Image

ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)

Published on 18 March, 2017
ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)
കാപ്പിയും ഓറഞ്ചും കുരുമുളകും വളരുന്ന കൂര്‍ഗ് എന്ന കുടക് കേരളത്തിന്റെ അയല്‍വക്കമാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളോടു തൊട്ടുരുമ്മിക്കിടക്കുന്ന കര്‍ണാടകത്തിലെ മുപ്പതു ജില്ലകളിലൊന്ന്. മൂന്നാറും പീരുമേടും വയനാടും പോലെ പശ്ചിമഘട്ട പര്‍വതനിരകളില്‍ കാവേരി നദിയുടെ പനിനീരണിഞ്ഞു കിടക്കുന്ന ശാദ്വലഭൂമി.

മലയാളത്തിന്റെ മരുമകള്‍ കാവേരി നമ്പീശന്‍ എന്ന ഇംഗ്ലീഷ് നോവലിസ്റ്റ് ജനിച്ചത് തെക്കന്‍ കുടകിലെ പാലംഗല ഗ്രാമത്തിലാണ്. പിതാവ് കുടക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പിന്നീട് കേന്ദ്ര റെയില്‍വേ മന്ത്രിയും ഗവര്‍ണറുമായിരുന്ന സി.എം. പൂനച്ച. കുടക് തലസ്ഥാനമായ മെര്‍ക്കാര എന്ന മടിക്കേരിയിലായിരുന്നു ബാല്യം.

ബാംഗളൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ 1995ല്‍ എം.ബി.ബി.എസ് ചെയ്യുമ്പോള്‍ സര്‍ജറിക്ക് സ്വര്‍ണമെഡല്‍ നേടി ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിനു തെരഞ്ഞെടുക്കപ്പെട്ടു. എഫ്.ആര്‍.സി.എസ.് നേടി ഇന്ത്യയിലേക്കു മടങ്ങി. ഗ്രാമസേവനത്തിനായി ജീവിതമര്‍പ്പിച്ച കാവേരി കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, യു. പി., ബിഹാര്‍ എന്നിവിടങ്ങളിലെ റൂറല്‍ ആശുപത്രികളില്‍ ജോലിചെയ്തു. ടാറ്റാ കോഫിയുടെ ചീഫ് മെഡിക്കല്‍ അഡൈ്വസറും അവരുടെ ആനമല കാപ്പിത്തോട്ടത്തിലെ ആശുപത്രിയില്‍ സര്‍ജനുമായിരുന്നു.

കുടകിലെ ഗോണിക്കൊപ്പയ്ക്കടുത്ത ഗ്രാമത്തില്‍ 2011 മുതല്‍ സിരതാമസം. പാര്‍ട്ട് ടൈം ക്ലിനിക്കും നടത്തുന്നു. അസോസിയേഷന്‍ ഓഫ് റൂറല്‍ സര്‍ജന്‍ ഓഫ് ഇന്ത്യയുടെ മുഖ്യ ഭാരവാഹിയാണ്. ""ഇപ്പോള്‍ മുഴുവന്‍ സമയവും എഴുത്താണ്''് ഒരു ഇമെയില്‍ സന്ദേശത്തില്‍ കാവേരി പറഞ്ഞു.

ആദര്‍ശവാനായ കോണ്‍ഗ്രസുകാരനായിരുന്ന സി.എം. പൂനച്ചയ്ക്ക് മക്കളാരും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെയാണ് കാവേരിയുടെ അനുജന്‍ സി.പി. ബലിയപ്പയും എഴുത്തുകാരനായത്.

ബാംഗളൂരില്‍ കൂടെ പഠിച്ച ഡോ. കെ.ആര്‍. ഭട്ടിനെ വിവാഹം ചെയ്തു. പതിനെട്ടു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ചേതന എന്നൊരു പെണ്‍കുട്ടിയുണ്ട്. പിന്നീട് കവിയും ്ക്രിട്ടിക്കുമായ വിജയ് നമ്പീശനെ ജീവിതപങ്കാളിയാക്കി. ആദ്യമെഴുതിയത് കന്നഡയിലായിരുന്നു, കാവേരി പൂനച്ച എന്ന പേരില്‍. വിവാഹിതയായ ശേഷം കുട്ടികള്‍ക്കായി എഴുതിയ നോവലുകളില്‍ കാവേരി ഭട്ട് എന്നു പേരു കൊടുത്തു. പിന്നീടെല്ലാം കാവേരി നമ്പീശനായി.

ദ ട്രൂത്ത് (ആള്‍മോസ്റ്റ്) എബൗട്ട് ഭാരത് (1991) ആണ് ആദ്യത്തെ സീരിയസ് നോവല്‍. ദ സെന്റ് ഓഫ് പെപ്പര്‍ (1996), ഓണ്‍ വിംഗ്‌സ് ഓഫ് ബട്ടര്‍ഫ്‌ളൈസ് (2002), ദി ഹില്‍സ് ഓഫ് അങ്കേരി (2005), ദ സ്റ്റോറി ദാറ്റ് മസ്റ്റ് നോട്ട് ബി ടോള്‍ഡ് (2000), എ ടൗണ്‍ ലൈക് അവേഴ്‌സ് (2014) - എല്ലാം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചവ. ഇവയില്‍ ദ സ്റ്റോറി ദാറ്റ് മസ്റ്റ് നോട്ട് ബി ടോള്‍ഡ് എന്ന കൃതി 2008ല്‍ ഡി.എസ്.സി പ്രൈസിനും 2012ല്‍ മാന്‍ ബുക്കര്‍ പ്രൈസിനും നോമിനേറ്റ് ചെയ്യപ്പെട്ടു.

കാവേരിയുടെ നോവലുകളില്‍ മലയാളികള്‍ക്ക് ഏറ്റം ഇഷ്ടപ്പെടാന്‍ ഇടയുള്ളത് കുടകിന്റെ വീരോജ്വല പൈതൃകവും വര്‍ണോജ്വലമായ ജീവിതവും ചിത്രീകരിക്കുന്ന ആത്മകഥാപരമായ നോവല്‍ ദ സെന്റ് ഓഫ് പെപ്പര്‍ (കുരുമുളകിന്റെ സുഗന്ധം) ആണ്. രാജഭരണകാലം മുതല്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലം കടന്ന് 1956ല്‍ മൈസൂര്‍ സംസ്ഥാനവുമായി പരിണയിക്കുന്നതു വരെയുള്ള കൊടകരുടെ ചരിത്രം രേഖപ്പെടുത്തുന്ന നോവലാണിത്.

തോമസ് ഹാര്‍ഡി വെസക്‌സിനെയും ആര്‍.കെ. നാരായണ്‍ മാല്‍ഗുഡിയെയും മരിയ അറോറ കൂട്ടോ ഗോവയെയും തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിനെയും അനശ്വരമാക്കിയതുപോലെ സസ്യശ്യാമളകോമളമായ കുടകിനെ ശാശ്വതവത്കരിച്ചു എന്നതാണ് കാവേരിയുടെ നേട്ടം. ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയെയും ജനറല്‍ കെ.എസ്. തിമ്മയ്യയെയും എയര്‍മാര്‍ഷല്‍ സി.ഡി. സുബ്ബയ്യയെയും സൃഷ്ടിച്ച നാടിന്റെ വീരകഥകള്‍ കാവേരി അനാവരണം ചെയ്യുന്നു.

ബ്രിട്ടീഷ്-ഐറിഷ് പ്ലാന്റര്‍മാര്‍ സിലോണില്‍നിന്നു കുടകിലേക്കു കുടിയേറുന്ന ചരിത്രം, തിരുവിതാംകൂറില്‍ ഇംഗ്ലീഷ്-ഐറിഷ് പ്ലാന്റര്‍മാര്‍ കുടിയേറുന്ന ചരിത്രവുമായി കൂടിപ്പിണഞ്ഞു കിടക്കുന്നു. കുടകില്‍ കോടനാട് എസ്റ്റേറ്റ് ഗ്ലെന്‍ഡ്‌വ്യൂ ആയും, െതനുവാര തോട്ടം വിന്‍ഡര്‍മിയര്‍ ആയും, കുരുടര്‍ഹള്ളി എസ്റ്റേറ്റ് ബാല്‍മോറല്‍ ആയും മാറി. മടിക്കേരി മെര്‍ക്കാരയും, കുടക് കൂര്‍ഗും ആയതുപോലെ. കുടകിന്റെ മദാലസസൗകര്യം നുകരാനെത്തിയ ക്ലാര ഫോക്‌സ് എന്ന ഇംഗ്ലീഷ് സുന്ദരി കുടകിലെ ബലിയണ്ണ എന്ന വെറ്ററിനറി ഡോക്ടറെ പ്രേമിക്കുന്നത് ഉപകഥ.

തിരുവിതാംകൂറും മലബാറും തലശേരിയുമെല്ലാം നോവലില്‍ വരുന്നു. കൊമ്പും കൊട്ടും തുടിയുമായി കളിയണ്ടാ തറവാട്ടിലെ പട്ടേദാര്‍ റാവു ബഹദൂര്‍ മാടയ്യയുടെ പുത്രന്‍ ബലിയണ്ണയുടെ ഭാര്യയായെത്തുന്ന നന്‍ജമ്മ കുടുംബം വക നൂറ്റിപ്പത്തേക്കര്‍ തോട്ടം പരിപുഷ്ടമാക്കുന്ന കഥ നോവലിന് ഊടും പാവും നെയ്യുന്നു. യഥാര്‍ഥത്തില്‍ നന്‍ജമ്മയുടെ കഥയാണ് കുരുമുളകിന്റെ സുഗന്ധം.

തലശേരിയില്‍നിന്ന് നന്‍ജമ്മയുടെ ഏത്തക്കുലകള്‍ വാങ്ങാനെത്തിയ മാപ്പിളക്കച്ചവടക്കാരാണ് കുരുമുളകിനെപ്പറ്റി അവരോടു പറയുന്നത്. നന്‍ജമ്മ അഞ്ചേക്കര്‍ വെട്ടിത്തെളിച്ച് കൊടിയിട്ടു. മുളകു പഴുത്തപ്പോള്‍ പറിച്ചുണക്കി പൊടിച്ച് ഏതാനും നുള്ള് സാരിത്തുമ്പില്‍ കെട്ടിയിട്ടു കൊണ്ടുനടന്നു. പതിമ്മൂന്നു മക്കളെ പ്രസവിച്ചു. അവരില്‍ ചിലര്‍ ബോധമറ്റു വീണപ്പോള്‍ കുരുമുളകുപൊടി മണപ്പിച്ചാണ് ബോധം തെളിയിച്ചത്. മുളകിന്റെ ഗന്ധം ആനുഷംഗികമായി പറഞ്ഞുപോകുന്നതേയുള്ളൂ. പക്ഷേ, കാപ്പിയുടെ സുഗന്ധം (അരോമ) ആണു നോവലില്‍ നിറഞ്ഞു നില്‍ക്കുന്നത്. 2002ല്‍ ശ്രീദേവി എസ്.കര്‍ത്ത മലയാളത്തിലാക്കി (ഡി.സി.ബുക്‌സ്). ഔട്ട് ഒഫ് പ്രിന്‍റ്.

തൃശൂരില്‍ എരുമപ്പട്ടിക്കടുത്തൂ തയ്യൂരില്‍ ജനിച്ചുവളര്‍ന്ന് മറുനാട്ടിലേക്കു കാലുമാറ്റി ചവിട്ടിയ വിജയ് നമ്പീശന്‍ ഇംഗ്ലീഷില്‍ കവിതയെഴുതിയാണു തുടങ്ങിയത്. 1998ല്‍ മദ്രാസ് സെന്‍ട്രല്‍ എന്ന കവിതയ്ക്ക് അഖിലേന്ത്യാ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി. പൂന്താനത്തിന്റെ ജ്ഞാനപ്പാനയും മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ നാരായണീയവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ജീത് തയിലും ഡോം മൊറേസും ഒപ്പം ചേര്‍ന്ന് ജെമിനി എന്ന പേരില്‍ കവിതാസമാഹാരം പുറത്തിറക്കി. ലാംഗ്വേജ് അസ് ആന്‍ എത്തിക് എന്നതാണ് വിജയിന്റെ ക്ലാസിക് കൃതി. ഒടുവിലേത്തത ്ഫസ്റ്റ ് ഇന്‍ഫിനിറ്റീസ് എന്ന കാവ്യസമാഹാരം.

""വിജയിന്റെ തറവാട്ടില്‍ ഇടക്കിടെ പോവാറുണ്ട്. പക്ഷേ ബന്ധുക്കളേറെയും ബാംഗ്‌ളുരിലാണ്. എല്ലായിടത്തും മലയാളി സുഹ്‌റുത്തുക്കള്‍' എന്നു കാവേരി.

""ഡോക്ടര്‍ പദവിയോ എഴുത്തോ ഏതാണിഷ്ടം?'' ഒരിക്കല്‍ എഴുത്തുകാരി നന്ദിനി കൃഷ്ണ ഒരഭിമുഖത്തില്‍ കാവേരിയോടു ചോദിച്ചു. ""എഴുത്തുകാരിയെക്കാള്‍ കൂടുതല്‍ കാലം ഞാന്‍ സര്‍ജനായിരുന്നു. രണ്ടുമിഷ്ടമാണ്. ഏതാണ് കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയാനാവില്ല'' എന്നായിരുന്നു ഉത്തരം. ""കന്നഡ, മലയാള സംസ്കാരങ്ങള്‍ സമ്മേളിക്കുന്നതാണ് ഞങ്ങളുടെ ജീവിതം'' എന്ന് മറ്റൊരു ചോദ്യത്തിന് മറുപടി.

എഴുത്തുകാര്‍ക്കുള്ള ഒരന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അയോവ സര്‍വകലാശാല സന്ദര്‍ശിച്ചിട്ടുണ്ട്. കുടകില്‍ ഒരുപാടു മഹാന്മാരുണ്ടായിട്ടുണ്ട്. പട്ടാളത്തിലും സിനിമയിലും സ്‌പോര്‍ട്‌സിലുമെല്ലാം. പക്ഷേ, കാവേരിയെപ്പോലൊരു എഴുത്തുകാരി ഉണ്ടായിട്ടില്ല. 2005ല്‍ കുടകിലെ ഏറ്റം വിശിഷ്ട വ്യക്തിയായി തെരഞ്ഞെടുത്തുകൊണ്ട് നാട് അവരെ ആദരിച്ചു.
ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)ഹാര്‍ഡിയെപ്പോലെ, തകഴിയെപ്പോലെ കുടകിന്റെ കഥാകാരി; കാവേരിയുടെ പനിനീരായി കാവേരി നമ്പീശന്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക