Image

മന്ത്രി ശശീന്ദ്രന്റെ രാജികാരണം ഞെട്ടിപ്പിക്കുന്നത്, ശൃംഗാര സത്യം വെളിപ്പെടണം

എ.എസ് ശ്രീകുമാര്‍ Published on 26 March, 2017
മന്ത്രി ശശീന്ദ്രന്റെ രാജികാരണം ഞെട്ടിപ്പിക്കുന്നത്, ശൃംഗാര സത്യം വെളിപ്പെടണം
രതിഭാവത്തിന്റെ രസമാണ് ശൃംഗാരം...നവരസങ്ങളിലൊന്ന്...കാമം, വിഷയേച്ഛ, മൈഥുനം എന്നിവ ശൃംഗാരത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന നാനാര്‍ത്ഥങ്ങളാണ്. ഇവിടെ ഉത്തരവാദപ്പെട്ട ഒരു സംസ്ഥാന മന്ത്രി ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണ വിവാദത്തെ തുടര്‍ന്ന് രാജിവച്ചിരിക്കുന്നു. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ആണ് നിയന്ത്രണം വിട്ട സംസാരവഴിയിലൂടെ സഞ്ചരിച്ച് അക്‌സിഡന്റായിരിക്കുന്നത്. പീഡനങ്ങളുടെ ഈ പുഷ്‌കല കാലത്ത് മന്ത്രിയുടെ പങ്കും സോഷ്യല്‍ മീഡിയ വൈറലാക്കിയിരിക്കുന്നു. മംഗളം ടെലിവിഷന്‍ ആണ് തങ്ങളുടെ ലോഞ്ചിങ് ബ്രേക്ക് ആയി മന്ത്രിയുടേതെന്ന് അവകാശപ്പെടുന്ന ഇക്കിളി സംഭാഷണത്തിന്റെ ശബ്ദ രേഖ പുറത്ത് വിട്ടത്. മംഗളത്തിന്റെ തുടക്കം അങ്ങനെ നാറ്റക്കേസുകൊണ്ട് എയര്‍ ചെയ്യപ്പെട്ടു.

പരാതി പറയാനെത്തിയ സ്ത്രീയോടാണ് മന്ത്രിയുടെ ലൈംഗിക വര്‍ത്തമാനമത്രേ. ഫോണിലൂടെ കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ് മന്ത്രി പറഞ്ഞിട്ടുള്ളത് എന്ന് പറയുന്നു. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണമാണ് മന്ത്രി നടത്തിയിരിക്കുന്നത് എന്നാണ് മംഗളം ടി.വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച വാര്‍ത്തയുമായിട്ടാകണം മംഗളം ടെലിവിഷന്‍ ലോഞ്ചിങ് എന്ന് മുന്‍വിധിയുണ്ടായിരുന്നു എന്ന് വേണം മനസിലാക്കാന്‍. മന്ത്രി സ്ത്രീയോട് സംസാരികുന്നതിന്റെ ഓഡിയോ കുട്ടികള്‍ കേള്‍ക്കരുതെന്ന് വാര്‍ത്തയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. വാര്‍ത്ത വായിക്കുന്നത് ഒരു സ്ത്രീയാണ്. ചില ഭാഗങ്ങള്‍ അത്രയ്ക്ക് അശ്ലീലമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് നേരത്തെ ചാനല്‍ ഉദ്ഘാടനം ചെയ്തത്. സമൂഹത്തിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടണമെന്ന ആഹ്വാനമാണ് പിണറായി ഉദ്ഘാടന വേളയില്‍ നടത്തിയത്. അത് ശരിവയ്ക്കുന്ന രീതിയിലാണ് ചാനല്‍ സംസ്ഥാന മന്ത്രിതന്നെ ലൈംഗികരോഗിയാണെന്ന് തുറന്നുകാട്ടുന്ന സംഭാഷണങ്ങള്‍ ഉദ്ഘാടന വാര്‍ത്തയായി പുറത്തുവിട്ടത്.

മംഗളം ബ്രേക്കിങ് ന്യൂസായി ഒരു വലിയ ബോംബ് ഒളിപ്പിച്ചുവച്ചിരുന്നുവെന്ന വിവരം സസ്‌പെന്‍സായിരുന്നു. അതെന്തായിരിക്കുമെന്ന സംശയം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷംവരെ ആ ബോംബിന്റെ രഹസ്യം പുറത്തുപറയാതെയായിരുന്നു മംഗളത്തിന്റെ ഓപ്പറേഷന്‍. പക്ഷേ ശശീന്ദ്രന്‍ രാജിവച്ചെങ്കിലും വിവാദം അവസാനിക്കുന്നില്ല. നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് മന്ത്രിയുടെ രാജി. മന്ത്രി ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയത് ഏത് സ്ത്രീയുമായാണെന്ന് അറിയേണ്ടതുണ്ട്. സ്ത്രീ ഏത് നാട്ടുകാരിയാണ്. എന്ത് ആവശ്യത്തിനാണ് മന്ത്രിയുമായി ബന്ധപ്പെട്ടത്. മന്ത്രിയുമായി നേരത്തെ അടുപ്പമുള്ള വ്യക്തിയാണോ എന്നീ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ധാര്‍മ്മികതയുടെ പേരിലാണ് താന്‍ രാജിവെയ്ക്കുന്നതെന്നാണ് ശശീന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സത്യാവസ്ഥ പുറത്തുവരണം. അതിനായാണ് രാജിവയ്ക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ നിലപാട്. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. സാങ്കേതികത്വത്തേക്കാള്‍ താന്‍ ധാര്‍മികതയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സംഭാഷണത്തില്‍ പുരുഷ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. അത് മന്ത്രിയുടേത് തന്നെയാണോ എന്ന കാര്യം സാങ്കേതികമായി സ്ഥിരീകരിച്ചിട്ടില്ല. പുരുഷന്‍ മലയാളിത്തിലാണ് സംസാരിച്ചത്. അതുകൊണ്ട് സ്ത്രീ മലയാളിയാണ്. മറ്റൊന്ന് ശശീന്ദ്രന്‍ കണ്ണൂര്‍ സ്വദേശിയാണ്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ മണ്ഡലമാവട്ടെ, കോഴിക്കോട് ജില്ലയിലെ എലത്തൂരും. അപ്പോള്‍ കോഴിക്കോടോ കണ്ണൂരോ താമസിക്കുന്ന സ്ത്രീയായിരിക്കും ഫോണില്‍ മറുഭാഗത്തുള്ളതെന്നും സോഷ്യല്‍ മീഡിയ ആവേശത്തോടെ  പ്രചരിപ്പിക്കുന്നു. എന്‍.സി.പിയുടെ ദേശീയ പ്രവര്‍ത്തക സമിതി അംഗമാണ് ശശീന്ദ്രന്‍. പാര്‍ട്ടിയുടെ കേരളത്തിലെ സമുന്നത നേതാക്കളില്‍ ഒരാളും. നാലാം തവണയാണ് ഇദ്ദേഹം നിയമസഭയില്‍ എത്തുന്നത്. ആദ്യമായാണ് മന്ത്രിയാകുന്നത്. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ശശീന്ദ്രന്‍ നിയമസഭയിലെത്തിയിട്ടുണ്ട്. പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെയാണ് മന്ത്രിയാകുന്നത്. മന്ത്രിസഭാ രൂപീകരണ വേളയില്‍ ഏറെ വിവാദമായതായിരുന്നു ശശീന്ദ്രന്റെ മന്ത്രിസ്ഥാനം. പാര്‍ട്ടിയിലെ മറ്റൊരു എം.എല്‍.എ ആയ തോമസ് ചാണ്ടിയും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ചരട് വലിച്ചിരുന്നു.

''ആരോപണമുയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചു തൂങ്ങാന്‍ ശശീന്ദ്രന്‍ മുതിര്‍ന്നില്ല, ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ച ശശീന്ദ്രന്‍ കാണിച്ചതാണ് അന്തസ്...'' എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടന്നെന്നും, പിന്നില്‍ തോമസ് ചാണ്ടിയാണെന്ന വാദവും ഉഴവൂര്‍ വിജയന്‍ തള്ളി. പുതിയ മന്ത്രിയെക്കുറിച്ച് ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായും മുഖ്യമന്ത്രിയുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രനെതിരെയുള്ള ലൈംഗികാരോപണ വിഷയത്തില്‍ താന്‍ ന്യായീകരിക്കാനില്ലെന്നും, സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടക്കട്ടെയെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എന്നാല്‍ ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടനുണ്ടാവില്ലെന്നും ആരോപണത്തിന്റെ ശരിതെറ്റുകള്‍ വ്യക്തമായതിന് ശേഷം മാത്രമേ പുതിയ മന്ത്രിയെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി ശശീന്ദ്രന്‍ ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ആരോപണം എല്ലാ തരത്തിലും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ കമന്റിന് പിന്നാലെയാണ് ശശീന്ദ്രന്‍ രാജി പ്രഖ്യാപിച്ചത്. ശരത് പവാറും ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ആകെ രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിയുടെ ഏകമന്ത്രിയായിരുന്നു ശശീന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ താന്‍ ജയിച്ചുവരുമെന്നും ജയിച്ചാല്‍ താന്‍തന്നെയാകും മന്ത്രിയാകുമെന്നും കുട്ടനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ തോമസ് ചാണ്ടി തുറന്നു പറഞ്ഞിരുന്നു. ഒരു പടികൂടി കടന്ന്, ജയിച്ചാല്‍ താന്‍ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്നുവരെ അദ്ദേഹം പ്രവചിച്ചു. ഇത് ഇടത് മുന്നണിയില്‍ വലിയ ചര്‍ച്ചായതോടെയാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് സി.പി.എം എത്തിയത്.

പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് രാജി വയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. നേരത്തനെ ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് ഇ.പി ജയരാജന്റെ കസേര തെറിച്ചിരുന്നു. ലൈംഗികാരേപണങ്ങളുടെ പേരില്‍ രാജിവച്ച കേരള മന്ത്രിമാര്‍ ഒരുപാടുണ്ട്. 1962ലെ പട്ടം താണുപ്പിള്ളയുടെ മന്ത്രിസഭയിലും തുടര്‍ന്നുവന്ന ആര്‍ ശങ്കര്‍ മന്ത്രിസഭയിലും മന്ത്രിയായിരുന്ന പി.ടി ചാക്കോയ്ക്കെതിരെ വന്ന ആരോപണം കേരള രാഷ്ട്രീയ ചരിത്രത്തെ തന്നെ തിരുത്തി എഴുതിയതായിരുന്നു. പി.ടി ചാക്കോ യാത്ര ചെയ്തിരുന്ന കാര്‍ അപപടത്തില്‍പ്പെടുകയും ആ സമയത്ത് ഒരു സ്ത്രീ കാറില്‍ ഉണ്ടായിരുന്നുവെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് ചാക്കോയുടെ രാഷ്ട്രീയ ഭാവി തന്നെ വഴിമാറിയിരുന്നു. 1995ലെ സൂര്യ നെല്ലി കേസാണ് പിന്നീട് സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയത്. പി.ജെ കുര്യനായിരുന്നു ആരേപണ വിധേയന്‍. സൂര്യനെല്ലി കേസ് ഉര്‍ന്നു വന്ന സമയത്ത് തന്നെയാണ് ഐസ്‌ക്രീം പെണ്‍വാണിഭ കേസും പെങ്ങിയത്. ഈ കേസില്‍ പെട്ടത് അക്കാലത്തെ വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും. അദ്ദേഹവും രാജിയുടെ വഴിതേടി.   

വി.എസ് അച്യുതാനന്ദന്‍ സമന്ത്രിസഭയുടെ കാലത്ത് പി.ജെ ജോസഫിനെതിരെ ആരോപണം ഉയര്‍ന്നു. വിമാനത്തില്‍ വെച്ച് പി.ജെ ജോസഫ് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. തുടര്‍ന്ന് ജോസഫിന് രാജിവെക്കേണ്ടതായി വന്നു. കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് പിന്നിലും ഇത്തരം ആരോപണമായിരുന്നു. ഭാര്യ നല്‍കിയ പരാതിയും ഗണേഷ് കുമാറിനെതിരെ ഉണ്ടായിരുന്നു. ഗണേഷ് കുമാറിനെതിരെ സരിത എസ് നായരും ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിവൃത്തിയില്ലാതെ ഗണേഷ്‌കുമാര്‍ രാജിവെക്കുകയായിരുന്നു.   എല്‍.ഡി.എഫ് മന്ത്രിസഭയിലെ ജോസ് തെറ്റയിലിനെതിരെയും ലൈംഗീക ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഒരു സ്ത്രീയുമായി  ജോസ് തെറ്റയില്‍ തെറ്റ് ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പായിരുന്നു പുറത്തു വന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. നീല ലോഹിത ദാസന്‍ നാടാരുടെ 'വിഷയ'വും കേരളം മറന്നിട്ടില്ല. നീല ലോഹിത ദാസന്‍ നാടാര്‍ അന്ന് വിശേഷിപ്പിക്കപ്പെട്ടത് 'ബ്ലൂലന്‍' എന്നാണ്.

മന്ത്രി ശശീന്ദ്രന്റെ രാജികാരണം ഞെട്ടിപ്പിക്കുന്നത്, ശൃംഗാര സത്യം വെളിപ്പെടണം
Join WhatsApp News
സംശയം 2017-03-27 11:22:38
മന്ത്രിയെ പുറത്തു ചാടിക്കാൻ കോട്ടയം നസീർ ആയിരിക്കും മന്ത്രിയുടെ സ്വരത്തിൽ സംസാരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക