Image

സഭാനവീകരണവും ചില നിര്‍ദേശങ്ങളും (ചാക്കോ കളരിക്കല്‍)

Published on 26 March, 2017
സഭാനവീകരണവും ചില നിര്‍ദേശങ്ങളും (ചാക്കോ കളരിക്കല്‍)
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഫേസ്ബുക്കില്‍ രഹസ്യകുമ്പസാരത്തെ സംബന്ധിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിന് ശ്രീ അലക്‌സ് കാവുംപുറത്ത് എഴുതിയ കമെന്‍റില്‍ സഭയില്‍ അടിസ്ഥാനപരമായി വരുത്തേണ്ട നവീകരണത്തെ സംബന്ധിച്ച് സഭാനേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍വേണ്ടി പത്ത് പ്രധാന ആവശ്യങ്ങള്‍ കുറയ്ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. എത്രയോ അഭ്യര്‍ത്ഥനകള്‍, എത്രയോ പ്രാവശ്യം സഭയിലെ അല്മായ നേതാക്കന്മാര്‍ മെത്രാന്മാര്‍ക്കും മെത്രാന്‍സിനഡിനും അവരുടെ പരിഗണനയ്ക്കായി ഇതിനോടകം നല്‍കിയിട്ടുണ്ട്. കലം കമഴ്ത്തിവെച്ച് വെള്ളം ഒഴിക്കുന്നതുപോലെയാണ് സംഭവിച്ചിട്ടുള്ളത്. ആനപ്പുറത്തിരിക്കുന്നവര്‍ക്ക് പട്ടിയെ എന്തിനു പേടിക്കണം? മെത്രാന്‍സംഘം അവര്‍ക്കുവേണ്ടിയാണ് നിലനില്‍ക്കുന്നത്. വിശ്വാസികളുടെ ആത്മീയ വര്‍ദ്ധനവിനോ അവരുടെ നിത്യരക്ഷ സുരക്ഷിതമാക്കുന്നതിനോ വേണ്ടിയല്ല. സാധാരണ വിശ്വാസികള്‍ ശുദ്ധഹൃദയരായതിനാലാണ് മറിച്ചു ചിന്തിക്കുന്നത്. അധികാരവും സമ്പത്തും സുഖലോലുപതയും കളഞ്ഞുകുളിക്കാന്‍ ഒരു മെത്രാനും സമ്മതിക്കില്ല. പണ്ട് പോപ്പ് ലെയോ പത്താമന്‍ (Pope Leo X 1513-1521) പറഞ്ഞപോലെ "Since God has given us the Papacy, let us enjoy it" -യുള്ള മനസ്ഥിതിയാണ് നമ്മുടെ മെത്രാന്മാര്‍ക്കുമുള്ളത്. അതല്ലായിരുന്നെങ്കില്‍ ആത്മാര്‍ത്ഥമായി സഭയെ സ്‌നേഹിക്കുകയും നസ്രാണിസഭയെ ആഴമായി പഠിക്കുകയും അതിലെ അഴുക്കുകള്‍ യഥാര്‍ത്ഥമായി ചൂണ്ടിക്കാണിക്കുകയും തിരുത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരുമായിരുന്ന് ഈ മെത്രാന്മാര്‍ക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ? അല്മായര്‍ക്ക് പറയാനുള്ളത് ശ്രവിക്കാനുള്ള നന്മനസ്സുപോലും അവര്‍ക്കില്ല. അവരുടെ മുന്‍പില്‍ അല്മായര്‍ അവരെ അനുസരിക്കേണ്ട വെറും അടിമകള്‍ മാത്രമാണ്. സഭ ദൈവജനത്തിന്‍റെ കൂട്ടായ്മയാണെന്ന് പ്രസംഗപീഠത്തില്‍ കയറിനിന്ന് അവര്‍ തട്ടിവിടും, രാഷ്ട്രീയക്കാരുടെ ഭാഷയില്‍. മനസാക്ഷി എന്നത് തൊട്ടുതേച്ചിട്ടില്ലാത്ത അവരെ നന്നാക്കാന്‍ നമ്മുടെ കര്‍ത്താവീശോമിശിഹായ്ക്കുപോലും സാധ്യമല്ല. അഹങ്കാരമാകുന്ന മേദസ്സ് അത്രയ്ക്കവരില്‍ കട്ടിയായിപ്പോയി.

ഏതായാലും അലക്‌സ് ആവശ്യപ്പെട്ടതിനാല്‍ മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ ആധാരശിലയാക്കി (ആ പാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നാണല്ലോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത്. അതാണല്ലോ സഭാനവീകരണത്തിന്‍റെ കാതല്‍.) ചില നിര്‍ദേശങ്ങള്‍ സഭാധികാരത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഞാനിവിടെ വീണ്ടും കുറിക്കുകയാണ്.

1. മാര്‍തോമാക്രിസ്ത്യാനികളുടെ പൂര്‍വ്വപാരമ്പര്യമനുസരിച്ച് ഇടവകപ്പള്ളിയും പള്ളിസ്വത്തുക്കളും ഇടവകാംഗങ്ങളുടേതായിരുന്നു. 1991-ലെ പൗരസ്ത്യ സഭകളുടെ കാനോനകള്‍ പ്രകാരം പള്ളികളും പള്ളിസ്വത്തുക്കളും രൂപതാമെത്രാന്‍റെ സ്വത്തായി. ആ നിയമത്തില്‍ മാറ്റംവരുത്തി പള്ളിയും പള്ളിസ്വത്തുക്കളും അതിന്‍റെ യഥാര്‍ത്ഥ ഉടമകളായ ഇടവകാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കണം.

2. മാര്‍തോമാ ക്രിസ്ത്യാനികള്‍ അവരുടെ പള്ളിയുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് അല്മായരും ഇടവകയിലെ പട്ടക്കാരും കൂടിയ പള്ളിയോഗ നടപടിക്രമപ്രകാരമായിരുന്നു. മാര്‍തോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പൈതൃകവും കേരള തനിമയുമായിരുന്നു അത്. സീറോ മലബാര്‍ മെത്രാന്‍ സിനഡ് ആ പഴയ പള്ളിഭരണ സമ്പ്രദായത്തെ നിര്‍ജീവമാക്കി വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാശ്ചാത്യ പാരിഷ്കൗണ്‍സില്‍ നടപ്പിലാക്കി. നസ്രാണികളുടെ മഹത്തായ പള്ളിഭരണ സമ്പ്രദായത്തെ അവര്‍ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അങ്ങനെ പള്ളികളുടെ ഭരണം മെത്രാന്മാര്‍ പിടിച്ചെടുത്തു. മാര്‍തോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പള്ളിയോഗ സമ്പ്രദായത്തെ പരിപോഷിപ്പിച്ച് പുനരുദ്ധരിക്കണം.

3. മാര്‍തോമാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം, ഇന്നത്തെ ഭാഷയില്‍പറഞ്ഞാല്‍ സീറോ മലബാര്‍ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ല്‍ ഉദയമ്പേരൂര്‍ പള്ളിയില്‍ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂര്‍ സൂനഹദോസ് എന്നാണ്. മെനേസിസ് മെത്രാപ്പോലീത്തപോലും മാര്‍തോമാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങള്‍ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂര്‍വ്വികന്‍മാര്‍തൊട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773-ല്‍ അങ്കമാലിയില്‍ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. മലങ്കര ഇടവക എന്ന പ്രയോഗംകൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത് മലങ്കര രൂപതയെന്നാണ്. പാറേമ്മാക്കല്‍ ഗോവര്‍ണദോറുടെ 'വര്‍ത്തമാനപ്പുസ്തകം' കാണുക. മലങ്കരപ്പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാര്‍ സഭാസിനഡ് മെത്രാന്മാര്‍ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാര്‍ മെത്രാന്‍സിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവര്‍ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തില്‍നിന്നും പരിപൂര്‍ണമായിത്തന്നെ അവര്‍ പുറത്താക്കി. സീറോ മലബാര്‍ സഭാസിനഡ് രൂപീകരിക്കാത്തത് "മാര്‍തോമായുടെ മാര്‍ഗവും വഴിപാടും' എന്ന നസ്രാണികളുടെ പൈതൃകത്തിന്‍റെ നട്ടെല്ലൊടിക്കാന്‍വേണ്ടി മാത്രമാണ്. ഇന്നിപ്പോള്‍ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാന്‍ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗണ്‍സില്‍ മാത്രം! എങ്ങനെയുണ്ട് വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ച സഭയുടെ പൂര്‍വ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യില്‍ ഇരിക്കണം. നസ്രാണികള്‍ അവരുടെ വെറും അടിമകള്‍. മാര്‍തോമാ നസ്രാണി സഭയുടെ പൂര്‍വ്വപൈതൃകമായ സഭാമഹായോഗം വഴിയുള്ള പള്ളിഭരണ സമ്പ്രദായം നടപ്പിലാക്കണം. സീറോ മലബാര്‍ സഭാസിനഡ് എത്രയും വേഗം രൂപീകരിക്കണം.

4. മാര്‍തോമാ നസ്രാണി സഭയില്‍ മെത്രാന്മാര്‍ ആധ്യാത്മികശുശ്രൂഷയില്‍ മാത്രം വ്യാപാരിച്ചിരുന്നു. നാട്ടുമെത്രാനെ നസ്രാണി സഭയ്ക്ക് ലഭിച്ച കാലംതൊട്ടാണ് പാശ്ചാത്യരീതിയിലുള്ള മെത്രാന്‍ ഭരണം നമ്മുടെ സഭയില്‍ ആരംഭിച്ചത്. മെത്രാന്‍ രൂപതയുടെ ഭരണാധികാരിയാകാന്‍ പാടില്ല. അത് പാശ്ചാത്യ പള്ളിഭരണ രീതിയാണ്. മെത്രാന്മാര്‍ക്ക് ആധ്യാത്മിക അധികാരമേ ഉണ്ടാകാന്‍ പാടൊള്ളു. രൂപതയുടെ ഭൗതികനടത്തിപ്പിനുള്ള അധികാരം അല്മായരും വൈദികാരും മെത്രാനും ചേര്‍ന്നുള്ള രൂപതായോഗത്തില്‍ നിക്ഷിപ്തമായിരിക്കണം. അങ്ങനെ നസ്രാണികളുടെ പഴയ രൂപതാഭരണപൈതൃകത്തെ പുനരുദ്ധരിക്കണം.

5. റീത്ത് എന്നുപറയുന്ന പൈതൃകത്തിന് പല ഘടകങ്ങള്‍ ഉണ്ട്. അതിലൊരു ഘടകം മാത്രമാണ് ആരാധനക്രമം. നാലാം നൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടുവരെ നസ്രാണിസഭ ഈസ്റ്റ് സിറിയന്‍ (കല്ദായ സഭ) ബന്ധമുണ്ടായിരുന്നു. കല്‍ദായ മെത്രാന്മാര്‍ അര്‍പ്പിച്ചിരുന്ന റാസകുര്‍ബ്ബാന നമ്മുടെ കത്തനാരന്മാര്‍ അര്‍പ്പിച്ചിരുന്നില്ല. ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം റോസ് മെത്രാനാണ് നസ്രാണികളുടെ ആരാധനഭാഷ സുറിയാനിയിലാക്കിയത്. റോമും ചില നാട്ടുമെത്രാന്മാരുമാണ് നമ്മെ സുറിയാനിക്കാരാക്കാന്‍ പരിശ്രമിച്ചത്. ഇന്നിപ്പോള്‍ നമ്മെ സുറിയാനിക്കാര്‍ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുല്യമാണ്. റീത്തുനിര്‍ണയത്തിന്‍റെ ഒരു ഘടകം മാത്രമായ ആരാധനക്രമത്തിന്‍റെ പഴയ ഭാഷയുടെ അടിസ്ഥാനത്തില്‍ കല്ദായസഭയുടെ പുത്രീസഭയാക്കി സീറോ മലബാര്‍ സഭ എന്നു വിളിക്കുന്നത് നമുക്കൊട്ടും ചേര്‍ന്നതല്ല. നമ്മുടെ ആരാധനക്രമത്തെ ഭാരതീകരിക്കുകയും സഭയുടെ പേര് മാര്‍തോമാ നസ്രാണി കത്തോലിക്കാസഭ എന്നാക്കുകയും വേണം.

6. പതിനാറാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികള്‍ക്ക് ലത്തീന്‍ സഭയുമായും ബന്ധമുണ്ടായി. ആ സഭയിലെ ഘടകങ്ങളും നസ്രാണികള്‍ സ്വാംശീകരിച്ചു.  കാലാന്തരത്തില്‍ മാര്‍തോമാ നസ്രാണി സഭ കല്‍ദായ-ലത്തീന്‍ സങ്കര സഭയായി പരിണമിച്ചെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പിതാക്കന്മാര്‍ മനസ്സിലാക്കിയതിന്‍റെ ഫലമായിട്ടാണ് നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടുപോയ പൂര്‍വ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോയി നവീകരിക്കാന്‍ കടമയുണ്ടെന്ന് കൗണ്‍സില്‍ പ്രബോധിപ്പിച്ചത്. ആ പ്രബോധനത്തെ നാട്ടുമെത്രാന്മാര്‍ അപ്പാടെ തള്ളിക്കളഞ്ഞു. തന്മൂലം, റോമന്‍ കൊളോണിയല്‍ നടപടിക്രമം ഇന്നും നിര്‍ബാധം തുടരുന്നു. അതികേന്ദ്രീകൃതമായ ഏകാധിപത്യഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ് അവരുടെ ശ്രമം. ആരാധനക്രമവും സഭാഭരണക്രമവും മാര്‍തോമായുടെ മാര്‍ഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം.

7. മാര്‍തോമാ നസ്രാണി കത്തോലിക്കാസഭ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ഒരു യേശുശിഷ്യനാല്‍ സ്ഥാപിതമെങ്കിലും ഇന്നിപ്പോള്‍ ആ സഭ മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ പൗരസ്ത്യ കല്‍ദായ സഭയുടെ പുത്രീസഭയായി റോം ആക്കിയിരിക്കയാണ്. മാര്‍തോമാ നസ്രാണിസഭയെ തനതായ ഒരു അപ്പോസ്തലിക സഭയായി റോം പ്രഖ്യാപിക്കാനുള്ള നടപടികള്‍ മെത്രാന്മാര്‍ സ്വീകരിക്കണം.

8. പൗരസ്ത്യസഭകളെ ബാധിക്കുന്ന കാനോന്‍ നിയമം റോമന്‍ പൗരസ്ത്യസഭകളില്‍ പെടാത്ത മാര്‍തോമാ നസ്രാണി കത്തോലിക്കസഭയില്‍ 1991 മുതല്‍ നടപ്പിലാ ക്കി. ആ കാനോന്‍ നിയമ സംഹിതയ്ക്കുപകരം മാര്‍തോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തെ ആധാരമാക്കി പുതിയ ഒരു കാനോനസംഹിത എത്രയും വേഗം ക്രോഡീകരിക്കണം.

9. മാര്‍തോമാ ക്രിസ്ത്യാനികള്‍ പള്ളികളില്‍ വിശുദ്ധരുടെ സ്വരൂപങ്ങള്‍ വെച്ചിരുന്നില്ല. വിശുദ്ധരോടുള്ള അമിതഭക്തി നസ്രാണികള്‍ക്കില്ലായിരുന്നു. പാശ്ചാത്യ മിഷ്യനറിമാരാണ് നമ്മുടെ പള്ളികളില്‍ രൂപക്കൂടുകളുണ്ടാക്കി വിശുദ്ധരെ അതില്‍ പ്രതിഷ്ടിച്ചുതുടങ്ങിയത്. ഇന്ന് പണസമ്പാദനത്തിനായി വിശുദ്ധരോടുള്ള വണക്കത്തെ സഭ പ്രോത്സാഹിപ്പിച്ച് വിശ്വാസികളെ അന്ധവിശ്വാസത്തിലേയ്ക്ക് തള്ളിവിടുകയാണ്. വിശുദ്ധരുടെ രൂപങ്ങള്‍ പള്ളികളില്‍നിന്നും നീക്കം ചെയ്യണം. സുവിശേഷാധിഷ്ഠിതമായി ജീവിക്കാന്‍ വിശ്വാസികളെ പഠിപ്പിക്കണം.

10. ഉദയമ്പേരൂര്‍ സൂനഹദോസുവരെ (1599) മാര്‍തോമാ ക്രിസ്ത്യാനികളുടെ കത്തനാരന്മാര്‍ വിവാഹിതരായിരുന്നു. സൂനഹദോസാണ് നസ്രാണി പുരോഹിതരും അവിവാഹിതരായിരിക്കണം എന്ന പാശ്ചാത്യ ലത്തീന്‍ സഭാനിയമം നടപ്പിലാക്കിയത്. മാര്‍തോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചുപോയി ആവശ്യപ്പെടുന്ന വൈദികര്‍ക്ക് വിവാഹം ചെയ്യാനുള്ള അനുവാദം നല്‍കാനുള്ള നടപടി സ്വീകരിക്കണം.

11. ക്രിസ്തീയ ന്യൂനപക്ഷത്തിന്‍റെ പേരില്‍ ഗവണ്‍മെന്‍റ് നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ മെത്രാന്മാരും വൈദികരും കന്യാസ്ത്രികളുമടങ്ങുന്ന സഭയിലെ ന്യൂനപക്ഷമാണ് ഇന്ന് അനുഭവിക്കുന്നത്. അല്മായരെ മുഴുവനായി ആ ആനുകൂല്യങ്ങളില്‍നിന്നും അകറ്റിനിര്‍ത്തിയിരിക്കയാണ്. എന്നാല്‍ സഭാപൗരരെയും എല്ലാ തലങ്ങളിലും ഭാഗവാക്കാക്കാനുള്ള മാറ്റങ്ങള്‍ സഭയില്‍ വരുത്തണം.

12. മാര്‍തോമാ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രവും പാശ്ചാത്യ/പൗരസ്ത്യ റോമന്‍സഭകളുടെ ചരിത്രവും വേദപാഠക്ലാസുകളില്‍ പ്രധാന വിഷയമായി പഠിപ്പിക്കണം. മാര്‍തോമാ പൈതൃകത്തെപ്പറ്റിയുള്ള ആഴമായ അറിവ് എല്ലാ നസ്രാണികള്‍ക്കും ലഭിക്കണം.

ചുരുക്കിപ്പറഞ്ഞാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചപ്രകാരം നമ്മുടെ സഭയെ പുനരുദ്ധരിച്ച് നവീകരിക്കുന്നതിനുപകരം പള്ളിയും പള്ളിസ്വത്തുക്കളും പള്ളിഭരണവും മെത്രാന്മാര്‍ പിടിച്ചെടുക്കുകയും കല്‍ദായ ആരാധനക്രമം നടപ്പിലാക്കുകയും മാര്‍തോമാ നസ്രാണി സഭയെ കല്‍ദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോന്‍ നിയമം നസ്രാണികളുടെമേല്‍ കെട്ടിയേല്പിക്കുകയും ചെയ്തു. നാളിതുവരെ സീറോ മലബാര്‍ മെത്രാന്മാര്‍ നടത്തിയ സഭാനവീകരണത്തില്‍ ബഹുഭൂരിപക്ഷം സഭാപൗരരും അതൃപ്തരാണെന്ന വസ്തുത തര്‍ക്കമറ്റ കാര്യമാണ്. ആയതിനാല്‍ സ്രാണികളുടെ ജീവിത രീതിയായിരുന്ന (way of life) മാര്‍തോമായുടെ മാര്‍ഗവും വഴിപാടിന്‍റെയും അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഭാധികാരികളും സന്ന്യസ്തരും സഭാപൗരരും ഒന്നായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക