര്‍പ്പിച്ചത്.

അമേരിക്കയിലെ ഏഷ്യന്‍- ഇന്‍ഡ്യന്‍ വംശജരുടെ താത്പര്യം സംരക്ഷിക്കാനും, ദേശീയ മുഖ്യധാരയിലേക്കുള്ള അവരുടെ പ്രവേശനത്തിന് നിദാനമായതിലും ഫിലിപ്പ് കാലായില്‍ വഹിച്ച പങ്കിനും, നേതൃത്വത്തിനും അംഗീകാരമെന്നോണം യു.എസ് കോണ്‍ഗ്രസ് ഇല്ലിനോയി സംസ്ഥാന സെനറ്റ്, ഹൗസ്, ചിക്കാഗോ സിറ്റി കൗണ്‍സില്‍ എന്നീ സഭകള്‍ അനുശോചന പ്രമേയങ്ങള്‍ വഴി അദ്ദേഹത്തെ ആദരിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ ഒരുവന് ലഭിക്കുന്ന അപൂര്‍വ്വ ബഹുമതിയാണിതെന്ന് കാനാ കരുതുന്നു. ഫിലിപ്പ് കാലായിലിന്റെ വിയോഗത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തുകയും, മൃതസംസ്കാര ശുശ്രൂഷകളില്‍ ആദരപൂര്‍വ്വം പങ്കെടുത്തു അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തടിച്ചുകൂടിയതുമായ ചിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തോടുള്ള നന്ദിയും സ്‌നേഹവും അനുശോചന പ്രമേയത്തിലൂടെ കാനാ രേഖപ്പെടുത്തി. ലൂക്കോസ് പാറേട്ട് (സെക്രട്ടറി) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക