Image

യുക്മ ദേശീയ നേതൃയോഗവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരികളും ഏപ്രില്‍ ഒന്നിന്

Published on 22 March, 2017
യുക്മ ദേശീയ നേതൃയോഗവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരികളും ഏപ്രില്‍ ഒന്നിന്
  ബെര്‍മിംഗ്ഹാം: യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ ദേശീയ നേതൃയോഗത്തിന് ബെര്‍മിംഗ്ഹാം വേദിയൊരുങ്ങുന്നു. 

ബെര്‍മിംഗ്ഹാമിലെ കിംഗ്സ്റ്റാന്‍ഡിംഗ് എക്‌സ് സര്‍വീസ് മെന്‍സ് സോഷ്യല്‍ ക്ലബില്‍ നടക്കുന്ന പരിപാടികള്‍ രണ്ട് സെഷനുകളായാണ് നടക്കുക. രാവിലെ 10.30ന് ആരംഭിക്കുന്ന നേതൃസമ്മേളനം യുക്മയുടെ 2017 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ ഈ വര്‍ഷം യുവജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന യുക്മ യൂത്ത്, യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ക്കും ചര്‍ച്ചകളും രാവിലത്തെ സെഷനില്‍ നടക്കും. 'യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും.

യുക്മ അംഗ അസോസിയേഷനുകള്‍ക്കും യുക്മ റീജണുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയാറാക്കിയിരിക്കുന്ന വളരെ ആകര്‍ഷകമായ ഒരു പദ്ധതിക്കും യോഗത്തില്‍ തുടക്കം കുറിക്കും. ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ്, യുക്മ ടൂറിസം പ്രോജക്ട് എന്നിവയെക്കുറിച്ചും പകുതി പിന്നിട്ട യുക്മ മെംബര്‍ഷിപ് കാന്പയിനെകുറിച്ചും ആദ്യ സെഷനില്‍ ചര്‍ച്ചചെയ്യും. 

ഉച്ചഭക്ഷണത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസുകളും നടക്കും. ഏപ്രില്‍ 28ന് (വെള്ളി) സെന്‍ട്രല്‍ ലണ്ടനില്‍ നടക്കുന്ന യുക്മ നഴ്‌സസ് ഫോറം പഠന ശിബിരത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റി യോഗവും ജ്വാല ഇമാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡും ഇതോടൊപ്പം ചേരും. സാങ്കേതിക വളര്‍ച്ചയോടൊപ്പം സോഷ്യല്‍ മീഡിയകളിലൂടെയുള്ള ചിട്ടയായ പ്രചാരണത്തിന്റെ ആവശ്യകതയും അതിനായുള്ള പ്രായോഗിക അറിവുകളും ചര്‍ച്ച ചെയ്യുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചാക്ലാസില്‍ വിദഗ്ധരായ വ്യക്തികള്‍ ചര്‍ച്ചകള്‍ നയിക്കും. യുക്മയുടെ ന്യൂസ് പോര്‍ട്ടലായ 'യുക്മ ന്യൂസ്’ എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗവും യുക്മ പിആര്‍ഒ ടീമിന്റെ യോഗവും ഇതോടൊപ്പം നടക്കും. 

യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുമെന്നതാണ് ദേശീയ നേതൃയോഗത്തിന്റെ പ്രധാന സവിശേഷത. ഏതെങ്കിലും കാരണത്താല്‍ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടില്ലെങ്കില്‍ പോലും തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജണല്‍ ഭാരവാഹികളും യുക്മയുടെ പ്രഥമ ദേശീയ നേതൃയോഗത്തില്‍ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അഭ്യര്‍ഥിച്ചു. 

ക്ലബിന്റെ വിലാസം:  Kingstanding Exservice Men’s Social Club, 72 Warren Farm Road, Birmingham B44 0QN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക