Image

സിസ്റ്റര്‍ റാണി മരിയ ‘വാഴ്ത്തപ്പെട്ട രക്തസാക്ഷി’ പദവിയിലേക്ക്

Published on 24 March, 2017
സിസ്റ്റര്‍ റാണി മരിയ ‘വാഴ്ത്തപ്പെട്ട രക്തസാക്ഷി’ പദവിയിലേക്ക്
കൊച്ചി: ഇന്ദോറില്‍ വധിക്കപ്പെട്ട സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്. ‘രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ’ എന്നാകും ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം അറിയപ്പെടുക. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കാനുള്ള കര്‍ദിനാള്‍മാരുടെ തിരുസംഘത്തിെന്റ ശിപാര്‍ശ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച് ഒപ്പുെവച്ചു. പ്രഖ്യാപനം പിന്നീടുണ്ടാകും. അതുവരെ, ‘ധന്യയായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയ’ പേരില്‍ അറിയപ്പെടും. 

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിനി സഭാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്ദോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എറണാകുളംഅങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി ഇടവകയിലെ വട്ടാലില്‍ പൈലിയുടെയും ഏലീശ്വയുടെയും രണ്ടാമത്തെ മകളായി 1954ലാണ് ജനനം. മറിയം വട്ടാലില്‍ എന്ന പേരുകാരി സന്യാസവ്രത വാഗ്ദാനത്തോടെ റാണി മരിയ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 

സുവിശേഷ വേലക്കൊപ്പം സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനും സാമൂഹിക ഇടപെടലുകള്‍ക്കും സിസ്റ്റര്‍ റാണി മരിയ നേതൃത്വം നല്‍കിയിരുന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25ന് സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ദോര്‍ ബസ് യാത്രക്കിടെ നച്ചന്‍ബോര്‍ഹിലില്‍ സഹയാത്രിക്കര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു കുത്തേറ്റത്. ഏറെക്കാലത്തെ ജയില്‍വാസത്തിന് ശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിങ്, സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക