Image

ധീര പ്രജാപതിയുടെ സ്മൃതികുടീരത്തില്‍.... (എ.എസ് ശ്രീകുമാര്‍)

Published on 15 March, 2017
ധീര പ്രജാപതിയുടെ സ്മൃതികുടീരത്തില്‍.... (എ.എസ് ശ്രീകുമാര്‍)
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ചെറിയൊരു മലയോര പട്ടണമായ മാനന്തവാടിയിലേയ്ക്ക് സര്‍ക്കാര്‍ വണ്ടി കയറുമ്പോള്‍ ഉച്ചയ്ക്ക് 12 മണി. ചന്നം പിന്നം പെയ്യുന്ന മഴ. തണുത്ത കാറ്റ് ബസിനുള്ളിലേയ്ക്ക് ഇരച്ചു കയറി. മഴയും പിന്നെ മഞ്ഞും കാഴ്ചയുടെ സുഖത്തെ മരവിപ്പിക്കുന്നു. ഇടയ്ക്കിടയ്ക്ക് അന്തരീക്ഷം തെളിയുമ്പോള്‍, പ്രകൃതിയുടെ പീഡനമേല്‍ക്കാത്ത വന സൗന്ദര്യം വല്ലാതെ ഉത്തേജിപ്പിക്കുന്നു...മോഹിപ്പിക്കുന്നു. 

'കേരള സിംഹം' അന്തിയുറങ്ങുന്ന ചരിത്രത്തിന്റെ മറ്റൊരു പോരാട്ട ഭൂമികയിലേയ്ക്കാണീ യാത്ര. ബത്തേരിയില്‍ നിന്ന് ഏകദേശം നാല്‍പത് കിലോമീറ്ററുണ്ട്, കബനി നദിയുടെ കൈവഴിയായ മാനന്തവാടിപ്പുയുടെ ഓരം പറ്റിക്കിടക്കുന്ന മാനന്തവാടിപ്പട്ടണത്തിലേയ്ക്ക്. മഴയും തണുപ്പുമൊക്കെ ഉണ്ടെങ്കിലും ഒട്ടും മടുപ്പു തോന്നുന്നില്ല. ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിച്ചേരാനുള്ള ആവേശത്തില്‍ പ്രകൃതിയുടെ പ്രതികൂലാവസ്ഥ ഒരു പ്രശ്‌നമായി തോന്നിയില്ല.

ബസ് മാനന്തവാടി ടൗണിലെത്തി. ഒരു ഓട്ടോ പിടിച്ച് സര്‍ക്കാര്‍ ആശുപത്രിക്കടുത്തെത്തി യാത്ര തുടര്‍ന്നു. ഓട്ടോ ഡ്രൈവര്‍ മനാഫ് എന്നെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണിപ്പോള്‍. കേരള സിംഹം എന്നറിയപ്പെടുന്ന കേരളവര്‍മ പഴശ്ശിരാജ ഉറങ്ങുന്ന ഇടം. 1980ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട പഴശി കുടീരത്തിലേയ്ക്ക് നടക്കുമ്പോള്‍, ധീരനായ ആ പ്രജാപതിയുടെ പടയോട്ടത്തിന്റെ കുളമ്പടിയൊച്ച കാതുകളില്‍ മുഴങ്ങുന്നതുപോലെ. ചരിത്രവഴിയിലൂടെ ഞാനൊരു പിന്‍യാത്ര നടത്തുകയാണ്...വീര പഴശ്ശിയെ ഒന്നോര്‍ത്തെടുക്കുകയാണ്...

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാന കാലം. വയനാട്ടിലെ പല പ്രദേശങ്ങളും കോട്ടയം രാജവംശത്തിന്റെ അധീനതയിലായി. തലശേരി മുതല്‍ കുടകിനടുത്തുള്ള പ്രദേശങ്ങള്‍ വരെ അവര്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കി. കാലക്രമത്തില്‍ കോട്ടയം രാജവംശം കിഴക്കേത്, തെക്കേത്, പടിഞ്ഞാറേത് എന്നിങ്ങനെ മൂന്നു ശാഖകളായി. ഇതില്‍ മൂന്നാമത്തെ ശാഖയാണ് പഴശ്ശിയില്‍ ആസ്ഥാനമുറപ്പിച്ചത്. ഈ ശാഖയിലെ പ്രമുഖനായ രാജാവാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ കേരളവര്‍മ പഴശ്ശി രാജാവ്.

വയനാടിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ് മൈസൂറിന്റെ ആക്രമണം. 1766ല്‍ വന്‍ സൈന്യത്തോടെ കേരളത്തിലെത്തിയ ഹൈദര്‍ അലിയുടെ സൈനിക ശക്തിക്കുമുമ്പില്‍ ചിറയ്ക്കല്‍ രാജവംശവും കോട്ടയം രാജാവും പരാജയപ്പെട്ടു. 1773 ല്‍ ഒരിക്കല്‍ കൂടി ഹൈദര്‍ കേരളത്തെ ആക്രമിച്ചു. വയനാടു കടന്ന് താമരശ്ശേരി ചുരം വഴിയായിരുന്നു ഈ സൈനികയാത്ര. പിന്നീട് ടിപ്പു കേരളത്തിലെ പല പ്രദേശങ്ങളും കീഴടക്കി. 1792 ലെ ശ്രീരംഗപട്ടണം സന്ധിയനുസരിച്ച് വയനാട് ഒഴികെയുള്ള മലബാര്‍ പ്രദേശങ്ങളും കൊച്ചിയും കുടകും ടിപ്പു ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. 1799ല്‍ ഒടുവിലത്തെ മൈസൂര്‍ യുദ്ധത്തോടെ ശ്രീരംഗപട്ടണത്തിന് പൂര്‍ണ പരാജയം സംഭവിച്ചു. അതിനുശേഷമാണ്  വയനാട് ഇംഗ്ലീഷുകാരുടെ പരിപൂര്‍ണ നിയന്ത്രണത്തില്‍ വന്നത്.

പഴശ്ശി രാജയും ഇംഗ്ലീഷുകാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ 1796ല്‍ തന്നെ അതിന്റെ മൂര്‍ധന്യത്തിലെത്തിയിരുന്നു. കമ്പനിപ്പട്ടാളം പഴശ്ശി കോട്ട വളഞ്ഞപ്പോള്‍ പഴശ്ശി രാജ വയനാട്ടിലെ  കാടുകളിലേക്ക് രക്ഷപ്പെട്ടു. ബോംബെ ഗവര്‍ണര്‍ക്ക് കത്തെഴുതിയതിനെ തുടര്‍ന്ന് പഴശ്ശി രാജാവിന് സ്വന്തം കൊട്ടാരത്തില്‍ തിരിച്ചെത്താന്‍ അനുവാദം ലഭിച്ചു. എന്നാല്‍ അധികം കഴിയും മുമ്പേ പഴശ്ശിയുടെ അനുയായികള്‍ക്കു നേരെ ഇംഗ്ലീഷുകാര്‍ ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് പഴശ്ശി രാജാവും ഇംഗ്ലീഷുകാരും തമ്മില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു. ഇംഗ്ലീഷുകാരെ നേരിടുന്നതില്‍ പഴശ്ശിക്ക് ടിപ്പുവിന്റെ സഹായവും ലഭിച്ചിരുന്നു. പഴശ്ശിയുടെ ആക്രമണങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ഇംഗ്ലീഷ് പട്ടാളത്തിന് താത്കാലികമായി പിന്‍മാറേണ്ടി വന്നു.

ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതോടെയാണ് വയനാട് ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടപടികള്‍ ശക്തമാക്കിയത്. എന്നാല്‍ ഈ നീക്കത്തെ പഴശ്ശി ശക്തമായി എതിര്‍ത്തു. ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്ന പടയാളികളും നായര്‍-കുറിച്യ പടയാളികളുമായിരുന്നു പഴശ്ശിയുടെ സൈന്യത്തിലുണ്ടായിരുന്നത്. തലയ്ക്കല്‍ ചന്തുവായിരുന്നു പഴശ്ശിയുടെ സൈന്യത്തിലെ കുറിച്യരുടെ നേതാവ്. ബ്രിട്ടീഷുകാര്‍ കൂടുതല്‍ സൈന്യത്തെ വയനാട്ടില്‍ എത്തിച്ചെങ്കിലും ദുര്‍ഗമമായ ഭൂപ്രകൃതിയും മലമ്പനിയുടെ ആക്രമണവും അവര്‍ക്ക് തിരിച്ചടിയായി. മലബാറിലെ നോര്‍ത്തേണ്‍ ഡിവിഷന്‍ സബ് കളക്ടറായിരുന്ന ടി എച്ച് ബാബറാണ് ഒടുവില്‍ പഴശ്ശി രാജാവിനെതിരെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തിയത്. തന്ത്രപരമായ പല നീക്കങ്ങളും നടത്തിയ ബാബര്‍ ഒടുവില്‍ കലാപകാരികളെ അവരുടെ താവളത്തില്‍ ചെന്ന് ആക്രമിക്കാന്‍ തീര്‍ച്ചയാക്കി. 1805 നവംബറില്‍ ചാരന്മാരില്‍ നിന്നു ലഭിച്ച സൂചനകള്‍ അനുസരിച്ച് ബാബറും സംഘവും പുല്‍പ്പള്ളി കാട്ടിലെത്തി. തുടര്‍ന്ന് പുല്‍പ്പള്ളിക്ക് സമീപമുള്ള മാവിലാന്തോടിന്റെ കരയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ പഴശ്ശി രാജ മരിക്കുകയും ചെയ്തു. എന്നാല്‍ പഴശ്ശിയുടെ മൃതശരീരത്തോട് തികഞ്ഞ ആദരവു കാട്ടാന്‍ ബാബര്‍ ശ്രദ്ധിച്ചു. ഭൗതിക ശരീരം  പട്ടാള അകമ്പടിയോടെ മാനന്തവാടിയിലെത്തിക്കുകയും ആചാരപ്രകാരമുള്ള ഔദ്യോഗക ചടങ്ങുകളോടെ സംസ്‌കരിക്കുകയും ചെയ്തു. 

ഇന്ത്യയിലെ അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാരോട് ഏതാണ്ട് ഒരു ദശാബ്ദക്കാലം പോരാടിയ ധീരനാണ് പഴശ്ശി രാജാവ്. സുഗന്ധ ദ്രവ്യങ്ങള്‍ വിളയുന്ന വയനാടന്‍ മലനിരകള്‍ സ്വന്തമാക്കാന്‍ കൊതിച്ച ഇംഗ്ലീഷുകാരുടെ സ്വപ്നത്തിന് ആദ്യം തടസ്സമായത് ടിപ്പു സുല്‍ത്താനാണ്. ശ്രീരംഗപട്ടണം ഉടമ്പടിയില്‍ ടിപ്പു വയനാടിനെ ഉള്‍പ്പെടുത്തിയില്ല. തന്നെയുമല്ല കമ്പനിക്കെതിരെയുള്ള സമരങ്ങളില്‍ പഴശ്ശിരാജാവിനെ ടിപ്പു അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു. പഴശ്ശി കലാപം എന്നറിയപ്പെടുന്ന ഈ യുദ്ധം ഇന്ത്യയില്‍ ഇംഗ്ലീഷ് അധികാരത്തിനെതിരെ നടന്ന സമരങ്ങളില്‍ എടുത്തുപറയേണ്ടതാണ്. എന്തുകൊണ്ടോ പഴശ്ശികലാപത്തിന് സ്വാതന്ത്ര്യസമരമെന്ന നിലയില്‍ ഇന്ത്യാ ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. എങ്കിലും കേരളവര്‍മ പഴശ്ശി രാജാവിനെ കേരളീയര്‍ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.

സഞ്ചാരികളുടെ കലപില ശബ്ദം കേട്ടാണ് ഓര്‍മയില്‍ നിന്നുമുണര്‍ന്നത്. സമയം മൂന്നു മണിയോടടുക്കുന്നു. മഴ മാറി മാനം തെളിയാന്‍ പോകുന്നു. പഴശ്ശിയുടെ ശവകുടീരം കാണാനെത്തിയവര്‍ക്കെല്ലാം വല്ലാത്ത ഉത്സാഹമുണ്ടെന്ന് അവരുടെ മുഖഭാവങ്ങള്‍ വിളിച്ചോതുന്നു. ഇവിടെ എത്തിയവരില്‍ പലരും ചരിത്ര കതുകികളാണെന്ന് ഇവരുമായുള്ള സംഭാഷണത്തില്‍ നിന്ന് മനസ്സിലായി. കേരള സിംഹത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് എന്തെന്നില്ലാത്ത ആത്മാഭിമാനം.

വീരരാജ പഴശ്ശിയുടെ സ്മൃതിമണ്ഡപത്തിനടുത്തായി ഒരു മ്യൂസിയമുണ്ട്. ഇത് കാണേണ്ടതുണ്ട്. ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിവ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. ഇവയെല്ലാം കാണുമ്പോള്‍ നാം എത്രയോ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേയ്ക്കാണെത്തുന്നത്. കേരളത്തിന്റെ, പ്രത്യകിച്ച് മലബാറിന്റെ  അതിസമ്പന്നമായ...സമാനതകളില്ലാത്ത പൈതൃകത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ട ആത്മനിര്‍വൃതിയോടെ മാനന്തവാടിയെന്ന മനോഹര നാട്ടില്‍ നിന്നും മനസില്ലാമനസോടെ യാത്ര പറഞ്ഞു. 

ധീര പ്രജാപതിയുടെ സ്മൃതികുടീരത്തില്‍.... (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക