Image

ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത് സിനിമ ; സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനോട് ഹാജരാവാന്‍ ഹൈക്കോടതി

Published on 21 March, 2017
ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത് സിനിമ ; സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനോട് ഹാജരാവാന്‍ ഹൈക്കോടതി
ഒളിച്ചോടിപ്പോവാന്‍ തന്നെ പ്രേരിപ്പിച്ചത് സിനിമയാണെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ തമിഴ്‌നാട് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനോട് ഹാജരാവാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മോശമായി സെന്‍സര്‍ ചെയ്യപ്പെട്ട സിനിമകളാണ് അശ്ലീലതയ്ക്ക് കാരണമെന്നും ഇത്തരം സിനിമകള്‍ യുവതയെ വഴിതെറ്റിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 27നകം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ കോടതിയില്‍ ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പോക്‌സോ നിയമ പരിധിയില്‍ കുറ്റകൃത്യമായി വരുന്ന കാര്യങ്ങള്‍ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ സെന്‍സര്‍ബോര്‍ഡ് ഉത്തരവാദികളാണെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നിട്ടും ഈ നിയമ പ്രകാരം എന്ത്‌കൊണ്ട് നടപടിയെടുക്കുന്നില്ലെന്നും കോടതി ആരാഞ്ഞു.

ജസ്റ്റിസ് നാഗമുത്തുവും ജസ്റ്റിസ് അനിതസുമന്തും അടങ്ങിയ ബെഞ്ചാണ് ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്. 22വയസ്സുള്ള ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ പ്ലസ്ടുക്കാരി പെണ്‍കുട്ടിയെ ഹേബിയസ് കോര്‍പ്പസ് പ്രകാരമാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി ചോദിച്ചപ്പോള്‍ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഒളിച്ചോടിയതെന്നായിരുന്നു പെണ്‍കുട്ടി കോടതിയെ അറിയിച്ചത്.

2016 മെയ് 16നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മൈലാടുത്തുറൈ സ്വദേശി പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രദേശത്തെ പല കേസുകളില്‍ പ്രതിയായ ഒരാള്‍ക്കൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. പെണ്‍കുട്ടി കോഴിക്കോടുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും പോലീസിന് കണ്ടെത്താനായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണ്.

തുടര്‍ന്ന് കോടതി ചോദ്യം ചെയ്തപ്പോഴാണ് തമിഴ് സിനിമയില്‍ നിന്ന് ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ പ്രസ്താവനയെ ഗൗരവമായെടുത്ത കോടതി മോശം സിനിമകള്‍ സമൂഹത്തെ നശിപ്പിക്കുകയാണെന്നും യുവതയെ വഴിതെറ്റിക്കുകയാണെന്നും കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക