Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നു

ബിജു കൊട്ടാരക്കര Published on 26 March, 2017
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നു
മലയാളികളുടെ സാംസ്‌കാരിക അവബോധത്തിനു ഊടും പാവും നലകിയ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നു. 2017  മെയ് 7 നു ന്യൂ യോര്‍ക്കിലെ സെന്റ് മാര്‍ക്‌സ് എപ്പിസ്‌കോപ്പല്‍ ആഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചുമണിക്കാണ് ഉയര്‍ത്തെഴുനേല്‍പ്പിന്റെയും, പുതു കാര്‍ഷിക കേരളത്തിന്റെയും ആഘോഷങ്ങള്‍ക്കു തിരി തെളിയുകയെന്ന് സെക്രട്ടറി  ആന്റോ വര്‍ക്കി അറിയിച്ചു.
 
അംഗബലത്തില്‍ ഏറ്റവും വലിയ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് ഇത് . 1975 ല്‍ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മായായി ആരംഭിച്ച ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മറ്റു സംഘടനകള്‍ക്ക് മാതൃക ആയി മാറിക്കഴിഞ്ഞു. ഒരു വ്യക്തിയല്ല മറിച്ച് ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ മലയാളി സമൂഹം നോക്കികാണുന്നത്. സംഘടന സുവര്‍ണ്ണ ജൂബിലിയോട് അടുക്കുന്ന സാഹചര്യത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും സജീവമാക്കാന്‍ പുതിയ കമ്മിറ്റി പ്രതിജ്ഞാ ബദ്ധമാണ്. ഇന്ന് വരെ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നിര്‍ണ്ണായകമായ സാന്നിധ്യമായി മാറുവാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് കഴിഞ്ഞു. ഈ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത്  നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകള്‍ക്ക് അതീതമായി ഈ സംഘടനയ്‌ക്കൊപ്പം നിലകൊണ്ടതുകൊണ്ടാണ്. ഈസ്റ്ററും വിഷുവും ഒരേ വേദിയില്‍ ആഘോഷിക്കുന്നത് തന്നെ ഒരു വലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായാണ് .
 
മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്‌കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഒരു വര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുമ്പ് കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു. മേടത്തിലെ വിഷു മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്. ഈ ഓര്‍മ്മകളുടെ പുനഃസമാഗമമമാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മെയ് മാസം ഏഴിന് സമുചിതമായി ആഘോഷിക്കുന്നത്.
 
ദൈവം ആത്മാവിലും ശരീരത്തിലും ഉയിര്‍പ്പിക്കപ്പെട്ടു എന്ന് തങ്ങളുടെകൂടെ യാത്ര ചെയ്തിരുന്ന അപരിചിതനില്‍നിന്ന് കേട്ടപ്പോള്‍, എമ്മാവൂസിലേക്ക് യാത്ര ചെയ്ത ശി ഷ്യന്‍മാര്‍ക്കുണ്ടായ ഞെട്ടല്‍ ഓരോ വിശ്വാസിയും  ഊഹിക്കാവുന്നതാണ്. ഉത്ഥാനം ചെയ്ത ക്രിസ്തുവാണ് തങ്ങളുടെ കൂടെ നടന്നതെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. അവരുടെ വിശ്വാസം ദുര്‍ബലമായിരുന്നത് നിമിത്തം തങ്ങളെ വഴിനടത്തുന്ന ദൈവത്തെ കാണുവാന്‍ അവര്‍ക്ക് കഴിയാതെപോയി. ആത്മാവിലും ശരീരത്തിലും ഉയര്‍ത്തെണീറ്റ യേശുവാണ് അവരുടെ കൂടെ സഞ്ചരിച്ചത്. ആ സഞ്ചാരത്തെ നിത്യ സഞ്ചാരമായി ലോകം വാഴ്ത്തുന്ന ഈസ്റ്ററിന്റെ വലിയ മഹത്വവും വിഷു ആഘോഷങ്ങള്‍ക്കൊപ്പം വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷന്‍ കൊണ്ടാടുന്നു. മെയ് ഏഴിന് നടക്കുന്ന ആഘോഷങ്ങളില്‍ ഈസ്റ്ററിന്റെ സന്ദേശം നല്‍കുന്നത് പ്രഭാഷണകലയിലെ ആത്മീയ സാന്നിധ്യം ഡോ.ജോര്‍ജ് കോശി ആണ്. വിഷു സന്ദേശം നല്‍കുന്നത് ഡോ:നിഷാപിള്ളയും ആണ് .

വിഷുവിന്റെ ഐശ്വര്യവും, ഈസ്റ്ററിന്റെ പ്രത്യാശയും ആഹ്ലാദം പകരുന്ന  കുടുംബ സംഗമം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സാംസ്‌കാരിക ചരിത്രത്തിലെ പൊന്‍ തൂവലാക്കി മാറ്റുവാന്‍  മലയാളി സമൂഹം ശ്രമിക്കണമെന്നും ആന്റോ വര്‍ക്കി അറിയിച്ചു.
 തനിമയായ ആഘോഷങ്ങള്‍ക്കും, ആചാരങ്ങള്‍ക്കും പ്രാധാന്യവും നല്കി കൊണ്ടുള്ള വിവിധ കലാ പരിപാടികളും ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. സംസ്‌കാരവും, ആചാരങ്ങള്‍ളും പുതിയ തലമുറയിലേക് പകര്‍ന്ന് നല്കുവാന്‍ അസോസിയേഷന്റെ എല്ലാ ആഘോഷങ്ങളിലൂടെയും ശ്രമിക്കുകയാണ്. അതിനു എല്ലാ മലയാളികളുടെയും സാന്നിധ്യം ഉണ്ടാകണം .
 
അസ്സോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, വൈസ് പ്രസിഡന്റ് ഷൈനി സാജന്‍, ജോ സെക്രട്ടറി ലിജോ ജോണ്‍, ട്രഷറര്‍ ബിബിന്‍ ദിവാകരന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍  ശ്രീകുമാര്‍ ഉണ്ണിത്താന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ഡോ:ഫിലിപ്പ് ജോര്‍ജ്, ജോണ്‍ സി വര്‍ഗീസ്, രാജന്‍ ജേക്കബ്, ചാക്കോ പി ജോര്‍ജ്, എം വി കുര്യന്‍, കമ്മിറ്റി അംഗങ്ങള്‍ ആയ തോമസ് കോശി, ജോയ് ഇട്ടന്‍, കൊച്ചുമ്മന്‍ ടി ജേക്കബ്, ഗണേഷ് നായര്‍, സുരേന്ദ്രന്‍ നായര്‍, ജനാര്‍ദ്ദന്‍, ജോണ്‍ തോമസ്, ജോണ്‍ കെ മാത്യു, കെ ജെ ഗ്രിഗറി, ജെ മാത്യൂസ്, എം.വി ചാക്കോ, രാജ് തോമസ്, എ വി വര്‍ഗീസ്, ഇട്ടൂപ്പ് ദേവസി, രാധാമണി നായര്‍ തുടങ്ങിയവരാണ് ഈ വര്‍ഷത്തെ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

അസോസിയേഷന്റെ കുടുംബ സംഗമവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വന്‍ വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി സെക്രട്ടറി ആന്റോ വര്‍ക്കി അഭ്യര്‍ത്ഥിച്ചു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നു
ANTO VARKEY
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്‌ററര്‍ വിഷു ആഘോഷങ്ങള്‍ക്ക് തയാറെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക