ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും നല്ല എയര്‍പോര്‍ട്ട് ടെര്‍മിനലുകളുടെ വിലയിരുത്തലില്‍ ജര്‍മനിയിലെ മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ട് ലോകത്തില്‍ ഒന്നാമത്തേതായി തിരഞ്ഞെടുക്കപ്പെട്ടു. ലോക എയര്‍പോര്‍ട്ട് വിലയിരുത്തല്‍ ഏജന്‍സി സ്കൈട്രാക്ക് ആണ് ഈ വിലയിരുത്തല്‍ നടത്തിയത്. ടെര്‍മിനലിലേക്ക് വരാനുള്ള സൗകര്യം, ടെര്‍മിനലിലെ എയര്‍ലൈന്‍സ് കൗണ്ടറുകള്‍ കണ്ടുപിടിക്കാനുള്ള ആധുനിക സ്ക്രീനുകള്‍, ചെക്ക്-ഇന്‍ സൗകര്യം, ബാഗേജ് കാര്യര്‍ ലഭ്യത, ബാഗേജ് സൂക്ഷിക്കാനുള്ള ലോക്കര്‍ കൗണ്ടറുകള്‍, ഷവര്‍ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഫസ്റ്റ്ക്ലാസ് - ബിസിനസ്ക്ലാസ് ലോഞ്ചുകള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് ഈ ലോക ടെര്‍മിനല്‍ വിലയിരുത്തല്‍.
മ്യൂണിക് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ടിലെ 60 ശതമാനം മ്യൂണിക് എയര്‍പോര്‍ട്ട് കമ്പനിയും, 40 ശതമാനം ജര്‍മന്‍ ലുഫ്ത്താന്‍സായും മാനേജ് ചെയ്യുന്നു. ഫ്ളൈറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട യാത്രക്കാര്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകള്‍ നല്കുന്നു. കൂടാതെ ലുഫത്താന്‍സാ മ്യൂണിക് എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ഫ്ളൈറ്റുകള്‍ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.