Image

ഭയം (ചെറുകഥ) -കൃഷ്ണ

കൃഷ്ണ Published on 22 March, 2017
ഭയം    (ചെറുകഥ) -കൃഷ്ണ
ഉച്ചയൂണ് കഴിഞ്ഞു ഒരു ചെറിയ മയക്കം. ഈ എഴുപതാം വയസ്സില്‍ അത് ഒരു ദിനചര്യതന്നെ ആയിക്കഴിഞ്ഞിരുന്നു വൃദ്ധന്. പക്ഷെ അത് വീട്ടില്‍ നടക്കില്ല. അതുകൊണ്ട് ഊണുകഴിഞ്ഞാലുടന്‍ അയാള്‍ തന്റെ ചെറിയ പലചരക്കുകടയിലെത്തും. നാലുമണിവരെയും സാധാരണനിലയില്‍ ഒരാളും വരാറില്ല. കസേരയിലിരുന്നു നല്ല ഒരു മയക്കം തരമാക്കും. പിന്നീട് ഒരു ചായകുടി. അപ്പോഴേക്കും ആളുകള്‍ വന്നുതുടങ്ങും. എല്ലാം കൂടെ ഒരുദിവസം പത്തന്‍പതുരൂപ ലാഭം കിട്ടും. അതുമതി. വീട്ടുചിലവെല്ലാം കട കൊണ്ട് നടക്കും.

പക്ഷെ ഇന്ന് മയങ്ങാനൊക്കുമെന്ന് തോന്നുന്നില്ല. നാളത്തെ ഹര്‍ത്താലാഹ്വാനവുമായി തലങ്ങും വിലങ്ങും ഓടുന്ന വണ്ടികള്‍. വാഹനത്തിലെ ശബ്ദകോലാഹലം. മരുമകന്റെ രാവിലെകണ്ട കത്തിജ്ജ്വലിക്കുന്ന മുഖം മനസ്സില്‍.

'കാര്യമൊക്കെ കൊള്ളാം. നാളെ കട തുറക്കണം. പ്രതിപക്ഷത്തിന്റെ ഹര്‍ത്താലില്‍ അമ്മാവന്‍ പങ്കെടുത്താല്‍ അതിന്റെ ക്ഷീണം എനിക്കാ. ഒടുക്കം കൊഴപ്പമാകുമ്പം എന്നോടു പറയരുത്.'
എന്നിട്ട് നീട്ടിയൊരു മൂളല്‍.

ജീപ്പില്‍നിന്നുള്ള അനൌണ്‌സ്‌മെന്റ് വീണ്ടും മുഴങ്ങി.

വിലക്കയറ്റത്തിനെതിരെ, സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ക്കെതിരെ ഉള്ള നാളത്തെ ഹര്‍ത്താലില്‍ എല്ലാവരും സഹകരിക്കണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്.

അതുപറഞ്ഞുകഴിഞ്ഞു ഒരു നിമിഷത്തെ നിശ്ശബ്ദത. ആ നിശ്ശബ്ദത ഒരു നീണ്ട മൂളലായി വൃദ്ധന് തോന്നി.

സ്‌നേഹത്തിന്റെ ഭാഷയുടെ മറുവശം.

കണ്ണുകള്‍ അടഞ്ഞുവരുന്നു. പരിചയിച്ചുപോയല്ലോ?

എവിടെ നിന്നോ പാഞ്ഞുവന്ന ഒരു കല്ല് കടയ്ക്കുള്ളില്‍ വീണു. പിന്നെ തുടരെ കല്ലേറ്.
വൃദ്ധന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു.

'അടയെടോ കട.' ഒരുത്തന്‍ പറഞ്ഞു. 'ഹര്‍ത്താലുപൊളിക്കാനാണോ ഭാവം? എന്നാല്‍ പിന്നെ ഇതാ പിടിച്ചോ.'

വടി ദേഹത്തില്‍ ആഞ്ഞുവീണപ്പോള്‍ വൃദ്ധന്‍ നിലവിളിച്ചുപോയി.

'വെറുതെ തല്ലുമേടിക്കാതെ കടയടയ്ക്ക്, മൂപ്പിലെ.'
ആ സ്വരത്തിലെങ്ങോ വേറിട്ടുനിന്ന ലേശം സഹതാപത്തിന്റെ നിഴലിനു നേരെ വൃദ്ധന്‍ മിഴികള്‍ നീട്ടി.

വീടിന്റെ മുറ്റത്ത് മകളെ ആഞ്ഞുതൊഴിക്കുന്നു, അവന്‍.
'അയാള് കടയെങ്ങാനുമടച്ചാല്‍ ഞാന്‍ നിന്നെക്കൊല്ലും.'

'അടയ്‌ക്കെടോ കട.'

'അടയ്ക്കാം.' സ്വന്തം ശബ്ദം അയാള്‍ കേട്ടു.

'കട അടയ്ക്കരുതെന്നു പറയെടീ നിന്റെ തന്തയോട്. അല്ലെങ്കില്‍ അത് ഞാന്‍ എന്നെന്നേക്കുമായി അടപ്പിക്കും. എന്നിട്ടയാള്‍ തെണ്ടുന്നത് ഞാന്‍ കാണും.'

തന്റെ നേരെ നീണ്ടുവരുന്ന മരുമകന്റെ കാല്‍.

'ശരി. ഇയാളിതിനകത്ത് കെടക്കട്ടെ.'

നിരപ്പലക വീഴുന്നത് വൃദ്ധന്‍ കേട്ടു.
പുറത്തെ കോലാഹലം കേട്ടുകൊണ്ട് വൃദ്ധന്‍ കസേരയിലിരുന്ന് അകത്തെ ഇരുളിലേക്ക് നോക്കി.
'ഞങ്ങള്‍ക്ക് കട പരിശോധിക്കണം. ബില്ലും ബുക്കും ഇന്‍വോയിസ്സും എല്ലാം എടുക്ക്.'
സെയില്‍ടാക്‌സ്‌കാരാണെന്നു വൃദ്ധന്‍ അറിഞ്ഞു.

'സാധനങ്ങള്‍ പരിശോധിക്കട്ടെ. സ്‌റ്റോക്ക് രജിസ്റ്റര്‍ എവിടെ?'
'ചാക്കിന്റെ ഇടയില്‍ ഒരു തവള. അത് മൂത്രമൊഴിച്ച സാധനമാണോടെ വില്‍ക്കുന്നത്?'
'നല്ല കടലാസ്സ്. കൊറെയെടുത്ത് ജീപ്പിലിട്. പിള്ളാര്‍ക്ക് നോട്ടുബുക്ക് മേടിച്ചുവലഞ്ഞു.'
എന്തൊക്കെയോ അയാള്‍ എഴുതി.

'ഇവിടെ വിരലുപതിക്ക്.' അയാള്‍ വൃദ്ധന്റെ വിരല്‍പ്പാടുകള്‍ എങ്ങോ ഒക്കെ പതിപ്പിച്ചു.
കടയുടെ മുന്‍പില്‍ ഒരു കാര്‍. ആരൊക്കെയോ ചുറ്റിനും കൂടിനില്‍ക്കുന്നു.
'താന്‍ ഇന്‍കംടാക്‌സ് കൊടുക്കാറില്ല, അല്ലെ?'

'ആയിരം രൂപ ദിവസവും ലാഭമുണ്ടാക്കുന്നവനും ഇന്‍കംടാക്‌സ് കൊടുക്കില്ല. പാവം ഗവര്‍മെന്റ് എന്തുചെയ്യും?' മരുമകന്റെ സ്വരം.

'എടുക്കെടോ കഴിഞ്ഞ മൂന്നുവര്‍ഷത്തെ റിട്ടേണ്‍.'
'ഇയാളെ അങ്ങു റിട്ടേണാക്കിയാലോ?'

തലയ്ക്കു മുകളിലെ വെളിച്ചം കണ്ട് വൃദ്ധന്‍ മുഖയര്‍ത്തി. മരുമകന്റെ മുഖമില്ലാത്ത ചിരി.
ഒരു സ്ത്രീസ്വരം.

'ഇത്രേമൊക്കെ കാശോണ്ടാക്കിയെച്ചാ വീട്ടില്‍ ദിവസം അമ്പതു ഉലുവാ തരുന്നെ. ഫൂ...'
'എടീ, നീ...' വൃദ്ധന്‍ പറഞ്ഞുപോയി.

'കള്ളുകുടിക്കാന്‍ കാശു കൊടുക്കച്ചാ. ഇല്ലേലിയാളെന്നെ കൊല്ലും.' മകളുടെ സ്വരം.
ഉയര്‍ന്നു പറക്കുന്ന തിരമാലകള്‍. അവ ചീറിപ്പാഞ്ഞുവരുന്നു.

'ഞങ്ങള്‍ ഫുഡ് ഇന്‍സ്പക്ടരുടെ ആപ്പീസ്സീന്നാ. താന്‍ തേയിലേല്‍ മായം ചേര്‍ക്കാറുണ്ടോ?'
ഒരു അടിയുടെ ശബ്ദം. നല്ലവേദന. വൃദ്ധന്‍ തലകുനിച്ചു.

'തന്നെ ജയിലിലാക്കും. കള്ളന്‍. വെഷം തീറ്റിച്ചുകൊല്ലുന്ന നീചന്‍.'
അവര്‍ പരസ്പരം നോക്കുന്നു. പുഞ്ചിരിക്കുന്നു.

'പരിശോധിക്കണം. മൂന്നു കിലോ വീതം നാല് പായ്ക്കറ്റിലാക്ക്. പിന്നെ അഞ്ചുകിലോയുടെ സ്‌പെഷ്യല്‍ പായ്ക്കറ്റും. ശരിക്ക് പരിശോധിക്കണം.'
ഒരു കാലിച്ചാക്ക് വൃദ്ധന്റെ തലയില്‍ വീണു.

'നീ എവിടാരുന്നു മോനെ?'

'എനിക്ക് തോന്നിയെടത്തു പോകും. വരും. താനാരാ ചോദിക്കാന്‍? ഒരൊണക്കക്കടേംകൊണ്ട് അച്ചനാന്നു പറഞ്ഞിരിക്കാന്‍ നാണമില്ലിയോ മൂപ്പിലേ?'
മുന്‍പില്‍ പോലീസ് തൊപ്പികള്‍.

'എടോ കെളവാ, താന്‍ പെമ്പിള്ളാരെ പീഡിപ്പിയ്ക്കും, അല്ലേ?'
'പീഡിപ്പിക്കാന്‍ പറ്റിയ പാര്‍ട്ടി! തല്ലുകൊണ്ട് കൊഴിയാന്‍ ഒരു പല്ലുപോലും ബലമുള്ളതില്ല.'
ചാക്കുകെട്ടുകള്‍ക്കിടയിലേക്ക് മറയുന്ന പെണ്‍കുട്ടിയെ വൃദ്ധന്‍ നോക്കി. മകളുടെ ഛായ.
മകള്‍ തന്നെയാണോ?

'താനാണോ അവളെ പീഡിപ്പിച്ചത്?'
'ഞാനല്ല.'

'പിന്നാരാ? തന്റെ അപ്പനോ?' കൂട്ടച്ചിരി.
മുന്‍പില്‍ ഒരുയര്‍ന്ന മതില്‍.

'ചാടെടാ. ചാടിപ്പോകാം.' അഞ്ചുവയസ്സുകാരന്‍ കൊച്ചുമോന്റെ സ്വരം.
ഇരുട്ട്. മണിനാദം.

പോത്തിന്റെ കഴുത്തിലാണ് മണി.

'എണീരെടോ, പോകാം.' പോത്ത് പറഞ്ഞു. 'തന്റെ നേരമായി. താന്‍ വരുന്നോ? അതോ മരുമോന്‍ പറഞ്ഞാലേ വരാന്‍ ഒക്കുകയൊള്ളോ?

പോത്ത് അയാളുടെ നേരെ ചാടി. അതിന്റെ കൊമ്പുകളില്‍ ചോര പുരണ്ടിരിക്കുന്നു.
'എന്താ ചേട്ടാ, ഒറക്കം കഴിഞ്ഞില്ലിയോ?'

വൃദ്ധന്‍ ഞെട്ടിയുണര്‍ന്നു. കണ്ണുതുറന്നു. മുന്നില്‍ നില്‍ക്കുന്നയാളിന്റെ രൂപം വ്യക്തമാകുന്നില്ല.
'ഇത് ഞാനാ. കണ്ണൊന്നു ശരിക്ക് തുറക്ക്. എന്നിട്ടിണീച്ച് അരക്കിലോ പഞ്ചസാര തൂക്ക്.'

ഇപ്പോള്‍ എല്ലാം വ്യക്തമായി. മുന്‍പില്‍ നില്‍ക്കുന്നയാളെ തിരിച്ചറിഞ്ഞു.

'ഞാനങ്ങ് ശരിക്കും മയങ്ങിപ്പോയി.'

വന്നയാള്‍ എന്തോ പറയാന്‍ ഭാവിച്ചതും ഹര്‍ത്താല്‍കാരുടെ വാഹനത്തിന്റെ  ശബ്ദം.
 വിലക്കയറ്റത്തിനെതിരെയുള്ള, ഗവണ്മെന്റിന്റെ വികലമായ നയങ്ങള്‍ക്കെതിരെയുള്ള നാളത്തെ ഹര്‍ത്താലില്‍ എല്ലാവരും സഹകരിക്കണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്. 

പിന്നെ ഒരുനിമിഷത്തെ നിശ്ശബ്ദത.

വൃദ്ധന്‍ അരക്കിലോ പഞ്ചസാര തൂക്കാന്‍ തുടങ്ങി. ചാക്കില്‍നിന്നു കോരിയെടുത്തപ്പോള്‍ കൈ വിറച്ചു. പിന്നെ ഒരുനുള്ള് വാരിയെടുത്ത് വായിലിട്ടു.

'ഇതെന്തിനാ തേയില പച്ചയ്ക്ക് തിന്നുന്നെ?'

തേയില തിരികെയിട്ടിട്ട് വൃദ്ധന്‍ പഞ്ചസാരയെടുക്കാന്‍ തുനിഞ്ഞതും തിരിച്ചുവരുന്ന ഹര്‍ത്താലുകാരുടെ വാഹനത്തിന്റെ ശബ്ദം. അത് കടയുടെ മുന്‍പിലൂടെ പാഞ്ഞകന്നു.
'ഇവര്‍ക്കീ കടയടപ്പിക്കലും വണ്ടിക്കു കല്ലെറിയലുമല്ലാതെ വേറെ വിദ്യയൊന്നും തോന്നാത്തതെന്താന്നാ എനിക്കതിശയം.'

'അതിനവര് വേറെന്തോ വിദ്യ ചെയ്യാനാ?' വൃദ്ധന്‍ ചോദിച്ചു.

'ഉത്തരവാദപ്പെട്ടവരെ അവരെടെ ആപ്പീസില്‍ പോയി കാണട്ടെ. ഇവിടായാലും അങ്ങു കേന്ദ്രത്തിലായാലും. അവരല്ലിയോ നിയമങ്ങള്‍ ഒണ്ടാക്കുന്നെ?'
'പക്ഷെ അന്നേരം പോലീസ്?'

'അതാ കാര്യം. ആരാന്റപ്പന് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം. സ്വന്തം തടി നോവരുത്. കാട്ടിക്കൂട്ടുകേം വേണം. അതിനാ ഹര്‍ത്താല്‍.'

'പക്ഷെ ദുഃഖം പ്രകടിപ്പിക്കാനല്ലിയോ പണ്ടൊക്കെ ഹര്‍ത്താല്‍ നടത്തിയിരുന്നെ?' വൃദ്ധന് സംശയം.
'ഇപ്പഴും അങ്ങനെയാ. ഭരണം പോയ ദുഃഖം പ്രകടിപ്പിക്കാന്‍.'

അയാള്‍ പണം കൊടുത്തിട്ട് പോയി. പക്ഷെ വൃദ്ധന് അപ്പോഴും ഭയമായിരുന്നു.
നാളെ എന്തു സംഭവിക്കും?
                %%%%%%%%%


കൃഷ്ണ

ഭയം    (ചെറുകഥ) -കൃഷ്ണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക