Image

ഇരട്ട പെണ്‍കുട്ടികളെ വെടിവെച്ചുകൊന്ന പിതാവ് ഭാര്യയെ ഷൂട്ട് ചെയ്തശേഷം ജീവനൊടുക്കി

Published on 17 March, 2017
ഇരട്ട പെണ്‍കുട്ടികളെ വെടിവെച്ചുകൊന്ന പിതാവ് ഭാര്യയെ ഷൂട്ട് ചെയ്തശേഷം ജീവനൊടുക്കി
ഇല്ലിനോയ്: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരവും ദുഖകരവുമായ മൃഗീയ കെലപാതകങ്ങള്‍ക്കാണ് ഇക്കകഴിഞ്ഞ ദിവസം ഇല്ലിനോയിയിലെ സെന്റ് ചാള്‍സ് പ്രദേശം സാക്ഷ്യം വഹിച്ചത്. പാകിസ്താനി അമേരിക്കനായ റാന്‍ഡല്‍ കോഫ്‌ലാന്‍ഡ് (48) എന്ന നരാധമന്‍ തന്റെ 16 വയസ് വീതം പ്രായമുളള ടിഫാനി, ബ്രിട്ടാനി എന്നീ ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചുകൊന്ന ശേഷം, മാറിത്താമസിക്കുന്ന ഇയാളുടെ വിരോധിയായ ഭാര്യ അന്‍ജും കോഫ്‌ലാന്‍ഡിനു നേര്‍ക്കും നിറയൊഴിച്ചു. ''ഞാന്‍ നിന്നെ ജീവിക്കാന്‍ വിടുന്നു...ഞാന്‍ സഹിച്ചതുപോലെ നീയും നരകിക്കും...'' എന്ന് ആക്രോശിച്ചുകൊണ്ട് ഇയാള്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സെന്റ് ചാള്‍സിലെ ആര്‍ഭാടമായ മൈല്‍സ്റ്റോണ്‍ റോ കോണ്ടൊമിനിയം കോംപ്ലക്‌സിലായിരുന്നു ഏവരെയും സ്തംബ്ധരാക്കിയ സംഭവം അരങ്ങേറിയത്.

അപകടനില തരണം ചെയ്ത, ഇരട്ടക്കുട്ടികളുടെ അമ്മ അന്‍ജും കോഫ്‌ലാന്‍ഡിന്റെ 911 കോളിന്റെ ഫുള്‍ ട്രാന്‍സ്‌ക്രിപ്റ്റ് പോലീസിന് ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തുമ്പോഴേയ്ക്കും രണ്ടു കുട്ടികളും പിതാവും മരിച്ച നിലയിലായിരുന്നു. കുട്ടികളുടെ തലയിലേറ്റ വെടിയാണ് മരണകാരണം. ഇരുകാലുകള്‍ക്കും വെടിയേറ്റ അന്‍ജും കോഫ്‌ലാന്‍ഡ് ഡെല്‍നര്‍ കമ്മ്യൂണിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. കുട്ടികളെയും അവരുടെ മാതാവിനെയും വെടി വെച്ചിട്ട ശേഷം റാന്‍ഡല്‍ കോഫ്‌ലാന്‍ഡ് 911 ലേക്ക് വിളിച്ചിരുന്നു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ടെലിഫോണ്‍ സംഭാഷണം പോലീസ് പുറത്തിറക്കി. 

''എന്റെ കുട്ടികള്‍ മരിച്ചു...'' എന്ന് വിലപിക്കുന്നതാണ് സംഭാഷണത്തിലെ പ്രധാന ഭാഗം. തനിക്ക് ഇഷ്ടമില്ലാത്ത ഭര്‍ത്താവ് ആണ് കുട്ടികളെയും തന്നെയും വെടി വെച്ചതെന്ന് ടെലിഫോണ്‍ റെക്കോര്‍ഡിലുണ്ട്. ''ഇത് അതീവ ദു:ഖകരവും ഭീകരവുമാണ്...'' പോലീസ് ഡെപ്യൂട്ടി ചീഫ് ഡേവിഡ് കിന്‍സ് ന്യൂസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. കുടുംബകലഹമാണ് അതിദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. കെയ്ന്‍ കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി, കെയ്ന്‍ കൗണ്ടി മേജര്‍ ക്രൈംസ് ടാസ്‌ക് ഫോഴ്‌സ് എന്നിവരുമായി സഹകരിച്ച് സെന്റ് ചാള്‍സ് പോലീസ് അന്വേഷണം നടത്തുന്നു. 

റാന്‍ഡല്‍ കോഫ്‌ലാന്‍ഡ് ടിഫാനിക്കും ബ്രിട്ടാനിക്കുമൊപ്പം ഫസ്റ്റ് സ്ട്രീറ്റ് അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. എന്നാല്‍ അന്‍ജും കോഫ്‌ലാന്‍ഡ് മറ്റൊരു സെന്റ് ചാള്‍സ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. ഇവര്‍ എത്രനാളായി അകന്ന് കഴിയുകയായിരുന്ന കാര്യത്തിലും ആരാണ് കലഹത്തിന് ഉത്തരവാദി എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ കുടുംവ വഴക്കിനെ തുടര്‍ന്ന് പോലീസ് അന്‍ജും കോഫ്‌ലാന്‍ഡിന്റെ സൗത്ത് ഫിഫ്ത്ത് അവന്യുവിലുള്ള 100-ാം ബ്ലോക്കിലെത്തിയിരുന്നു. എന്നാല്‍ ശാരീരിക പീഡനത്തിന്റെ ലക്ഷണമൊന്നും അന്ന് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 

സെന്റ് ചാള്‍സ് ഈസ്റ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ട ടിഫാനി കോഫ്‌ലാന്‍ഡും ബ്രിട്ടാനി കോഫ്‌ലാന്‍ഡും.    സ്‌കൂളില്‍നിന്ന് വീട്ടിലെത്തി മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് റാന്‍ഡല്‍ കോഫ്‌ലാന്‍ഡ് മരണ താണ്ഡവമാടിയത്. ടിഫാനിയുടെ മൃതദേഹം സോഫയിലും ബ്രിട്ടാനിയയുടേത് ബെഡ് റൂമിലുമായിരുന്നു. കുട്ടികളുടെ മരണത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തിക്കൊണ്ട് സെന്റ് ചാള്‍സില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന നടന്നു. നിരവധി മോര്‍ട്ട്‌ഗേജ് ബാങ്കുകളില്‍ ജോലി ചെയ്തിരുന്ന അന്‍ജും കോഫ്‌ലാന്‍ഡ് യുണൈറ്റഡ് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു. പിന്നീട് കെന്റല്‍ കൗണ്ടിയില്‍ ഡെപ്യൂട്ടി റെക്കോഡറായി. അന്‍ജുമിന് ഉറുദുവില്‍ പ്രാവീണ്യമുണ്ടായിരുന്നു. 

ഐ.ടി വിദഗ്ധനായ റാന്‍ഡല്‍ കോഫ്‌ലാന്‍ഡ് കാരള്‍ സ്ട്രീമിലെയും ഇല്ലിനോയിയിലെയും ചിക്കാഗോയിലെയും നിരവധി കമ്പനികളില്‍ അനലിസ്റ്റ് ആന്റ് നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റായി ജോലി ചെയ്തിരുന്നു. അവസാനം മച്ച് ഷെലിസ്റ്റ് പി.സിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജരായിരുന്നു. അക്കൗണ്ടിങ്ങില്‍ എ.എ.എസും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദവുമുണ്ട്.

ഇരട്ട പെണ്‍കുട്ടികളെ വെടിവെച്ചുകൊന്ന പിതാവ് ഭാര്യയെ ഷൂട്ട് ചെയ്തശേഷം ജീവനൊടുക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക